57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ച 'പാരോ: ദി അൺടോൾഡ് സ്റ്റോറി ഓഫ് ബ്രൈഡ് സ്ലേവറി', വിവാഹത്തിൻ്റെ പേരില്‍ സ്ത്രീകളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന അസ്വസ്ഥജനകമായ ദുരാചാരത്തിലേക്ക് വെളിച്ചം വീശുന്നു. ഹരിയാനയിലെ മേവാത്തിൽ നിലനിൽക്കുന്ന ഈ രീതി അധികം പുറത്തുവരാത്ത ഒന്നാണ്. വിവാഹത്തിനായി വാങ്ങുകയോ വിൽക്കുകയോ ചെയ്യപ്പെടുന്ന സ്ത്രീകളെ വിശേഷിപ്പിക്കാൻ ഈ പ്രദേശത്ത് ഉപയോഗിക്കുന്ന പദമാണ് 'പാരോ'.
വാർത്താസമ്മേളനത്തിൽ മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ച നടിയും നിർമാതാവുമായ തൃപ്തി ഭോയിർ, ഈ ചിത്രത്തിൻ്റെ നിര്‍മാണത്തിന് നാലര വർഷത്തെ ഗവേഷണം നടത്തിയതായി പറഞ്ഞു. ഓസ്കർ പട്ടികയിൽ ഇടംനേടുന്ന അവരുടെ രണ്ടാമത്തെ ചിത്രമാണിത്. സിനിമയിലൂടെ നിർമാതാവ്, തിരക്കഥാകൃത്ത്, നായിക എന്നീ മൂന്ന് ഉത്തരവാദിത്തങ്ങളും ഒരേസമയം ഏറ്റെടുക്കുന്ന അപൂർവ സർഗാത്മക യാത്രയാണ് തൃപ്തി ഭോയിർ നടത്തിയിരിക്കുന്നത്.

ചലച്ചിത്ര നിർമാണത്തിലേക്ക് നയിച്ച വെല്ലുവിളി നിറഞ്ഞ ഗവേഷണം
ഇന്ത്യയില്‍ വിവാഹത്തിൻ്റെ പേരിലുള്ള സ്ത്രീകളുടെ അടിമത്തം തുറന്നുകാട്ടുന്ന ഡോക്യുമെൻ്ററികളിൽ നിന്നും മാധ്യമ റിപ്പോർട്ടുകളിൽ നിന്നുമാണ് ഈ സിനിമയുടെ ആശയം തൃപ്തി ഭോയിറിന് ലഭിച്ചത്. സ്ത്രീകളുടെ പ്രശ്നങ്ങളെയും അവകാശങ്ങളെയും കേന്ദ്രീകരിച്ചുള്ള സിനിമകളിലൂടെ ശ്രദ്ധേയയായ അവരെ, നേരിട്ടറിഞ്ഞ ഇത്തരം യാഥാർത്ഥ്യങ്ങൾ ആഴത്തിൽ ഉലച്ചു.
ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെ, മാധ്യമപ്രവർത്തകരുടെ വേഷത്തിലാണ് ഭോയിറും അമ്മയും ഗ്രാമങ്ങൾ സന്ദർശിച്ചത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, ബീഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ ഇത്തരത്തില്‍ വിവാഹത്തിൻ്റെ പേരില്‍ അടിമത്തത്തിന് ഇരയായ 62-63 സ്ത്രീകളെ അവർ നേരിൽ കണ്ടു.
ലിംഗ അസമത്വവും ദാരിദ്ര്യവുമാണ് വധു വ്യാപാരത്തിൻ്റെ മൂലകാരണമെന്ന് ഭോയിർ അഭിപ്രായപ്പെട്ടു. ഇത് ഹരിയാനയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ലെന്നും, നിരവധി സംസ്ഥാനങ്ങളിലെ സ്ത്രീകളും പെൺകുട്ടികളും ഇതിന് ഇരയാകുന്നതിനാൽ ഇതൊരു ദേശീയ ആശങ്കയാണെന്നും അവർ വ്യക്തമാക്കി.
ഗവേഷണത്തിനിടെ പുറത്തുവന്ന ഏറ്റവും വേദനാജനകമായ അനുഭവങ്ങളിലൊന്ന്, ഏകദേശം 11-13 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ നിസ്സാര തുകയ്ക്ക് വിറ്റതായിരുന്നു. ഈ കൊച്ചുപെൺകുട്ടിയുടെ ജീവിതകഥയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തിന് പ്രചോദനമായത്; തൃപ്തി ഭോയിർ തന്നെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പലപ്പോഴും പുറംലോകം കേൾക്കാതെ പോകുന്ന എണ്ണമറ്റ സ്ത്രീകളുടെ വേദനയും നിസ്സഹായാവസ്ഥയും ക്രൂരമായ ചൂഷണവുമാണ് ഈ കഥാപാത്രത്തിലൂടെ അവര്‍ വെള്ളിത്തിരയിലെത്തിക്കാൻ ശ്രമിക്കുന്നത്.
_20261127162256_c1d1d9.jpeg)
സിനിമയ്ക്കപ്പുറം നീളുന്ന പോരാട്ടം
കഥാഖ്യാനത്തിനപ്പുറത്തേക്ക് വ്യാപിക്കുന്ന പ്രാധാന്യം ചിത്രത്തിനുണ്ട്. വിവാഹത്തിൻ്റെ പേരില്‍ അടിമത്തത്തിന് ഇരയായ ഏകദേശം 2,000 സ്ത്രീകളുടെ വിവരങ്ങൾ 'ഷെൽട്ടർ ഫൗണ്ടേഷൻ' എന്ന സന്നദ്ധ സംഘടന ശേഖരിച്ചിട്ടുണ്ടെന്ന് തൃപ്തി ഭോയിർ പറഞ്ഞു. ഏകദേശം ഒരു വർഷവും മൂന്ന് മാസവും മുൻപ് ഈ വിവരങ്ങൾ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറിന് സമർപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് കേന്ദ്ര ഗവൺമെൻ്റ് ഒരു വസ്തുതാന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ച ഗവൺമെൻ്റിനെ അഭിവാദ്യം ചെയ്യുന്നതായും സിനിമ നിർമിക്കാൻ പ്രേരിപ്പിച്ച മറ്റൊരു കാരണം ഇതാണെന്നും അവർ പറഞ്ഞു.
സ്ത്രീകടത്ത്: ഒരു ആഗോള പ്രശ്നം
പെൺകുട്ടികളെ കാണാതാകുന്നതും ലൈംഗികാതിക്രമങ്ങളും ആഗോള ആശങ്കകളാണെന്ന് ഭോയിർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 15-20 വർഷത്തിനിടെ മനുഷ്യക്കടത്തും വേശ്യാവൃത്തിയും സംബന്ധിച്ച അവബോധം ഗണ്യമായി വർധിച്ചിട്ടുണ്ടെങ്കിലും, വിവാഹത്തിൻ്റെ പേരില്‍ സ്ത്രീകളെ വാങ്ങുന്നതും വിൽക്കുന്നതും അവരെ അടിമകളാക്കുന്നതും ഇപ്പോഴും താരതമ്യേന കുറഞ്ഞ ശ്രദ്ധ മാത്രമാണ് നേടുന്നത്. ലോകമെങ്ങും വിവിധ ചലച്ചിത്രമേളകളിലും സ്ഥാപനങ്ങളിലും നടന്ന പ്രദർശനങ്ങളിലെ സംവാദങ്ങൾ, ഈ വിഷയത്തിൽ കൂടുതൽ അന്താരാഷ്ട്ര അവബോധവും ചർച്ചകളും ആവശ്യമാണെന്ന വിശ്വാസത്തെ ദൃഢപ്പെടുത്തിയതായും അവർ വ്യക്തമാക്കി.
'പാരോ: ദി അൺടോൾഡ് സ്റ്റോറി ഓഫ് ബ്രൈഡ് സ്ലേവറി'യിലൂടെ അങ്ങേയറ്റം അസ്വസ്ഥജനകമായ ഒരു സാമൂഹ്യ വിഷയത്തെ അരികുകളിൽ നിന്ന് മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ലിംഗഅസമത്വം, വിവാഹത്തിൻ്റെ പേരിലുള്ള സ്ത്രീകളുടെ അടിമത്തം, സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും എന്നിവയെക്കുറിച്ച് ചർച്ചകൾക്ക് തുടക്കം കുറിക്കാനും കഴിയുമെന്ന് തൃപ്തി ഭോയിർ പ്രതീക്ഷിക്കുന്നു.
ശുഭങ്കർ വസിഷ്ഠ് വാർത്താസമ്മേളനം നിയന്ത്രിച്ചു.
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക വാർത്താപത്രിക IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
****