പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബിഹാറിലെ വൈശാലിയിൽ നിതീഷ് സേതുവിന്റെ ഉദ്ഘാടനവും മറ്റ് വികസന പദ്ധതികളുടെ സമാരംഭവും നിർവഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

പോസ്റ്റഡ് ഓണ്‍: 21 NOV 2026 4:22PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്.

ഭാരത് മാതാ കീ ജയ്.

വേദിയിലിരിക്കുന്ന എല്ലാ ബഹുമാന്യ വ്യക്തികളേ, ഇത്രയധികം വലിയ സംഖ്യയിൽ ഇവിടെ എത്തിച്ചേർന്നിരിക്കുന്ന ബിഹാറിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ. നിങ്ങൾക്കിടയിലേക്ക്  കടന്നുവരാനും, നിങ്ങളെ കാണാനും , നിങ്ങൾക്ക് മുന്നിൽ ശിരസ്സ് നമിക്കാനും എനിക്ക് അവസരം നൽകിയ മുഖ്യമന്ത്രിയോടും എല്ലാ എൻ.ഡി.എ നേതാക്കളോടും ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുന്നു. ഇത്രയും വലിയൊരു ജനസഞ്ചയത്തെ ക്യാമറകളിൽ പോലും പൂർണ്ണമായി പകർത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അത്രത്തോളം വലിയ ജനക്കൂട്ടമാണിത്. വികസനത്തോടുള്ള അവബോധത്തിന്റെ ജീവിക്കുന്ന തെളിവാണിത്.

സുഹൃത്തുക്കളേ,

വിശ്വാസത്തിന്റെ മഹോത്സവമായ ഛഠ്  ഇപ്പോൾ സമാപിച്ചതേയുള്ളൂ. നമ്മുടെ അമ്മമാരും സഹോദരിമാരും ജലപാനം പോലും ഉപേക്ഷിച്ചുകൊണ്ടുള്ള  കഠിനമായ  വ്രതം അനുഷ്ഠിച്ചുകൊണ്ട് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെയും ക്ഷേമത്തിനായി പ്രാർത്ഥിച്ചു. ഇപ്പോൾ, ഛഠി മാതാവിന്റെ അനുഗ്രഹത്തോടെ നാം ഇവിടെ വികസനത്തിന്റെ ഉത്സവം ആഘോഷിക്കുകയാണ്.

സുഹൃത്തുക്കളേ,

ബിഹാറിന്റെ ഈ വികസന യാത്രയിൽ ‘സബ്കാ സാത്ത്, സബ്കാ വികാസ്’ (എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം) എന്ന മന്ത്രവുമായാണ് നാം മുന്നോട്ട് പോയത്. ജനാധിപത്യത്തിന്റെ ശക്തിയെ നാം ജനക്ഷേമത്തിനുള്ള മാധ്യമമാക്കി മാറ്റി. അതിനാൽ, ഇന്ന് എൻ.ഡി.എ സർക്കാർ ഈ ഭരണകാലയളവിന്റെ ഒരു വർഷം പൂർത്തിയാക്കുകയാണ്. ഈ അവസരത്തിനായി ജനാധിപത്യത്തിന്റെ മഹത്തായ ഭൂമിയായ വൈശാലിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വേളയിൽ വൈശാലിയുടെയും ബിഹാറിന്റെയും മണ്ണിനെ ഞാൻ പ്രണമിക്കുന്നു. എല്ലാ എൻ.ഡി.എ ഘടകകക്ഷികൾക്കും, ലക്ഷക്കണക്കിന് പ്രവർത്തകർക്കും, എല്ലാ ബിഹാർ നിവാസികൾക്കും ഞാൻ ആശംസകൾ നേരുന്നു.

