പോസ്റ്റഡ് ഓണ്:
23 NOV 2026 9:13PM by PIB Thiruvananthpuram
ശ്രീ ഗുരുനാനാക് ദേവ് ജിയുടെ പ്രകാശ് പുരബ് എന്ന പുണ്യദിനത്തിൽ, ശബദ് കീർത്തനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുചേർന്നു. ചടങ്ങിൽ സംസാരിക്കവെ, 'വാഹേഗുരു ജി കാ ഖൽസ, വാഹേഗുരു ജി കി ഫതഹ്!' എന്ന് അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. ഗുരുനാനാക് ദേവ് ജിക്ക് മുന്നിൽ ആദരവോടെ ശിരസ്സുനമിച്ച അദ്ദേഹം, ശബദ് കീർത്തനത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയും രാജ്യവാസികൾക്ക് ആശംസകൾ നേരുകയും ചെയ്തു. "പ്രകാശ് പുരബ് ദിനത്തിൽ എല്ലാ രാജ്യവാസികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു," ശ്രീ മോദി പറഞ്ഞു.
ഗുർബാനിയിലെ ഓരോ ശബ്ദവും കീർത്തനത്തിലെ ഓരോ ഈണവും കേവലം സംഗീതത്തിനപ്പുറമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, അതൊരു ആത്മീയ സാധനയാണെന്നും അറിവിന്റെ മഹാസാഗരത്തിലേക്ക് ആഴ്ന്നിറങ്ങുന്നതിന് തുല്യമാണെന്നും അഭിപ്രായപ്പെട്ടു. "അതുകൊണ്ട്, ഇത്തരം പരിപാടികളിലേക്ക് ക്ഷണം ലഭിക്കുമ്പോഴെല്ലാം, അവസരം ലഭിക്കുമ്പോഴെല്ലാം, ഞാൻ തീർച്ചയായും 'സംഗതി'ലും കീർത്തനത്തിലും പങ്കെടുക്കാറുണ്ട്," പ്രധാനമന്ത്രി മോദി പറഞ്ഞു.
ഗുരു നാനാക് ദേവ് ജിയുടെ 'കിരത് കരോ, വന്ദ് ഛാക്കോ, നാം ജപോ' (സത്യസന്ധമായി അധ്വാനിക്കുക, പങ്കിട്ടു കഴിക്കുക, നാമം ജപിക്കുക) എന്ന ഉപദേശം തന്റെ ജീവിതത്തിന്റെ സ്വാഭാവിക ഭാഗമായി കൊണ്ടുനടക്കുന്നതിനെക്കുറിച്ച് അനുസ്മരിച്ച പ്രധാനമന്ത്രി, ഗുരുദ്വാരകളിൽ ശിരസ്സുനമിക്കുന്നതും, ഗുർബാനിയിൽ മുഴുകുന്നതും, സേവനത്തിന്റെ ആനന്ദം അനുഭവിക്കുന്നതും, ലങ്കാറിൽ പങ്കുചേരുന്നതും, പലതവണ ശ്രീ ഹർമന്ദിർ സാഹിബിൽ വണങ്ങാൻ സാധിച്ചതുമായ അനുഭവങ്ങളെ സ്നേഹത്തോടെ ഓർത്തെടുത്തു. "പഴയ സഹപ്രവർത്തകർക്ക് അറിയാം, ഞാൻ പഞ്ചാബിൽ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ടെന്ന്. ആ കാലഘട്ടം എന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ഓർമ്മകളിലൊന്നാണ്," ശ്രീ മോദി പറഞ്ഞു.
