പോസ്റ്റഡ് ഓണ്:
25 NOV 2026 9:41AM by PIB Thiruvananthpuram
'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന ആശയത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, തമിഴ്നാടും കാശിയും (വാരണാസി) തമ്മിലുള്ള ദീർഘകാല സാംസ്കാരിക, ഭാഷാ, നാഗരിക ബന്ധങ്ങളെ ആഘോഷിക്കുന്ന പരിപാടിയാണ് 'കാശി തമിഴ് സംഗമം'. 2026 നവംബർ 28 മുതൽ ഡിസംബർ 12 വരെ നടക്കുന്ന,കാശി തമിഴ് സംഗമത്തിൻ്റെ അഞ്ചാം പതിപ്പ്, 'തിരുക്കുറൾ പയിൽവോം' (തിരുക്കുറൾ പഠിക്കാം) എന്ന പ്രമേയത്തിന് ഊന്നൽ നൽകുന്നു. തിരുക്കുറൾ മുന്നോട്ട് വയ്ക്കുന്ന കാലാതീതമായ വിജ്ഞാനം യുവതലമുറയ്ക്ക് പകർന്ന് നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി തമിഴ്നാട്ടിൽ നിന്നുള്ള ഏകദേശം 1,400 പ്രതിനിധികൾ വാരണാസി, പ്രയാഗ്രാജ്, അയോധ്യ എന്നീ നഗരങ്ങൾ സന്ദർശിക്കും. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി പരിപാടിയിൽ 1,000 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭാഗമാകും. കൂടാതെ, തമിഴ്നാട്ടിൽ നിന്നുള്ള അധ്യാപകർ ഉത്തർപ്രദേശിലെ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് തിരുക്കുറൾ പരിചയപ്പെടുത്തും. അക്കാദമിക വിനിമയം, സാംസ്കാരിക പരിപാടികൾ, വിവിധ ഭാഷകളിലുള്ള ആശയവിനിമയങ്ങൾ എന്നിവയിലൂടെ, പരസ്പര ധാരണ ശക്തിപ്പെടുത്തുന്നതിനൊപ്പം ജനങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും, ഇന്ത്യയുടെ പൊതുവായ പൈതൃകത്തെ പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
കാശി തമിഴ് സംഗമത്തെക്കുറിച്ച്
പൗരാണിക വിജ്ഞാന കേന്ദ്രങ്ങളായ തമിഴ്നാടും കാശിയും തമ്മിൽ, കാലങ്ങളായി നിലനിൽക്കുന്ന സാംസ്കാരിക ബന്ധങ്ങളെ 'കാശി തമിഴ് സംഗമം' ആഘോഷിക്കുന്നു. ഇന്ത്യയുടെ ഉത്തര, ദക്ഷിണ ഭാഗങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ, ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധി ആളുകൾ തങ്ങളുടെ മതപരമായ ആചാരങ്ങളുടെ ഭാഗമായി കാശിയും രാമേശ്വരവും സന്ദർശിക്കാറുണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള പലരും തലമുറകളായി ഹനുമാൻ ഘാട്ടിനും കേദാർ ഘാട്ടിനും സമീപം വസിച്ചുവരുന്നു. ധർമ്മപുരം അധീനത്തിലെ സ്വാമി കുമാരഗുരുപരൻ തമിഴ്നാട്ടിൽ നിന്ന് കാശിയിലെത്തുകയും, കേദാർ ഘാട്ടിൽ കേദാരേശ്വര ക്ഷേത്രം നിർമിക്കുകയും ചെയ്തു. 200 വർഷം പഴക്കമുള്ള കുമാരസ്വാമി മഠവും മാർക്കണ്ഡേയ ആശ്രമവും ഇതേ ഘാട്ടിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ തെങ്കാശി 'ദക്ഷിണ കാശി' എന്ന് അറിയപ്പെടുന്നു. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ പേരിലുള്ള ചെയർ (പ്രത്യേക പഠന വിഭാഗം) നിലവിലുണ്ട്.