സുഹൃത്തുക്കളേ,

ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ബിഹാർ പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പുതിയ പാത തിരഞ്ഞെടുത്തു. പതിറ്റാണ്ടുകളോളം അവഗണനയും തകർച്ചയും നേരിട്ട ബിഹാറിന് ബഹുമാന്യനായ നിതീഷ് ജിയുടെ നേതൃത്വത്തിൽ സദ്ഭരണത്തിന്റെ പുതിയ ഉറപ്പ് ലഭിച്ചു. മുഖ്യമന്ത്രിയെന്ന നിലയിൽ നിതീഷ് ജി ഇത്രയും വർഷക്കാലം ബിഹാറിനെ സേവിച്ചു. ഇപ്പോൾ നിതീഷ് ജിയുടെ അനുഗ്രഹത്തോടെ സാമ്രാട്ട് ചൗധരി ജിയും അദ്ദേഹത്തിന്റെ മുഴുവൻ ടീമും ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് ഇവിടെ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമാരംഭവും നടന്നു. എന്റെ സുഹൃത്തായ രാംവിലാസ് ജിയുടെ ആത്മാവ് എവിടെയായിരുന്നാലും, അദ്ദേഹത്തിന്റെ സ്വപ്നങ്ങളും നാം സാക്ഷാത്കരിക്കുന്നതിനാൽ അദ്ദേഹം ഇപ്പോൾ നമ്മുടെ മേൽ പുഷ്പവൃഷ്ടി നടത്തുന്നുണ്ടാകുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.

സുഹൃത്തുക്കളേ,

ഗംഗാ നദിക്ക് കുറുകെ ദർഗയെയും ബിദുപൂരിനെയും ബന്ധിപ്പിക്കുന്ന ആറുവരി കേബിൾ പാലം ജനങ്ങൾക്കായി സമർപ്പിച്ചിരിക്കുകയാണ്. ബഹുമാന്യനായ നിതീഷ് ജിയോടുള്ള ആദരസൂചകമായി ഈ ആധുനിക പാലത്തിന് "നിതീഷ് സേതു" എന്ന് പേരിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സേവനത്തിനും സമർപ്പണത്തിനും ബിഹാർ ജനത നൽകുന്ന ആദരവിന്റെ പ്രതീകമാണിത്. ഈ പാലം പട്നയ്ക്കും വൈശാലിക്കും ഇടയിലുള്ള ദൂരവും യാത്രാക്ലേശവും കുറച്ചു. ഇനി മുതൽ വിളകളും പഴങ്ങളും പച്ചക്കറികളും പാലും പാലുൽപ്പന്നങ്ങളും വലിയ വിപണികളിലേക്ക് എത്തിക്കുന്നത് എളുപ്പമാകും. യുവാക്കൾക്ക് വിദ്യാഭ്യാസം നേടുന്നതിനും മുതിർന്നവർക്ക് ചികിത്സ തേടുന്നതിനും ഇത് വലിയ സഹായമാകും.

സുഹൃത്തുക്കളേ,

ബിഹാറിലെ ആധുനിക റോഡുകളുടെ ശൃംഖലയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഔറംഗബാദ്-ചോർദാഹ ആറുവരി ദേശീയപാത ഉദ്ഘാടനം ചെയ്തു.

സുഹൃത്തുക്കളേ,

നിങ്ങളുടെ സ്നേഹത്തിന് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. മറ്റൊരു പരിപാടിക്കായി എനിക്ക് ഇനി ഉത്തർപ്രദേശിലേക്ക് പോകേണ്ടതുണ്ട്. നിങ്ങളുടെ സ്നേഹം ഞാൻ ശിരസ്സാവഹിക്കുന്നു, ഹൃദയത്തിൽ സൂക്ഷിക്കുന്നു. എനിക്ക് വളരെ കുറഞ്ഞ സമയമേയുള്ളൂ, അതിനാൽ ഇന്നത്തെ എന്റെ പ്രസംഗം ചുരുക്കേണ്ടതുണ്ട്. എന്നാൽ ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുന്നു. ഇന്ന് ഇവിടെ എത്തിച്ചേർന്ന യുവാക്കളെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു, അത് എന്റെ ഹൃദയത്തെ ശരിക്കും സന്തോഷം കൊണ്ട് നിറച്ചു. എന്റെ രാജ്യത്തെ യുവാക്കൾക്ക്, എന്റെ ബിഹാറിലെ യുവാക്കൾക്ക് വികസനത്തിന്റെ പ്രാധാന്യം പൂർണ്ണമായി അറിയാം. അതുകൊണ്ടാണ് അവരിൽ ഇത്രയധികം ആവേശവും ഊർജ്ജവും എനിക്ക് കാണാൻ കഴിയുന്നത്.

