ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ശ്രീ ജവഹര്‍ലാല്‍ ദര്‍ദയുടെ പൂര്‍ണ്ണകായ വെങ്കല പ്രതിമ യവത്മാളില്‍ ഉപരാഷ്ട്രപതി അനാച്ഛാദനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 25 NOV 2026 5:42PM by PIB Thiruvananthpuram
സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രതന്ത്രജ്ഞനും പത്രപ്രവര്‍ത്തകനും ലോക്മത് മീഡിയ ഗ്രൂപ്പ് സ്ഥാപകനുമായ അന്തരിച്ച ശ്രീ ജവഹര്‍ലാല്‍ ദര്‍ദയുടെ പൂര്‍ണ്ണകായ വെങ്കല പ്രതിമ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍ ഇന്ന് മഹാരാഷ്ട്രയിലെ യവത്മാളിലുള്ള പ്രിയദര്‍ശിനി സഹകാരി സൂത്ത് ഗിര്‍ണിയില്‍ അനാച്ഛാദനം ചെയ്തു.

നേരത്തെ, യവത്മാളിലെ പ്രേരണ സ്ഥല്‍ സന്ദര്‍ശിച്ച ഉപരാഷ്ട്രപതി ശ്രീ ജവഹര്‍ലാല്‍ ദര്‍ദയുടെ സമാധിസ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തുകയും ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.


ബാബുജിയുടെ ജീവിതം ദേശസ്‌നേഹത്തിന്റെയും പൊതുസേവനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ശ്രദ്ധേയമായ യാത്രയായിരുന്നുവെന്ന് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്, പ്രത്യേകിച്ച് 1942ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ച ഉപരാഷ്ട്രപതി, സ്വാതന്ത്ര്യാനന്തരം രാഷ്ട്രതന്ത്രജ്ഞന്‍, ജനപ്രതിനിധി, മന്ത്രി, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അദ്ദേഹം രാഷ്ട്രസേവനം തുടര്‍ന്നതായും പറഞ്ഞു. മഹാരാഷ്ട്രയുടെ വികസനം, ദേശീയ ഐക്യം, സാമുദായിക സൗഹാര്‍ദ്ദം എന്നിവയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.

വ്യവസായം, ഊര്‍ജ്ജം, ഭവനനിര്‍മ്മാണം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, കൃഷി, സഹകരണം തുടങ്ങി വിവിധ മേഖലകളില്‍ ശ്രീ ദര്‍ദ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയുടെ വിവിധ പ്രദേശങ്ങളില്‍ സന്തുലിതമായ വ്യാവസായിക വികസനം പ്രോത്സാഹിപ്പിച്ച 1993ലെ അദ്ദേഹത്തിന്റെ  ചരിത്രപ്രധാനമായ വ്യവസായ നയം ഉപരാഷ്ട്രപതി പ്രത്യേകം അനുസ്മരിച്ചു. എല്ലാ പ്രദേശങ്ങള്‍ക്കും വികസനാവസരങ്ങള്‍ ലഭ്യമാക്കണമെന്ന അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമായി, യവത്മാളില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതില്‍ ബാബുജി നല്‍കിയ സംഭാവനകളും അദ്ദേഹം എടുത്തുപറഞ്ഞു.