2022-ൽ ആരംഭിച്ചപ്പോൾത്തന്നെ, വിജ്ഞാനത്തിൻ്റെയും സംസ്കാരത്തിൻ്റെയും സമ്പന്നമായ രണ്ട് പാരമ്പര്യങ്ങളെ പരസ്പരം കോർത്തിണക്കുക, അവ പങ്കിടുന്ന പൊതുപൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള അവബോധം വളർത്തുക, ഇരു പ്രദേശങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്നിവയാണ് ഈ സംഗമത്തിൻ്റെ വിശാലമായ ലക്ഷ്യങ്ങളായി വിഭാവനം ചെയ്തത്.
'ആസാദി കാ അമൃത് മഹോത്സവ'ത്തിൻ്റെ ഭാഗമായി 2022-ലാണ് ആദ്യത്തെ 'കാശി തമിഴ് സംഗമം' നടന്നത്. ഇതുവരെ നടന്ന നാല് പതിപ്പുകളിലൂടെ, ഇരു പ്രദേശങ്ങളും തമ്മിൽ വിജ്ഞാനം, ഭാഷ, പാരമ്പര്യങ്ങൾ, ജീവിതാനുഭവങ്ങൾ എന്നിവ കൈമാറുന്നതിനുള്ള ഒരു വേദിയായി മാറി. 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന ആശയത്തെ ശക്തിപ്പെടുത്തുന്ന, ഊർജസ്വലമായ ഒരു പരിപാടിയായാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇതിനെ വിശേഷിപ്പിച്ചത്.
ഓരോ പതിപ്പിലും, തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, കരകൗശല വിദഗ്ധർ, പണ്ഡിതന്മാർ, ആത്മീയ നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ ഒരാഴ്ച മുതൽ പത്ത് ദിവസം വരെ കാശിയിൽ ചെലവഴിച്ചു. ഇവർ കാശിയിലെ ക്ഷേത്രങ്ങളും, തമിഴ് ബന്ധമുള്ള സ്ഥലങ്ങളും, സമീപ നഗരങ്ങളായ അയോധ്യ, പ്രയാഗ്രാജ് എന്നിവയും സന്ദർശിച്ചു. സെമിനാറുകൾ, ചർച്ചകൾ, സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ എന്നിവയിലൂടെ ഇവർ കാശിയിലെ തങ്ങളുടെ സഹപ്രവർത്തകരുമായും മറ്റുള്ളവരുമായും ആശയവിനിമയം നടത്തി.
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഈ 'സംഗമം' സംഘടിപ്പിക്കുന്നത്. ഐ.ഐ.ടി മദ്രാസ്, ബനാറസ് ഹിന്ദു സർവകലാശാല, ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് (സി.ഐ.സി.ടി), ഉത്തർപ്രദേശ് ഗവണ്മെൻ്റ് എന്നിവയുമായി സഹകരിച്ചാണ് പരിപാടിയുടെ സംഘാടനം. സാംസ്കാരികം, റെയിൽവേ, വിനോദസഞ്ചാരം, ടെക്സ്റ്റൈൽസ് തുടങ്ങിയ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും ഇതിൽ പങ്കാളികളാണ്.
കാശി തമിഴ് സംഗമം 5.0: തിരുക്കുറൾ പയിൽവോം
തിരുക്കുറൾ പയിൽവോം (തിരുക്കുറൾ പഠിക്കാം) എന്ന പ്രമേയത്തിലൂന്നി, സംഗമത്തിൻ്റെ അഞ്ചാം പതിപ്പ് 2026 നവംബർ 28 മുതൽ ഡിസംബർ 12 വരെ നടക്കും.
ധർമ്മത്തെയും സദാചാരത്തെയും സംബന്ധിക്കുന്ന ഒരു തമിഴ് ക്ലാസിക്കാണ് തിരുക്കുറൾ. ഇതിൻ്റെ രചയിതാവായ തിരുവള്ളുവർ, കൃതിയെ 'അറം' (ധർമ്മം), 'പൊരുൾ' (സമ്പത്ത്), 'ഇൻബം' (സ്നേഹം) എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 1,330 കുറളുകൾ (ദ്വിപദികൾ) അടങ്ങിയ ഈ കൃതിയെ, ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 22 ഭാഷകൾ ഉൾപ്പെടെ 25 ഇന്ത്യൻ ഭാഷകളിലേക്കും, നിരവധി വിദേശ ഭാഷകളിലേക്കും, കാഴ്ചപരിമിതർക്കുള്ള ബ്രെയിൽ ലിപിയിലേക്കും സി.ഐ.സി.ടി വിവർത്തനം ചെയ്തിട്ടുണ്ട്.
