ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

കട്ടക്കിലെ ശ്രീ ശ്രീ സര്‍വകലാശാലയുടെ ഐക്കോണിക് ടവര്‍ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു; ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ആധുനിക വിദ്യാഭ്യാസ അഭിലാഷങ്ങളും ഒത്തുചേരുന്നതിന്റെ പ്രതീകമാണിതെന്ന് അദ്ദേഹം പറഞ്ഞു

പോസ്റ്റഡ് ഓണ്‍: 16 NOV 2026 3:03PM by PIB Thiruvananthpuram

ഒഡീഷയിലെ കട്ടക്കിലുള്ള ശ്രീ ശ്രീ സര്‍വകലാശാലയുടെ ഐക്കോണിക് ടവര്‍ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. ഒഡീഷ ഗവര്‍ണര്‍ ശ്രീ ബ്രജ് മോഹന്‍ റാം, ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹന്‍ ചരണ്‍ മാജി, ശ്രീ ശ്രീ സര്‍വകലാശാലയുടെ സ്ഥാപകനും ആജീവനാന്ത പ്രസിഡന്റുമായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


ഈ ഉദ്ഘാടനം കേവലം ഒരു കെട്ടിടത്തിന്റെ തുറന്നുകൊടുക്കല്‍ മാത്രമല്ലെന്നും അതിലുപരിയായി ഒരു ദര്‍ശനത്തിന്റെയും പ്രചോദനാത്മകമായ വിദ്യാഭ്യാസ തത്ത്വചിന്തയുടെയും ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പൈതൃകത്തിന്റെയും ഭാരതത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെയും ആഘോഷമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ഉപരാഷ്ട്രപതി പറഞ്ഞു.

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ ശ്രദ്ധേയമായ ദര്‍ശനത്തിന്റെ സാക്ഷാത്കാരമാണ് ശ്രീ ശ്രീ സര്‍വകലാശാലയെന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഗുരുദേവിന്റെ കാഴ്ചപ്പാട് പരമ്പരാഗത അക്കാദമിക് പഠനത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണെന്ന് പറഞ്ഞു. പൗരസ്ത്യ ജ്ഞാനത്തിന്റെയും പാശ്ചാത്യ വിജ്ഞാനത്തിന്റെയും സമന്വയമായി വിഭാവനം ചെയ്യപ്പെട്ട ഈ സര്‍വകലാശാല 2012-ലാണ് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഒരു വ്യക്തിയുടെ സ്വഭാവത്തെയും അവബോധത്തെയും അനുകമ്പയെയും പരിപോഷിപ്പിക്കുന്നതാകണം യഥാര്‍ത്ഥ വിദ്യാഭ്യാസം എന്ന അടിസ്ഥാന തത്ത്വചിന്തയിലൂന്നിയാണ് സര്‍വകലാശാല സ്ഥാപിതമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമകാലിക സാഹചര്യങ്ങളില്‍ ഈ ദര്‍ശനത്തിന്റെ പ്രസക്തി ഊന്നിപ്പറഞ്ഞ അദ്ദേഹം, അക്കാദമിക് വിജയം കൈവരിക്കാന്‍ മാത്രമല്ല, സമൂഹത്തിന് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കാനും ലോകത്തോട് ഉത്തരവാദിത്തമുള്ള പൗരന്മാരാകാനും യുവജനങ്ങളെ പ്രാപ്തരാക്കുന്നതായിരിക്കണം വിദ്യാഭ്യാസമെന്നും പറഞ്ഞു.

ശ്രീ ശ്രീ സര്‍വകലാശാലയെ ''ലോകത്തിലെ ഏറ്റവും സന്തോഷകരമായ കാമ്പസ്'' എന്ന് വിശേഷിപ്പിക്കുന്നതില്‍ ഉപരാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. സന്തോഷം എന്നത് മുഴുവന്‍ മനുഷ്യരാശിയും ആഗ്രഹിക്കുന്ന ഒന്നാണെന്നും അത് ഇന്ത്യയുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ആഴത്തില്‍ വേരൂന്നിയതാണെന്നും അദ്ദേഹം പറഞ്ഞു. കാലാതീതമായ ഇത്തരം സാംസ്‌കാരിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍വകലാശാല നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഒഡീഷയുടെ സമ്പന്നമായ വാസ്തുവിദ്യാ-സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, സംസ്ഥാനത്തെ വാസ്തുവിദ്യ എക്കാലവും ഭൗതിക നിര്‍മ്മിതികളുടെ നിര്‍മ്മാണത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് പറഞ്ഞു. കലാപരമായ മികവിന്റെയും ശാസ്ത്രീയ ജ്ഞാനത്തിന്റെയും ആത്മീയതയുടെയും സാംസ്‌കാരിക പാരമ്പര്യത്തിന്റെ തുടര്‍ച്ചയുടെയും ശാശ്വത പ്രതീകങ്ങളാണ്  ഒഡീഷയിലെ ക്ഷേത്രങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുരിയിലെ  പുണ്യപുരാതനമായ ശ്രീ ജഗന്നാഥ ക്ഷേത്രം, ഭുവനേശ്വറിലെ ക്ഷേത്രങ്ങള്‍, പ്രൗഢിയേറിയ കൊണാര്‍ക്ക് ക്ഷേത്രം എന്നിവയെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, ഇന്ത്യയുടെ നാഗരികതയുടെ അസാധാരണമായ സര്‍ഗ്ഗാത്മക വൈഭവത്തിന് കലിംഗ വാസ്തുവിദ്യാ പാരമ്പര്യം സാക്ഷ്യം വഹിക്കുന്നുവെന്നും പറഞ്ഞു.

