ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ദക്ഷിണ്‍ 2026-ല്‍ ശബ്ദാധിഷ്ഠിത നിര്‍മിതബുദ്ധി (AI), ബഹുഭാഷാ ശേഷികള്‍ അവതരിപ്പിച്ച് ഭാഷിണി

പോസ്റ്റഡ് ഓണ്‍: 19 NOV 2026 11:38AM by PIB Thiruvananthpuram
കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന് (DIC) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി ഡിവിഷന്‍ (DIBD), 2026 നവംബര്‍ 17, 18 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ദ്വിദിന ഉന്നതതല നയസംവാദമായ ദക്ഷിണ്‍ ഡേ 2026-ല്‍ പങ്കെടുത്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ റിസര്‍ച്ച് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ ഡെവലപ്പിംഗ് കണ്‍ട്രീസ് (RIS) സംഘടിപ്പിച്ച ഈ പരിപാടി, ദക്ഷിണ-ദക്ഷിണ സഹകരണത്തിന്റെ പുതിയ മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യ, ആഫ്രിക്ക, മറ്റ് പങ്കാളി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നയരൂപീകരണ വിദഗ്ധര്‍, നയതന്ത്രജ്ഞര്‍, വിദഗ്ധര്‍, സ്ഥാപന പ്രതിനിധികള്‍ എന്നിവരെ ഒരുമിച്ചുകൊണ്ടുവന്നു.

പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന്റെയും ആദ്യദിന പരിപാടികളുടെയും ഭാഗമായി ഒരുക്കിയ പ്രദര്‍ശന സ്റ്റാളിലൂടെ ഭാഷിണി സാന്നിധ്യമറിയിച്ചു. ഭാഷിണിയുടെ ബഹുഭാഷാ ഭാഷാ-എ.ഐ ആവാസവ്യവസ്ഥ അവതരിപ്പിച്ച സ്റ്റാള്‍, നിര്‍മിതബുദ്ധി അധിഷ്ഠിത ഭാഷാ സാങ്കേതികവിദ്യകള്‍ക്ക് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ലഭ്യത സാധ്യമാക്കാനും പൊതുസേവന വിതരണം ശക്തിപ്പെടുത്താനും ഭാഷാപരമായ അതിരുകള്‍ക്കപ്പുറമുള്ള ആശയവിനിമയം സുഗമമാക്കാനും എങ്ങനെ കഴിയുമെന്ന് വ്യക്തമാക്കി.
 


 
ഭാഷിണി ടീം വിവിധ സാങ്കേതിക പ്രയോഗങ്ങളും തത്സമയ പ്രദര്‍ശനങ്ങളും അവതരിപ്പിച്ചു. ബഹുഭാഷാ വിവര്‍ത്തനം, സംഭാഷണം തിരിച്ചറിയല്‍, ശബ്ദരൂപീകരണം, ശബ്ദരേഖയെ എഴുത്തുരൂപത്തിലാക്കല്‍, ലിപ്യന്തരണം, ശബ്ദാധിഷ്ഠിത ആശയവിനിമയം എന്നിവയുള്‍പ്പെടെ പ്ലാറ്റ്ഫോമിന്റെ വിവിധ ശേഷികളെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഭരണനിര്‍വഹണം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ബാങ്കിംഗ്, നിയമസേവനങ്ങള്‍, പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന മറ്റ് മേഖലകള്‍ എന്നിവയില്‍ ഈ സാങ്കേതികവിദ്യകള്‍ക്കുള്ള  പ്രായോഗിക ഉപയോഗങ്ങളും പ്രദര്‍ശനം എടുത്തുകാട്ടി. ആളുകള്‍ക്ക് ഇഷ്ടമുള്ള ഭാഷകളില്‍ വിവരങ്ങളും ഡിജിറ്റല്‍ സേവനങ്ങളും കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഭാഷാ എ.ഐയ്ക്ക് എങ്ങനെ കഴിയുമെന്നും ഇതിലൂടെ വ്യക്തമാക്കി.
 


