ചില പാരമ്പര്യങ്ങൾ കേവലം പിന്തുടരാനുള്ളതല്ല, മറിച്ച് അവയുടെ ഭാഗമായിത്തന്നെ ചുവടുവെക്കാനുള്ളതാണെന്ന് ഒരു കൊച്ചുപെൺകുട്ടി തീരുമാനിച്ചാലോ? കടുവയുടെ വരകൾ പരമ്പരാഗതമായി പുരുഷന്മാരുടെ ശരീരത്തിൽ മാത്രം വരച്ചുചേർത്തിരുന്ന ഒരു ലോകത്തേക്ക് കടന്നുചെന്ന്, “എന്തുകൊണ്ട് എനിക്കും ആയിക്കൂടാ?” എന്ന് ചോദിക്കാൻ അവൾ ധൈര്യപ്പെട്ടാലോ?
ഒഡീഷയിലെ ഒരു ഉൾഗ്രാമത്തിൽ നിന്നുള്ള 11 വയസ്സുകാരി മിനിയുടെ കഥയാണിത്. ഒരു 'ബാഘ നാച്ചാ' കലാകാരിയാകുക എന്നതാണ് അവളുടെ സ്വപ്നം. കാലങ്ങളായി പുരുഷന്മാർ മാത്രം ആധിപത്യം പുലർത്തിയിരുന്ന പരമ്പരാഗത കടുവ നൃത്തമായ ബാഘ നാച്ചാ സ്വന്തം ഇഷ്ടപ്രകാരം നെഞ്ചേറ്റാനാണ് മിനി ആഗ്രഹിക്കുന്നത്. അവളെ സംബന്ധിച്ചിടത്തോളം ഈ ആഗ്രഹം കേവലം ഒരു നൃത്തം അവതരിപ്പിക്കുക എന്നതിലുപരി, സ്വപ്നം കാണാനും പഴയ കീഴ്‌വഴക്കങ്ങളെ വെല്ലുവിളിക്കാനും സ്വന്തം അഭിനിവേശം പിന്തുടരാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ്.
_20261122181344_8a04a9.jpeg)
യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ദേശീയ പുരസ്കാര ജേതാവായ ചലച്ചിത്രകാരൻ ജിതേന്ദ്ര മിശ്ര രചനയും സംവിധാനവും നിർവഹിച്ച 'ബാഘുനി' (ഡാൻസ് ലൈക്ക് എ ടൈഗർ), ആഴത്തിൽ വേരൂന്നിയ ലിംഗപരമായ വാർപ്പുമാതൃകകളെ വെല്ലുവിളിക്കുന്ന ഒരു പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിൻ്റെ കഥയാണ് പറയുന്നത്. ഒഡീഷയുടെ സമ്പന്നമായ നാടൻ കലാപാരമ്പര്യങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം, ലിംഗപരമായ വേർതിരിവുകൾ, സാമൂഹിക വ്യവസ്ഥിതികൾ, സാംസ്കാരിക സ്വത്വം, നിലനിൽക്കുന്ന കീഴ്‌വഴക്കങ്ങളെ ചോദ്യം ചെയ്യാനുള്ള ധൈര്യം എന്നിവയാണ് പ്രമേയമാക്കുന്നത്. ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.ഐ) 2026 നവംബർ 22-ന് ചിത്രത്തിൻ്റെ ഗാല പ്രീമിയർ നടന്നു.
ചലച്ചിത്രമേഖലയിൽ ഏകദേശം രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവർത്തനത്തിന് ശേഷമുള്ള തൻ്റെ ആദ്യ സംവിധാന സംരംഭമായ 'ബാഘുനി' വ്യക്തിപരമായി ഏറെ വൈകാരിക പ്രാധാന്യമുള്ള ഒരു നാഴികക്കല്ലാണെന്ന് വാർത്താസമ്മേളനത്തിൽ സംസാരിച്ച ജിതേന്ദ്ര മിശ്ര വിശേഷിപ്പിച്ചു. വർഷങ്ങളായി ഐ.എഫ്.എഫ്.ഐയുടെ ഇന്ത്യൻ പനോരമ വിഭാഗവുമായുള്ള തൻ്റെ ബന്ധം അനുസ്മരിച്ച അദ്ദേഹം, തനിക്ക് പിന്തുണ നൽകിയ ഐ.എഫ്.എഫ്.ഐ, എൻ.എഫ്.ഡി.സി, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയോട് നന്ദി രേഖപ്പെടുത്തി.
