പോസ്റ്റഡ് ഓണ്‍:
17 NOV 2026 12:59PM by PIB Thiruvananthpuram
തുർക്കിയയിലെ അന്റാലിയയിൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തോടനുബന്ധിച്ച് (COP-31) ചേര്‍ന്ന വ്യവസായ പ്രമുഖരുടെ വട്ടമേശ സമ്മേളനത്തിൽ 'വ്യാവസായിക പരിവര്‍ത്തനത്തിനായുള്ള നേതൃസമിതി'യുടെ മൂന്നാം ഘട്ടത്തിന് (LeadIT 3.0) കേന്ദ്ര പരിസ്ഥിതി-വനം കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഇന്ന് തുടക്കം കുറിച്ചു. ശ്രീ യാദവിന്റെയും സ്വീഡൻ കാലാവസ്ഥാ-സംരംഭകത്വ മന്ത്രാലയം സ്റ്റേറ്റ് സെക്രട്ടറി ശ്രീമതി ഹെലേന ഡിർസ്സന്റെയും സംയുക്ത അധ്യക്ഷതയിലായിരുന്നു വട്ടമേശ സമ്മേളനം. യു.എൻ കാലാവസ്ഥാ പ്രവർത്തന വിഭാഗം പ്രത്യേക ഉപദേഷ്ടാവും അസിസ്റ്റന്റ് സെക്രട്ടറി ജനറലുമായ ശ്രീ സെൽവിൻ ഹാർട്ടും ചടങ്ങിൽ പങ്കെടുത്തു.

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, അസ്ഥിര ഊർജ്ജ വിപണികൾ, പരസ്പരം മത്സരിക്കുന്ന വികസന മുൻഗണനകൾ എന്നിവ കാരണം അന്താരാഷ്ട്ര സഹകരണം കൂടുതൽ അനിവാര്യമായിരിക്കുകയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ യാദവ് വ്യക്തമാക്കി. പ്രത്യേകിച്ച് കാർബൺ ബഹിർഗമനം കുറയ്ക്കാൻ പ്രയാസമേറിയ വ്യാവസായിക മേഖലകളിൽ ഇത് ഏറെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിരവും കാർബൺ ബഹിർഗമനം കുറഞ്ഞതുമായ ഭാവിയിലേക്കുള്ള പ്രയാണത്തിനൊപ്പം ദാരിദ്ര്യ നിർമ്മാർജനം, ഊർജ്ജ ലഭ്യത, തൊഴിലവസര സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം എന്നീ ഇന്ത്യയുടെ മുൻഗണനകളും മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കാലാവസ്ഥാ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങൾ എടുത്തുപറഞ്ഞ മന്ത്രി 2005-നും 2022-നും ഇടയിൽ കാര്‍ബണ്‍ ബഹിർഗമന തീവ്രതയിൽ 37.38 ശതമാനം കുറവ് കൈവരിക്കാൻ രാജ്യത്തിന് സാധിച്ചതായി അറിയിച്ചു. കൂടാതെ നിശ്ചിത ലക്ഷ്യത്തിന് അഞ്ച് വർഷം മുൻപ് തന്നെ ഫോസിലിതര ഇന്ധനാധിഷ്ഠിത സ്ഥാപിത വൈദ്യുതോല്പാദന ശേഷി 50 ശതമാനത്തിലെത്തിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യയുടെ അധിക വനമേഖലാ കാർബൺ ആഗിരണ ശേഷി ഏകദേശം 2.44 ബില്യൺ ടൺ കാർബൺ ഡൈ ഓക്സൈഡിന് തുല്യമായി ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ സദസ്സ് കരഘോഷത്തോടെ അഭിനന്ദിക്കുകയും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ മറ്റ് രാജ്യങ്ങൾക്ക് മാര്‍ഗദര്‍ശകമാണ് ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. കാർബൺ ബഹിർഗമനം കുറയ്ക്കാൻ പ്രയാസമേറിയ മേഖലകളെ കാർബൺ വിമുക്തമാക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ ശ്രീ ഹാർട്ടും യൂറോപ്യൻ യൂണിയനും പ്രശംസിച്ചു.
