വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

റോമില്‍ നടന്ന ഇന്ത്യ–ഇറ്റലി സാമ്പത്തിക സഹകരണത്തിനായുള്ള സംയുക്ത കമ്മീഷന്റെ 23-ാം സമ്മേളനത്തില്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ സഹ അധ്യക്ഷത വഹിച്ചു

പോസ്റ്റഡ് ഓണ്‍: 19 NOV 2026 1:01PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍, ഇറ്റലിയുടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രിയുമായ അന്റോണിയോ തജാനിയോടൊപ്പം 2026 നവംബര്‍ 18ന് റോമില്‍ നടന്ന ഇന്ത്യ–ഇറ്റലി സാമ്പത്തിക സഹകരണത്തിനായുള്ള സംയുക്ത കമ്മീഷന്‍ (ഖഇഋഇ) 23ാം സമ്മേളനത്തില്‍ സഹ അധ്യക്ഷത വഹിച്ചു . ഉഭയകക്ഷി സാമ്പത്തിക-വാണിജ്യ സഹകരണത്തിന്റെ പുരോഗതി അവലോകനം ചെയ്ത മന്ത്രിമാര്‍ വ്യാപാരം, നിക്ഷേപം, വ്യവസായ പങ്കാളിത്തം എന്നിവ വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. 2025–2029 സംയുക്ത തന്ത്രപ്രധാന പ്രവര്‍ത്തന പദ്ധതിയുടെയും 2026 മെയ് മാസത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റലി സന്ദര്‍ശിച്ചതിനെ തുടര്‍ന്നുള്ള തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യ–ഇറ്റലി പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ്, ഇന്‍ഡസ്ട്രി 4.0, കൃഷിയും കാര്‍ഷിക സാങ്കേതികവിദ്യയും, കണക്റ്റിവിറ്റിയും ഊര്‍ജവും, നിര്‍ണായക ധാതുക്കള്‍, ശാസ്ത്രവും നൂതനാശയവും, സംസ്‌കാരവും ടൂറിസവും, നൈപുണ്യ വികസനം, സംരംഭകത്വം തുടങ്ങിയ മേഖലകളിലെ സഹകരണം ചര്‍ച്ചയായി. ഇന്ത്യയുടെ വളര്‍ന്നുവരുന്ന ഉല്‍പ്പാദന ശേഷി, നൈപുണ്യമുള്ള തൊഴില്‍ശക്തി എന്നിവയും ഇറ്റലിയുടെ നൂതന ഉല്‍പ്പാദനം, എന്‍ജിനീയറിങ്, യന്ത്രസാമഗ്രികള്‍, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ മികവ് എന്നിവയും തമ്മിലുള്ള പരസ്പര പൂരകത ഇരുപക്ഷവും എടുത്തുപറഞ്ഞു. കൂടുതല്‍ വ്യവസായ പങ്കാളിത്തം, സംയുക്ത സംരംഭങ്ങള്‍, സാങ്കേതിക പങ്കാളിത്തങ്ങള്‍, ആഗോള മൂല്യശൃംഖലകളിലേക്കുള്ള ഏകീകരണം എന്നിവയ്ക്ക് അവര്‍ പ്രോത്സാഹനം നല്‍കി.

ഇന്ത്യ–യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ മന്ത്രിമാര്‍ സ്വാഗതം ചെയ്തു. വിപണി പ്രവേശനം വിപുലീകരിക്കാനും വ്യാപാര-നിക്ഷേപ പങ്കാളിത്തം വര്‍ധിപ്പിക്കാനും വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്താനുമുള്ള സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഈ പശ്ചാത്തലത്തില്‍, 2029ഓടെ ഉഭയകക്ഷി വ്യാപാരം 20 ബില്യണ്‍ യൂറോയായി ഉയര്‍ത്തുകയെന്ന സംയുക്ത ലക്ഷ്യം അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. വ്യാപാര വൈവിധ്യവല്‍ക്കരണത്തിന്റെയും നിക്ഷേപം വര്‍ധിപ്പിക്കേണ്ടതിന്റെയും ആവശ്യകതയും അവര്‍ ഊന്നിപ്പറഞ്ഞു.

സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീ പിയൂഷ് ഗോയല്‍ 2026 നവംബര്‍ 17ന് പ്രമുഖ ഇറ്റാലിയന്‍ കമ്പനികളായ വാല്‍ട്ടര്‍ ടോസ്‌റ്റോ S.p.A., നോര്‍ഡിമ്പിയാന്റി സിസ്റ്റം, എറ്റിടെക്, മഗല്‍ഡി ഗ്രൂപ്പ്, ബ്രേക്കോ ഗ്രൂപ്പ് എന്നിവയിലെ സി.ഇ.ഒമാരുമായും മുതിര്‍ന്ന നേതാക്കളുമായും പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തി. ഇന്ത്യയിലെ നിക്ഷേപം, ഉല്‍പ്പാദനം, സാങ്കേതിക പങ്കാളിത്തത്തിനുള്ള അവസരങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍ നടന്നത്

റോമില്‍ നടന്ന ഇന്ത്യ–ഇറ്റലി ബിസിനസ് & ഇന്നൊവേഷന്‍ ഫോറത്തിനെ മന്ത്രി അഭിസംബോധന ചെയ്തു. മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, വ്യവസായ സംഘടനകള്‍, ഇറ്റാലിയന്‍ കമ്പനികള്‍ എന്നിവര്‍ക്കൊപ്പം 12 സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ ഏകദേശം 80 ഇന്ത്യന്‍ ബിസിനസ് പ്രതിനിധികളും ഫോറത്തില്‍ പങ്കെടുത്തു. ഫോറത്തിന് മുന്നോടിയായി ഇറ്റലിയിലും വിശാലമായ യൂറോപ്യന്‍ വിപണിയിലും ഇന്ത്യന്‍ ബിസിനസുകള്‍ക്കുള്ള അവസരങ്ങളെക്കുറിച്ച് ശ്രീ ഗോയല്‍ ഇന്ത്യന്‍ ബിസിനസ് പ്രതിനിധികളുമായി ആശയവിനിമയം നടത്തി. ഇന്ത്യ–യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിലൂടെ ലഭ്യമാകുന്ന അവസരങ്ങളും ഇതില്‍ ഉള്‍പ്പെട്ടു.

രണ്ട് സമ്പദ്‌വ്യവസ്ഥകളുടെയും പരസ്പര പൂരകമായ ശക്തികളില്‍ നിന്ന് ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ കണ്ടെത്തുന്നതിനായി ഫോറത്തിന്റെ ഭാഗമായി മൂന്ന് മേഖലാതല യോഗങ്ങള്‍ സംഘടിപ്പിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍സ് & കെമിക്കല്‍സ് വിഭാഗത്തിലെ ചര്‍ച്ചയില്‍ ഔഷധനിര്‍മാണം, ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രിഡിയന്റ്‌സ് (APIs), സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, ബയോടെക്‌നോളജി, സംയുക്ത ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ പങ്കാളിത്ത അവസരങ്ങള്‍ കണ്ടെത്തി. വ്യാവസായിക യന്ത്രസാമഗ്രികളും കാര്‍ഷിക-ഭക്ഷ്യ മേഖലയും സംബന്ധിച്ച ചര്‍ച്ചയില്‍ ഓട്ടോമേഷന്‍, സാങ്കേതികവിദ്യ കൈമാറ്റം, ഭക്ഷ്യസംസ്‌കരണ യന്ത്രസാമഗ്രികള്‍, ശീതീകരണ ശൃംഖല അടിസ്ഥാനസൗകര്യം, പാക്കേജിങ് തുടങ്ങിയ മേഖലകളിലെ അവസരങ്ങള്‍ ചര്‍ച്ച ചെയ്തു. വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറയ്ക്കുകയും മൂല്യവര്‍ധന വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഓട്ടോമോട്ടീവ് ചര്‍ച്ചയില്‍ വൈദ്യുത വാഹനങ്ങള്‍, അടുത്ത തലമുറ ഗതാഗതം, ഘടകങ്ങള്‍, ഗവേഷണവും നൂതനാശയങ്ങളും, സുസ്ഥിര ഉല്‍പ്പാദനം എന്നീ മേഖലകളിലെ സഹകരണം പരിശോധിച്ചു. ചര്‍ച്ചകളെ കൃത്യമായ ബിസിനസ് ഫലങ്ങളാക്കി മാറ്റുന്നതിനുള്ള പ്രധാന മാര്‍ഗങ്ങളായി സംയുക്ത സംരംഭങ്ങള്‍, നിക്ഷേപ പങ്കാളിത്തങ്ങള്‍, സാങ്കേതികവിദ്യ പങ്കിടല്‍ എന്നിവയെയാണ് എല്ലാ ചര്‍ച്ചകളിലും പങ്കാളികള്‍ ഊന്നിപ്പറഞ്ഞത്.

