പോസ്റ്റഡ് ഓണ്‍:
21 NOV 2026 10:58PM by PIB Thiruvananthpuram
അരുണാചൽ പ്രദേശിലെ ക്രമസമാധാനം, ആഭ്യന്തര സുരക്ഷ, അതിർത്തി പരിപാലനം, വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്ന് ഇറ്റാനഗറിൽ ഉന്നതതല അവലോകന യോഗം ചേര്‍ന്നു. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു, കേന്ദ്ര പാർലമെൻ്ററി-ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ കിരൺ റിജിജു, സംസ്ഥാന ഉപമുഖ്യമന്ത്രി, മുതിർന്ന മന്ത്രിമാർ, കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനത്തെ ക്രമസമാധാന നില, ക്രിമിനൽ നീതിന്യായ വ്യവസ്ഥ, മയക്കുമരുന്ന് കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, ഭീകരവാദവും തീവ്രവാദ പ്രവർത്തനങ്ങളും, വിദേശ പൗരന്മാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പൊലീസ് സേനയുടെ ആധുനികവല്‍ക്കരണം, ദുരന്തനിവാരണം എന്നിവ യോഗം സമഗ്രമായി അവലോകനം ചെയ്തു.
സംസ്ഥാനത്ത് സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികൾ തമ്മിലെ മികച്ച ഏകോപനം, പ്രാദേശിക രഹസ്യാന്വേഷണ ശൃംഖലകൾ ശക്തിപ്പെടുത്തൽ, തന്ത്രപ്രധാന മേഖലകളിൽ നിരന്തര നിരീക്ഷണം നിലനിർത്തൽ എന്നിവ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ എടുത്തുപറഞ്ഞു.
ചൈനയുമായി അരുണാചൽ പ്രദേശ് പങ്കിടുന്ന ഏകദേശം 1,126 കിലോമീറ്റർ അന്താരാഷ്ട്ര അതിർത്തിയുടെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് അതിർത്തി സുരക്ഷയും തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങളും ആഭ്യന്തര മന്ത്രി അവലോകനം ചെയ്തു. അതിർത്തി പ്രദേശങ്ങളിലെ റോഡ് സൗകര്യങ്ങൾ, അതിർത്തി പോസ്റ്റുകൾ, ഹെലിപാഡുകൾ, ടെലികമ്യൂണിക്കേഷൻ സൗകര്യങ്ങൾ എന്നിവ വിപുലീകരിക്കുന്നതിനും പ്രദേശവാസികളുടെ ഉപജീവനമാർഗങ്ങൾ വർധിപ്പിക്കുന്നതിന് 'വൈബ്രൻ്റ് വില്ലേജസ് പ്രോഗ്രാം' ഫലപ്രദമായി നടപ്പാക്കുന്നതിനും അദ്ദേഹം പ്രത്യേക ഊന്നൽ നൽകി.
പുതിയ ക്രിമിനൽ നിയമങ്ങളുടെ ഫലപ്രദമായ നിര്‍വഹണം, സമയബന്ധിതമായ അന്വേഷണം, ശാസ്ത്രീയ തെളിവുകളുടെ ശേഖരണം, ഇ-സാക്ഷ്യ - ഇ-സമൻസ് സംവിധാനങ്ങളുടെ ഉപയോഗം, പൊലീസും പ്രോസിക്യൂഷനും തമ്മിലെ മികച്ച ഏകോപനം ഉറപ്പാക്കൽ എന്നിവയ്ക്ക് ശ്രീ അമിത് ഷാ പ്രാധാന്യം നൽകി. കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാനും അന്വേഷണത്തിൻ്റെ ഗുണനിലവാരം ഉയർത്താനും മുൻഗണന നൽകേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.