അഞ്ചാം പതിപ്പിൻ്റെ ലക്ഷ്യങ്ങൾ:
- തിരുക്കുറൾ വിഭാവനം ചെയ്യുന്ന ധാർമ്മികവും നൈതികവുമായ ജ്ഞാനം രാജ്യത്തുടനീളമുള്ള യുവാക്കളിലേക്കും പഠിതാക്കളിലേക്കും എത്തിക്കുക.
- വിദ്യാഭ്യാസപരമായ ഇടപെടലുകൾ, ബഹുഭാഷാ വിഭവങ്ങൾ, വിപുലമായ പൊതുജന സമ്പർക്ക പരിപാടികൾ എന്നിവയിലൂടെ തിരുക്കുറൾ വായിക്കുന്നതിനും, അതിലെ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതിനും , അവ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനും പ്രോത്സാഹനം നൽകുക.
- വിവിധ അക്കാദമിക് മേഖലകളിൽ നിന്നുള്ളവരും വ്യത്യസ്ത ഭാഷാ പശ്ചാത്തലമുള്ളവരുമായ വിദ്യാർത്ഥികൾക്കിടയിൽ തിരുക്കുറൾ സംബന്ധിച്ച അറിവും അവബോധവും വിശാലമാക്കുക.

കാശി തമിഴ് സംഗമം 5.0-ലെ പ്രധാന സംരംഭങ്ങൾ
വിദ്യാർത്ഥി പങ്കാളിത്ത പരിപാടി
വിവിധ അക്കാദമിക മേഖലകളിൽ പഠിക്കുന്നവരും വൈവിധ്യമാർന്ന ഭാഷാപശ്ചാത്തലങ്ങളിൽ നിന്നുള്ളവരുമായ വിദ്യാർത്ഥികളിലേക്ക് തിരുക്കുറളിൻ്റെ മഹത്തായ വിജ്ഞാനവും ദാർശനിക മൂല്യങ്ങളും എത്തിക്കുന്നതിനായി രാജ്യത്തുടനീളമുള്ള 1,000 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വിപുലമായ 'വിദ്യാർത്ഥി പങ്കാളിത്ത പരിപാടി' സംഘടിപ്പിക്കുന്നു. തിരുക്കുറളിനെ ആഴത്തിൽ അറിയുന്നതിനും പഠിക്കുന്നതിനും പ്രോത്സാഹനം നൽകുന്ന ഈ പരിപാടിയിൽ ചിട്ടയായ പഠനപദ്ധതികൾ, ഗവേഷണ പ്രവർത്തനങ്ങൾ, ക്യാമ്പസ് കേന്ദ്രീകൃത അക്കാദമിക-സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
- ഈ പരിപാടിയിൽ പങ്കെടുക്കുന്ന ഓരോ സ്ഥാപനവും, തിരുക്കുറളിൽ താത്പര്യമുള്ള വിദ്യാർത്ഥികളെ വിലയിരുത്തുകയും, മികവിൻ്റെ അടിസ്ഥാനത്തിൽ ഒരാളെ നാമനിർദ്ദേശം ചെയ്യുകയും വേണം.
- തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ, ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 22 ഭാഷകളിലും ഇംഗ്ലീഷിലുമായി നൽകുന്ന ഓൺലൈൻ അക്കാദമിക് ഓറിയൻ്റേഷനിൽ പങ്കെടുക്കണം.
- തുടർന്ന് ഒരു മാസത്തെ ഗവേഷണ-പഠന പ്രവർത്തനങ്ങൾ നടക്കും. ഇതിനായി 'സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ്' (സി.ഐ.സി.ടി) തയ്യാറാക്കിയ, വിവിധ ഭാഷകളിലുള്ള പഠന സാമഗ്രികൾ ലഭ്യമാക്കും. പരിപാടിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും നിശ്ചിത മാനദണ്ഡങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് 10,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
- ഓരോ വിദ്യാർത്ഥിയും ഒരു ഫാക്കൽറ്റി ഗൈഡിൻ്റെ മേൽനോട്ടത്തിൽ 4 മുതൽ 10 പേജ് വരെ ദൈർഘ്യമുള്ള ഒരു ലേഖനമോ ഗവേഷണ കുറിപ്പോ തയ്യാറാക്കുകയും, തങ്ങളുടെ സ്ഥാപനത്തിൽ തിരുക്കുറളിനെക്കുറിച്ച് ഒരു മണിക്കൂർ ദൈർഘ്യമുള്ള അവതരണം നടത്തുകയും വേണം.

