ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ആഗോള ഡിജിറ്റൽ ആരോഗ്യ ഉച്ചകോടി 2026 -ൽ ആരോഗ്യ സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ബഹുഭാഷാ AI ആപ്ലിക്കേഷനുകൾ അവതരിപ്പിച്ച് 'ഭാഷിണി'

പോസ്റ്റഡ് ഓണ്‍: 21 NOV 2026 12:45PM by PIB Thiruvananthpuram

ഇന്ത്യ ഗവണ്മെന്റിന്റെ ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷന്റെ (DIC) ഭാഗമായ ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ (DIBD), 2026 നവംബർ 20, 21 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ആഗോള ഡിജിറ്റൽ ആരോഗ്യ ഉച്ചകോടിയിൽ  (GDHS 2026) പങ്കെടുത്തു. സമ്മേളനത്തിന്റെ ആദ്യ ദിനമായ നവംബർ 20-ന് നടന്ന പ്രദർശനത്തിലൂടെ, വിവിധ ഇന്ത്യൻ ഭാഷകളിൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന  ബഹുഭാഷാ നിർമ്മിതബുദ്ധി(AI) സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഭാഷിണി അവതരിപ്പിച്ചു. നവംബർ 20-ന് ആരംഭിച്ച ഈ പ്രദർശനം 21-ാം തീയതിയും തുടർന്നു.

 

ഉച്ചകോടിയുടെ പ്രമേയമായ "നിർമ്മിത ബുദ്ധിയുടെ പ്രായോഗിക നിർവ്വഹണം– പ്രവർത്തനതലത്തിൽ” എന്ന ആശയത്തെ അടിസ്ഥാനമാക്കി, ഭാഷിണി അതിന്റെ നൂതന ഭാഷാ സാങ്കേതികവിദ്യകളും അവ ആരോഗ്യരംഗത്ത് പ്രയോജനപ്പെടുത്താവുന്ന വിവിധ മാർഗങ്ങളും പ്രദർശന സ്റ്റാളിലൂടെ അവതരിപ്പിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS), ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (JIPMER), ഇന്ത്യൻ സൈന്യത്തിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് മെഡിക്കൽ സർവീസസ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഭാഷിണി ഈ പ്രദർശനം ഒരുക്കിയത്. 

 

ആരോഗ്യപ്രവർത്തകർക്ക് മികച്ച പിന്തുണ നൽകുന്നതിനും ക്ലിനിക്കൽ രേഖകൾ തയ്യാറാക്കുന്ന പ്രക്രിയ സുഗമവും വേഗത്തിലുമാക്കുന്നതിനും വിവിധ ഇന്ത്യൻ ഭാഷകളിൽ ആരോഗ്യവിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ബഹുഭാഷാ നിർമ്മിത ബുദ്ധയും (AI), ശബ്ദാധിഷ്ഠിത സാങ്കേതികവിദ്യകളും എപ്രകാരം സഹായിക്കുന്നുവെന്ന് ഈ പ്രദർശനം വ്യക്തമാക്കി. ആരോഗ്യപരിപാലന മേഖലയിലെ വിവിധ പ്രായോഗിക ഉപയോഗങ്ങൾക്കൊപ്പം, ഭാഷിണിയുടെ സ്പീച്ച്-ടു-ടെക്സ്റ്റ്, ടെക്സ്റ്റ്-ടു-സ്പീച്ച്, വിവർത്തനം തുടങ്ങിയ സാങ്കേതികവിദ്യകളുടെ തത്സമയ പ്രദർശനങ്ങളും ചടങ്ങിൽ ഒരുക്കിയിരുന്നു.

