57th International Film Festival of India 2026
20 – 28 Nov 2026

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വളര്‍ന്നുവരുന്ന ചലച്ചിത്ര പ്രതിഭയുടെ ആഘോഷമായി 'ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഓഫ് ടുമോറോ' ആറാം പതിപ്പ്

48 മണിക്കൂര്‍ നീണ്ട തീവ്ര ചലച്ചിത്ര നിര്‍മാണ മത്സരം പൂര്‍ത്തിയാക്കി 13 ചലച്ചിത്ര മേഖലകളിലെ 100 യുവ പ്രതിഭകള്‍

പരസ്പര ബന്ധം നിലനിര്‍ത്തി ഒരു ടീമായി പ്രവര്‍ത്തിക്കുന്നത് തുടരണമെന്നും 'ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഓഫ് ടുമോറോ' ഒരു തുടക്കം മാത്രമാണെന്നും ചലച്ചിത്രമേള ഡയറക്ടര്‍ അശുതോഷ് ഗോവാരിക്കര്‍

പോസ്റ്റഡ് ഓണ്‍: 25 NOV 2026 1:57PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2341460Views: 3
ഗോവയില്‍ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍  'ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഓഫ് ടുമോറോ'യുടെ (സി.എം.ഒ.ടി) ആറാം പതിപ്പ് പൂര്‍ത്തിയായപ്പോള്‍ കഥ വികസിപ്പിക്കുന്നത് മുതല്‍ അത് വെള്ളിത്തിരയിലെത്തിക്കുന്നത് വരെ 48 മണിക്കൂര്‍ നീണ്ട തീവ്ര ചലച്ചിത്ര നിര്‍മാണ മത്സരത്തില്‍ 100 യുവ ചലച്ചിത്ര പ്രതിഭകള്‍  മികവ് തെളിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വളര്‍ന്നുവരുന്ന പ്രതിഭകളെ ഒരുമിച്ചുകൊണ്ടുവന്ന ഈ ഉദ്യമത്തിന്റെ ഭാഗമായി അഞ്ച് ടീമുകള്‍ നിര്‍മിച്ച ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും പതിനഞ്ച് വിഭാഗങ്ങളിലായി പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു.


സമാപന ചടങ്ങില്‍ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള  ഡയറക്ടറും ചലച്ചിത്രകാരനുമായ അശുതോഷ് ഗോവാരിക്കര്‍, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി പ്രഭാത്, ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍  (എന്‍.എഫ്.ഡി.സി) മാനേജിങ് ഡയറക്ടറും എഫ്.ടി.ഐ.ഐ വൈസ് ചാന്‍സലറുമായ ധീരജ് സിങ്, ജൂറി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. എയ്മി ബറുവ, പ്രേംരാജ്, മധു അപ്‌സര, റൂമി ജഫ്രി, മേധ ഖേര്‍ദേക്കര്‍ റെഡ്ഡി എന്നിവരടങ്ങുന്നതായിരുന്നു ഗ്രേറ്റ് ഗ്രാന്‍ഡ് ജൂറി.



 
ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഓഫ് ടുമോറോ 2026 വിജയികള്‍:
 

1. മികച്ച ചിത്രം: വണ്‍ ലാസ്റ്റ് സ്റ്റോപ്പ്  - സംവിധാനം: മോഹക് ഗാന്ധി (റെഡ് ടീം), 5 ലക്ഷം രൂപ പുരസ്‌കാരം.  

2. മികച്ച രണ്ടാമത്തെ ചിത്രം: എ ലിറ്റില്‍ സംതിങ്  - സംവിധാനം: തമന്ന താക്കൂര്‍ (ഗ്രീന്‍ ടീം), 3 ലക്ഷം രൂപ പുരസ്‌കാരം.

 

3. മികച്ച സംവിധായിക: തമന്ന താക്കൂര്‍ - എ ലിറ്റില്‍ സംതിങ് (ഗ്രീന്‍ ടീം).

4. മികച്ച അഭിനേത്രി: സിദ്ധി പാര്‍ക്കര്‍ - ഷെല്‍സ് (ബ്ലൂ ടീം).

5. മികച്ച ഛായാഗ്രാഹക: ത്രിയാഷ മന്ന - വണ്‍ ലാസ്റ്റ് സ്റ്റോപ്പ് (റെഡ് ടീം).

6. മികച്ച ചിത്രസംയോജനം: നയന്‍ ചോട്ടാലിയ, മാനവ് അഗര്‍വാള്‍ - എ ലിറ്റില്‍ സംതിങ് (ഗ്രീന്‍ ടീം).

7. മികച്ച തിരക്കഥാകൃത്ത്: ജിതിന്‍ എസ്. - ഷെല്‍സ് (ബ്ലൂ ടീം).

8. മികച്ച ശബ്ദരൂപകല്പന: അശ്വിന്‍ അശോക് - ടു സണ്‍സെറ്റ്‌സ് ആന്‍ഡ് സീറോ സണ്‍റൈസസ് (യെല്ലോ ടീം).