2019-ൽ ഇന്ത്യയും സ്വീഡനും ചേർന്ന് 'ലീഡ് ഐ.ടി' ആരംഭിച്ചതിന് ശേഷം കൈവരിച്ച പുരോഗതി അനുസ്മരിച്ച ശ്രീ യാദവ് 'ഇന്ത്യ-സ്വീഡൻ വ്യാവസായിക പരിവര്‍ത്തന പങ്കാളിത്ത'ത്തിന് കീഴിൽ ഉരുക്ക്, സിമന്റ് മേഖലകളിലായി പതിനൊന്ന് പ്രാരംഭ പരീക്ഷണ പദ്ധതികൾക്ക് രണ്ടാം ഘട്ടം വഴിയൊരുക്കിയതായി അറിയിച്ചു. കാർബൺ ബഹിർഗമനം കുറഞ്ഞ ഭാരവാഹന ഗതാഗത മേഖലയിലേക്കും സഹകരണം വ്യാപിപ്പിച്ചിട്ടുണ്ട്. ഹൈഡ്രജൻ അധിഷ്ഠിത ഇരുമ്പ് നിർമ്മാണം, വ്യാവസായിക താപോർജ്ജത്തിന്റെ വൈദ്യുതീകരണം, കാർബൺ സംഭരണവും പുനരുപയോഗവും, സിമന്റ് നിർമ്മാണത്തിലെ ക്ലിങ്കർ ബദൽ സംവിധാനം, വ്യാവസായിക ചാക്രികത, സിമന്റ് ആവശ്യകത കുറയ്ക്കുന്നതിനുള്ള നിർമ്മിത ബുദ്ധി ഉപയോഗം എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. കാലാവസ്ഥാ നിക്ഷേപ നിധികള്‍ക്ക് കീഴിലെ ദക്ഷിണാഫ്രിക്കയുടെ നിക്ഷേപ പദ്ധതിക്കും, കുറഞ്ഞ കാർബൺ സിമന്റുമായി ബന്ധപ്പെട്ട എത്യോപ്യയുടെ പ്രവർത്തനങ്ങൾക്കും ലീഡ് ഐ.ടി പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ലീഡ് ഐ.ടിയിലെ അംഗത്വം 20 രാജ്യങ്ങളിലേക്കും 33 കമ്പനികളിലേക്കും വളർന്നതായി വ്യക്തമാക്കിയ മന്ത്രി, ഏറ്റവും പുതിയ അംഗരാജ്യമായി ബ്രസീലിനെ സ്വാഗതം ചെയ്തു. ഇത് ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ശബ്ദത്തിനും ദക്ഷിണമേഖലയുടെ പരസ്പര സഹകരണത്തിനുമുള്ള അവസരങ്ങൾക്ക് കരുത്തേകും. 2027–2030 കാലയളവിലേക്കുള്ള ലീഡ് ഐ.ടി 3.0 പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നതിൽ നിന്ന് വ്യാവസായിക പദ്ധതികൾ വിപുലീകരിക്കുന്നതിലേക്കും മൂലധനം സമാഹരിക്കുന്നതിലേക്കും വ്യക്തമായ ഫലങ്ങൾ നൽകുന്നതിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കും. വ്യാവസായിക പദ്ധതികളിലൂടെയുള്ള സാങ്കേതികവിദ്യാ വികസനവും വ്യാപനവും; പദ്ധതികളെ ധനസഹായവുമായി ബന്ധിപ്പിക്കുന്നതിനുള്ള മൂലധന സമാഹരണവും അപകടസാധ്യത കുറയ്ക്കലും; കാർബൺ വിപണികളും തൊഴിലാളികളുടെ പരിവർത്തനവും ഉൾപ്പെടെ ശേഷി വികസനവും നയപരമായ പിന്തുണയും എന്നിവയായിരിക്കും ഇതിന്റെ മൂന്ന് മുൻഗണനാ മേഖലകൾ. ഉരുക്ക്, സിമന്റ്, ഗതാഗതം എന്നിവ പ്രധാന മേഖലകളായി തുടരുമ്പോഴും പുതിയ മേഖലകൾക്കും സാങ്കേതികവിദ്യകൾക്കും ഈ വേദി തുറന്നിരിക്കും.

സാധ്യതാ പഠനങ്ങളിൽ നിന്ന് പരീക്ഷണ പദ്ധതികളിലേക്കും പ്രദർശനത്തിലേക്കും അവയുടെ വ്യാപനത്തിലേക്കും നീങ്ങേണ്ടതിന്റെ ആവശ്യകത വിശദീകരിച്ച ശ്രീ യാദവ് ഈ സംരംഭത്തിൽ പങ്കുചേരാനും വ്യാവസായിക പരിവർത്തന പ്രതിബദ്ധതകൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനും രാജ്യങ്ങളോടും കമ്പനികളോടും ആഹ്വാനം ചെയ്തു. 'നിർവഹണത്തിന്റെ COP' എന്ന് വിശേഷിപ്പിക്കപ്പെട്ട COP-31 സമ്മേളനത്തിലാണ് ലീഡ് ഐ.ടി മൂന്നാം ഘട്ടത്തിന് തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ മാറ്റം തൊഴിലാളികൾക്കും സമൂഹങ്ങൾക്കും വികസ്വര സമ്പദ്വ്യവസ്ഥകൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള വ്യാവസായിക പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ചാണ് മന്ത്രി പ്രസംഗം ഉപസംഹരിച്ചത്.
****