ജിപ്മെർ (JIPMER), എയിംസ് (AIIMS), ഇന്ത്യൻ സൈന്യത്തിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് മെഡിക്കൽ സർവീസസ് (DGMS) എന്നിവിടങ്ങളിൽ നടപ്പിലാക്കുന്ന വിവിധ ആരോഗ്യപരിപാലന സംവിധാനങ്ങളിൽ ഭാഷിണിയുടെ ബഹുഭാഷാ എഐ സാങ്കേതികവിദ്യകൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്ന് പ്രദർശനത്തിലൂടെ വിശദീകരിച്ചു. ജിപ്മെറിൽ, ഇ-സുശ്രുത് ഹോസ്പിറ്റൽ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റവുമായി (HMIS) ഇ-ഭാഷിണി സംയോജിപ്പിക്കുന്നതിലൂടെ രോഗികളുടെ ക്ലിനിക്കൽ ചരിത്രം, കിടത്തിച്ചികിത്സാ വിഭാഗത്തിലെ (IPD) കുറിപ്പുകൾ, ആശുപത്രി വിടുമ്പോൾ നൽകുന്ന നിർദേശങ്ങൾ എന്നിവ ശബ്ദത്തിലൂടെ രേഖപ്പെടുത്താൻ സാധിക്കുന്നു. എയിംസിൽ, വിവിധ ഭാഷകൾ സംസാരിക്കുന്ന ഡോക്ടർമാരും രോഗികളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ സുഗമമാക്കുന്നതിന് ഭാഷിണിയുടെ സംഭാഷണ സാങ്കേതികവിദ്യകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പ്രദർശിപ്പിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് മെഡിക്കൽ സർവീസസ്, ധന്വന്തരി സംവിധാനത്തിൽ ഭാഷിണിയുടെ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് ഡോക്ടർമാർ ശബ്ദത്തിലൂടെ രേഖപ്പെടുത്തുന്ന ക്ലിനിക്കൽ കുറിപ്പുകൾ ലിഖിത രൂപത്തിലേക്ക് മാറ്റുന്നതിനുള്ള സംവിധാനം അവതരിപ്പിച്ചു. ഇതിലൂടെ ശബ്ദാധിഷ്ഠിത മെഡിക്കൽ ഡോക്യുമെന്റേഷൻ സുഗമമാക്കുന്നു. ഈ മാതൃകകളിലൂടെ ബഹുഭാഷാ ആശയവിനിമയത്തിനും ഭാഷാ സാങ്കേതികവിദ്യകൾക്കും ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ ലളിതവും കാര്യക്ഷമവുമാക്കാനും ആരോഗ്യപ്രവർത്തകർക്ക് മികച്ച പിന്തുണ നൽകാനും ഡോക്ടർമാരും രോഗികളും തമ്മിലുള്ള ആശയവിനിമയ തടസ്സങ്ങൾ കുറയ്ക്കാനും കഴിയുമെന്ന് വ്യക്തമാക്കുന്നു.

 

ഉച്ചകോടിയിലെ വിവിധ സെഷനുകളിലും ഭാഷിണിയുടെ സ്പീച്ച്-ടു-ടെക്സ്റ്റ് സാങ്കേതികവിദ്യയായ ശ്രുതലേഖ് അവതരിപ്പിച്ചു. തത്സമയം വിവിധ ഭാഷകളിലുള്ള സംഭാഷണങ്ങൾ ലിഖിത രൂപത്തിലേക്ക് മാറ്റുന്നതിനും അവ വിവർത്തനം ചെയ്യുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ആരോഗ്യപരിപാലന മേഖലയിലുൾപ്പെടെ വിവിധ മേഖലകളിൽ ഭാഷാ തടസ്സങ്ങൾ മറികടന്ന് ആശയവിനിമയം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കുന്നതിൽ ഭാഷാ സാങ്കേതികവിദ്യകൾക്കുള്ള നിർണായക പങ്കും ഈ പ്രദർശനങ്ങൾ എടുത്തുകാട്ടി.

 