സുഹൃത്തുക്കളേ,

ഇന്ന് നിരവധി ഹൈവേ പദ്ധതികളുടെ തറക്കല്ലിടലും നടന്നിട്ടുണ്ട്. ഈ പദ്ധതികൾക്കായി നൂറുകണക്കിന് കോടി രൂപ ചെലവഴിക്കും.

സുഹൃത്തുക്കളേ,

റോഡ് ശൃംഖലയോടൊപ്പം ഇന്ന് ബിഹാറിലെ ഊർജ്ജ, നഗര വികസന മേഖലകളും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഈ ദിശയിൽ ബക്സർ താപവൈദ്യുത നിലയത്തിന്റെ നിർമ്മാണം, പിർപൈന്തി താപവൈദ്യുത നിലയത്തിന്റെ പ്രസരണ സംവിധാനത്തിന്റെ (ട്രാൻസ്മിഷൻ സിസ്റ്റം) തറക്കല്ലിടൽ, ഫുൽവാരിയ അണക്കെട്ടിലെ സൗരോർജ്ജ പദ്ധതി തുടങ്ങിയ വലിയ പദ്ധതികളും ഏറ്റെടുത്തിട്ടുണ്ട്. ഒരു കാലത്ത് ബിഹാറിലെ ആയിരക്കണക്കിന് ഗ്രാമങ്ങളിൽ വൈദ്യുതി എത്തിയിരുന്നില്ല. ഇന്ന് അതേ ബിഹാർ വൈദ്യുതി ഉൽപ്പാദനത്തിന്റെ ഒരു വലിയ കേന്ദ്രമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.

സഹോദരീ സഹോദരന്മാരേ,

നഗരഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനായി 100 ആധുനിക പി.എം ഇ-ബസുകളും (PM e-buses) ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു. അതോടൊപ്പം, പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് അവരുടെ അടച്ചുറപ്പുള്ള വീടുകളുടെ താക്കോലും കൈമാറി. ഈ എല്ലാ വികസന പ്രവർത്തനങ്ങൾക്കും ഞാൻ ബിഹാറിലെ ജനങ്ങളെ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ ബിഹാർ ഒരു നീണ്ട യാത്ര പിന്നിട്ടാണ് ഇന്ന് ഇവിടെയെത്തി നിൽക്കുന്നത്. എൻ.ഡി.എ അധികാരത്തിൽ വരുന്നതിന് മുമ്പുള്ള സാഹചര്യം എന്തായിരുന്നുവെന്ന് ഒന്ന് ഓർത്തുനോക്കൂ. അക്കാലത്ത് ചർച്ചകൾ മുഴുവൻ അഴിമതികളെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാൽ ഇന്ന് ബിഹാറിലേക്ക് ഒഴുകിയെത്തുന്ന നിക്ഷേപങ്ങളുടെ കണക്കുകളാണ് അവതരിപ്പിക്കപ്പെടുന്നത്. മുൻപ് കുറ്റകൃത്യങ്ങളുടെ കണക്കുകളായിരുന്നു ചർച്ചാ വിഷയം. ഇന്ന് കുറ്റവാളികൾക്കെതിരെയുള്ള നടപടികളെക്കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്. എൻ.ഡി.എ ഭരണത്തിന് കീഴിൽ വികസനത്തിലുള്ള മത്സരമാണ് കാണാൻ കഴിയുന്നത്. ഉത്തര ബിഹാറായാലും, നളന്ദ-ഗയ ആയാലും, ഷാഹാബാദ്-കൈമൂർ ആയാലും, തലസ്ഥാനമായ പട്ന ആയാലും, ഓരോ മേഖലയും വികസനത്തിന്റെ പുതിയ അധ്യായം രചിക്കുകയാണ്.