സിനിമയെക്കുറിച്ച് സംസാരിച്ച മിശ്ര, ബാഘ നാച്ചാ എന്ന കലാരൂപം ചിത്രത്തിന് സാംസ്കാരിക പശ്ചാത്തലമൊരുക്കുമ്പോൾ തന്നെ, കഥ ആത്യന്തികമായി ലിംഗസമത്വത്തെയും ധൈര്യത്തെയും മാനുഷിക ചൈതന്യത്തെയുമാണ് ആഘോഷിക്കുന്നതെന്ന് പറഞ്ഞു. സ്വന്തം കുടുംബത്തിലെ ശ്രദ്ധേയരായ ഏഴ് സ്ത്രീകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അദ്ദേഹം, തുല്യ അവസരങ്ങൾ ലഭിച്ചാൽ പെൺകുട്ടികൾക്ക് പ്രതീക്ഷകൾക്കപ്പുറം മികവ് പുലർത്താൻ കഴിയുമെന്ന് ഊന്നിപ്പറഞ്ഞു. ഒഡീഷയിലെ ബെർഹാംപൂരിൽ നടത്തിയ വിപുലമായ ഗവേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ, സംസ്ഥാനത്തുടനീളം നടത്തിയ ഓഡിഷനുകളിലൂടെ തെരഞ്ഞെടുത്ത പ്രാദേശികരായ കുട്ടികളും അഭിനയിക്കുന്നുണ്ട്. പ്രശസ്ത നടൻ സബ്യസാചി മിശ്രയോടൊപ്പം ഇവർ മാസങ്ങളോളം പരിശീലനം നേടി.

'ബാഘുനി' മികച്ച കഥപറച്ചിലിൻ്റെയും ഒഡീഷയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെയും ഹൃദ്യമായ സംഗമമാണെന്ന് പ്രശസ്ത ഒഡിയ നടൻ സബ്യസാചി മിശ്ര വിശേഷിപ്പിച്ചു. പരമ്പരാഗത കടുവ നൃത്തമായ ബാഘ നാച്ചായും പെൺകടുവ എന്നർത്ഥം വരുന്ന ബാഘുനിയും തമ്മിലുള്ള വൈരുദ്ധ്യമാണ് ചിത്രത്തിൻ്റെ കാതലെന്നും ഇത് സിനിമയ്ക്ക് ആഴവും ആകാംക്ഷയും പകരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരമ്പരാഗത ബാഘ നാച്ചാ കലാകാരനെ അവതരിപ്പിച്ച അനുഭവം പങ്കുവെച്ച സബ്യസാചി, കഥാപാത്രത്തിന് തനിമ നൽകുന്നതിനായി 30 കിലോഗ്രാം ശരീരഭാരം കുറച്ചതായും കഠിനമായ ശാരീരികവും ആത്മീയവുമായ തയ്യാറെടുപ്പുകൾ നടത്തിയതായും വെളിപ്പെടുത്തി. കലാകാരനെ മാ ഭഗബതി ബുധി ഠാക്കുറാണി ദേവിയുടെ അവതാരമായി ആരാധിക്കുന്ന ഈ നാടൻ കലാരൂപവുമായി ബന്ധപ്പെട്ട കഠിനമായ ആചാരങ്ങളെക്കുറിച്ചും മണിക്കൂറുകളോളം നീളുന്ന സങ്കീർണ്ണമായ ചായം തേക്കലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചിത്രത്തിന് ആഗോളതലത്തിൽ മികച്ച സ്വീകാര്യത ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, പ്രാദേശിക ഒഡിയ സിനിമയ്ക്ക് പുതിയൊരു മാനദണ്ഡം സൃഷ്ടിക്കാൻ ബാഘുനിക്ക് കഴിയുമെന്ന് അഭിപ്രായപ്പെട്ടു. ചിത്രത്തിൻ്റെ സന്ദേശം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാൻ മാധ്യമങ്ങളോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.
ബാഘുനിയുടെ ഗാല പ്രീമിയർ പ്രദർശനം സാധ്യമാക്കിയതിനും ഒഡീഷയുടെ സാംസ്കാരിക പൈതൃകം അന്താരാഷ്ട്ര പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ വേദിയൊരുക്കിയതിനും നിർമ്മാതാവ് പാർഥ പാണ്ഡ ഐ.എഫ്.എഫ്.ഐ, എൻ.എഫ്.ഡി.സി, ഇന്ത്യാ ഗവണ്മെൻ്റ് എന്നിവയ്ക്ക് നന്ദി രേഖപ്പെടുത്തി.

മിനിയുടെ യാത്രയിലൂടെ, ആഴത്തിൽ വേരൂന്നിയ ഒരു പ്രാദേശിക പാരമ്പര്യത്തെ ധൈര്യം, സ്വത്വം, കീഴ്‌വഴക്കങ്ങളെ വെല്ലുവിളിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള വലിയൊരു ആഗോള സംവാദത്തിൻ്റെ ഭാഗമാക്കുകയാണ് ബാഘുനി. ഈ ആശയത്തിലൂടെ, 2026-ലെ ഐ.എഫ്.എഫ്.ഐയുടെ പ്രമേയമായ 'അതിരുകളില്ലാത്ത കഥകൾ' എന്നതുമായി ചിത്രം ചേർന്നുനിൽക്കുന്നു. പ്രാദേശികമായ കഥകളെയും അനുഭവങ്ങളെയും ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാനും ലോകത്തിൻ്റെ ഒരു കോണിൽനിന്നുള്ള കഥകൾ മറ്റൊരിടത്തുള്ളവർക്ക് അർത്ഥവത്താക്കാനും സിനിമയ്ക്ക് കഴിയുമെന്ന് ചിത്രം വീണ്ടും തെളിയിക്കുന്നു.
ശ്രീമതി നിഖിത എ.എസ്. വാർത്താസമ്മേളനം നിയന്ത്രിച്ചു.
IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
***