57-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFI) ഭാഗമായി ഇന്ത്യൻ പനോരമ 2026-ന് ഇന്ന് ഗോവയിലെ പനാജിയിൽ ഔദ്യോഗികമായി തുടക്കമായി. ഈ വർഷത്തെ ഔദ്യോഗിക ചലച്ചിത്ര തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ഫീച്ചർ - നോൺ ഫീച്ചർ ഫിലിം ജൂറി അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC) ചെയർമാൻ ശ്രീ ജി. കൃഷ്ണകുമാർ, മേളയുടെ ഡയറക്ടർ ശ്രീ ആശുതോഷ് ഗോവാരിക്കർ എന്നിവർ ചേർന്നാണ് ജൂറി അംഗങ്ങളെ ആദരിച്ചത്.
ഇന്ത്യൻ പനോരമ 2026 ഉദ്ഘാടനം ചെയ്ത്, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, ഇന്ത്യൻ സിനിമയുടെ തുടക്കം മുതലുള്ള ശ്രദ്ധേയമായ വൈവിധ്യത്തെക്കുറിച്ച് സംസാരിച്ചു. രാജ്യത്തിന്റെ ഓരോ പ്രദേശവും അതിന്റേതായ ഭാഷകളിലൂടെയും സംസ്കാരങ്ങളിലൂടെയും കഥകളിലൂടെയും ഇന്ത്യൻ സിനിമയ്ക്ക് നൽകുന്ന സംഭാവനകൾ തിരിച്ചറിയാനുള്ള മികച്ച അവസരമാണ് ചലച്ചിത്രോത്സവമെന്ന് അദ്ദേഹം പറഞ്ഞു. മികച്ച തിരഞ്ഞെടുപ്പുകൾ നടത്തിയ ജൂറി അംഗങ്ങളെയും പരിപാടി സംഘടിപ്പിച്ച ഗോവ സർക്കാരിനെയും മേളയുടെ സംഘാടകരെയും അഭിനന്ദിച്ച അദ്ദേഹം ഇന്ത്യൻ സിനിമയ്ക്ക് ആഗോളതലത്തിൽ കൂടുതൽ അംഗീകാരം ലഭിക്കട്ടെയെന്ന് ആശംസിച്ചു.

ചടങ്ങിൽ സംസാരിച്ച NFDC ചെയർമാൻ ശ്രീ ജി. കൃഷ്ണകുമാർ, 1978-ൽ ആരംഭിച്ച ഇന്ത്യൻ പനോരമയുടെ പാരമ്പര്യവും വിവിധ ഭാഷകളിലും പ്രദേശങ്ങളിലുമുള്ള ഇന്ത്യയുടെ ചലച്ചിത്ര വൈവിധ്യം ആഘോഷിക്കുന്നതിൽ അതിനുള്ള പങ്കും അനുസ്മരിച്ചു. ഈ വർഷത്തെ ഐഎഫ്എഫ്ഐയുടെ പ്രമേയമായ ‘അതിരുകൾക്കതീതമായ കഥകൾ’ എന്നതിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം സിനിമയോടുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. തുടർച്ചയായ പിന്തുണയ്ക്ക് ഗോവ സർക്കാരിനും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും നന്ദി അറിയിച്ചു. മേളയിൽ പങ്കെടുക്കുന്ന ചലച്ചിത്ര പ്രവർത്തകരെയും സിനിമാപ്രേമികളെയും അദ്ദേഹം ഹാർദമായി സ്വാഗതം ചെയ്തു.