ഉത്തർപ്രദേശിലെ സ്കൂളുകളിലും കോളേജുകളിലും തിരുക്കുറൾ പഠനം
'സംഗമ'ത്തിൻ്റെ ഭാഗമായി, തമിഴ്നാട്ടിൽ നിന്നുള്ള 50 അധ്യാപകർ ഉത്തർപ്രദേശ് സന്ദർശിക്കുകയും അവിടുത്തെ സ്കൂളുകളിലും കോളേജുകളിലും തിരുക്കുറൾ പഠിപ്പിക്കുകയും ചെയ്യും. തമിഴ്നാട്ടിൽ നിന്നുള്ള തിരുക്കുറൾ പണ്ഡിതർ വാരണാസിയിലെ സ്കൂളുകളിലും കോളേജുകളിലും സന്ദർശനം നടത്തും. ഓറിയൻ്റേഷൻ മൊഡ്യൂളുകൾ, സംവാദാത്മക സെഷനുകൾ, ക്വിസുകൾ എന്നിവയിലൂടെ തിരുക്കുറളിലെ മൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തും.
സ്കൂളുകളിൽ വായനാ സെഷനുകൾ
നാഷണൽ ബുക്ക് ട്രസ്റ്റും രാഷ്ട്രീയ ഇ-പുസ്തകാലയയും ചേർന്ന്, വാരണാസിയിലെ സ്കൂളുകളിൽ വായനാശീലം, കഥാകഥനം, സർഗ്ഗാത്മക പ്രവർത്തനങ്ങൾ എന്നിവയെ ആസ്പദമാക്കി സംവാദാത്മക സെഷനുകൾ സംഘടിപ്പിക്കും.
ഉദ്ഘാടനം, സമ്മേളനം, സാംസ്കാരിക പരിപാടികൾ
'കാശി തമിഴ് സംഗമം 5.0' 2026 നവംബർ 28-ന് ഉദ്ഘാടനം ചെയ്യപ്പെടും. 2026 ഡിസംബർ 12-ന് സമാപന ചടങ്ങും നടക്കും. 'വിദ്യാർത്ഥി പങ്കാളിത്ത പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഈ രണ്ട് ചടങ്ങുകളിലും ഓൺലൈനായി പങ്കെടുക്കും. ഭാരതീയ ഭാഷാ സമിതിയുമായി സഹകരിച്ച്, ബനാറസ് ഹിന്ദു സർവകലാശാല തിരുക്കുറളുമായി ബന്ധപ്പെട്ട ഒരു ദേശീയ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കും. സാംസ്കാരിക മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ സാംസ്കാരിക സംഘങ്ങളുടെ അവതരണങ്ങൾ, തിരുക്കുറൾ ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം, മറ്റ് സാംസ്കാരിക പരിപാടികൾ എന്നിവ വേദികളെ സമ്പന്നമാക്കും. പ്രധാന വേദിയിൽ തമിഴ്നാട്ടിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ള കരകൗശല, കൈത്തറി ഉത്പന്നങ്ങളുടെ സ്റ്റാളുകളും സജ്ജീകരിക്കും.
