57th International Film Festival of India 2026
20 – 28 Nov 2026

ആഗോള ചലച്ചിത്ര സഹകരണത്തിന്റെ 20 വർഷങ്ങൾ പൂർത്തിയാക്കി വേവ്സ് ഫിലിം ബസാർ

പോസ്റ്റഡ് ഓണ്‍: 19 NOV 2026 8:22PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2338848Views: 5

2007-ൽ 18 രാജ്യങ്ങളിൽ നിന്നുള്ള 204 പ്രതിനിധികളുമായി ലളിതമായി ആരംഭിച്ച ഫിലിം ബസാർ, 2025-ൽ 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,500-ലധികം പ്രതിനിധികളെ വരവേൽക്കുന്ന പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്ര വിപണിയായി വളർന്നു. ഇന്ത്യൻ സിനിമയെ ആഗോള ചലച്ചിത്ര വ്യവസായവുമായി ബന്ധിപ്പിക്കുന്ന നിർണ്ണായക വേദിയായി ഫിലിം ബസാർ മാറിക്കഴിഞ്ഞു. സർഗ്ഗാത്മക സഹകരണങ്ങളെ പ്രോത്സാഹിപ്പിച്ചതിന്റെയും പുതിയ കഥകൾ കണ്ടെത്തിയതിന്റെയും ഇന്ത്യൻ സിനിമയ്ക്ക് ആഗോള തലത്തിൽ പുതിയ അവസരങ്ങൾ തുറന്നുനൽകിയതിന്റെയും രണ്ട് പതിറ്റാണ്ടുകൾ പിന്നിടുന്ന വേവ്സ് ഫിലിം ബസാർ 2026 അതിന്റെ 20-ാം വാർഷികം ആഘോഷിക്കുകയാണ്. 


കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ, ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'വേവ്സ് ഫിലിം ബസാറിന്റെ'  ഇരുപതാമത് പതിപ്പിന് നാളെ (2026 നവംബർ 20) തുടക്കമാകും. വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെയ്ൻമെന്റ് സമ്മിറ്റ് (WAVES) സംരംഭത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. 'ഇന്ത്യയിൽ നിർമ്മിക്കൂ, ലോകത്തിനായി നിർമ്മിക്കൂ'  എന്ന കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന ഈ വേദി, സഹനിർമ്മാണം, ധനസഹായം, വിതരണം, അന്താരാഷ്ട്ര പങ്കാളിത്തം എന്നിവയിലൂടെ ഇന്ത്യൻ സിനിമയുടെ സർഗ്ഗാത്മക ശേഷിയെ ആഗോള അവസരങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്നു.



 

ഗോവയിലെ താജ് സിഡാഡെ ഡി ഗോവ ഹൊറൈസണിലെ 'ദി ബാൾറൂമിൽ' നടക്കുന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചഞ്ചൽ കുമാർ സ്വാഗതം ആശംസിക്കും. തുടർന്ന് ഇഫി ഫെസ്റ്റിവൽ ഡയറക്ടർ അശുതോഷ് ഗോവാരിക്കർ വിശിഷ്ടാതിഥിയായി സംസാരിക്കും. എൻഎഫ്ഡിസി ചെയർമാൻ ജി. കൃഷ്ണകുമാർ ഉദ്ഘാടന പ്രസംഗം നിർവ്വഹിക്കും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രഭാത് കുമാർ നന്ദി രേഖപ്പെടുത്തും. എൻഎഫ്ഡിസി മാനേജിംഗ് ഡയറക്ടർ ധീരജ് സിംഗും ചടങ്ങിൽ പങ്കെടുക്കും. ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഫിലിം ബസാർ ടീമിന്റെ നേതൃത്വത്തിൽ 'നാവിഗേറ്റിംഗ് വേവ്സ് ഫിലിം ബസാർ'  എന്ന വിഷയത്തിൽ അവതരണവും നടക്കും.

കഥകളുടെയും അവസരങ്ങളുടെയും വിപണി

രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം, കേവലമൊരു സൗഹൃദ കൂട്ടായ്മ എന്നതിലുപരി ചലച്ചിത്ര പ്രവർത്തകർ, നിർമ്മാതാക്കൾ, നിക്ഷേപകർ, വിതരണക്കാർ, സെയിൽസ് ഏജന്റുമാർ, ഫെസ്റ്റിവൽ പ്രോഗ്രാമർമാർ എന്നിവരെ പരസ്പരം ബന്ധിപ്പിക്കുന്ന വ്യവസ്ഥാപിതമായ ഒരു ചലച്ചിത്ര വിപണിയായി ഫിലിം ബസാർ വളർന്നിരിക്കുന്നു. എൻഎഫ്ഡിസി സ്ക്രീൻ റൈറ്റേഴ്‌സ് ലാബ്, കോ-പ്രൊഡക്ഷൻ മാർക്കറ്റ്, വർക്ക്-ഇൻ-പ്രോഗ്രസ് ലാബ് തുടങ്ങിയ സംരംഭങ്ങളിലൂടെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള സിനിമകൾക്ക് മേള പിന്തുണ നൽകുന്നു. വ്യൂവിംഗ് റൂം, മാർക്കറ്റ് സ്ക്രീനിംഗുകൾ, ബി 2 ബി  മീറ്റിംഗുകൾ, നോളജ് സീരീസ് എന്നിവയിലൂടെ മികച്ച പ്രോജക്റ്റുകൾ കണ്ടെത്തുന്നതിനും വ്യവസായ 
രംഗത്തെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും മേള വഴിയൊരുക്കുന്നു.


