ഗോവയില്‍ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐ.എഫ്.എഫ്.ഐ) 'ഇന്ത്യന്‍ പനോരമ' വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'ബനാറസ്' എന്ന ചിത്രത്തിലൂടെ, സംവിധായകന്‍ ഭരത് ബാലയും സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്‌മാനും വീണ്ടും ഒന്നിക്കുന്നു. ഈ ചിത്രത്തിൻ്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ഇവിടെ നടക്കും. അഭിഷേക് ബാനര്‍ജി, ഷഹാന ഗോസ്വാമി, നീരജ് കബി, ഛായ കദം, ഇന്ദിര തിവാരി, ആൻ്റണിതാസന്‍ യേശുദാസന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിൻ്റെ സാംസ്‌കാരികവും സംഗീതപരവുമായ പശ്ചാത്തലത്തില്‍, ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധം, സംഗീത പാരമ്പര്യത്തിൻ്റെ കൈമാറ്റം, തലമുറകള്‍ക്കിടയിലുള്ള ദൃഢമായ ബന്ധം എന്നിവയെ 'ബനാറസ്' അനാവരണം ചെയ്യുന്നു. സംവിധായകന്‍ ഭരത് ബാല വിശേഷിപ്പിക്കുന്നതുപോലെ, 'ഗംഗയുടെ അനശ്വരമായ ചൈതന്യം' നിറഞ്ഞ പശ്ചാത്തലത്തിലാണ് ഈ കഥ വികസിക്കുന്നത്.
ചിത്രത്തിലെ സംഗീതത്തെക്കുറിച്ച് സംസാരിക്കവെ, ഹിന്ദുസ്ഥാനിയും, കര്‍ണാടികും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം തൻ്റെ സര്‍ഗ്ഗാത്മക പ്രയാണത്തിലുടനീളം നിരന്തര പ്രചോദന സ്രോതസ്സായിരുന്നെന്ന് എ.ആര്‍. റഹ്‌മാന്‍ പറഞ്ഞു. രാഗങ്ങളും അവയ്ക്കനുബന്ധമായ വികാരങ്ങളും തൻ്റെ സംഗീതാവിഷ്‌കാരത്തെ രൂപപ്പെടുത്തുന്നത് തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
_20261122193545_631690.jpeg)
ചിത്രത്തിലെ സംഗീതത്തെ സമീപിച്ച രീതിയെക്കുറിച്ച് വിശദീകരിക്കവെ, രാഗങ്ങളെ തൻ്റെ രചനകളില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് റഹ്‌മാന്‍ സംസാരിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ പരാമര്‍ശിച്ചുകൊണ്ട്, അത് തൻ്റെ സംഗീത പര്യവേക്ഷണങ്ങള്‍ക്ക് ഇന്നും പ്രചോദനമേകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'എല്ലാ സംസ്‌കാരങ്ങളെയും ഞാന്‍ ആസ്വദിക്കുന്നു,' എന്ന് പറഞ്ഞ അദ്ദേഹം, പഞ്ചാബി ഭാഷയുടെ കരുത്ത് മുതല്‍ ബംഗാളി ഭാഷയുടെ മാധുര്യം വരെ, ഓരോ ഭാഷയ്ക്കും അതിൻ്റേതായ തനതായ ഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടി. തൻ്റെ സംഗീതത്തില്‍ വിവിധ ഭാഷകളെയും അവയുടെ സാംസ്‌കാരിക സത്തയെയും പരസ്പരം ഇടകലരാന്‍ അദ്ദേഹം പലപ്പോഴും അനുവദിക്കാറുണ്ട്.
'മര്യന്‍' എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞ് വീണ്ടും മുഴുനീള ചലച്ചിത്ര നിര്‍മിതിയിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ച് ഭരത് ബാല സംസാരിച്ചു. ഈ ഇടവേളയില്‍ താന്‍ നിരവധി ഹ്രസ്വചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹത്തെ സംബന്ധിച്ച്, ഒരു മുഴുനീള ചലച്ചിത്രം നിര്‍മിക്കുകയെന്നത് തൻ്റെ സര്‍ഗ്ഗാത്മക പ്രക്രിയയുടെ തുടര്‍ച്ചയാണ്; പറയപ്പെടേണ്ടതുണ്ടെന്ന് തോന്നുന്ന ഒരു കഥ മുന്നില്‍ വരുമ്പോഴാണ് അദ്ദേഹം അത്തരമൊരു ചലച്ചിത്ര നിര്‍മാണത്തിന് മുതിരുന്നത്.
ബനാറസിനെ പലവിധത്തില്‍ വെള്ളിത്തിരയില്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും, ആ നഗരത്തില്‍ ഇനിയും പര്യവേഷണം ചെയ്യാനേറെയുണ്ടെന്ന് ബാല പറഞ്ഞു. 'ഗംഗയാല്‍ സമ്പുഷ്ടമായ, ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള ജീവിതാനുഭവങ്ങളാല്‍ രൂപപ്പെട്ട ഒരിടം' എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.
