രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ന്യൂഡൽഹിയിൽ 66-ാമത് എൻ.ഡി.സി കോഴ്സിൻ്റെ ബിരുദദാന, സമാപന ചടങ്ങുകളെ അഭിസംബോധന ചെയ്ത് രാജ്യരക്ഷാ മന്ത്രി

പോസ്റ്റഡ് ഓണ്‍: 26 NOV 2026 2:56PM by PIB Thiruvananthpuram

മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നും യുദ്ധരീതികളിലെ മാറ്റങ്ങളിൽ നിന്നും ഉടലെടുക്കുന്ന അടിയന്തര ഭീഷണികൾക്ക് ഫലപ്രദമായ മറുപടി ഉറപ്പാക്കുന്നതിനൊപ്പം, ഭാവിയിൽ സുരക്ഷാ സാഹചര്യങ്ങളിൽ ഉയർന്നുവരാനിടയുള്ള അപകടസാധ്യതകൾ മുൻകൂട്ടി കാണണമെന്നും, ബദൽ സാഹചര്യങ്ങൾ പരിശോധിക്കണമെന്നും, സ്ഥാപനങ്ങളെ സജ്ജമാക്കണമെന്നും രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്തു. 2026 നവംബർ 26-ന് ന്യൂഡൽഹിയിൽ നടന്ന 66-ാമത് നാഷണൽ ഡിഫൻസ് കോളേജ് (എൻ.ഡി.സി) കോഴ്സിൻ്റെ ബിരുദദാന, സമാപന ചടങ്ങുകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഉരുത്തിരിയുന്ന ആഗോള ശക്തിസന്തുലിതാവസ്ഥയും, തന്ത്രപരമായ സ്വാധീനമുള്ള പുതിയ കേന്ദ്രങ്ങളുടെ ഉദയവും, പരമ്പരാഗത സഖ്യങ്ങളുടെ പുനഃക്രമീകരണവും, സംഘർഷങ്ങളുടെ മാറുന്ന സ്വഭാവവും സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

https://static.pib.gov.in/WriteReadData/userfiles/image/2026/nov/PIC1(2)_20261126145730_6c74a6.JPG
 


പരമ്പരാഗത സൈനിക ഭീഷണികൾക്കൊപ്പം സൈബർ ആക്രമണങ്ങൾ, തെറ്റായ വിവരങ്ങളുടെ പ്രചാരണം, സാമ്പത്തിക സമ്മർദ്ദങ്ങൾ, വിതരണ ശൃംഖലകളിലെ തടസ്സങ്ങൾ, മറ്റ് തരത്തിലുള്ള ഹൈബ്രിഡ് യുദ്ധമുറകൾ എന്നിവയും വർദ്ധിക്കുകയാണെന്നും, ഇത് ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയും സമാധാനവും സംഘർഷവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കുകയാണെന്നും രാജ്യരക്ഷാ മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം, വിശാലമായ കര അതിർത്തികൾ, സമുദ്രമേഖലയിലെ താൽപ്പര്യങ്ങൾ, വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങൾ എന്നിവ രാജ്യത്തെ സങ്കീർണ്ണമായ തന്ത്രപ്രധാന സാഹചര്യത്തിലാണ് നിർത്തുന്നതെന്നും, അതിനാൽ ദേശീയ സുരക്ഷയ്ക്ക് ഭാവിയെ മുൻനിർത്തിയുള്ള സമീപനം അനിവാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

തന്ത്രപരമായ പഠനത്തെ ദേശീയ സുരക്ഷാ നയരൂപീകരണവുമായി ബന്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ശ്രീ രാജ്‌നാഥ് സിംഗ്, പ്രതിരോധ സേനകൾ, സിവിൽ സർവീസുകൾ, സൗഹൃദ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ കൂട്ടായ തൊഴിൽപരമായ അനുഭവസമ്പത്തും ബൗദ്ധിക ശേഷിയും പ്രയോജനപ്പെടുത്തുന്നതിനുള്ള വിലപ്പെട്ട വേദിയാണ് എൻ.ഡി.സി നൽകുന്നതെന്ന് പറഞ്ഞു. ഇന്ത്യയുടെ ദേശീയ സുരക്ഷാ നയരൂപീകരണത്തിന് നേരിട്ട് സംഭാവന നൽകുന്നതിനായി ഈ ബൗദ്ധിക സമ്പത്ത് കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


