57th International Film Festival of India 2026
20 – 28 Nov 2026

അവസാന ഫ്രെയിമിനപ്പുറം: IFFI സായാഹ്നങ്ങളുടെ മായാജാലം

ഓപ്പണ്‍ എയര്‍ പ്രദര്‍ശനങ്ങളും സാംസ്‌കാരിക പരിപാടികളും സര്‍ഗാത്മക സംവാദങ്ങളുമായി ഗോവയുടെ സായാഹ്നങ്ങള്‍ സജീവമാകുന്നു

പോസ്റ്റഡ് ഓണ്‍: 25 NOV 2026 6:47PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2341596Views: 4
മണ്ഡോവി നദിയില്‍ സൂര്യന്‍ അസ്തമിക്കുകയും പനജിയിലെ തെരുവുകള്‍ പ്രകാശപൂരിതമാകുകയും ചെയ്യുമ്പോള്‍, 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള IFFIക്ക് മറ്റൊരു താളം കൈവരുന്നു. പകല്‍ സമയം ചലച്ചിത്ര പ്രദര്‍ശനങ്ങളും മാസ്റ്റര്‍ ക്ലാസുകളും റെഡ് കാര്‍പെറ്റ് പരിപാടികളും സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളും കൊണ്ട് നിറഞ്ഞതാണെങ്കില്‍, സായാഹ്നങ്ങള്‍ക്ക് തികച്ചും മറ്റൊരു ആകര്‍ഷകത്വമാണുള്ളത്. അസ്തമയ സൂര്യന്‍ IFFI-ദിനാന്ത്യാത്തെ സൂചിപ്പിക്കുന്നില്ല; മറിച്ച് മറ്റൊരു ആഘോഷത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നു.
 

ചലച്ചിത്ര ഹാളുകളുടെ പരമ്പരാഗത പരിധികള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചു കൊണ്ട്, 2026ലെ IFFI, മിറാമര്‍ ബീച്ച്, മര്‍ഗാവിലെ രവീന്ദ്ര ഭവന്‍, വാഗത്തോര്‍ ബീച്ചിലെ ഹെലിപാഡ്  എന്നിവിടങ്ങളിലെ ഓപ്പണ്‍ എയര്‍ പ്രദര്‍ശനങ്ങളിലൂടെ ചലച്ചിത്രാനുഭവത്തെ പൊതുജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു.

 വൈകിട്ട് 7 മണി മുതല്‍ രാത്രി 10 മണി വരെയാണ് പ്രദര്‍ശനങ്ങള്‍. തിരഞ്ഞെടുത്ത സിനിമകളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. ഗോവയുടെ വിശാലമായ ആകാശത്തിന് കീഴില്‍, പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സിനിമാപ്രേമികള്‍ക്കും ഒരുമിച്ചുചേര്‍ന്ന് സിനിമ കാണുന്നതിന്റെ ആനന്ദം അനുഭവിക്കാം. സിനിമ കൂടുതല്‍ പ്രാപ്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാക്കാനുള്ള മേളയുടെ പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
 


മണ്ഡോവി പ്രൊമനേഡില്‍ നടക്കുന്ന റൊംതാമെല്‍ സാംസ്‌കാരിക പരിപാടികളിലൂടെയും ഉത്സവാന്തരീക്ഷം പരക്കുന്നു. നവംബര്‍ 23 മുതല്‍ 27 വരെ നാല് സായാഹ്നങ്ങളിലായി നടക്കുന്ന പരിപാടികളില്‍ ഏഴ് സാംസ്‌കാരിക സംഘങ്ങള്‍ പങ്കെടുക്കുന്നു. ഗോവയുടെ സമ്പന്നമായ കലാപാരമ്പര്യങ്ങള്‍ക്ക് ഈ പരിപാടികള്‍ മുന്‍തൂക്കം നല്‍കുന്നു. തദ്ദേശീയ സാംസ്‌കാരിക ആവിഷ്‌കാരങ്ങളും ആഗോള ചലച്ചിത്ര പാരമ്പര്യങ്ങളും ഒത്തുചേര്‍ന്ന്  IFFI-ക്ക് ഗോവ  നല്‍കുന്ന സവിശേഷ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നു.
 

 

ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മാറ്റുകൂട്ടിക്കൊണ്ട്, ' ചലച്ചിത്രത്തിന്റെ ആഹ്ലാദത്തെ ആഘോഷിക്കുന്നു 'എന്ന പ്രമേയത്തില്‍ നവംബര്‍ 25ന് നടക്കുന്ന IFFI പരേഡ്, പനജിയിലെ എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ (ESG) പരിസരത്തുനിന്ന് കലാ അക്കാദമിയിലേക്ക് നീങ്ങും. വര്‍ണാഭമായ ഫ്‌ലോട്ടുകളും സാംസ്‌കാരിക പരിപാടികളും സമൂഹത്തിന്റെ പങ്കാളിത്തവും പരേഡിന്റെ ഭാഗമാകും. നിശ്ചിത വേദികള്‍ക്കപ്പുറത്തേക്കും മേളയെ എത്തിക്കുന്നതിലൂടെ പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ചലച്ചിത്രാഘോഷത്തിന്റെ ഭാഗമാകാന്‍ പരേഡ് അവസരമൊരുക്കുന്നു.

 ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും പ്രതിനിധികള്‍ക്കും ഭാവി കലാകാരന്മാര്‍ക്കും മേളയുടെ സായാഹ്നങ്ങള്‍ വിനോദത്തിനപ്പുറം കൂടുതല്‍ അവസരങ്ങളാണ് നല്‍കുന്നത്. നിശ്ചയിച്ചിട്ടുള്ള പ്രദര്‍ശനങ്ങള്‍ക്കും ഔപചാരിക ആശയവിനിമയങ്ങള്‍ക്കും പുറമെ, അനൗപചാരിക സംഭാഷണങ്ങള്‍ക്കും സര്‍ഗാത്മക ആശയവിനിമയങ്ങള്‍ക്കും അര്‍ത്ഥവത്തായ ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതിനുമുള്ള അവസരങ്ങളും അവ നല്‍കുന്നു. ഒരു സിനിമയെക്കുറിച്ചുള്ള ചര്‍ച്ച സാംസ്‌കാരിക കാഴ്ചപ്പാടുകളുടെ വിനിമയത്തിന് കാരണമാകാം. ചലച്ചിത്ര പ്രവര്‍ത്തകര്‍ തമ്മിലെ യാദൃച്ഛികമായ ഒരു കൂടിക്കാഴ്ച ഭാവിയിലെ സഹകരണത്തിന് അടിത്തറയാകുകയും ചെയ്യാം.

പ്രകാശപൂരിതമായ മേളാവേദികള്‍ക്ക് പിന്നില്‍, മേളയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ പ്രദര്‍ശന സമയത്തിന് ശേഷവും പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെയും സാങ്കേതിക സംഘങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സംഘാടകരുടെയും നിരന്തര പരിശ്രമവും ഉണ്ട്. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അവരുടെ സംഭാവനകള്‍ IFFI അനുഭവത്തിന്റെ അവിഭാജ്യ ഘടകമാണ്.

സൂര്യാസ്തമയത്തിനുശേഷമുള്ള പനജിയുടെ കാഴ്ചയും ആകര്‍ഷണീയമാണ്. മരങ്ങള്‍ നിറഞ്ഞ നഗരവീഥികളെ സ്വര്‍ണനിറത്തിലുള്ള ഫെയറി ലൈറ്റുകള്‍ അലങ്കരിക്കുന്നു. പ്രകാശപൂരിതമായ കെട്ടിടങ്ങളും വര്‍ണാഭമായ ഇന്‍സ്റ്റലേഷനുകളും IFFIയുടെ പ്രതീകമായ മയില്‍ രൂപങ്ങളും തെരുവുകള്‍ക്ക് ഉത്സവഛായ പകരുന്നു. നഗരത്തിന്റെ വാസ്തുവിദ്യയും പൊതുസ്ഥലങ്ങളും മേളയുടെ ഭാഗമായി മാറുന്നു. IFFIയുമായുള്ള ഗോവയുടെ ബന്ധം സവിശേഷമായ ഒരു ആഘോഷമായി മാറിയതെങ്ങനെയെന്നും ആതിഥേയ സംസ്ഥാനത്തിന്റെ സവിശേഷത സിനിമയുടെ സാര്‍വത്രിക ആകര്‍ഷണത്തെ എങ്ങനെ പൂരകമാക്കുന്നുവെന്നും ഇത് പ്രതിഫലിപ്പിക്കുന്നു.

IFFI 2026ന്റെ 'അതിര്‍ത്തികള്‍ക്കതീതമായ കഥകള്‍' എന്ന പ്രമേയത്തിന് അനുസൃതമായി, മേളയുടെ രാത്രികള്‍ ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ അതിരുകള്‍ക്കൊപ്പം ഓഡിറ്റോറിയത്തിന്റെ ഭൗതിക അതിരുകളും മറികടക്കാനുമുള്ള സിനിമയുടെ കഴിവിനെ പ്രതിഫലിപ്പിക്കുന്നു. തിരശ്ശീലയില്‍ വിരിയുന്ന കഥകളെപ്പോലെ തന്നെ, സിനിമയിലൂടെ പ്രചോദനകരമായ സംഭാഷണങ്ങളിലും അത് സൃഷ്ടിക്കുന്ന ബന്ധങ്ങളിലുമാണ് ഒരു ചലച്ചിത്രമേളയുടെ യഥാര്‍ത്ഥ മായാജാലം നിലകൊള്ളുന്നതെന്ന് അവ ഓര്‍മ്മിപ്പിക്കുന്നു.

IFFIയില്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകരുടെ പേര് കാണിക്കുന്ന ടൈറ്റില്‍ കാര്‍ഡുകള്‍ മറിഞ്ഞേക്കാം, തിരശ്ശീലകള്‍ താഴ്‌ന്നേക്കാം, തിയേറ്ററുകള്‍ക്കുള്ളിലെ വെളിച്ചങ്ങള്‍ അണഞ്ഞേക്കാം; എന്നാല്‍ സിനിമയുടെ ആഘോഷം തുടരുന്നു. ഗോവയില്‍, മേളയുടെ ഘടികാരം അനുസ്യൂതം മിടിക്കുകയാണ്.

 

IFFILOID ഇവിടെ വായിക്കാം:
https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48
*****

Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2341596
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026