9. മികച്ച പിന്നണി ഗായിക: ശ്രീപാര്‍വതി എസ്. - ഷെല്‍സ് (ബ്ലൂ ടീം).

10. മികച്ച സംഗീത സംവിധായകന്‍: അക്ഷയ് അന്‍മോള്‍ കട്ടോരെ - നീല്‍ മഛ്ലി (ബീജ് ടീം).

11. മികച്ച വസ്ത്രാലങ്കാരം: സൃഷ്ടി വാഗ്, രൂപാലിക പോള്‍ - വണ്‍ ലാസ്റ്റ് സ്റ്റോപ്പ് (റെഡ് ടീം).

12. മികച്ച കേശാലങ്കാര-ചമയ കലാകാരി: കാശിഷ് ജയ്‌സ്വാള്‍ - ഷെല്‍സ് (ബ്ലൂ ടീം).

13. മികച്ച കലാസംവിധാനം: സൃഷ്ടി വാഗ്, രൂപാലിക പോള്‍ - വണ്‍ ലാസ്റ്റ് സ്റ്റോപ്പ് (റെഡ് ടീം).

14. മികച്ച ആനിമേഷന്‍ ആന്‍ഡ് വി.എഫ്.എക്‌സ് ആര്‍ട്ടിസ്റ്റ്: ഹര്‍ഷ് സഹാനി, പ്രകാശ് കുമാര്‍ മേത്ത - നീല്‍ മഛ്ലി (ബീജ് ടീം).

15. മികച്ച വോയ്സ് ഓവര്‍ / ഡബ്ബിങ്: സുദേക്ഷ സര്‍ക്കാര്‍ - എ ലിറ്റില്‍ സംതിങ് (ഗ്രീന്‍ ടീം).




ചലച്ചിത്ര വ്യവസായത്തിലേക്കുള്ള പാലം


48 മണിക്കൂര്‍ നീണ്ട ചലച്ചിത്ര നിര്‍മാണ മത്സരം പൂര്‍ത്തിയാക്കിയ മത്സരാര്‍ത്ഥികളെ  അഭിനന്ദിച്ച അഡീഷണല്‍ സെക്രട്ടറി ശ്രീ പ്രഭാത്, വളര്‍ന്നുവരുന്ന പ്രതിഭകളെയും ചലച്ചിത്ര വ്യവസായത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് സി.എം.ഒ.ടി എന്ന് വിശേഷിപ്പിച്ചു. യുവ പ്രതിഭകള്‍ക്ക്  സ്വന്തം കഴിവുകള്‍ തെളിയിക്കാനും ചലച്ചിത്ര മേഖലയിലെ പ്രമുഖരുമായി ബന്ധപ്പെടാനും ലഭിക്കുന്ന അവസരമാണ് ഈ സംരംഭം ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


'വേരുകളും ചിറകുകളും: നമ്മുടെ വേരുകളെ ആദരിക്കാം, ഭാവിയെ പുല്‍കാം'  എന്ന ഈ വര്‍ഷത്തെ പ്രമേയം പരാമര്‍ശിച്ച അദ്ദേഹം, സാംസ്‌കാരിക പൈതൃകത്തിന്റെയും നൂതനാശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും സംയോജനം എടുത്തുപറഞ്ഞു. സര്‍ഗാത്മക മേഖലകളിലെ യുവ പ്രൊഫഷണലുകള്‍ക്ക് പുതുവഴികള്‍ തുറക്കുന്ന എ.വി.ജി.സി.-എക്‌സ്.ആര്‍ മേഖലയിലെ വളര്‍ന്നുവരുന്ന അവസരങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.  


എല്ലാ ടീമുകളെയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദിച്ച ഫെസ്റ്റിവല്‍ ഡയറക്ടര്‍ അശുതോഷ് ഗോവാരിക്കര്‍, ചലച്ചിത്ര നിര്‍മാണം അടിസ്ഥാനപരമായി ഒരു കൂട്ടായ പ്രവര്‍ത്തനമാണെന്ന് വ്യക്തമാക്കി.  ഒരു സിനിമ ഒരിക്കലും ഒരാളുടെ മാത്രം സൃഷ്ടിയല്ലെന്നും, മറിച്ച് വിവിധ സര്‍ഗാത്മക മേഖലകള്‍ ഒത്തുചേരുന്നതിന്റെ ഫലമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ മത്സരത്തിനിടെ രൂപപ്പെട്ട സൗഹൃദബന്ധങ്ങള്‍ നിലനിര്‍ത്താന്‍ യുവ ചലച്ചിത്രകാരന്മാരെ പ്രോത്സാഹിപ്പിച്ച അദ്ദേഹം, പരസ്പര ബന്ധം പുലര്‍ത്താനും ടീമുകളായി പ്രവര്‍ത്തിക്കുന്നത് തുടരാനും ഈ അനുഭവത്തില്‍ നിന്ന് മുന്നോട്ട് പോകാനും ആഹ്വാനം ചെയ്തു; സി.എം.ഒ.ടി. അവരുടെ യാത്രയുടെ തുടക്കം മാത്രമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

 

 