ഇറ്റലിയുടെ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ സാമ്പത്തിക വളര്‍ച്ചയും കയറ്റുമതി പ്രോത്സാഹനവും സംബന്ധിച്ച ഡയറക്ടര്‍ ജനറല്‍ മൗറോ ബട്ടോച്ചി, ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡര്‍ ശ്രീമതി വാണി റാവു എന്നിവര്‍ ചേര്‍ന്നാണ് ഇന്നൊവേഷന്‍ ഫോറം ഉദ്ഘാടനം ചെയ്തത്. ഫോറത്തിലുടനീളം ശ്രീ പിയൂഷ് ഗോയല്‍ സജീവമായി പങ്കെടുത്തു. ഇന്ത്യന്‍, ഇറ്റാലിയന്‍ പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയും സുസ്ഥിരത, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനും സമന്വയത്തിനുമുള്ള സാധ്യതകള്‍ ഇരുപക്ഷവും പരിശോധിക്കണമെന്നു വ്യക്തമാക്കുകയും ചെയ്തു. ഇരു രാജ്യങ്ങളുടെയും നൂതനാശയ മേഖലയുടെ പരസ്പര പൂരകമായ ശക്തികളെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

പ്ലീനറി സെഷനില്‍ ബിസിനസ് സംഘടനകള്‍ ബിസിനസ് ഫോറത്തിന്റെ ഫലങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് അന്റോണിയോ തജാനിയും ശ്രീ പിയൂഷ് ഗോയലും പ്രഭാഷണം നടത്തി. ഇരു സമ്പദ്‌വ്യവസ്ഥകളുടെയും ശക്തമായ പരസ്പര പൂരകത സെഷനുകളില്‍ എടുത്തുപറയുകയും സാമ്പത്തിക പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെയും ഇറ്റലിയുടെയും സംയുക്ത പ്രതിജ്ഞാബദ്ധത വ്യക്തമാക്കുകയും ചെയ്തു.

ശ്രീ അന്റോണിയോ തജാനിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയില്‍, ഇരു മന്ത്രിമാരും ഉഭയകക്ഷി സാമ്പത്തിക-വാണിജ്യ ബന്ധങ്ങളുടെ എല്ലാ മേഖലകളും അവലോകനം ചെയ്യുകയും വ്യാപാരം, നിക്ഷേപം, വ്യവസായ സഹകരണം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. സുസ്ഥിരമായ ഇടപെടലിലൂടെയും കൂടുതല്‍ അടുത്ത ബിസിനസ് പങ്കാളിത്തങ്ങളിലൂടെയും ഇരു പ്രധാനമന്ത്രിമാരുടെയും കാഴ്ചപ്പാട് പ്രായോഗിക ഫലങ്ങളാക്കി മാറ്റാനുള്ള പ്രതിജ്ഞാബദ്ധത അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

സന്ദര്‍ശനം ഇന്ത്യ–ഇറ്റലി പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിന് കൂടുതല്‍ ആക്കം നല്‍കുകയും ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ബിസിനസ് സഹകരണം എന്നിവ വിപുലീകരിക്കാനുള്ള സംയുക്ത താല്പര്യം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു.
 
***
 

( റിലീസ് ഐ.ഡി: 2338814) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , Marathi , Nepali , Bengali , Bengali-TR , Gujarati , Tamil