മയക്കുമരുന്ന് കടത്തിനും ലഹരിവസ്തുക്കളുടെ അനധികൃത കൃഷിക്കും എതിരായ നടപടികൾ അവലോകനം ചെയ്ത ആഭ്യന്തരമന്ത്രി 'ഓപ്പറേഷൻ ഡോൺ', 'മിഷൻ സുരക്ഷ' എന്നീ ദൗത്യങ്ങള്‍ക്ക് കീഴിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്ത 2029-ഓടെ 'ലഹരിമുക്ത ഇന്ത്യ' എന്ന ലക്ഷ്യത്തോട് പ്രതിബദ്ധത ആവർത്തിച്ച ശ്രീ ഷാ, അനധികൃത ലഹരിവിളകള് നശിപ്പിക്കൽ, മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്കെതിരെ കർശന നടപടി സ്വീകരിക്കൽ, പൊതുജന ബോധവൽക്കരണം, ലഹരിവിമുക്ത-പുനരധിവാസ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയെക്കുറിച്ചും വിശദീകരിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് 1930 ഹെൽപ്പ്ലൈനിൻ്റെ ഫലപ്രദമായ പ്രവർത്തനം, സൈബർ-ഫോറൻസിക് ശേഷി വിപുലീകരിക്കൽ, പരിശീലനം ലഭിച്ച വിദഗ്ധരുടെ ലഭ്യത വർധിപ്പിക്കൽ എന്നിവയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കൽ, പരിശീലന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, അവശ്യ വിഭവങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയുൾപ്പെടെ പൊലീസ് വിഭാഗത്തിൻ്റെ ആധുനികവല്‍ക്കരണവും ചര്‍ച്ചയായി. കൂടാതെ, സംസ്ഥാനത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്ത് സംസ്ഥാന ദുരന്ത പ്രതികരണ സേന, അഗ്നിരക്ഷാ സേന, അടിയന്തര പ്രതികരണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ ദുരന്തനിവാരണ സംവിധാനങ്ങളുടെ ശേഷി വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു.
കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകൾ തമ്മിലെ മികച്ച ഏകോപനത്തിലൂടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതും അതിർത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതും സുരക്ഷാ ഏജൻസികളുടെ ശേഷി വർധിപ്പിക്കുന്നതും വിവിധ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതും സംബന്ധിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്തു. അരുണാചൽ പ്രദേശിൽ ശക്തമായ ആഭ്യന്തര സുരക്ഷയും സുരക്ഷിതമായ അതിർത്തി പ്രദേശങ്ങളും സമഗ്ര വികസനവും ഉറപ്പാക്കുകയായിരുന്നു യോഗത്തിൻ്റെ പ്രധാന ലക്ഷ്യം.
അരുണാചൽ പ്രദേശിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ഇറ്റാനഗറിലെ ലോക്ഭവനിൽ ചേർന്ന യോഗത്തിലും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു, കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി ശ്രീ കിരൺ റിജിജു, സംസ്ഥാന ഉപമുഖ്യമന്ത്രി ശ്രീ ചൗന മെയ്ൻ, ആഭ്യന്തര മന്ത്രി ശ്രീ മാമ നാതുങ്, ലോക്സഭാ എം.പി ശ്രീ തപിർ ഗാവോ, രാജ്യസഭാ എം.പി ശ്രീ തായ് താഗക്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹൻ എന്നിവരും കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര സായുധ പൊലീസ് സേനകൾ, കരസേന, സംസ്ഥാന ഗവണ്മെൻ്റ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനത്തിൻ്റെ വികസന പുരോഗതിയെയും പ്രധാന പദ്ധതികളെയും കുറിച്ച് ചീഫ് സെക്രട്ടറി ശ്രീ മനീഷ് കുമാർ ഗുപ്ത യോഗത്തിൽ അവതരണം നടത്തി. അരുണാചൽ പ്രദേശിൻ്റെ മൊത്ത ആഭ്യന്തര ഉല്പാദനം 2015-16-ലെ 20,373 കോടി രൂപയിൽ നിന്ന് 2026-27-ൽ 50,651 കോടി രൂപയായി (മതിപ്പ് കണക്ക്) ഉയർന്നതായി യോഗത്തിൽ അറിയിച്ചു. റോഡ് നിർമാണത്തിൻ്റെ വേഗം പ്രതിവർഷം 300 കിലോമീറ്ററിൽ നിന്ന് ആറ് മടങ്ങ് വർധിച്ച് 1,800 കിലോമീറ്ററായി. പി.എം.എ.വൈ - ഗ്രാമീൺ, ജൽ ജീവൻ മിഷൻ എന്നീ പദ്ധതികളിൽ സംസ്ഥാനം സമ്പൂർണ ലക്ഷ്യം കൈവരിച്ചു. രാജ്യത്തെ ഏറ്റവും വലിയ കിവി ഉല്പാദക സംസ്ഥാനമാണ് അരുണാചൽ പ്രദേശ് എന്നും ഡി.പി.ഐ.ഐ.ടി-യുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥാ റാങ്കിങിൽ 'മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനമായി' തിരഞ്ഞെടുക്കപ്പെട്ടതായും യോഗത്തിൽ അറിയിച്ചു. 'വൈബ്രൻ്റ് വില്ലേജസ് പ്രോഗ്രാമിന്' കീഴിൽ 455 അതിർത്തി ഗ്രാമങ്ങളിലായി 2,875.17 കോടി രൂപയുടെ 2,414 പദ്ധതികളിൽ 1,099 എണ്ണം പൂർത്തിയായി.