പ്രതിരോധ മന്ത്രാലയവുമായി കൂടിയാലോചിച്ച്, ഓരോ കോഴ്സിലും ആഴത്തിലുള്ള പഠനത്തിനായി ഏതാനും പ്രധാന സമകാലിക ദേശീയ സുരക്ഷാ വെല്ലുവിളികൾ കണ്ടെത്തുന്നതിനുള്ള സംവിധാനം എൻ.ഡി.സി സ്ഥാപനവൽക്കരിക്കണമെന്ന് രാജ്യരക്ഷാ മന്ത്രി നിർദ്ദേശിച്ചു. ഇന്ത്യയുടെ തന്ത്രപ്രധാനമായ അയൽപക്ക മേഖലകൾ, അതിർത്തി പരിപാലനം, സമുദ്ര സുരക്ഷ, നിർണ്ണായക സാങ്കേതികവിദ്യകൾ, സാമ്പത്തിക സുരക്ഷ, നിർണ്ണായക അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം, പുതുതായി ഉടലെടുക്കുന്ന ആഭ്യന്തര-ബാഹ്യ ഭീഷണികൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാകാം ഇവയെന്നും അദ്ദേഹം പറഞ്ഞു.

https://static.pib.gov.in/WriteReadData/userfiles/image/2026/nov/PIC10_20261126145820_d2f57d.JPG

കോഴ്സിൽ പങ്കെടുക്കുന്നവർക്ക്‌ രാജ്യം നേരിടുന്ന സമകാലിക വെല്ലുവിളികൾ പഠിക്കുന്നതിനായി അവ ഔപചാരികമായി അവതരിപ്പിക്കുന്നതിന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നിവരെ ക്ഷണിക്കുന്നതിനുള്ള സംവിധാനം എൻ.ഡി.സി വികസിപ്പിക്കണമെന്നും ശ്രീ രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. “വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും നേരിടുന്ന പ്രവർത്തനപരവും തന്ത്രപരവും ഭരണപരവും നയപരവുമായ പ്രശ്നങ്ങളിൽ നിന്ന് ഈ വെല്ലുവിളികൾ കണ്ടെത്താവുന്നതാണ്. ഇത് യഥാർത്ഥ ലോകത്തെ പ്രശ്നങ്ങളെ എൻ.ഡി.സിയുടെ അക്കാദമിക് ചട്ടക്കൂടിൻ്റെ ഭാഗമാക്കുന്നതിനും വിവിധ കോണുകളിലൂടെ അവ പരിശോധിക്കുന്നതിനുമുള്ള അവസരമൊരുക്കും,” അദ്ദേഹം പറഞ്ഞു.

അക്കാദമിക് ഗവേഷണങ്ങളെ പ്രായോഗിക നയരൂപീകരണ നിർദ്ദേശങ്ങളാക്കി മാറ്റേണ്ടതിൻ്റെ ആവശ്യകത അടിവരയിട്ട രാജ്യരക്ഷാ മന്ത്രി, കോഴ്സിൽ പങ്കെടുക്കുന്നവർ നടത്തുന്ന ഗവേഷണങ്ങൾ അക്കാദമിക് പ്രബന്ധങ്ങളിലോ ക്ലാസ് മുറികളിലെ ചർച്ചകളിലോ മാത്രം ഒതുങ്ങരുതെന്ന് ഊന്നിപ്പറഞ്ഞു. തെരഞ്ഞെടുത്ത പഠനങ്ങൾ കൃത്യവും പ്രായോഗികവും നടപ്പാക്കാൻ കഴിയുന്നതുമായ ശുപാർശകൾ ഉൾക്കൊള്ളുന്ന സമഗ്ര റിപ്പോർട്ടുകളായി മാറണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ റിപ്പോർട്ടുകൾ പ്രതിരോധ മന്ത്രാലയത്തിനും ആവശ്യമായ ഘട്ടങ്ങളിൽ മറ്റ് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും ഔദ്യോഗികമായി സമർപ്പിക്കണമെന്നും, പരിഗണനയ്ക്കായി ഗവണ്മെൻ്റിൻ്റെ ഉചിതമായ തലങ്ങളിൽ അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“എൻ.ഡി.സിയിലെ ഓരോ കോഴ്സും പരിശീലനം നേടിയ തന്ത്രപ്രധാന നേതാക്കളുടെ ഒരു ബാച്ചിനെ മാത്രമല്ല, മറിച്ച് രാജ്യത്തിൻ്റെ സ്ഥാപനപരമായ അറിവിനും ദേശീയ സുരക്ഷാ മുന്നൊരുക്കങ്ങൾക്കും സംഭാവന നൽകുന്ന ഗവേഷണങ്ങൾ, വിശകലനങ്ങൾ, നയപരമായ ശുപാർശകൾ എന്നിവയുടെ ഒരു ശേഖരവും അവശേഷിപ്പിക്കണം. എൻ.ഡി.സിയിൽ രൂപപ്പെടുന്ന ബൗദ്ധിക സമ്പത്ത് നമ്മുടെ തന്ത്രപരമായ ചിന്തകളിലും നയരൂപീകരണ പ്രക്രിയകളിലും അർത്ഥവത്തായി പ്രതിഫലിക്കണം. ഇവിടെ, ചലനാത്മകമായ പരസ്പരബന്ധമാണ് പ്രധാനം,” ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.