 
പ്രമുഖ വ്യക്തികള്‍, അന്താരാഷ്ട്ര പ്രതിനിധികള്‍, നയരൂപീകരണ വിദഗ്ധര്‍, മറ്റ് പങ്കാളികള്‍ എന്നിവരുമായി സംവദിക്കാനുള്ള അവസരവും പ്രദര്‍ശനം ഒരുക്കി. ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിലും സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലും ബഹുഭാഷാ എ.ഐയ്ക്കുള്ള സാധ്യതകള്‍ ഇത് ഉയര്‍ത്തിക്കാട്ടി. ദേശീയ അതിരുകള്‍ക്കപ്പുറത്തും വൈവിധ്യമാര്‍ന്ന ഭാഷാ സാഹചര്യങ്ങളിലും പ്രയോഗിക്കാവുന്ന ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യത്തിന്റെ (DPI) സുപ്രധാന ഘടകമെന്ന നിലയില്‍ ഭാഷാ എ.ഐയുടെ പങ്കും ഭാഷിണിയുടെ പ്രദര്‍ശനം വ്യക്തമാക്കി.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് ഭാഷിണി സ്റ്റാള്‍ സന്ദര്‍ശിച്ചത് പരിപാടിയിലെ പ്രധാന ആകര്‍ഷണമായി. മന്ത്രി സംഘവുമായി സംവദിക്കുകയും ഭാഷിണിയുടെ ബഹുഭാഷാ എ.ഐ ശേഷികളുടെ തത്സമയ പ്രദര്‍ശനങ്ങള്‍ വീക്ഷിക്കുകയും ചെയ്തു. തങ്ങള്‍ ഉപയോഗിച്ചിട്ടുള്ള മികച്ചതും പ്രയോജനപ്രദവുമായ പ്ലാറ്റ്ഫോമാണ് ഭാഷിണിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
 

 
ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി ഡിവിഷനെക്കുറിച്ച് (DIBD):

കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന് (DIC) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി ഡിവിഷന്‍ (DIBD), നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ബഹുഭാഷാ ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കല്‍ സാധ്യമാക്കുന്നതിനുള്ള ദേശീയ ആവാസവ്യവസ്ഥ വികസിപ്പിച്ചുവരികയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍, ഡെവലപ്പര്‍മാര്‍, ഗവേഷകര്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ക്ക് ബഹുഭാഷാ എ.ഐ ആപ്ലിക്കേഷനുകളും സേവനങ്ങളും വികസിപ്പിക്കാനും വിന്യസിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന ഭാഷാ കേന്ദ്രീകൃത ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യമാണ് ഭാഷിണി ഒരുക്കുന്നത്. 36 ഇന്ത്യന്‍ ഭാഷകളിലെ എഴുത്തുരൂപത്തിലുള്ള ഉള്ളടക്കവും 23 ഇന്ത്യന്‍ ഭാഷകളിലെ ശബ്ദവും 35 അന്താരാഷ്ട്ര ഭാഷകളും ഭാഷിണി പിന്തുണയ്ക്കുന്നു. സര്‍ക്കാര്‍ സേവനങ്ങളിലും പൊതുജനങ്ങള്‍ക്കായുള്ള ഡിജിറ്റല്‍ സേവനങ്ങളിലും ഭാഷാ സാങ്കേതികവിദ്യകള്‍ സംയോജിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. വിവര്‍ത്തനം, സംഭാഷണം തിരിച്ചറിയല്‍, ശബ്ദരൂപീകരണം, ലിപ്യന്തരണം തുടങ്ങി വിവിധ ഭാഷാ സേവനങ്ങള്‍ക്കുള്ള സാങ്കേതികവിദ്യകള്‍ ഭാഷിണിയുടെ സാങ്കേതിക സംവിധാനത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ഡിജിറ്റല്‍ വിവരങ്ങളും സേവനങ്ങളും ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുന്നു.
 
***

( റിലീസ് ഐ.ഡി: 2338393) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , Nepali , हिन्दी , Marathi , Kannada