ഡിജിറ്റൽ, പൊതുജന സമ്പർക്ക പരിപാടികൾ
ഇന്ത്യയിലുടനീളം കൂടുതൽ കൂടുതൽ ജനങ്ങളിലേക്ക് തിരുക്കുറളിലെ ആശയങ്ങൾ എത്തിക്കുന്നതിനായി 'കാശി തമിഴ് സംഗമം 5.0'-ൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് പുറത്തിറക്കിയ 'തിരുക്കുറൾ മൾട്ടിലിംഗ്വൽ ആപ്പ്'-ൽ, കൃതിയിലെ 1,330 കുറളുകളും (ദ്വിപദികൾ) ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള 22 ഭാഷകളിലുള്ള അവയുടെ വിവർത്തനങ്ങളും ലഭ്യമാണ്. തിരഞ്ഞെടുത്ത കുറളുകളെ ആസ്പദമാക്കിയുള്ള ഹ്രസ്വ ആനിമേറ്റഡ് വീഡിയോകൾ, ചലച്ചിത്രങ്ങൾ, ഓഡിയോ ബുക്കുകൾ എന്നിവയും ഈ പരിപാടിയുടെ ഭാഗമായി സി.ഐ.സി.ടി ഒരുക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവേ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ദേശീയ പാതാ അതോറിറ്റി എന്നിവയുമായി സഹകരിച്ച്, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ദേശീയപാതകളിലെ ടോൾ പ്ലാസകൾ എന്നിവിടങ്ങളിലെ യാത്രാ വിവരവിനിമയ സംവിധാനങ്ങളിലും സൈൻ ബോർഡുകളിലും വിവർത്തനങ്ങളോട് കൂടിയ കുറളുകൾ പ്രദർശിപ്പിക്കാനും പദ്ധതിയുണ്ട്.
പ്രതിനിധികളും യാത്രാപദ്ധതിയും
തമിഴ്നാട്ടിൽ നിന്നുള്ള ഏകദേശം 1,400 പേരടങ്ങുന്ന സംഘം എട്ടുദിവസത്തെ യാത്രയിൽ പങ്കുചേരും. ഏകദേശം 200 പേർ വീതമുള്ള ഏഴ് സംഘങ്ങളായാണ് യാത്രികരെ ക്രമീകരിച്ചിരിക്കുന്നത്. യാത്രയുടെ ഭാഗമായി നാലുദിവസം യാത്രയ്ക്കും ശേഷിക്കുന്ന നാലുദിവസം വിവിധ സ്ഥലങ്ങളിലെ സന്ദർശനങ്ങൾക്കും ആസൂത്രിത പരിപാടികൾക്കുമായി നീക്കിവെച്ചിരിക്കുന്നു. വാരണാസി, പ്രയാഗ്രാജ്, അയോധ്യ എന്നീ ചരിത്രപ്രധാന നഗരങ്ങളിലൂടെ കടന്നുപോകുന്ന ഈ യാത്രയിൽ സാംസ്കാരികവും അക്കാദമികവും ആത്മീയവുമായ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഓരോ മേഖലയുടെയും സവിശേഷതകളും പ്രാധാന്യവും പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികളും സംഘടിപ്പിക്കും.
താഴെ പറയുന്ന ഏഴ് വിഭാഗങ്ങളിൽ നിന്നുള്ളവരാണ് യാത്രയിൽ പങ്കെടുക്കുന്നത്:
- എഴുത്തുകാരും മാധ്യമപ്രവർത്തകരും
- വിവിധ തൊഴിൽ മേഖലകളിലുള്ളവരും കരകൗശല വിദഗ്ധരും
വാരണാസിയിലെ താമസത്തിനിടെ, കാശി വിശ്വനാഥ ക്ഷേത്രം, സാരനാഥ്, ബനാറസ് ഹിന്ദു സർവകലാശാല (ബി.എച്ച്.യു), രാംനഗർ കോട്ട, ഭാരത് മാതാ ക്ഷേത്രം തുടങ്ങിയ പ്രമുഖ മത, ചരിത്ര, സാംസ്കാരിക കേന്ദ്രങ്ങൾ പ്രതിനിധികൾ സന്ദർശിക്കും. ഇതോടൊപ്പം, ഗംഗാ ആരതി ദർശനം, ഗംഗാസ്നാനം, അക്കാദമിക ചർച്ചകളും സെഷനുകളും, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും യാത്രയുടെ ഭാഗമായി സംഘടിപ്പിക്കും. തുടർന്ന്, പ്രയാഗ്രാജിലെ പുണ്യസംഗമമായ ത്രിവേണി സംഗമവും അയോധ്യയിലെ ശ്രീരാമക്ഷേത്രവും സന്ദർശിക്കുന്നതോടെ യാത്രയ്ക്ക് ആത്മീയവും സാംസ്കാരികവുമായ മാനം കൈവരും.