സംസ്ഥാന ബജറ്റിൻ്റെ വലിയൊരു ഭാഗം റോഡുകൾക്കും പാലങ്ങൾക്കുമായി ചെലവഴിക്കുന്ന പശ്ചാത്തലത്തില്‍ റോഡ് സാന്ദ്രത കുറഞ്ഞ പ്രദേശങ്ങൾക്ക് മുൻഗണന നൽകണമെന്ന് പുരോഗതി അവലോകനം ചെയ്യവെ കേന്ദ്ര ആഭ്യന്തര മന്ത്രി നിർദേശിച്ചു. വിനോദസഞ്ചാര മേഖലയിൽ മികച്ച നിലവാരമുള്ള 'ഹോംസ്റ്റേകൾക്ക്' ശ്രദ്ധ നൽകണമെന്നും വിനോദസഞ്ചാരികളുടെ എണ്ണം നിലവിലെ 9.18 ലക്ഷത്തിൽ നിന്ന് 15 ലക്ഷമായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുട്ട, ഇറച്ചി, മത്സ്യം, പാലുല്പന്നങ്ങൾ എന്നിവയുടെ കാര്യത്തിൽ അരുണാചൽ പ്രദേശ് സ്വയംപര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സംസ്ഥാനത്തുടനീളം കുട്ടികളുടെ സമ്പൂർണ പ്രതിരോധ കുത്തിവെപ്പും ആശുപത്രി പ്രസവങ്ങളും ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഗ്രാമങ്ങളിൽ സമ്പൂർണ ഡിജിറ്റല്‍വല്‍ക്കരണത്തിന് പദ്ധതി തയ്യാറാക്കണം. 'ജ്ഞാന ഭാരതം മിഷന്' കീഴിൽ വിജ്ഞാന ശാഖകളിലെ വിദഗ്ധരെ ഉൾപ്പെടുത്തുകയും പ്രധാന കയ്യെഴുത്തുപ്രതികളും രേഖകളും ലഭ്യമാക്കുന്നതിന് ഊര്‍ജിതമായ തിരച്ചില്‍ നടത്തുകയും വേണം.
'മിഷൻ കൃഷി വീർ', 'മിഷൻ അരുൺ ഹിംവീർ' എന്നിവയ്ക്ക് കീഴിൽ വ്യത്യസ്തമായ സമീപനം സ്വീകരിക്കണമെന്നും അതിലൂടെ ആദ്യം സുരക്ഷാ സേനയുടെ ആവശ്യങ്ങൾ വിലയിരുത്തുകയും തുടർന്ന് പ്രസ്തുത ആവശ്യങ്ങൾ നിറവേറ്റാൻ ഗ്രാമങ്ങളെ പ്രാപ്തമാക്കുകയും വേണമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കിവി, ഓറഞ്ച്, വലിയ ഏലം എന്നിവയ്ക്ക് പുറമെ പ്രത്യേക വികസനത്തിന് രണ്ട് ഹോർട്ടികൾച്ചറൽ വിളകൾ കൂടി തിരഞ്ഞെടുക്കണം. കൂടുതൽ ഹെലികോപ്റ്ററുകൾ അനുവദിക്കുക; ഡൽഹിയിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള വാണിജ്യ വിമാന സർവീസുകൾ വർധിപ്പിക്കുക; പാസിഘട്ട് മുതൽ പരശുറാം കുണ്ഡ് വരെ റെയിൽവേ പാതയ്ക്ക് വേഗത്തിൽ അനുമതി നൽകുക; സുബൻസിരി റിസർവോയറിൽ പ്രത്യേക വിനോദസഞ്ചാരം വികസിപ്പിക്കുക; സൈനിക-പൊതു ഉപയോഗത്തിനായുള്ള മെച്ചുകയിലെ 'അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ട്' വിപുലീകരിക്കുക തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന ഗവണ്മെൻ്റ് കേന്ദ്ര ഗവണ്മെൻ്റിൻ്റെ സഹകരണം തേടിയിട്ടുണ്ട്.
അരുണാചൽ പ്രദേശിൻ്റെ സർവതോന്മുഖ വികസനത്തോട് കേന്ദ്ര ഗവണ്മെൻ്റ് പുലര്‍ത്തുന്ന പ്രതിബദ്ധത ആവർത്തിച്ച ആഭ്യന്തര മന്ത്രി സംസ്ഥാനത്തിന് തുടർച്ചയായ പിന്തുണ വാഗ്ദാനം ചെയ്തു. മാർഗനിർദേശങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് നന്ദി പറഞ്ഞ മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു, ഈ നിർദേശങ്ങൾ നടപ്പാക്കാനും സംസ്ഥാനത്തിൻ്റെ വികസനം മുന്നോട്ട് കൊണ്ടുപോകാനും ഗവണ്മെൻ്റ് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പുനല്‍കി.
***