സുഹൃത്തുക്കളേ, 

ഡബിൾ എഞ്ചിൻ സർക്കാരിന് കീഴിൽ ബിഹാറിന്റെ വികസന വേഗത എത്രത്തോളമാണെന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന പ്രവർത്തനങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. ഒന്ന് നോക്കൂ; എൻ.ഡി.എ സർക്കാരിന് കീഴിൽ ബിഹാറിൽ 2 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഗയയിൽ 6,000 കോടി രൂപയുടെ ഉരുക്ക് (സ്റ്റീൽ) പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്. മോത്തിഹാരി ഉൾപ്പെടെ അടഞ്ഞുകിടക്കുന്ന പഞ്ചസാര മില്ലുകൾ വീണ്ടും തുറക്കുന്നതിനായി പുതിയ കരിമ്പ് പ്രോത്സാഹന നയം കൊണ്ടുവന്നു. എല്ലാ കൃഷിയിടങ്ങളിലും വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ 11,000 പുതിയ കുഴൽക്കിണറുകൾ സ്ഥാപിക്കാനുള്ള സംരംഭത്തിന് തുടക്കമിട്ടു. ജലസേചനത്തിനായി 12 മണിക്കൂർ വൈദ്യുതി ഉറപ്പാക്കാനുള്ള ചരിത്രപരമായ തീരുമാനമെടുത്തു. ഒരൊറ്റ വർഷത്തിനുള്ളിൽ 200-ലധികം പുതിയ ഡിഗ്രി കോളേജുകൾ ആരംഭിച്ചു. നമ്മുടെ പെൺമക്കൾക്കായി 'മാ സീത വനിതാ സർവകലാശാല' സ്ഥാപിക്കുന്നതിന് അനുമതി നൽകി. ബിഹാറിലെ വികസന സംരംഭങ്ങളുടെ പട്ടിക എത്രത്തോളം നീണ്ടതാണെന്ന് വെച്ചാൽ, അത് ഒരൊറ്റ വേദിയിൽ നിന്ന് പൂർണ്ണമായി എണ്ണിപ്പറയാൻ കഴിയില്ല; ബിഹാറിന്റെ വികസനം ഇവിടെ നേരിട്ട് വന്നുതന്നെ അനുഭവിച്ചറിയേണ്ടതാണ്.

സുഹൃത്തുക്കളേ,

സദുദ്ദേശ്യത്തോടെ പ്രവർത്തിക്കുമ്പോൾ ഫലങ്ങളും ദൃശ്യമാകും.പതിറ്റാണ്ടുകളോളം  കോൺഗ്രസ് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് മുദ്രാവാക്യം വിളിക്കുകയും, പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കുകയും, വോട്ടുകൾ നേടുകയും ചെയ്ത അതേ രാജ്യത്ത്, വെറും പന്ത്രണ്ട് വർഷത്തിനുള്ളിൽ നാം 50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണിത്. പാവപ്പെട്ടവർക്കായുള്ള സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ നേട്ടമാണിത്.

സുഹൃത്തുക്കളേ,

കോടിക്കണക്കിന് പാവപ്പെട്ടവരുടെ ജീവിതം എളുപ്പമാക്കുന്നതിനും അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനും നാം മുൻഗണന നൽകിയതുകൊണ്ടാണ് ദാരിദ്ര്യത്തിനെതിരായ ഈ പോരാട്ടത്തിൽ രാജ്യം വിജയിക്കുന്നത്. 80 കോടി ജനങ്ങൾക്ക് നാം സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകി. കോടിക്കണക്കിന് കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകളും സുരക്ഷിതത്വബോധവും നൽകി. സൗജന്യ ചികിത്സ ഉറപ്പാക്കിക്കൊണ്ട്, ചെലവേറിയ ആരോഗ്യപരിരക്ഷയുടെ ഭാരത്തിൽ നിന്ന് നാം ജനങ്ങളെ മോചിപ്പിച്ചു. ശൗചാലയങ്ങൾ, വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ എന്നിവയിലൂടെ കോടാനുകോടി പാവപ്പെട്ട പൗരന്മാർക്ക് അന്തസ്സോടെ ജീവിക്കാൻ നാം അവസരമൊരുക്കി. ഇതിന്റെ ഫലമായി, അവരിലെ ഏറ്റവും പാവപ്പെട്ടവരിൽ പോലും ആത്മവിശ്വാസം വളരുകയും അവർ ദാരിദ്ര്യത്തെ അതിജീവിച്ച് മുന്നോട്ട് കുതിക്കുകയും ചെയ്തു.