ഭാഷിണിയുടെ ബഹുഭാഷാ എഐ ആവാസവ്യവസ്ഥയുടെ ഭാഗമായ വിവിധ ആപ്ലിക്കേഷനുകളും പ്രദർശനത്തിൽ അവതരിപ്പിച്ചു. വിവർത്തനത്തിനും ശബ്ദാധിഷ്ഠിത ആശയവിനിമയത്തിനും സഹായിക്കുന്ന ഭാഷിണി മൊബൈൽ ആപ്ലിക്കേഷന്റെ സവിശേഷതകളും ഇതിലൂടെ പരിചയപ്പെടുത്തി. ഇന്ത്യൻ ഭാഷകളിലെ എഐ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പൊതുജന പങ്കാളിത്തത്തോടെ ഭാഷാ വിവരശേഖരണം നടത്തുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന 'ഡാറ്റാ ദാൻ' പദ്ധതിയും പ്രദർശനത്തിൽ ഉൾപ്പെടുത്തി. കൂടാതെ, എഴുത്ത്, വാമൊഴി ഭാഷാ വിഭവങ്ങൾ ശേഖരിക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനും സഹായിക്കുന്ന ഭാഷിണിയുടെ മാർഗനിർദേശാധിഷ്ഠിത പ്ലാറ്റ്‌ഫോമായ 'ഗ്രന്ഥിക'യും പരിചയപ്പെടുത്തി. സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തിലൂടെ ഇന്ത്യൻ ഭാഷകളിലെ ഡിജിറ്റൽ വിഭവങ്ങൾ സമ്പന്നമാക്കുന്നതിനുള്ള ഭാഷിണിയുടെ വിപുലമായ ഉദ്യമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതികൾ അവതരിപ്പിച്ചത്.

 

GDHS 2026-ലെ പങ്കാളിത്തത്തിലൂടെ, ആരോഗ്യപരിപാലന സേവനങ്ങൾ കൂടുതൽ സുഗമവും കാര്യക്ഷമവും എല്ലാവർക്കും പ്രാപ്യവുമാക്കുന്നതിൽ ബഹുഭാഷാ നിർമ്മിതബുദ്ധിയ്ക്കുള്ള  (AI) നിർണായക പങ്ക് ഭാഷിണി എടുത്തുകാട്ടി. ഇന്ത്യയുടെ ഭാഷാപരമായ വൈവിധ്യത്തെ ഉൾക്കൊണ്ട്, ഭാഷാ തടസ്സങ്ങളില്ലാതെ എല്ലാവർക്കും ആരോഗ്യവിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയും ഭാഷിണി വ്യക്തമാക്കി.

 

മേജർ ജനറൽ സന്ദീപ് ഭല്ല, ADGMS (IS, H & PS)

“ഞങ്ങളുടെ പ്രധാന പങ്കാളികൾ ആശുപത്രി ഭരണനിർവഹണ വിഭാഗവും ഡോക്ടർമാരുമാണ്. സേവനത്തിലുള്ള സൈനികർ, വിരമിച്ച വിമുക്തഭടന്മാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരടങ്ങുന്ന രോഗികളും ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള, വ്യത്യസ്ത ഭാഷാ-സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ള രോഗികളാണ് ഞങ്ങളെ സമീപിക്കുന്നത്. ഈ ഭാഷാ വൈവിധ്യം കണക്കിലെടുത്ത്, ഞങ്ങളുടെ സോഫ്റ്റ്‌വെയറിൽ ബഹുഭാഷാ പിന്തുണ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ തിരിച്ചറിയുകയും അതിനായി ഭാഷിണിയുടെ സഹായം തേടുകയും ചെയ്തു. ഭാഷിണിയുടെ സ്പീച്ച്-ടു-ടെക്സ്റ്റ് (സംസാരത്തെ ലിഖിതരൂപത്തിലാക്കുന്ന) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് അവർ ഞങ്ങൾക്ക് മികച്ച പിന്തുണയാണ് നൽകിയത്. ഈ സാങ്കേതികവിദ്യ ഡോക്ടർമാരുടെ വിലപ്പെട്ട സമയം ലാഭിക്കുന്നതിനൊപ്പം, രോഗികൾക്ക് അവർക്ക് പരിചിതമായ ഭാഷയിൽ ആശയവിനിമയം നടത്താനുള്ള അവസരവും ഒരുക്കുന്നു. ഇതുവഴി രോഗികൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെയും ആശ്വാസത്തോടെയും തങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ പങ്കുവെക്കാൻ സാധിക്കും. രോഗികളുടെ ആശങ്കകൾ കൃത്യമായി മനസ്സിലാക്കാനും അവർക്ക് എളുപ്പത്തിൽ ഗ്രഹിക്കാവുന്ന ഭാഷയിൽ മരുന്നിന്റെ കുറിപ്പടികളും ചികിത്സാ നിർദേശങ്ങളും നൽകാനും ഡോക്ടർമാർക്ക് ഇതിലൂടെ കഴിയും. ഭാഷിണിയിലുള്ള പൂർണ വിശ്വാസത്തോടെയാണ് ഞങ്ങൾ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. പരസ്പര സഹകരണത്തിലൂടെയും പിന്തുണയിലൂടെയും ഈ സംവിധാനത്തെ നിരന്തരം മെച്ചപ്പെടുത്തി ഭാവിയിലും ഒരുമിച്ച് മുന്നേറാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ഈ സംരംഭത്തിൽ നൽകിയ വിലമതിക്കാനാവാത്ത പിന്തുണയ്ക്ക് ഭാഷിണിയോട് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.”