തമിഴ് പൈതൃകവുമായി ബന്ധപ്പെട്ട പ്രത്യേക സന്ദർശന പരിപാടിയുടെ ഭാഗമായി, മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ പൂർവ്വിക ഭവനം, കേദാർ ഘാട്ട്, 'ലിറ്റിൽ തമിഴ്നാട്' എന്നറിയപ്പെടുന്ന പ്രദേശത്തെ കാശി മഠം എന്നിവ പ്രതിനിധികൾ സന്ദർശിക്കും. കൂടാതെ, ബി.എച്ച്.യു-വിലെ തമിഴ് വിഭാഗവുമായി ചേർന്ന് ഒരു അക്കാദമിക് സംവാദവും ഇതിൽ ഉൾപ്പെടുന്നു.
മുൻ പതിപ്പുകൾ
2022-നും 2025-നും ഇടയിൽ നടന്ന 'കാശി തമിഴ് സംഗമ'ത്തിൻ്റെ ആദ്യ നാല് പതിപ്പുകൾ, തമിഴ്നാടും കാശിയും തമ്മിലുള്ള സാംസ്കാരികവും ഭാഷാപരവും ചരിത്രപരവുമായ ബന്ധങ്ങളെ ശക്തിപ്പെടുത്തി. ഈ പാരമ്പര്യത്തെ അടിസ്ഥാനമാക്കി, അഞ്ചാമത് പതിപ്പ് ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനും, ഇരു പ്രദേശങ്ങളുടെയും സമാന പൈതൃകത്തെ ആഘോഷിക്കാനും ലക്ഷ്യമിടുന്നു.
കാശി തമിഴ് സംഗമം 1.0 (2022 നവംബർ മുതൽ ഡിസംബർ വരെ)
പരിപാടിയുടെ ആദ്യ പതിപ്പ് 2022 നവംബർ–ഡിസംബർ മാസങ്ങളിലാണ് സംഘടിപ്പിച്ചത്. ജീവിതത്തിൻ്റെ നാനാതുറകളെ പ്രതിനിധീകരിച്ച് തമിഴ്നാട്ടിൽ നിന്നുള്ള 2,500-ലധികം പേർ വാരണാസി, പ്രയാഗ്രാജ്, അയോധ്യ എന്നീ നഗരങ്ങളിലേക്ക് എട്ടുദിവസത്തെ സന്ദർശനം നടത്തി. വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടി 2022 നവംബർ 19-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
സമാനമായ തൊഴിൽമേഖലകളിലും താത്പര്യങ്ങളിലുമുള്ള ആളുകൾക്ക് പരസ്പരം പരിചയപ്പെടാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുന്നതിൻ്റെ ഭാഗമായി പ്രതിനിധികൾ വിവിധ സെമിനാറുകളിലും പ്രാദേശിക സന്ദർശനങ്ങളിലും പങ്കെടുത്തു. കാശിയിൽ ഒരു മാസം നീണ്ടുനിന്ന പ്രദർശനത്തിലൂടെ ഇരു പ്രദേശങ്ങളിലെയും കൈത്തറി ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, 'ഒരു ജില്ല, ഒരു ഉത്പന്നം' പദ്ധതിയുടെ ഭാഗമായ ഉത്പന്നങ്ങൾ, പുസ്തകങ്ങൾ, ഡോക്യുമെൻ്ററികൾ, തനത് ഭക്ഷണവിഭവങ്ങൾ, കലാരൂപങ്ങൾ എന്നിവ പരിചയപ്പെടുത്തി. ഇതോടൊപ്പം, വിദഗ്ധരും പണ്ഡിതന്മാരും പങ്കെടുത്ത അക്കാദമിക സംവാദങ്ങൾ, സെമിനാറുകൾ, ആശയവിനിമയ പരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.