സ്വാഗതപ്രസംഗത്തിൽ മേളയുടെ ഡയറക്ടർ ശ്രീ ആശുതോഷ് ഗോവാരിക്കർ ഐഎഫ്എഫ്ഐയുമായി ബന്ധപ്പെട്ട തന്റെ ആദ്യകാല ഓർമകൾ പങ്കുവച്ചു. പതിറ്റാണ്ടുകളിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക - ചലച്ചിത്ര വൈവിധ്യത്തിന്റെ പ്രധാന വേദിയായി ഇന്ത്യൻ പനോരമ വളർന്നുവന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
_20261121153830_e1c7aa.jpeg)
ഈ വർഷത്തെ ചലച്ചിത്ര തിരഞ്ഞെടുപ്പിന് ലഭിച്ച പ്രതികരണം ചൂണ്ടിക്കാട്ടിയ അദ്ദേഹം, 762 ഫീച്ചർ സിനിമകളും 358 നോൺ ഫീച്ചർ സിനിമകളും ഉൾപ്പെടെ ആകെ 1120 എൻട്രികളാണ് 18 ഭാഷകളിലായി ലഭിച്ചതെന്ന് അറിയിച്ചു. ഹിന്ദി, മറാഠി, കന്നഡ, തുളു, ലഡാഖി, കശ്മീരി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി 14 ഭാഷകളിൽ നിന്നുള്ള ചിത്രങ്ങളാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. വെബ് സീരീസുകളും തിരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
57-ാമത് പതിപ്പിന്റെ ‘അതിരുകൾക്കതീതമായ കഥകൾ’ എന്ന പ്രമേയത്തോട് ചേർന്നുനിന്ന് സംസാരിച്ച ശ്രീ ഗോവാരിക്കർ, ചലച്ചിത്ര പ്രവർത്തകരോടും സാങ്കേതിക വിദഗ്ധരോടും പുതുതലമുറ കഥാകൃത്തുക്കളോടും കഥകൾ തുടർന്നും അവതരിപ്പിക്കാൻ ആഹ്വാനം ചെയ്തു. വൈവിധ്യമാർന്ന സിനിമകൾ കാണാനും വിവേകത്തോടെ വിലയിരുത്താനും അദ്ദേഹം പ്രേക്ഷകരെ പ്രോത്സാഹിപ്പിച്ചു.
ഇന്ത്യൻ പനോരമ 2026-ലെ ജൂറി അംഗങ്ങൾ
നോൺ ഫീച്ചർ ഫിലിം ജൂറിയിൽ ഏഴ് അംഗങ്ങളാണുള്ളത്:
- ശ്രീ ഹിമാൻഷു ശേഖർ ഖതുവ (ഡോക്യുമെന്ററി സംവിധായകൻ, നോൺ ഫീച്ചർ ഫിലിം ജൂറി ചെയർമാൻ)
- ശ്രീ ശംഖജീത് ഡേ (ഡോക്യുമെന്ററി സംവിധായകൻ)
- ശ്രീമതി രാഗിണി സോണ (ചലച്ചിത്ര നിർമാതാവ്)
- ശ്രീ ശിവ് സണ്ണി (ചലച്ചിത്ര പത്രപ്രവർത്തകൻ)
- ശ്രീ ധനേഷ് യാദവ് ടി. ആർ. (ചലച്ചിത്ര എഡിറ്റർ)
- ശ്രീ അഭിജീത് ദാൽവി (ചലച്ചിത്ര സംവിധായകൻ)
- ശ്രീമതി ആരതി പട്ടേൽ (നിർമാതാവും മാധ്യമ പ്രവർത്തകയും)
ഫീച്ചർ ഫിലിം ജൂറിയിൽ പതിമൂന്ന് അംഗങ്ങളാണുള്ളത്:
- ശ്രീ മധുർ ഭണ്ഡാർക്കർ (ഫീച്ചർ ഫിലിം ജൂറി ചെയർമാൻ)
- ശ്രീ യു. രവീന്ദർ (ഛായാഗ്രാഹകൻ)