 

ശ്രീ അമിതാഭ് നാഗ്, സി.ഇ.ഒ, ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ (Digital India BHASHINI DIVISION)

“ആരോഗ്യപരിചരണ സേവനങ്ങൾ നൽകുന്നവരുടെയും അവ തേടിയെത്തുന്നവരുടെയും യഥാർത്ഥ ആവശ്യങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് രൂപകൽപ്പന ചെയ്യുമ്പോൾ, നിർമ്മിതബുദ്ധിക്ക് (AI) ആരോഗ്യരംഗത്ത് അർത്ഥവത്തായ പരിവർത്തങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഭാഷ ഒരിക്കലും അവശ്യ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസ്സമാകരുതെന്ന ഉറച്ച നിലപാടിലാണ് ഭാഷിണി പ്രവർത്തിക്കുന്നത്. എയിംസ് (AIIMS), ജിപ്മെർ (JIPMER), ഇന്ത്യൻ സൈന്യത്തിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് മെഡിക്കൽ സർവീസസ് (DGMS) തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായുള്ള ഞങ്ങളുടെ സഹകരണം, രോഗവിവരങ്ങൾ രേഖപ്പെടുത്തുന്നത് മുതൽ മരുന്നിന്റെ കുറിപ്പടികൾ തയ്യാറാക്കുന്നതുവരെയുള്ള വിവിധ ക്ലിനിക്കൽ പ്രവർത്തനങ്ങളിൽ ബഹുഭാഷാ നിർമ്മിതബുദ്ധിയും ശബ്ദാധിഷ്ഠിത സാങ്കേതികവിദ്യകളും എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്ന് വ്യക്തമാക്കുന്നു. ആരോഗ്യപരിചരണ സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമവും സുഗമവും എല്ലാവർക്കും ഒരുപോലെ പ്രാപ്യവും ഉൾക്കൊള്ളുന്നതുമാക്കുന്നതിൽ ഇന്ത്യയുടെ തദ്ദേശീയ ഭാഷാ സാങ്കേതികവിദ്യകൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് ഈ സംരംഭങ്ങൾ തെളിയിക്കുന്നു. വിവരങ്ങളുടെ കൈമാറ്റം സുഗമമാക്കുന്നതിനൊപ്പം, ആരോഗ്യസേവനങ്ങൾ തേടിയെത്തുന്ന ജനങ്ങളുടെ ഭാഷാപരമായ വൈവിധ്യത്തെയും ആവശ്യങ്ങളെയും ഒരുപോലെ മാനിക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത ഭാവി കെട്ടിപ്പടുക്കുന്നതിനാണ് ഭാഷിണിയിലൂടെ ഞങ്ങൾ പ്രവർത്തിക്കുന്നത്.”



 