ഗ്രാമീണ വികസനത്തെക്കുറിച്ചുള്ള ബാബുജിയുടെ കാഴ്ചപ്പാട് എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, പരുത്തി കൃഷി, തുണിനിര്‍മ്മാണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഗ്രാമീണ സമൃദ്ധി എന്നിവ തമ്മിലുള്ള സുപ്രധാനമായ ബന്ധത്തിന്റെ  ഉത്തമ ഉദാഹരണമാണ് പ്രിയദര്‍ശിനി സഹകാരി സൂത്ത് ഗിര്‍ണിയെന്ന് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് സ്ഥാപനത്തെ കരകയറ്റുന്നതിനായി കര്‍ഷകരും സഹകരണ സംഘത്തിലെ  അംഗങ്ങളും മാനേജ്‌മെന്റും തൊഴിലാളികളും നടത്തിയ കൂട്ടായ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും കര്‍ഷകരെ ശാക്തീകരിക്കുന്നതിലും സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ടെക്‌സ്‌റ്റൈല്‍ മേഖലയുമായുള്ള തന്റെ  ബന്ധത്തെക്കുറിച്ച്  പരാമര്‍ശിച്ചുകൊണ്ട്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സാമ്പത്തിക വളര്‍ച്ചയിലും ഈ മേഖലയ്ക്കുള്ള അപാരമായ സാധ്യതകള്‍ ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. അന്താരാഷ്ട്ര വ്യാപാരരംഗത്ത് ഇന്ത്യയ്ക്ക് വര്‍ദ്ധിച്ചുവരുന്ന അവസരങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയുടെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും മേഖലയുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി മില്ലുകള്‍, യന്ത്രസാമഗ്രികള്‍, നെയ്ത്ത്, ഡൈയിംഗ്, പ്രിന്റിംഗ് സൗകര്യങ്ങള്‍ എന്നിവ ആധുനികവല്‍ക്കരിക്കാന്‍ ആഹ്വാനവും ചെയ്തു.
ഛത്രപതി ശിവാജി മഹാരാജ്, ഡോ. ബി. ആര്‍. അംബേദ്കര്‍, ലോകമാന്യ ബാലഗംഗാധര തിലക് തുടങ്ങിയ മഹത് വ്യക്തികളിലൂടെ ഇന്ത്യയുടെ ദേശീയ ജീവിതത്തിന് മഹാരാഷ്ട്ര നല്‍കിയ ശ്രദ്ധേയമായ  സംഭാവനകളും ഉപരാഷ്ട്രപതി അനുസ്മരിച്ചു. ദേശീയ ആത്മാഭിമാനം, ഭരണഘടനാ മൂല്യങ്ങള്‍, ദേശസ്‌നേഹം എന്നിവയ്ക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ രാജ്യത്തിന് ഇന്നും പ്രചോദനമേകുന്നതായും അദ്ദേഹം പറഞ്ഞു.

ബാബുജിയുടെ ആദര്‍ശങ്ങളോടുള്ള പ്രതിബദ്ധത പുതുക്കാന്‍ ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി, സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്താനും കര്‍ഷകരെ ശാക്തീകരിക്കാനും ഗ്രാമീണ ഇന്ത്യയില്‍ അര്‍ത്ഥവത്തായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും എല്ലാ പങ്കാളികളോടും അഭ്യര്‍ത്ഥിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനായുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക് ശ്രീ ജവഹര്‍ലാല്‍ ദര്‍ദയുടെ പൈതൃകം തുടര്‍ന്നും പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ജിഷ്ണു ദേവ് വര്‍മ്മ, മഹാരാഷ്ട്ര ടെക്‌സ്‌റ്റൈല്‍സ്, ഉന്നതസാങ്കേതിക വിദ്യാഭ്യാസ മന്ത്രി ശ്രീ ചന്ദ്രകാന്ത് പാട്ടീല്‍, മഹാരാഷ്ട്ര മണ്ണ്-ജല സംരക്ഷണ മന്ത്രി ശ്രീ സഞ്ജയ് റാത്തോഡ്, ലോക്മത് മീഡിയ ഗ്രൂപ്പ് ചെയര്‍മാനും മുന്‍ രാജ്യസഭാ അംഗവുമായ ഡോ. വിജയ് ദര്‍ദ, മുന്‍ കാബിനറ്റ് മന്ത്രിയും ലോക്മത് മീഡിയ ഗ്രൂപ്പ് എഡിറ്റര്‍-ഇന്‍-ചീഫുമായ ശ്രീ രാജേന്ദ്ര ദര്‍ദ, പ്രിയദര്‍ശിനി കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ ലിമിറ്റഡ് വൈസ് പ്രസിഡന്റ് ശ്രീ കീര്‍ത്തി ഗാന്ധി, ദര്‍ദ കുടുംബാംഗങ്ങള്‍, സഹകരണ മേഖലയിലെ പ്രതിനിധികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
*****

( റിലീസ് ഐ.ഡി: 2341631) സന്ദര്‍ശക കൗണ്ടര്‍ : 17
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Gujarati , Tamil