- ശ്രീ സോഹം പി. ഷാ (ചലച്ചിത്ര സംവിധായകൻ)
- ശ്രീ രാഹുൽ ഭോലെ (സംവിധായകൻ, തിരക്കഥാകൃത്ത്, എഡിറ്റർ)
- ശ്രീ ഒയിനം ഗൗതം സിംഗ് (ചലച്ചിത്ര സംവിധായകൻ)
- ശ്രീ നിലാദ്രി റോയ് (ചലച്ചിത്ര എഡിറ്റർ)
- ശ്രീ എം. എസ്. പ്രഭു (ഛായാഗ്രാഹകൻ)
- ശ്രീ കെ. എസ്. ശിവരാമൻ (ഛായാഗ്രാഹകൻ)
- ശ്രീ ജയന്ത ഗോസ്വാമി (സംവിധായകൻ)
- ശ്രീമതി ബിന്ദു ചന്ദ്രമൗലി (നടി)
- ശ്രീമതി ഭാരതി പ്രധാൻ (ചലച്ചിത്ര നിരൂപക)
- ഡോ. അയാഷ് ആരിഫ് (പ്രശസ്ത നടനും എഴുത്തുകാരനും)
- ശ്രീ അരുൺ ഗോംഗാഡെ (ആനിമേറ്റർ)
_20261121153911_c13037.jpeg)
ഇന്ത്യൻ പനോരമ 2026-ലെ ഉദ്ഘാടന ചിത്രങ്ങൾ
ആദരിക്കൽ ചടങ്ങിന് പിന്നാലെ ഇന്ത്യൻ പനോരമ 2026-ലെ ഉദ്ഘാടന ചിത്രങ്ങൾ പരിചയപ്പെടുത്തുകയും ആദ്യ പ്രദർശനത്തിന് മുന്നോടിയായി അവയുടെ അണിയറപ്രവർത്തകരെ ആദരിക്കുകയും ചെയ്തു.
നോൺ ഫീച്ചർ വിഭാഗത്തിൽ, ലീന യാദവ് സംവിധാനം ചെയ്ത ലഡാഖി ചിത്രം 'ബികമിങ്' (Becoming) ആദരം ഏറ്റുവാങ്ങി. ശ്രീ ജി. കൃഷ്ണകുമാർ, ശ്രീമതി ഡെലീല ലോബോ, ശ്രീ ആശുതോഷ് ഗോവാരിക്കർ എന്നിവർ ചേർന്നാണ് ചിത്രത്തെ ആദരിച്ചത്. കാലത്തെയും ഓർമകളെയും വിവിധ ജന്മങ്ങളെയും അതിജീവിക്കുന്ന ലഡാഖിലെ ഒരു ബാലന്റെ ആത്മീയ യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്. അതിരുകൾക്കതീതമായ ജീവിതം എന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് സംവിധായിക ലീന യാദവ് സംസാരിച്ചു.
ഫീച്ചർ വിഭാഗത്തിൽ, ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' (Dhurandhar) ആയിരുന്നു ഉദ്ഘാടന ചിത്രം. മുതിർന്ന നടൻ ശ്രീ രാകേഷ് ബേദിയാണ് ചടങ്ങിൽ ചിത്രത്തെ പ്രതിനിധാനം ചെയ്തത്. ശ്രീ ചഞ്ചൽ കുമാറും ശ്രീ ആശുതോഷ് ഗോവാരിക്കറും ചേർന്ന് അദ്ദേഹത്തിന് ഉപഹാരം നൽകി ആദരിച്ചു. സംവിധായകൻ ആദിത്യ ധറിനൊപ്പം പ്രവർത്തിച്ച അനുഭവവും ചിത്രത്തിലെ വ്യത്യസ്തമായ ചാര കഥാപാത്രത്തെ അവതരിപ്പിച്ചതിനെക്കുറിച്ചും രാകേഷ് ബേദി സംസാരിച്ചു.
ഉദ്ഘാടന ചിത്രങ്ങളുടെ ആദ്യ പ്രദർശനത്തോടെയാണ് ചടങ്ങ് സമാപിച്ചത്. ഇതോടെ ഐഎഫ്എഫ്ഐ 2026-ലെ ഇന്ത്യൻ പനോരമ ചലച്ചിത്ര പ്രദർശനങ്ങൾക്ക് തുടക്കമായി.
****