യഥാർത്ഥ ലോകത്ത്, പ്രത്യേകിച്ച് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, തീരുമാനമെടുക്കുന്നതിന് മുമ്പ് പൂർണ്ണമായ വിവരങ്ങൾ ലഭിക്കുന്നതിനോ സാധ്യമായ എല്ലാ ബദൽ മാർഗ്ഗങ്ങളും പരിശോധിക്കുന്നതിനോ നേതാക്കൾക്ക് അപൂർവ്വമായേ അവസരം ലഭിക്കാറുള്ളൂവെന്ന് രാജ്യരക്ഷാ മന്ത്രി ചൂണ്ടിക്കാട്ടി. ലഭ്യമായ മാർഗ്ഗങ്ങൾ വിലയിരുത്തുകയും അവയുടെ വിശാലമായ പ്രവർത്തനപരവും സാമ്പത്തികവും നയതന്ത്രപരവും സ്ഥാപനപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുള്ളവരുമായി സൂക്ഷ്മമായി ആലോചിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്നതാണ് തന്ത്രപരമായ നേതൃത്വത്തിന് ആവശ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

വളർന്നുവരുന്ന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി എൻ.ഡി.സിയിലെ തന്ത്രപരമായ യുദ്ധതന്ത്ര പരിശീലനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ശ്രീ രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്തു. ഈ പരിശീലനങ്ങൾ കൂടുതൽ ചലനാത്മകവും യാഥാർത്ഥ്യബോധമുള്ളതുമായ സാഹചര്യങ്ങൾ സൃഷ്ടിക്കാനും ബദൽ പ്രവർത്തന മാർഗ്ഗങ്ങൾ പരിശോധിക്കുന്നതിനുള്ള അവസരമൊരുക്കാനും തന്ത്രപരമായ തീരുമാനങ്ങളുടെ വിശാലവും പലപ്പോഴും മുൻകൂട്ടി കാണാനാകാത്തതുമായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ പങ്കെടുക്കുന്നവരെ പ്രാപ്തരാക്കാനും സഹായിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