എയിംസിലെ കമ്പ്യൂട്ടർ ഫെസിലിറ്റിയിലെ പ്രൊഫസർ ഇൻ-ചാർജ് പ്രൊഫ. ഡോ. വിവേക് ടണ്ടൻ

“എയിംസ് ന്യൂഡൽഹി, ഭാഷിണിയുടെ സ്പീച്ച്-ടു-ടെക്സ്റ്റ് സാങ്കേതികവിദ്യ ദേശീയ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ (NIC) ഇ-ഹോസ്പിറ്റൽ പ്രിസ്ക്രിപ്ഷൻ മൊഡ്യൂളുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇതിലൂടെ ഡോക്ടർമാർക്ക് കുറിപ്പടികൾ ശബ്ദത്തിലൂടെ നിർദേശിക്കാൻ സാധിക്കുന്നു. പ്രത്യേകിച്ച്, തിരക്കേറിയ ഒ.പി.ഡി. (OPD) വിഭാഗങ്ങളിൽ ഡോക്ടർമാരുടെ വിലപ്പെട്ട സമയം ലാഭിക്കാനും രോഗീപരിചരണം കാര്യക്ഷമമാക്കാനും ഈ സംവിധാനം സഹായിക്കുന്നു. ന്യൂറോളജി, ന്യൂറോ സർജറി വിഭാഗങ്ങളിൽ നടത്തിയ പ്രാരംഭ പരീക്ഷണഘട്ടത്തിൽ ഡോക്ടർമാരിൽനിന്ന് ലഭിച്ച മികച്ച പ്രതികരണം, ക്ലിനിക്കൽ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിൽ ഈ സാങ്കേതികവിദ്യയുടെ പ്രായോഗികത വ്യക്തമാക്കുന്നു. ഈ വിജയകരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, നിലവിൽ എയിംസിലെ കൂടുതൽ വിഭാഗങ്ങളിലേക്ക് ഈ സംവിധാനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.”

 

ഡോ. ആനന്ദ് എ, ഡെപ്യൂട്ടി ഒഐസി ഐടി വിംഗ് ആൻഡ് ഡിഎംഎസ്, ജിപ്മർ

“ആഗോള ഡിജിറ്റൽ ആരോഗ്യ ഉച്ചകോടി (GDHS) 2026-ൽ പങ്കെടുക്കുന്നതിൽ ജിപ്മെർ (JIPMER) അഭിമാനിക്കുന്നു. ജിപ്മെറിന്റെ ഹോസ്പിറ്റൽ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റമായ (HMIS) ഇ-സുശ്രുതുമായി ഇ-ഭാഷിണിയെ സംയോജിപ്പിച്ചുകൊണ്ടുള്ള നൂതന സംവിധാനവും ഈ വേദിയിൽ അവതരിപ്പിക്കുന്നു. നിർമ്മിതബുദ്ധിയുടെയും ഇന്ത്യയുടെ ബഹുഭാഷാ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി, ഇംഗ്ലീഷിലും ഇന്ത്യൻ ഭാഷകളിലും ശബ്ദത്തിലൂടെ ക്ലിനിക്കൽ വിവരങ്ങൾ രേഖപ്പെടുത്താൻ ഡോക്ടർമാർക്ക് ഈ സംവിധാനം സൗകര്യമൊരുക്കുന്നു. ഒ.പി.ഡി. (OPD) വിഭാഗത്തിലെ രോഗികളുടെ ചികിത്സാ ചരിത്രം, ഐ.പി.ഡി. (IPD) വിഭാഗത്തിലെ പരിശോധനാ കുറിപ്പുകൾ, ഡിസ്ചാർജ് നിർദേശങ്ങൾ എന്നിവ ശബ്ദാധിഷ്ഠിതമായി രേഖപ്പെടുത്താനും ഇതിലൂടെ സാധിക്കുന്നു. ആരോഗ്യരംഗത്തെ ഭാഷാ തടസ്സങ്ങൾ മറികടക്കുന്നതിലൂടെ ക്ലിനിക്കൽ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആരോഗ്യപ്രവർത്തകരുടെ, രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട  ജോലിഭാരം കുറയ്ക്കുന്നതിനുമാണ് ജിപ്മെർ ലക്ഷ്യമിടുന്നത്. ഞങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാണ്: ഗുണമേന്മയുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുന്നതിന് ഭാഷ ഒരിക്കലും തടസ്സമാകരുത്. തദ്ദേശീയ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ പൊതുജനാരോഗ്യ സേവനങ്ങളെ കൂടുതൽ ഉൾക്കൊള്ളുന്നതും എല്ലാവർക്കും പ്രാപ്യവും രോഗികേന്ദ്രീകൃതവുമാക്കാൻ കഴിയുമെന്ന് ഈ സംരംഭത്തിലൂടെ തെളിയിക്കുകയാണ് ജിപ്മെർ.”

