പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

21-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം  പരിഭാഷ

പോസ്റ്റഡ് ഓണ്‍: 17 NOV 2026 4:10PM by PIB Thiruvananthpuram


ബഹുമാനപ്പെട്ട പ്രസിഡന്റ് മാർക്കോസ്,

ബഹുമാന്യരേ ,

വിശിഷ്ടാതിഥികളേ,

നമസ്കാരം!

കിഴക്കൻ ഏഷ്യ ഉച്ചകോടി മികച്ച രീതിയിൽ സംഘടിപ്പിച്ചതിന് പ്രസിഡന്റ് മാർക്കോസിനെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

കോവിഡ് മഹാമാരിക്ക് ശേഷം, ലോകം ഒന്നിനുപുറകെ ഒന്നായി പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സംഘർഷങ്ങൾ ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, വളം എന്നിവയുടെ വിതരണത്തിൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദം ചെലുത്തുന്നുണ്ട്.

അന്താരാഷ്ട്ര ജലപാതകളിൽ കപ്പലുകളും നാവികരും ലക്ഷ്യം വയ്ക്കപ്പെടുന്നു. ഭീകരവാദത്തിന്റെ ഗുരുതരമായ ഭീഷണിക്കൊപ്പം, സൈബർ തട്ടിപ്പുകളും ഓൺലൈൻ വഞ്ചനകളും പോലുള്ള അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളുടെ പുതിയ രൂപങ്ങളും വർദ്ധിച്ചുവരികയാണ്.

സുഹൃത്തുക്കളേ,

ഇന്ന് ലോകത്തിന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് സമാധാനവും സ്ഥിരതയും പ്രവചനക്ഷമതയുമാണ്.

പൊതുവായ വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു പ്രധാന വേദിയായി വർഷങ്ങളായി കിഴക്കൻ ഏഷ്യ ഉച്ചകോടി പ്രവർത്തിച്ചുവരുന്നു. സംവാദം, പരസ്പര ബഹുമാനം, സഹകരണം എന്നിവയുടെ ഈ ചൈതന്യം തന്നെയാണ് ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാനശില.

ആസിയാൻ ഐക്യവും കേന്ദ്രീകരണവും  ഞങ്ങളുടെ 'ആക്ട് ഈസ്റ്റ്' നയത്തിന്റെ കാതലാണ്. സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും നിയമങ്ങളിൽ അധിഷ്ഠിതവുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്കായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അത് ഉക്രെയ്‌നായാലും പശ്ചിമേഷ്യയായാലും, സമാധാനത്തിലേക്കുള്ള എല്ലാ ശ്രമങ്ങളെയും ഞങ്ങൾ തുടർന്നും പിന്തുണയ്ക്കും.

സുഹൃത്തുക്കളേ,

നമ്മുടെ സമുദ്രങ്ങൾ നമ്മുടെ പൊതുവായ അഭിവൃദ്ധിയുടെ ജീവനാഡികളാണ്. അവയുടെ സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടത് നമ്മളെല്ലാവരുടെയും ഉത്തരവാദിത്തമാണ്.

ഈ ദിശയിൽ, ഞങ്ങൾ ഒരു 'സീഫെയറേഴ്സ് സേഫ്റ്റി ഇനിഷ്യേറ്റീവ്' (നാവികരുടെ സുരക്ഷാ സംരംഭം) ആരംഭിക്കുകയാണ്. ഇതിന് കീഴിൽ സംയുക്ത പരിശീലനത്തിലും അടിയന്തര പ്രതികരണത്തിലും ഞങ്ങൾ സഹകരണം വർദ്ധിപ്പിക്കും.

സുഹൃത്തുക്കളേ,

ഡിജിറ്റൽ ലോകത്ത് വിശ്വാസവും സുരക്ഷയും ഉറപ്പാക്കുന്നതും ഒരുപോലെ അനിവാര്യമാണ്. ഈ വർഷം ഇന്ത്യയിൽ നടന്ന എ.ഐ. ഇംപാക്ട് ഉച്ചകോടിയിൽ, മനുഷ്യകേന്ദ്രീകൃതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സുരക്ഷിതവുമായ നിർമ്മിതബുദ്ധിയുടെ (AI) വികസനത്തിന് ഞങ്ങൾ ഊന്നൽ നൽകി. ഡീപ്‌ഫേക്കുകളെയും തെറ്റായ വിവരങ്ങളെയും ചെറുക്കുന്നതിന് ഡിജിറ്റൽ വാട്ടർമാർക്കിംഗ് പോലുള്ള സാങ്കേതികവിദ്യകളുടെ ആവശ്യകതയും ഞങ്ങൾ എടുത്തുപറഞ്ഞു.

ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനെക്കുറിച്ച് ഇന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

വർദ്ധിച്ചുവരുന്ന ഈ ഭീഷണിയെ ഫലപ്രദമായി നേരിടുന്നതിനായി, ഇന്ത്യയിലെ നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ  'ഈസ്റ്റ് ഏഷ്യ സമ്മിറ്റ് സൈബർ ക്രൈം കോൺഫറൻസ്' (കിഴക്കൻ ഏഷ്യ ഉച്ചകോടി സൈബർ കുറ്റകൃത്യ സമ്മേളനം) നടത്താൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

സുഹൃത്തുക്കളേ,

ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പൊതുവായ പൈതൃകത്തിലാണ് നമ്മുടെ ബന്ധത്തിന്റെ അടിത്തറ നിലകൊള്ളുന്നത്. ഇന്ത്യയിലെ ലോഥലിൽ നിർമ്മാണം നടന്നുവരുന്ന  നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് (ദേശീയ സമുദ്ര പൈതൃക സമുച്ചയം), ഈ പൊതുവായ പൈതൃകം ഉടൻ തന്നെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും. നമ്മുടെ ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ലോഥലിൽ  'ഈസ്റ്റ് ഏഷ്യ സമ്മിറ്റ് മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ' (കിഴക്കൻ ഏഷ്യ ഉച്ചകോടി സമുദ്ര പൈതൃക ഉത്സവം) ഞങ്ങൾ സംഘടിപ്പിക്കും .

അടുത്ത വർഷം, നളന്ദയിൽ  'ഈസ്റ്റ് ഏഷ്യ സമ്മിറ്റ് യൂണിവേഴ്സിറ്റി ഹെഡ്സ് കോൺക്ലേവ്'- ന്  (കിഴക്കൻ ഏഷ്യ ഉച്ചകോടി സർവ്വകലാശാലാ മേധാവികളുടെ സമ്മേളനത്തിന്) ഞങ്ങൾ ആതിഥേയത്വം വഹിക്കും. ഇത് വിദ്യാഭ്യാസ, ഗവേഷണ മേഖലകളിലെ നമ്മുടെ സഹകരണത്തിന് പുതിയ ഉണർവ് നൽകും.

സുഹൃത്തുക്കളേ,

തെക്കുകിഴക്കൻ ഏഷ്യയിലെ ചരിത്രപ്രസിദ്ധമായ സൗഹൃദ-സഹകരണ ഉടമ്പടിയുടെ 50-ാം വാർഷികം ഈ വർഷം നാം ആചരിക്കുകയാണ്.

അൻപത് വർഷങ്ങൾക്ക് മുമ്പ്, ഈ മേഖല ലോകത്തിന് ഒരു പ്രധാന സന്ദേശം നൽകി; സമാധാനത്തിന്റെയും പരമാധികാരത്തോടുള്ള ബഹുമാനത്തിന്റെയും സംവാദത്തിന്റെയും സന്ദേശം. ഇന്ന് ആ സന്ദേശം കൂടുതൽ പ്രസക്തമായി മാറിയിരിക്കുന്നു. നമ്മുടെ പൊതുവായ ഭാവി രൂപപ്പെടുന്നത് സംഘർഷങ്ങളിലൂടെയല്ല, മറിച്ച് പരസ്പര ബഹുമാനത്തിലൂടെയും സഹകരണത്തിലൂടെയുമായിരിക്കും.

ഈ കാഴ്ചപ്പാടോടെ, പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും പൊതുവായ അഭിവൃദ്ധിക്കും പ്രതിജ്ഞാബദ്ധമായി ഇന്ത്യ ആസിയാനൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നത് തുടരും.

വളരെ നന്ദി.

നിരാകരണം - ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.

****


( റിലീസ് ഐ.ഡി: 2338956) സന്ദര്‍ശക കൗണ്ടര്‍ : 14