തന്ത്രപ്രധാന പഠനത്തിനായുള്ള ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ് എൻ.ഡി.സിയെന്ന് വിശേഷിപ്പിച്ച രാജ്യരക്ഷാ മന്ത്രി, മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും സിവിൽ ഉദ്യോഗസ്ഥരെയും അന്താരാഷ്ട്ര പ്രതിനിധികളെയും ഒരേ വേദിയിൽ ഒരുമിച്ചുകൊണ്ടുവരികയും വിവിധ മേഖലകളിലെ സങ്കീർണ്ണതകൾ മാത്രമല്ല, അന്താരാഷ്ട്ര കാഴ്ചപ്പാടുകളും മനസ്സിലാക്കുന്നതിനുള്ള സവിശേഷ അവസരം അവർക്ക് നൽകുകയും ചെയ്യുന്നതാണ് കോളേജിൻ്റെ ഏറ്റവും വലിയ കരുത്തെന്ന് എടുത്തുപറഞ്ഞു. ദേശീയ സുരക്ഷാ വെല്ലുവിളികൾ സ്ഥാപനപരവും ഭൂമിശാസ്ത്രപരവുമായ അതിരുകൾ മറികടക്കുന്ന ഈ കാലഘട്ടത്തിൽ, ഈ സ്ഥാപനം ഒരുമിച്ചുകൊണ്ടുവരുന്ന അനുഭവസമ്പത്തിൻ്റെയും കാഴ്ചപ്പാടുകളുടെയും വൈവിധ്യം ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമിത ബുദ്ധി, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, ആളില്ലാ സ്വയംനിയന്ത്രിത വാഹനങ്ങൾ, എയ്‌റോസ്‌പേസ് സാങ്കേതികവിദ്യകൾ, സെമികണ്ടക്ടറുകൾ, മറ്റ് വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് എൻ.ഡി.സിയിൽ പ്രത്യേക സെഷനുകൾ ആരംഭിച്ചതിനെ ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. എ.ഐയിൽ പ്രത്യേക പരിശീലന മൊഡ്യൂൾ അവതരിപ്പിച്ചതിനെയും സ്ട്രാറ്റജിക് ഗെയിമിംഗ് എക്സർസൈസുകളിൽ ക്ലോസ്ഡ്-ലൂപ്പ് എ.ഐ ആശയങ്ങൾ ഉൾപ്പെടുത്തിയതിനെയും അദ്ദേഹം സ്വാഗതം ചെയ്തു. ഇത്തരം സംരംഭങ്ങൾ കോഴ്സിൻ്റെ സമകാലിക പ്രസക്തി വർദ്ധിപ്പിക്കുമെന്നും, ഭാവിയിലെ തന്ത്രപ്രധാന നേതാക്കളെ വളർന്നുവരുന്ന സാങ്കേതിക മുന്നേറ്റങ്ങളുമായി പരിചയപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഡി.സി നടപ്പാക്കിയ അക്കാദമിക് പരിഷ്കാരങ്ങളെ അഭിനന്ദിച്ച രാജ്യരക്ഷാ മന്ത്രി, ഐ.ഐ.ടി മദ്രാസിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച 'സ്ട്രാറ്റജിക് ലീഡർഷിപ്പ് ആൻഡ് പബ്ലിക് പോളിസി'യിലുള്ള എക്സിക്യൂട്ടീവ് എം.ബി.എ, കോഴ്സിൻ്റെ അക്കാദമിക് നിലവാരവും സമകാലിക പ്രസക്തിയും വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് വ്യക്തമാക്കി. ഐ.ഐ.ടി മദ്രാസ് പോലുള്ള ഉന്നത നിലവാരമുള്ള സ്ഥാപനവുമായുള്ള സഹകരണം ദേശീയ സുരക്ഷാ പഠനമേഖലയിലേക്ക് മാനേജ്‌മെൻ്റ്, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ വിലപ്പെട്ട വൈദഗ്ധ്യം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ അന്താരാഷ്ട്ര തന്ത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ എൻ.ഡി.സി നൽകുന്ന സംഭാവനകളെ ശ്രീ രാജ്‌നാഥ് സിംഗ് പ്രശംസിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥർക്കൊപ്പം പഠിക്കുന്നത് വിദേശ ഉദ്യോഗസ്ഥർക്ക് തുടർച്ചയായ തൊഴിൽപരമായ ആശയവിനിമയത്തിനും വൈവിധ്യമാർന്ന തന്ത്രപരമായ കാഴ്ചപ്പാടുകൾ മനസ്സിലാക്കുന്നതിനും സൗഹൃദത്തിൻ്റെയും പരസ്പര വിശ്വാസത്തിൻ്റെയും ദീർഘകാല ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനും അവസരമൊരുക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പങ്കിട്ട പഠനത്തിലൂടെയും അനുഭവങ്ങളിലൂടെയും കെട്ടിപ്പടുക്കുന്ന ഇത്തരം ബന്ധങ്ങൾ പങ്കാളി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഇടപെടലുകളിൽ ദീർഘകാലം നിലനിൽക്കുന്ന മുതൽക്കൂട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്രതലത്തിലുള്ള കൂടുതൽ ആശയവിനിമയത്തിന് അവസരമൊരുക്കുന്നതിൽ ഇൻ്റർനാഷണൽ സ്ട്രാറ്റജിക് എൻഗേജ്‌മെൻ്റ് പ്രോഗ്രാം (INSTEP) പോലുള്ള സംരംഭങ്ങളുടെ പങ്കിനെക്കുറിച്ചും രാജ്യരക്ഷാ മന്ത്രി എടുത്തുപറഞ്ഞു. ഗ്ലോബൽ സൗത്തിലെ 22 രാജ്യങ്ങളിൽ നിന്നുള്ള 25 അന്താരാഷ്ട്ര പ്രതിനിധികളെയും ഇന്ത്യൻ പ്രതിരോധ സേനകളിലെയും സിവിൽ സർവീസുകളിലെയും 10 മുതിർന്ന ഉദ്യോഗസ്ഥരെയും പ്രതിരോധ കമ്പനികളിൽ നിന്നുള്ള മൂന്ന് ഉദ്യോഗസ്ഥരെയും ഒരുമിച്ചുകൊണ്ടുവന്ന രണ്ടാഴ്ച നീണ്ടുനിന്ന പരിപാടിയുടെ അടുത്തിടെ സമാപിച്ച നാലാം പതിപ്പിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

 