 

ഡിജിറ്റൽ ഇന്ത്യ ഭാഷിണി വിഭാഗത്തെക്കുറിച്ച്

ഇന്ത്യ ഗവണ്മെന്റിന്റെ ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷന്റെ (DIC) ഭാഗമായ ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ (DIBD), നിർമ്മിതബുദ്ധി അധിഷ്ഠിത ബഹുഭാഷാ ഡിജിറ്റൽ സർവ്വാശ്ലേഷിത്വം ലക്ഷ്യമിട്ട് ഒരു ദേശീയ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നു. ഭാഷിണി നിലവിൽ 36 ഇന്ത്യൻ ഭാഷകളിൽ ടെക്സ്റ്റ് അധിഷ്ഠിത സേവനങ്ങളും 23 ഇന്ത്യൻ ഭാഷകളിൽ ശബ്ദാധിഷ്ഠിത സേവനങ്ങളും കൂടാതെ 35 അന്താരാഷ്ട്ര ഭാഷകളുടെ പിന്തുണയും നൽകുന്നു. ഇതിലൂടെ ഗോവെന്മേന്റ് സംവിധാനങ്ങളിലും പൊതുജനങ്ങൾക്കായുള്ള ഡിജിറ്റൽ സേവനങ്ങളിലും ഭാഷാധിഷ്ഠിത എഐ സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നു. ഭാഷിണിയുടെ ബഹുഭാഷാ എഐ ആവാസവ്യവസ്ഥയിലൂടെ ഇതുവരെ 11 ബില്യണിലധികം ഇൻഫറൻസ് പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം ശരാശരി 2.4 കോടി ഇൻഫറൻസ് പ്രവർത്തനങ്ങൾ ഈ സംവിധാനത്തിലൂടെ പ്രോസസ്സ് ചെയ്യപ്പെടുന്നു. ഭാഷിണിയുടെ ബഹുഭാഷാ എഐ സാങ്കേതികവിദ്യകൾക്ക് ലഭിച്ചുവരുന്ന വർധിച്ച സ്വീകാര്യതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഭാഷാ വിവർത്തനം, സംഭാഷണം തിരിച്ചറിയൽ, സംഭാഷണ സംശ്ലേഷണം, ലിപ്യന്തരണം തുടങ്ങി വിവിധ ഭാഷാ സാങ്കേതികവിദ്യകൾ ഭാഷിണിയുടെ ആവാസവ്യവസ്ഥയിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ ഭാഷാപരമായ വൈവിധ്യം കണക്കിലെടുത്ത്, വിവിധ ഭാഷകളിൽ ഡിജിറ്റൽ വിവരങ്ങളും സേവനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സാങ്കേതികവിദ്യകൾ സഹായിക്കുന്നു.

ആഗോള ഡിജിറ്റൽ ആരോഗ്യ ഉച്ചകോടി 2026 നെക്കുറിച്ച്

 "നിർമ്മിത ബുദ്ധിയുടെ പ്രായോഗിക നിർവ്വഹണം– പ്രവർത്തനതലത്തിൽ” എന്ന പ്രമേയത്തിലൂന്നി 2026 നവംബർ 20 മുതൽ 21 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആഗോള ഡിജിറ്റൽ ആരോഗ്യ ഉച്ചകോടി (GDHS) 2026 നടന്നു ആരോഗ്യരംഗത്ത് നിർമ്മിതബുദ്ധിയുടെ (AI) പ്രായോഗിക സാധ്യതകളും ഫലപ്രദമായ വിനിയോഗവും ചർച്ച ചെയ്യുന്നതിനായി സർക്കാർ, ആരോഗ്യപരിപാലന മേഖല, വ്യവസായം, അക്കാദമിക രംഗം എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ പങ്കാളികളെ ഉച്ചകോടി ഒരേ വേദിയിൽ കൊണ്ടുവന്നു.  ഡിജിറ്റൽ ആരോഗ്യ പരിഹാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലുടനീളം അവ സ്വീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സാങ്കേതിക പ്രദർശനങ്ങൾ, പ്രകടനങ്ങൾ, ശാസ്ത്രീയ ചർച്ചകൾ, ആശയവിനിമയങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

*******


( റിലീസ് ഐ.ഡി: 2339794) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil