പോസ്റ്റഡ് ഓണ്:
18 NOV 2026 6:40PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ഇന്ന്(2026 നവംബർ 18) ന്യൂഡൽഹിയിൽ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൻ്റെ (SRCC) ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ടെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവേ, രാഷ്ട്രപതി വ്യക്തമാക്കി.ഇന്ത്യയെ ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റുക എന്ന ദേശീയ ലക്ഷ്യം കൈവരിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിലൂടെ സാധിക്കുമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രതിഭാധനരായ വിദ്യാർത്ഥികളെ ആകർഷിക്കാൻ ഇത് വഴിയൊരുക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിൽ അഭൂതപൂർവമായ വളർച്ചയും, ഡിജിറ്റൽ പരിവർത്തനവും, സാമ്പത്തിക ഉൾച്ചേരലും സാമൂഹിക വികസനവും രാജ്യം കൈവരിച്ചു. സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷമാണ് നിലവിലുള്ളത്. വ്യവസായ സൗഹൃദ അന്തരീക്ഷം എന്നതിന് രാജ്യം വലിയ മുൻഗണന നൽകുന്നുണ്ട്.അതേസമയം, അർഹരായ ആരും ഒഴിവാക്കപ്പെടരുത് എന്ന സമീപനത്തോടെ ഫലപ്രദമായ ക്ഷേമപദ്ധതികളും നടപ്പിലാക്കി. സമീപ വർഷങ്ങളിൽ ഏകദേശം 50 കോടി ജനങ്ങൾ അതിദാരിദ്ര്യത്തിൽ നിന്ന് മോചിതരായി. അനിശ്ചിതത്വങ്ങളും സംഘർഷങ്ങളും നിറഞ്ഞ ആഗോള സാഹചര്യത്തിലെ നിരവധി വെല്ലുവിളികൾക്കിടയിലാണ് ഈ നേട്ടങ്ങൾ സാധ്യമായതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. നമ്മുടെ സമ്പദ്വ്യവസ്ഥയുടെ കരുത്തിനും വിജയത്തിനും സാക്ഷ്യം വഹിക്കാനും അതിൽ നിന്ന് പഠിക്കാനും കഴിയുന്നത് ഈ കോളേജിലെ വിദ്യാർത്ഥികളുടെ ഭാഗ്യമാണ്. രാജ്യത്തിൻ്റെ വികസന യാത്രയ്ക്ക് കൂടുതൽ വേഗം പകരാൻ അവർ ഈ അറിവ് പ്രയോജനപ്പെടുത്തുമെന്നും രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.

പുതിയ ഊർജ്ജവും കാഴ്ചപ്പാടും ഉപയോഗിച്ച് ഇന്ത്യ ആഗോളതലത്തിൽ അതിൻ്റെ സാമ്പത്തിക പങ്ക് വികസിപ്പിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിൻ്റെ വലിയ ലക്ഷ്യങ്ങളെ മുന്നോട്ട് നയിക്കുന്നത് നമ്മുടെ യുവജനങ്ങളാണ് .യുവതയുടെ എണ്ണം ലോകത്തിൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. എസ്.ആർ.സി.സി. പോലുള്ള കോളേജുകൾ തെളിയിക്കുന്നതുപോലെ, ലോകത്തിലെ ഏറ്റവും മികച്ച യുവപ്രതിഭകളുടെ നിരയും ഇന്ത്യയ്ക്കാണുള്ളതെന്നും രാഷ്ട്രപതി പറഞ്ഞു.

'ഇന്ത്യയുടേത്, ഇന്ത്യയാൽ, ഇന്ത്യയ്ക്കുവേണ്ടി' (Of India, by India, and for India) എന്ന സമീപനത്തിലൂടെ വേണം നമ്മുടെ യുവജനങ്ങൾ തങ്ങളുടെ അഭിലാഷങ്ങളെയും ഉത്തരവാദിത്തങ്ങളെയും നിർവചിക്കാനെന്ന് രാഷ്ട്രപതി പറഞ്ഞു. വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിൽ സമൂഹവും സ്ഥാപനങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നതിനെയാണ് 'ഇന്ത്യയാൽ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതിനാൽ സമൂഹത്തോടും രാജ്യത്തോടും അവർക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും രാഷ്ട്രപതി ഓർമ്മിപ്പിച്ചു.

പരീക്ഷകളിൽ എസ്.ആർ.സി.സി. വിദ്യാർത്ഥികൾ ഉയർന്ന മാർക്ക് നേടുന്നതിലും ഉന്നത വിജയം കരസ്ഥമാക്കുന്നതിലും രാഷ്ട്രപതി സന്തോഷം രേഖപ്പെടുത്തി. സമ്പത്തിൻ്റെ സൃഷ്ടി രാഷ്ട്രനിർമ്മാണത്തിലേക്ക് നയിക്കുമെന്ന് എസ്.ആർ.സി.സി. വിദ്യാർത്ഥികൾ തെളിയിക്കണമെന്ന് അവർ പറഞ്ഞു. സ്വന്തം വളർച്ചയ്ക്കൊപ്പം മറ്റുള്ളവർക്കും, പ്രത്യേകിച്ച് പിന്നാക്കം നിൽക്കുന്നവർക്കും അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്ക് കഴിയണം. മഹത്തായ ദേശീയ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ലോകോത്തര മികവ് കൈവരിക്കണമെന്നും, അത്യാധുനിക സാങ്കേതികവിദ്യകൾ ഉത്തരവാദിത്തത്തോടും സംവേദനക്ഷമതയോടും കൂടി ഉപയോഗിക്കണമെന്നും രാഷ്ട്രപതി നിർദ്ദേശിച്ചു. സഹാനുഭൂതി, ധാർമ്മികത, സദാചാരമൂല്യങ്ങൾ എന്നിവ മുറുകെപ്പിടിച്ചുകൊണ്ടായിരിക്കണം തൊഴിൽപരമായ മികവ് നേടേണ്ടത്. 2047-ഓടെ 'വികസിത ഇന്ത്യ' കെട്ടിപ്പടുക്കുന്നതിലും അതിനുശേഷമുള്ള രാജ്യത്തിൻ്റെ മഹത്തായ പ്രയാണത്തിലും എസ്.ആർ.സി.സി. കുടുംബാംഗങ്ങൾ തുടർന്നും സംഭാവനകൾ നൽകുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
***