ഗുരുവിന്റെ അനുഗ്രഹത്താൽ സിഖ് സന്യാസിമാരുടെ സാമീപ്യം നിരന്തരം ലഭിച്ചതിലുള്ള നന്ദി പ്രകടിപ്പിച്ച പ്രധാനമന്ത്രി, നിരവധി സന്യാസിമാരെയും പണ്ഡിതന്മാരെയും തന്റെ വസതിയിൽ ആതിഥ്യമരുളാൻ സാധിച്ചതിനെക്കുറിച്ചും പരാമർശിച്ചു. ഈ ചടങ്ങിൽ അവരുടെ സാന്നിധ്യം ഒരു പ്രത്യേക ആത്മീയ ഊർജ്ജം നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, എല്ലാ സിഖ് സഹോദരങ്ങൾക്കും ആശംസകൾ നേർന്നു. "ഈ അവസരത്തിൽ, എല്ലാ സന്യാസിമാരുടെയും പണ്ഡിതന്മാരുടെയും മുന്നിൽ ഞാൻ ശിരസ്സുനമിക്കുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു.
രാജ്യത്തിന്റെ അസ്തിത്വവും വിശ്വാസവും മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി ഡൽഹി മണ്ണിൽത്തന്നെ ജീവത്യാഗം ചെയ്ത ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം രക്തസാക്ഷിത്വ വാർഷികവും ഈ വർഷത്തെ പ്രകാശ് പുരബും ഒരേ കാലഘട്ടത്തിൽ വരുന്നു എന്നത് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, 350 വർഷങ്ങൾക്കിപ്പുറവും ആ ത്യാഗത്തിന്റെ പ്രചോദനം ഈ മണ്ണിലും രാജ്യത്തിന്റെ ഓരോ കോണിലും ആഴത്തിൽ പതിഞ്ഞുകിടക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. "ഇക്കാര്യത്തിൽ രാജ്യത്തെ ഓരോ പൗരനും അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.
രാജ്യത്തിനും സംസ്കാരത്തിനുമായി സർവ്വസ്വവും ത്യജിക്കുന്ന പാരമ്പര്യമാണ് സിഖ് സമൂഹത്തിന്റേതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഭായ് മതി ദാസ് ജി, ഭായ് സതി ദാസ് ജി, ഭായ് ദയാല ജി എന്നിവരുടെ രക്തസാക്ഷിത്വത്തെയും, സ്വാതന്ത്ര്യ സമരകാലത്തെ അവരുടെ അചഞ്ചലമായ മനോവീര്യത്തെയും ഉദാഹരണങ്ങളായി എടുത്തുപറഞ്ഞു. ഗുരുദ്വാര പരിഷ്കരണ പ്രസ്ഥാനത്തിൽ നിർണ്ണായക പങ്ക് വഹിക്കുകയും ജീവിതകാലം മുഴുവൻ സേവനത്തിനായി സമർപ്പിക്കുകയും ചെയ്ത സർദാർ തേജ സിംഗ് സമുന്ദ്രി ജിക്ക് അദ്ദേഹം ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. "ഈ വർഷം അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ നൂറാം വാർഷികം കൂടിയാണ്; ഈ അവസരത്തിൽ അദ്ദേഹത്തിന് മുന്നിൽ ഞാൻ ശിരസ്സുനമിക്കുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യ നൂറ്റാണ്ടുകളോളം അടിമത്തം അനുഭവിച്ചുവെന്നും, ചരിത്രത്തിലെ ഏറ്റവും ദുഷ്കരമായ കാലഘട്ടങ്ങളിൽ പോലും ഗുരുക്കന്മാർ രാജ്യത്തെ സംരക്ഷിക്കാനുള്ള ദീപശിഖ അണയാതെ സൂക്ഷിച്ചുവെന്നും അനുസ്മരിച്ച പ്രധാനമന്ത്രി, ഇന്നത്തെ മഹത്തായ ദേശീയ ദൃഢനിശ്ചയങ്ങളും 'വികസിത ഭാരതം' എന്ന ലക്ഷ്യവും അവരുടെ പ്രചോദനത്തിലൂടെയും ആദർശങ്ങളിലൂടെയും മാത്രമേ കൈവരിക്കാൻ കഴിയൂ എന്ന് ഊന്നിപ്പറഞ്ഞു. "അതുകൊണ്ട്, സിഖ് പാരമ്പര്യങ്ങളെയും സിഖ് പൈതൃകത്തെയും ഒരു ദീപശിഖയായി മുന്നോട്ട് കൊണ്ടുപോകേണ്ടത് നമ്മളെല്ലാവരുടെയും ഉത്തരവാദിത്തമാണ്," എന്ന് ശ്രീ മോദി വ്യക്തമാക്കി.