പരസ്പരബന്ധങ്ങൾ കൂടുതൽ ശക്തമാകുന്ന ഇന്നത്തെ ലോകത്ത് അന്താരാഷ്ട്ര സഹകരണത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ശ്രീ രാജ്‌നാഥ് സിംഗ്, പരമാധികാരത്തോടുള്ള ബഹുമാനം, പരസ്പര വിശ്വാസം, പങ്കിട്ട ഉത്തരവാദിത്തങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഇത്തരം വെല്ലുവിളികൾ നേരിടുന്നതിനുള്ള സഹകരണപരമായ സമീപനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കി. എൻ.ഡി.സിയിൽ രൂപപ്പെടുന്ന തൊഴിൽപരമായ ബന്ധങ്ങളും സൗഹൃദങ്ങളും കോഴ്‌സ് പൂർത്തിയായ ശേഷവും തുടരേണ്ടതുണ്ട്. കൂടുതൽ ശക്തമായ ഉഭയകക്ഷി ബന്ധങ്ങൾക്കും അന്താരാഷ്ട്ര സഹകരണത്തിനും സംഭാവന നൽകാൻ കഴിയുന്ന അനുഭവസമ്പത്തിൻ്റെയും തന്ത്രപരമായ അറിവിൻ്റെയും വിലപ്പെട്ട ശേഖരമാണ് ഈ സ്ഥാപനത്തിൻ്റെ അന്താരാഷ്ട്ര പൂർവവിദ്യാർഥി ശൃംഖലയെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഡി.സി കമാൻഡൻ്റ് എയർ മാർഷൽ മനീഷ് കുമാർ ഗുപ്ത, ഐ.ഐ.ടി മദ്രാസ് ഡീൻ (ഫാക്കൽറ്റി) പ്രൊഫ. കെ. മുരളി, പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, എൻ.ഡി.സി അധ്യാപകർ, കോഴ്സിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

66-ാമത് എൻ.ഡി.സി കോഴ്‌സിനെക്കുറിച്ച്

എല്ലാ വർഷവും ജനുവരി മുതൽ നവംബർ വരെ 47 ആഴ്ച നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് ആറ് പഠനവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 'ഇന്ത്യയെ മനസ്സിലാക്കലും തന്ത്രപരമായ ആമുഖവും', 'സാമ്പത്തിക സുരക്ഷ, ശാസ്ത്രവും സാങ്കേതികവിദ്യയും', 'ആഗോള വിഷയങ്ങൾ', 'അന്താരാഷ്ട്ര സുരക്ഷാ സാഹചര്യം', 'ഇന്ത്യയുടെ തന്ത്രപ്രധാനമായ അയൽപക്ക മേഖലകൾ', 'ദേശീയ സുരക്ഷയ്ക്കുള്ള തന്ത്രങ്ങളും സംവിധാനങ്ങളും' എന്നിവയാണ് ഈ ആറ് പഠനവിഭാഗങ്ങൾ.

ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ ആകെ 122 പേരാണ് കോഴ്സിൽ പങ്കെടുത്തത്. ഇന്ത്യൻ പ്രതിരോധ സേനകൾ, ഇന്ത്യൻ സിവിൽ സർവീസുകൾ, ഇന്ത്യൻ പോലീസ് സർവീസുകൾ, ഗവണ്മെൻ്റിൻ്റെ മറ്റ് വിഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവർ. അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഭൂട്ടാൻ, ബ്രസീൽ, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാൻ, ജപ്പാൻ, കെനിയ, കസാക്കിസ്ഥാൻ, മാലിദ്വീപ്, മ്യാൻമർ, നേപ്പാൾ, നൈജീരിയ, ഫിലിപ്പീൻസ്, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യു.കെ, യു.എസ്.എ, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള 40 വിദേശ ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു.

 

https://static.pib.gov.in/WriteReadData/userfiles/image/2026/nov/PIC3_20261126145852_9af889.jpeg

 

https://static.pib.gov.in/WriteReadData/userfiles/image/2026/nov/PIC4_20261126145910_48d0d3.jpeg

https://static.pib.gov.in/WriteReadData/userfiles/image/2026/nov/PIC7_20261126145953_a5e96e.jpeg

https://static.pib.gov.in/WriteReadData/userfiles/image/2026/nov/PIC8_20261126150010_d8efee.jpeg

https://static.pib.gov.in/WriteReadData/userfiles/image/2026/nov/PIC9_20261126150021_ac4f2c.jpeg

https://static.pib.gov.in/WriteReadData/userfiles/image/2026/nov/PIC5_20261126150034_bb3d1a.jpeg

***


 

 


( റിലീസ് ഐ.ഡി: 2342044) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , Nepali , Marathi , हिन्दी , Assamese