സുഹൃത്തുക്കളേ,

ദാരിദ്ര്യത്തിനെതിരായ ഈ പോരാട്ടത്തിൽ ബിഹാർ വലിയ സംഭാവനയാണ് നൽകിയിട്ടുള്ളത്. സമീപ വർഷങ്ങളിൽ ഡബിൾ എഞ്ചിൻ സർക്കാർ ഇവിടെ പൂർണ്ണ ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. കേന്ദ്ര ഗവൺമെൻറ് പദ്ധതികൾ ആവിഷ്കരിക്കുകയും സംസ്ഥാനത്തെ എൻ.ഡി.എ ഗവൺമെൻറ് അവ നടപ്പിലാക്കുകയും ചെയ്തു. ക്ഷേമപദ്ധതികൾ ഓരോ വീട്ടിലും എത്തിച്ചു. ബിഹാറിലേക്ക് ഒന്ന് നോക്കൂ. നാൽപ്പത്തിമൂന്ന് ലക്ഷം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചു. ഓഗസ്റ്റിൽ മാത്രം പതിനൊന്ന് ലക്ഷം വീടുകൾക്ക് കൂടി അനുമതി നൽകി. പി.എം-കിസാൻ സമ്മാൻ നിധിക്ക് കീഴിൽ ബിഹാറിലെ ഏകദേശം 75 ലക്ഷം കർഷകരുടെ അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് കോടി രൂപ കൈമാറി. സ്വയംസഹായ സംഘങ്ങൾക്ക് ഗവൺമെൻറ്  നൽകിയ പിന്തുണയിലൂടെ ഇവിടുത്തെ 50 ലക്ഷം ഗ്രാമീണ വനിതകൾക്ക് 'ലഖ്പതി ദീദി'മാരാകാൻ (ലക്ഷാധിപതികളായ സഹോദരിമാർ) സാധിച്ചു. ഇത്തരം പരിശ്രമങ്ങളുടെ ഫലമായാണ് ബിഹാറിലെ കോടിക്കണക്കിന് ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതും രാജ്യം മുഴുവൻ ഈ വിജയം കൈവരിച്ചതും.

സുഹൃത്തുക്കളേ,

ഇനി നാം നിൽക്കാനോ തളരാനോ പാടില്ല. ശക്തവും സമൃദ്ധവും സ്വയംപര്യാപ്തവുമായ ഒരു ബിഹാർ കെട്ടിപ്പടുക്കുന്നതിനായി എല്ലാ എൻ.ഡി.എ ഘടകകക്ഷികളും ഒന്നിച്ച് തുടർച്ചയായി പ്രവർത്തിക്കേണ്ടതുണ്ട്. ഈ ദൃഢനിശ്ചയത്തോടെ, അഭൂതപൂർവമായ ഈ വികസന യാത്രയ്ക്ക് നിങ്ങൾക്കെല്ലാവർക്കും ഞാൻ ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. നിങ്ങൾക്കെല്ലാവർക്കും വളരെയധികം നന്ദി!

ഭാരത് മാതാ കീ ജയ്.

ഭാരത് മാതാ കീ ജയ്.

ഭാരത് മാതാ കീ ജയ്.

വളരെയധികം നന്ദി!

നിരാകരണവ്യവസ്ഥ: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.

***

SK


( റിലീസ് ഐ.ഡി: 2340341) സന്ദര്‍ശക കൗണ്ടര്‍ : 6