കഴിഞ്ഞ 12 വർഷമായി ഗവൺമെന്റ് പൂർണ്ണ വിശ്വാസത്തോടെ ഈ ഉത്തരവാദിത്തം എങ്ങനെ നിറവേറ്റി എന്ന് വിശദീകരിച്ച പ്രധാനമന്ത്രി, ഗുരു ഗോവിന്ദ് സിംഗ് ജിയുടെ 350-ാം പ്രകാശ് പുരബും ഗുരു നാനാക് ദേവ് ജിയുടെ 550-ാം പ്രകാശ് പുരബും ഇന്ത്യയിലും വിദേശത്തും ആഘോഷിച്ച കാര്യം ചൂണ്ടിക്കാട്ടി. സ്മാരക നാണയങ്ങളും തപാൽ സ്റ്റാമ്പുകളും പുറത്തിറക്കിയതും, പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തിയതും, രാജ്യത്തുടനീളം ഗുർബാനി പരിപാടികൾ സംഘടിപ്പിച്ചതും, ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം പ്രകാശ് പുരബ് പ്രമാണിച്ച് ചെങ്കോട്ടയിൽ ദേശീയതലത്തിൽ പരിപാടി സംഘടിപ്പിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു. "ഇതേ ചൈതന്യത്തോടെ, ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം രക്തസാക്ഷിത്വ ദിനവും നാം ഇപ്പോൾ ആചരിച്ചുവരികയാണ്," എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഡിസംബർ 26-ന് രാജ്യം അടുത്ത വീർ ബാല ദിവസ്' ആചരിക്കുമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ധീരരായ സാഹിബ്സാദകളുടെ രക്തസാക്ഷിത്വത്തിന്റെയും മാതാ ഗുജ്രിയുടെ ദൃഢനിശ്ചയത്തിന്റെയും അനശ്വരഗാഥ വരുംതലമുറയിലേക്ക് കൈമാറുന്നതിനാണ് ഈ ദേശീയ ആചരണം ആരംഭിച്ചതെന്ന് വിശദീകരിച്ചു. "ആ കാലഘട്ടത്തിലെ സാഹചര്യങ്ങളെക്കുറിച്ചും, സാഹിബ്സാദകളും ഗുരുക്കന്മാരും എങ്ങനെ രക്തസാക്ഷിത്വം വരിച്ചു എന്നതിനെക്കുറിച്ചും, നമ്മുടെ വിശ്വാസം എങ്ങനെ സംരക്ഷിക്കപ്പെട്ടു എന്നതിനെക്കുറിച്ചും നമ്മുടെ കുട്ടികൾ മനസ്സിലാക്കുമ്പോൾ, ഈ അറിവും പ്രചോദനവും രാജ്യത്തിനായി സമർപ്പിതരായ ഒരു യുവതലമുറയെ വാർത്തെടുക്കാൻ സഹായിക്കും," ശ്രീ മോദി പറഞ്ഞു.