കാശി തമിഴ് സംഗമം 2.0 (ഡിസംബർ 2023)
രണ്ടാം പതിപ്പ് 2023 ഡിസംബർ 17 മുതൽ 30 വരെ വാരണാസിയിലെ നമോ ഘട്ടിൽ നടന്നു. പ്രധാനമന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഇവിടെ സന്നിഹിതരായ പ്രതിനിധികൾക്കായി, പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം ഒരു ആപ്പ് മുഖേന തമിഴിലേക്ക് വിവർത്തനം ചെയ്ത് നൽകുന്ന സംവിധാനം ഒരുക്കിയിരുന്നു. വാരണാസി, പ്രയാഗ്രാജ്, അയോധ്യ എന്നിവിടങ്ങളിലേക്ക് ട്രെയിൻ മാർഗ്ഗം എട്ടു ദിവസത്തെ സന്ദർശന പരിപാടികളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ഗംഗ, യമുന, സരസ്വതി, സിന്ധു, നർമ്മദ, ഗോദാവരി, കാവേരി എന്നിങ്ങനെ പുണ്യനദികളുടെ പേരുകൾ നൽകിയ ഏഴ് സംഘങ്ങളായാണ് പ്രതിനിധികൾ യാത്ര ചെയ്തത്. തമിഴ്നാട്ടിലെയും കാശിയിലെയും കല, കൈത്തറി ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വിഭവങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന സ്റ്റാളുകൾ, നമോ ഘട്ടിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടികൾ, സാഹിത്യം, പ്രാചീന ഗ്രന്ഥങ്ങൾ, തത്വശാസ്ത്രം, ആത്മീയത, സംഗീതം, നൃത്തം, നാടകം, യോഗ, ആയുർവേദം, ആധുനിക കണ്ടുപിടുത്തങ്ങൾ എന്നിവയെക്കുറിച്ചുള്ള വിജ്ഞാനപ്രദമായ ചർച്ചകൾ എന്നിവയും ഇതിൽ ഉൾപ്പെട്ടിരുന്നു.
കാശി തമിഴ് സംഗമം 3.0 (ഫെബ്രുവരി 2025)
മൂന്നാം പതിപ്പ് 2025 ഫെബ്രുവരി 15 മുതൽ 24 വരെ നടന്നു. അഗസ്ത്യ മുനിയുടെ പാരമ്പര്യത്തെ ഉയർത്തിക്കാട്ടിയ ഈ പരിപാടി, ഭാരതീയ ജ്ഞാന പാരമ്പര്യത്തെ സമകാലിക ചിന്താധാരകളുമായി ബന്ധിപ്പിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള ഏകദേശം 1,000 പ്രതിനിധികളും വിവിധ കേന്ദ്ര സർവകലാശാലകളിൽ നിന്നുള്ള 200 വിദ്യാർത്ഥികളും ഇതിൽ പങ്കെടുത്തു. പ്രയാഗ്രാജിലെ മഹാകുംഭ് സന്ദർശനവും അയോധ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്ത രാമക്ഷേത്രത്തിലേക്കുള്ള സന്ദർശനവും ഈ പതിപ്പിൻ്റെ ഭാഗമായി ഇദംപ്രഥമമായി ഉൾപ്പെടുത്തിയിരുന്നു. കാശിയിൽ അഗസ്ത്യ മുനിയെക്കുറിച്ചുള്ള പ്രദർശനം, അദ്ദേഹത്തിൻ്റെ പണ്ഡിതോചിതമായ കൃതികളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ, ശിൽപ്പശാലകൾ, പുസ്തക പ്രകാശനങ്ങൾ എന്നിവയും സംഘടിപ്പിച്ചു. ഭാരതീയ വിജ്ഞാന സമ്പ്രദായങ്ങളെ ആധുനിക വിജ്ഞാന വ്യവസ്ഥകളുമായി സമന്വയിപ്പിക്കുന്നതിന് ഊന്നൽ നൽകുന്ന 'ദേശീയ വിദ്യാഭ്യാസ നയം 2020'-ന് അനുസൃതമായാണ് ഈ പതിപ്പ് ആസൂത്രണം ചെയ്തത്. 869-ലധികം കലാകാരന്മാരും 190 പ്രാദേശിക നാടോടി-ക്ലാസിക്കൽ കലാസംഘങ്ങളും അവതരിപ്പിച്ച പരിപാടികൾ ഉൾക്കൊള്ളുന്ന ഈ സംഗമത്തിലേക്ക് ഏകദേശം 2 ലക്ഷത്തോളം സന്ദർശകർ എത്തിച്ചേർന്നു.