56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക്  സമാന്തരമായി 2025 നവംബർ 20 മുതൽ 24 വരെ ഗോവയിൽ നടന്ന പതിപ്പിൽ 40-ലധികം രാജ്യങ്ങളിൽ നിന്നായി 2,500-ലധികം പ്രതിനിധികൾ പങ്കെടുത്തിരുന്നു. 320 പ്രോജക്റ്റുകൾ പ്രദർശിപ്പിച്ച മേളയിൽ 220-ലധികം ബയേഴ്‌സ് പങ്കെടുത്ത 1,200-ലധികം ബിസിനസ് മീറ്റിങ്ങുകൾക്കും വേദിയായി. മേളയുടെ ഭാഗമായി ഒപ്പുവെച്ച ഏകദേശം 100 കോടി രൂപയുടെ ധാരണാപത്രങ്ങൾ ഉൾപ്പെടെ ആകെ 1,050 കോടി രൂപയോളം മൂല്യമുള്ള വാണിജ്യ ചർച്ചകളാണ് 2025-ലെ പതിപ്പിൽ നടന്നത്.

വാർഷിക ചലച്ചിത്ര വിപണിക്കപ്പുറം  ഇന്ത്യയുടെ സർഗ്ഗാത്മകത വ്യാപിപ്പിച്ച് 'വേവ്സ് ബസാർ'

വാർഷിക ഫിലിം ബസാറിനപ്പുറത്തേക്ക് വർഷം മുഴുവൻ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ബി 2 ബി പ്ലാറ്റ്‌ഫോമായ 'വേവ്സ് ബസാറിലൂടെ'  വേവ്സ് സംരംഭം അതിന്റെ പ്രവർത്തന പരിധി വിപുലീകരിക്കുന്നു. 2025 ജനുവരിയിൽ ആരംഭിച്ച ഈ പ്ലാറ്റ്‌ഫോം സിനിമ, ടെലിവിഷൻ, ഒടിടി, ആനിമേഷൻ, വിഎഫ്എക്സ്, ഗെയിമിംഗ്, സംഗീതം തുടങ്ങി വിവിധ സർഗ്ഗാത്മക മേഖലകളെ ഉൾക്കൊള്ളുകയും സ്രഷ്ടാക്കളെയും സ്ഥാപനങ്ങളെയും സാധ്യതയുള്ള ബയേഴ്‌സുമായും പങ്കാളികളുമായും ബന്ധിപ്പിക്കുകയും ചെയ്യുന്നു.

2026 ഒക്ടോബറിലെ പുരോഗതി റിപ്പോർട്ട് പ്രകാരം, 5,000-ത്തിലധികം വാങ്ങുന്നവരും ഏകദേശം 6,500  വിൽപ്പനക്കാരും ഉൾപ്പെടെ 12,500-ലധികം സജീവ ഉപയോക്താക്കളും 2,800-ലധികം സജീവ പ്രോജക്റ്റുകളും നിലവിൽ വേവ്സ് ബസാറിലുണ്ട്. നിർമ്മിത ബുദ്ധി  അധിഷ്ഠിത സെമാന്റിക് സെർച്ച്, മാച്ച് മേക്കിംഗ്, വെർച്വൽ പിച്ചിംഗ്, ഓൺലൈൻ ബി 2 ബി മീറ്റിംഗ് സൗകര്യങ്ങൾ എന്നിവയിലൂടെ സ്രഷ്ടാക്കൾക്കും സ്ഥാപനങ്ങൾക്കും മികച്ച പങ്കാളികളെ കണ്ടെത്താനും നേരിട്ടുള്ള മേളകൾക്കപ്പുറം വ്യവസായ രംഗത്തെ സജീവ സാന്നിധ്യം  നിലനിർത്താനും സാധിക്കുന്നു.

ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, ഇറ്റലി, ജർമ്മനി, കാനഡ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര വ്യാപനം ഇന്ത്യൻ സർഗ്ഗാത്മക സംരംഭങ്ങൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നുനൽകിയിട്ടുണ്ട്. ഗെയിംസ്‌കോം (Gamescom), ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേള, വെനീസ്, മിപ്‌കോം (MIPCOM) തുടങ്ങിയ പ്രമുഖ ആഗോള വ്യവസായ വേദികളിലെ പങ്കാളിത്തം അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കി.

ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സർഗ്ഗാത്മക വ്യവസായങ്ങൾ എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തിക്കൊണ്ട്, ഇന്ത്യൻ സർഗ്ഗാത്മകതയെ 'കരകൗശലത്തിൽ നിന്ന് വാണിജ്യത്തിലേക്ക്' കൊണ്ടുപോകുന്നതിനുള്ള വിശാലമായ ശ്രമത്തെ ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നു.

വേവ്സ് ഫിലിം ബസാർ അതിന്റെ യാത്രയുടെ രണ്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കും പ്രാദേശിക ഭാഷാ സിനിമകൾക്കും നവാഗത പ്രതിഭകൾക്കും അന്താരാഷ്ട്ര വിപണികളിൽ പ്രവേശിക്കാനും പങ്കാളിത്തം സ്ഥാപിക്കാനും ഇന്ത്യൻ കഥകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനുമുള്ള സുപ്രധാന വേദിയായി ഇത് തുടരുന്നു.

 

****


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2338848
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026