48 മണിക്കൂര്‍, അഞ്ച് ടീമുകള്‍, ഒരേയൊരു സര്‍ഗാത്മക മത്സരം


നവംബര്‍ 21-നാണ് ചലച്ചിത്ര നിര്‍മാണ മത്സരം ആരംഭിച്ചത്. പങ്കെടുത്ത 100  മത്സരാര്‍ത്ഥികളെ റെഡ്, ഗ്രീന്‍, ബ്ലൂ, യെല്ലോ, ബീജ് എന്നീ നിറങ്ങളുടെ അടിസ്ഥാനത്തില്‍ 20 പേരടങ്ങുന്ന അഞ്ച് ടീമുകളായി തിരിച്ചിരുന്നു. 'വേരുകളും ചിറകുകളും: നമ്മുടെ വേരുകളെ ആദരിക്കാം, ഭാവിയെ പുല്‍കാം' എന്ന പൊതുപ്രമേയത്തില്‍ 48 മണിക്കൂറിനകം ഒരു ഹ്രസ്വചിത്രത്തിന് ആശയം രൂപീകരിച്ച്  ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു ഓരോ ടീമിന്റെയും ദൗത്യം.


സംവിധാനം, അഭിനയം, ഛായാഗ്രഹണം, ചിത്രസംയോജനം, ശബ്ദരൂപകല്പന, തിരക്കഥാരചന, കലാസംവിധാനം, ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, സംഗീത സംവിധാനം, പിന്നണി ഗാനാലാപനം, കേശാലങ്കാരവും ചമയവും, വസ്ത്രാലങ്കാരം എന്നിങ്ങനെ 13 ചലച്ചിത്ര മേഖലകളിലെ പ്രതിഭകളാണ് മത്സരത്തില്‍ ഒത്തുചേര്‍ന്നത്.  ഗോവയിലെ വിവിധയിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ടീമുകള്‍ കലാ അക്കാദമിയിലെ  പ്രത്യേക പോസ്റ്റ്-പ്രൊഡക്ഷന്‍ കേന്ദ്രത്തിലേക്ക് മാറി; സമയപരിധിക്കകം ചിത്രം പൂര്‍ത്തിയാക്കുന്നതിന് ചിത്രസംയോജനം, ശബ്ദമിശ്രണം,  വിഷ്വല്‍ ഫിനിഷിങ് എന്നിവയ്ക്കായി അവര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു.


പ്രമേയവുമായി ബന്ധപ്പെട്ട് മത്സരാര്‍ത്ഥികളുടെ സര്‍ഗാത്മക വ്യാഖ്യാനങ്ങളും, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ വിവിധ മേഖലകളെ ഏകോപിപ്പിച്ച് മികച്ച സൃഷ്ടികള്‍ തയ്യാറാക്കുന്നതിലെ അവരുടെ കഴിവും ഈ ഹ്രസ്വചിത്രങ്ങളില്‍ പ്രതിഫലിച്ചു.


വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് വഴിയൊരുക്കുന്നു


2021-ല്‍ തുടക്കം കുറിച്ചത് മുതല്‍, വളര്‍ന്നുവരുന്ന സര്‍ഗാത്മക പ്രതിഭകളെ മാധ്യമ-വിനോദ വ്യവസായവുമായി ബന്ധിപ്പിക്കുന്ന  വേദിയായി സി.എം.ഒ.ടി. വളര്‍ന്നു. മുന്‍കാല പങ്കാളികള്‍ അന്താരാഷ്ട്ര ചലച്ചിത്ര നിര്‍മാണ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുകയും കാന്‍, ബെര്‍ലിനാലെ, ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേള, അന്താരാഷ്ട്ര എമ്മി പുരസ്‌കാരങ്ങള്‍ തുടങ്ങിയ വേദികളിലും മേളകളിലും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.


കഴിഞ്ഞ പതിപ്പിലെ 18 മത്സരാര്‍ത്ഥികളെ മുകേഷ് ഛബ്ര കാസ്റ്റിങ് കമ്പനി തിരഞ്ഞെടുത്തത് ശ്രദ്ധേയമായ നേട്ടമാണ്.  ഇത് വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് പ്രൊഫഷണല്‍ അവസരങ്ങള്‍ ഒരുക്കുന്നതില്‍ ഈ സംരംഭത്തിന്റെ കരുത്ത് വ്യക്തമാക്കുന്നു.


ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായി  സഹകരിച്ച് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്  ഈ ചലച്ചിത്ര നിര്‍മാണ മത്സരം ആസൂത്രണം ചെയ്ത് നടത്തിയത്. പ്രക്രിയയിലുടനീളം എഫ്.ടി.ഐ.ഐ. അധ്യാപകര്‍ മത്സരാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി; സംസ്ഥാനത്തുടനീളം വിവിധയിടങ്ങളില്‍  ചിത്രീകരണ അനുമതികള്‍ ലഭ്യമാക്കാന്‍ എന്റര്‍ടൈന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ  സൗകര്യമൊരുക്കിയിരുന്നു.


ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക വാര്‍ത്താപത്രിക   IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48
 

******


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2341460
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026