കാശി തമിഴ് സംഗമം 4.0 (ഡിസംബർ 2025)
2025 ഡിസംബർ 2 മുതൽ 15 വരെ നടന്ന നാലാം പതിപ്പ്, "തമിഴ് കർക്കലാം - നമുക്ക് തമിഴ് പഠിക്കാം" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് ഏഴ് വിഭാഗങ്ങളിലായി 1,400-ലധികം പ്രതിനിധികൾ ഇതിൽ പങ്കെടുത്തു. 50 സ്കൂളുകളിലായി 1,500-ലധികം വിദ്യാർത്ഥികളെ ലളിതമായ തമിഴ് പഠിപ്പിക്കുന്നതിനായി, പരിശീലനം ലഭിച്ച 50 തമിഴ് അധ്യാപകരും കോർഡിനേറ്റർമാരും വാരണാസിയിൽ എത്തിയത് ഇതിൻ്റെ പ്രധാന സവിശേഷതയായിരുന്നു. 'തമിഴ് കർപ്പൊം' എന്ന സംരംഭത്തിന് കീഴിൽ, കാശിയിൽ നിന്നുള്ള 300 കോളേജ് വിദ്യാർത്ഥികൾക്കായി തമിഴ്നാട്ടിലേക്ക് പഠനയാത്രകൾ സംഘടിപ്പിച്ചു. ഇരുപ്രദേശങ്ങളും പങ്കിടുന്ന സാംസ്കാരികവും നാഗരികവുമായ പൈതൃകം വിളിച്ചോതുന്നതിനായി, തെങ്കാശിയിൽ നിന്ന് കാശിയിലേക്ക് 'അഗസ്ത്യ മുനി വാഹന പര്യടനം' ഇതിൻ്റെ ഭാഗമായി നടന്നു. പ്രതിനിധികൾക്കായി ഇന്ത്യൻ റെയിൽവേ ഏഴ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തി. കൂടാതെ, പുരാതന തമിഴ് കൃതിയായ 'തൊൽകാപ്പിയം' നാല് ഇന്ത്യൻ ഭാഷകളിലേക്കും ആറ് വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്ത പതിപ്പുകൾ ഇവിടെ പ്രകാശനം ചെയ്തു. 2025 ഡിസംബർ 30-ന് രാമേശ്വരത്ത് നടന്ന സമാപന ചടങ്ങോടെ ഈ പതിപ്പ് അവസാനിച്ചു.
മുന്നോട്ടുകൊണ്ടുപോകുന്നത് പൊതുസാംസ്ക്കാരിക പൈതൃകം
ഭാഷ, സാഹിത്യം, വിജ്ഞാനം, പൊതുവായ ആചാരങ്ങൾ എന്നിവയിലൂടെ വിവിധ പ്രദേശങ്ങളിലെ ജനവിഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന, ഇന്ത്യയുടെ ദീർഘകാല സാംസ്കാരിക വിനിമയ പാരമ്പര്യത്തെ 'കാശി തമിഴ് സംഗമം' പ്രതിഫലിപ്പിക്കുന്നു. നേരിട്ടുള്ള ആശയവിനിമയത്തിലൂടെയും പഠനത്തിലൂടെയും ജനങ്ങളെ ഒരുമിപ്പിച്ചുകൊണ്ട്, തമിഴ്നാടും കാശിയും തമ്മിലുള്ള പരസ്പര ധാരണയെ ആഴത്തിലാക്കാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.
തിരുക്കുറളിന് പ്രത്യേക പ്രാധാന്യം നൽകി, കാശി തമിഴ് സംഗമത്തിൻ്റെ അഞ്ചാം പതിപ്പ് പരമ്പരാഗത സംഗമവേദികളുടെ പരിധി മറികടന്ന് രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും യുവതലമുറയിലെ പഠിതാക്കളിലേക്കും വ്യാപിക്കുന്നു. ഭാഷാപരവും പ്രാദേശികവുമായ അതിരുകൾക്കതീതമായി, തമിഴിലെ ക്ലാസിക്കൽ കൃതിയായ തിരുക്കുറളിൻ്റെ ആഴത്തിലുള്ള പഠനവും പ്രചാരണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാഹിത്യ-ദാർശനിക പൈതൃകം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന ദർശനത്തെ അടിസ്ഥാനമാക്കി, പങ്കിട്ട വിജ്ഞാനത്തിലൂടെയും സാംസ്കാരിക അവബോധത്തിലൂടെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും അതുവഴി ദേശീയോദ്ഗ്രഥനവും ഐക്യവും ഊട്ടിയുറപ്പിക്കാനും കാശി തമിഴ് സംഗമം പ്രതിജ്ഞാബദ്ധമാണ്.
സൂചനകൾ
Click here to see pdf
*****