_20261122193517_cd320a.jpeg)
പ്രകാശവിതാനങ്ങള്‍, ക്യാമറ വീക്ഷണകോണുകള്‍, ഫ്രെയിമിംഗ്, കോമ്പോസിഷന്‍ എന്നിവ ഉപയോഗിച്ച് അഭിനേതാക്കളുടെ മുഖത്തെ 'വികാരങ്ങള്‍ ഒപ്പിയെടുക്കുക' എന്നതിനായിരുന്നു താന്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് മുഖ്യ ഛായാഗ്രാഹകന്‍ മാര്‍ക്ക് കോനിങ്ക്‌സ് പറഞ്ഞു. പ്രേക്ഷകര്‍ വെറും പുറത്തുനിന്നുള്ള കാഴ്ചക്കാരായി തുടരുന്നതിന് പകരം, സിനിമയുടെ തന്നെ ഭാഗമാണെന്ന് അവര്‍ക്ക് അനുഭവപ്പെടണം എന്നതായിരുന്നു തൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
'ക്യാമറ സംഗീതം പോലെയാണ്,' -അദ്ദേഹം പറഞ്ഞു; നിറങ്ങളെയും ദൃശ്യഘടകങ്ങളെയും പരസ്പരം ചേര്‍ത്തുവെച്ചുകൊണ്ട് എങ്ങനെയാണ് ദൃശ്യപരമായ താളം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. 'അമിതമായ നിറങ്ങളുടെ ഉപയോഗം നിറങ്ങളുടെ പ്രഭാവം തന്നെ ഇല്ലാതാക്കുന്നു' എന്ന് അദ്ദേഹം നിരീക്ഷിച്ചു. കാണികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനും വികാരങ്ങള്‍ ഉണര്‍ത്തുന്നതിനും നിറങ്ങള്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യമാണ് അദ്ദേഹം ഇതിലൂടെ എടുത്തുകാട്ടിയത്. കുംഭമേളയില്‍ തല്‍സമയം ചിത്രീകരിക്കവെ ഈ സമീപനം പ്രത്യേകം പ്രസക്തമായിരുന്നു.
താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ തൻ്റെ യഥാര്‍ത്ഥ ജീവിതത്തിലേക്ക് കടന്നുവരികയും, തൻ്റെ തന്നെ ഭാഗമായി മാറുകയും ചെയ്യാറുണ്ടെന്ന് നടന്‍ നീരജ് കബി പറയുന്നു. ഇത്തരം കഥാപാത്രങ്ങള്‍ ചെലുത്തുന്ന ദീര്‍ഘകാല സ്വാധീനത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. 'ബനാറസ്' എന്ന ചിത്രത്തില്‍ ഡിമെന്‍ഷ്യ ബാധിച്ച ഒരാളായാണ് അദ്ദേഹം വേഷമിടുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തൻ്റെ സ്വന്തം ബാല്യകാലമാണ് ഓര്‍മ്മ വന്നതെന്ന് അദ്ദേഹം പറഞ്ഞു; ഭാവി എന്നൊന്നില്ലാത്ത, വര്‍ത്തമാനകാലം പോലും അസാന്നിധ്യമായ ഒരവസ്ഥയായിരുന്നു അത്.
നിയന്ത്രിതമായ സ്റ്റുഡിയോ സെറ്റുകളില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി, മഹാകുംഭമേളയില്‍ നേരിട്ടെത്തി ചിത്രീകരണം നടത്തുമ്പോഴുണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ചും, അവിടെ പെട്ടെന്നുണ്ടാകുന്ന സാഹചര്യങ്ങളോട് പ്രതികരിക്കേണ്ടി വരുന്നതിനെക്കുറിച്ചും നടന്‍ അഭിഷേക് ബാനര്‍ജി സംസാരിച്ചു. വലിയ ജനക്കൂട്ടത്തിനിടയില്‍ അഭിനയിക്കുമ്പോള്‍ കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനാവാത്ത അവസ്ഥയുണ്ടാകുമെന്നും, അതിനാല്‍ നടനും സംവിധായകനും തമ്മിലുള്ള പരസ്പര വിശ്വാസം അങ്ങേയറ്റം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കോളേജ് കാലഘട്ടത്തില്‍ തെരുവ് നാടകങ്ങളില്‍ അഭിനയിച്ചിരുന്ന ഓര്‍മ്മകളിലേക്ക് ഈ അനുഭവം അദ്ദേഹത്തെ തിരികെ കൊണ്ടുപോയി. ഈ ചിത്രീകരണ രീതിയെ 'തെരുവ് ചലച്ചിത്രം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത് തന്നെ ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും പരിവര്‍ത്തനം ചെയ്‌തെന്ന് കൂട്ടിച്ചേര്‍ത്തു.

തൻ്റെ സംഗീതം ഉള്‍ക്കൊള്ളുന്ന 'ബനാറസ്', 'രാമായണം' എന്നീ രണ്ട് ചിത്രങ്ങള്‍ 57-ാമത് ഐ.എഫ്.എഫ്.ഐയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ റഹ്‌മാന്‍ സന്തോഷം പ്രകടിപ്പിച്ചു. വൈവിധ്യമാര്‍ന്ന ചലച്ചിത്ര ആഖ്യാനങ്ങളെ ആഘോഷിക്കുന്ന മേളയുടെ സ്വഭാവത്തെയും, ഇന്ത്യന്‍ കഥാകഥന പാരമ്പര്യങ്ങളില്‍ സംഗീതം നല്‍കുന്ന ശാശ്വത സംഭാവനയെയും ഇത് പ്രതിഫലിപ്പിക്കുന്നു.
ശ്രീ മഹേഷ് കുമാര്‍ ആയിരുന്നു ഈ സെഷൻ്റെ മോഡറേറ്റര്‍.
***