ഗുരുക്കന്മാരുടെ മഹത്വം ആഘോഷിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ അതിരുകൾക്കും അപ്പുറത്തേക്ക് വ്യാപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഫിലിപ്പീൻസിലെ ഏറ്റവും പഴക്കമേറിയ ഗുരുദ്വാരയായ 'ഖൽസ ദിവാൻ' സന്ദർശിച്ച കാര്യം അനുസ്മരിച്ചു. അവിടെയുള്ള ഗുരുദ്വാരയുടെ പുനർവികസനത്തിന് ഇന്ത്യാ ഗവൺമെന്റ് പിന്തുണ നൽകുന്നുണ്ട്. "നമ്മുടെ ഗുരുക്കന്മാരുടെ പ്രകാശം ഓരോ വ്യക്തിയിലേക്കും എത്തുവാനും, അവരുടെ അനുഗ്രഹത്താൽ ഇന്ത്യ ഉയരങ്ങൾ കീഴടക്കുന്നതിനുമുള്ള ശ്രമങ്ങളാണ് ഞങ്ങൾ നടത്തുന്നത്," പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
'നാനാക് നാം ചർദി കലാ, തേരേ ഭാനേ സർബത് ദാ ഭലാ' എന്ന അർദാസ് പ്രാർത്ഥന ഉദ്ധരിച്ചുകൊണ്ട്, എല്ലാവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന സാർവത്രിക സന്ദേശമാണ് ഗുർബാനി നൽകുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "എല്ലാവരെയും നമ്മുടേതായി കാണാൻ തുടങ്ങുമ്പോൾ മാത്രമേ, എല്ലാവർക്കും നന്മ വരണമെന്ന ചിന്ത മനസ്സിൽ ഉണരുകയുള്ളൂ," ശ്രീ മോദി പറഞ്ഞു.
ലോകമെമ്പാടും നിരപരാധികളായ ആളുകളും കുടുംബങ്ങളും അക്രമവും അശാന്തിയും നേരിടുന്ന സാഹചര്യങ്ങളെ പരാമർശിച്ചുകൊണ്ട്, സമാധാനത്തിന്റെയും ഓരോ കുടുംബത്തിന്റെയും സുരക്ഷയുടെയും, ഓരോ വ്യക്തിക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെയും ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "ഇത്തരം ഘട്ടങ്ങളിൽ 'സർബത് ദാ ഭലാ' (എല്ലാവർക്കും നന്മ വരണമെന്ന) ചിന്തയ്ക്ക് കൂടുതൽ പ്രാധാന്യമേറുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു.
ഗുരു സാഹിബ് പകർന്നുനൽകിയ ജീവിതമൂല്യങ്ങളുടെ ഏറ്റവും വലിയ പരീക്ഷണം നടക്കുന്നത് ദൈനംദിന ജീവിതത്തിലാണെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ലഹരിമരുന്ന് എന്ന ഗുരുതരമായ സാമൂഹിക വെല്ലുവിളിയിലേക്ക് ശ്രദ്ധ ക്ഷണിച്ചു. "ഒരു യുവാവ് ലഹരിക്ക് അടിമപ്പെടുമ്പോൾ, അവനോടൊപ്പം അവന്റെ മുഴുവൻ കുടുംബത്തിന്റെയും സ്വപ്നങ്ങളുമാണ് തകർന്നുപോകുന്നത്," ശ്രീ മോദി പറഞ്ഞു.
ഇന്ത്യയിലെ എല്ലാ യുവാക്കളും ലഹരിയിൽ നിന്ന് മുക്തരാകണമെന്നും, അതുവഴി അവർക്ക് നന്നായി പഠിക്കാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കുടുംബത്തിനും രാജ്യത്തിനും അഭിമാനം കൊണ്ടുവരാനും കഴിയട്ടെയെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. യുവാക്കളെ ശരിയായ പാതയിലേക്ക് നയിക്കുന്നതിൽ കുടുംബങ്ങൾ, 'സംഗത്', ഗുരുദ്വാരകൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവ വഹിക്കുന്ന നിർണായക പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു. 'പ്രകാശ് പുരബ്' ആശംസകളും പരമ്പരാഗത സിഖ് അഭിവാദ്യങ്ങളും നേർന്നുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. "ഗുരു സാഹിബിന്റെ അനുഗ്രഹത്താലും സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്താലും, നമ്മുടെ പുതിയ തലമുറയ്ക്ക് സുരക്ഷിതവും ശോഭനവുമായ ഒരു ഭാവി നൽകാൻ നമുക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്," എന്ന് പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു.
***
SK