ഈ സമ്പന്നമായ പൈതൃകത്തില്‍നിന്നാണ് ഐക്കോണിക് ടവര്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നതെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ടവറിന്റെ മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന ഘടന അറിവിന്റെ അടിത്തറയില്‍ നിന്ന് ജ്ഞാനത്തിന്റെയും പ്രബുദ്ധതയുടെയും ഉന്നതികളിലേക്കുള്ള മനുഷ്യന്റെ അഭിലാഷങ്ങളുടെ യാത്രയെയാണ് പ്രതീകവല്‍ക്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിശാലമായ ദേശീയ അഭിലാഷങ്ങളെക്കുറിച്ച് പരാമര്‍ശിക്കവേ, സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആത്മവിശ്വാസത്തോടും കാര്യക്ഷമതയോടും ആഗോള നേതൃനിരയില്‍ നിന്നുകൊണ്ടും ആഘോഷിക്കുന്ന വികസിത ഇന്ത്യ വിഭാവനം ചെയ്യുന്ന 'വികസിത ഭാരതം @2047' എന്ന പ്രചോദനാത്മകമായ ദര്‍ശനം  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് നല്‍കിയിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഈ ദേശീയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പരിവര്‍ത്തനാത്മകമായ പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായ പുരോഗതി എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, രാജ്യത്തെ സര്‍വകലാശാലകളുടെ എണ്ണം 2014-15-ലെ 760-ല്‍ നിന്ന് ഇന്ന് 1,400-ലധികമായി ഉയര്‍ന്നതായി പറഞ്ഞു. 2014-ന് മുമ്പ് 16 ആയിരുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളുടെ (ഐ.ഐ.ടി) എണ്ണം 23 ആയും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളുടെ (ഐ.ഐ.എം) എണ്ണം 13-ല്‍ നിന്ന് 22 ആയും ഉയര്‍ന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെ, 2014-ന് മുമ്പ് 7 ആയിരുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) എണ്ണം 20 ആയി വര്‍ദ്ധിച്ചതായും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി പ്രവേശനം 2014-15-ലെ 3.42 കോടിയില്‍ നിന്ന് 4.50 കോടിയിലധികമായി ഉയര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.

ഒഡീഷയിലെ ഗണ്യമായ ഗോത്രവര്‍ഗ്ഗ ജനസംഖ്യയെക്കുറിച്ച് പരാമര്‍ശിച്ച ഉപരാഷ്ട്രപതി, ഗോത്രവിഭാഗങ്ങളിലെ കുട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നത് തടയാനും ഉന്നതപഠനത്തിന് അവരെ പ്രോത്സാഹിപ്പിക്കാനും സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളോട് സ്‌കൂള്‍ കണക്ട് പരിപാടികള്‍ ആരംഭിക്കണമെന്ന് ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വത്തിന്റെയും ദേശീയ ശക്തിയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ  ഉപരാഷ്ട്രപതി, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഭാരതത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും സുപ്രധാന പങ്കുണ്ടെന്ന് പറഞ്ഞു. ആര്‍ക്കും തങ്ങളുടെ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയാത്തവിധം ശക്തവും പ്രാപ്തവുമായ രാഷ്ട്രമായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സ്വാതന്ത്ര്യവും അന്തസ്സും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ ദേശീയ ശക്തിക്കുള്ള പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

ഒരു വ്യക്തിയുടെ യഥാര്‍ത്ഥ ഔന്നത്യം അളക്കുന്നത് അറിവിന്റെ ആഴം, സ്വഭാവത്തിന്റെ ദൃഢത, അനുകമ്പയുടെ വിശാലത എന്നിവയിലൂടെയാണെന്ന് വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ച ഉപരാഷ്ട്രപതി, ചിന്തകളിലും പ്രവൃത്തികളിലും എപ്പോഴും ''രാഷ്ട്രം ആദ്യം - രാഷ്ട്ര പ്രഥം'' എന്ന മൂല്യം ഉയര്‍ത്തിപ്പിടിക്കാനും ''ലഹരിയോട് നോ പറയാനും'' ആഹ്വാനം ചെയ്തു.

ഐക്കോണിക് ടവര്‍ പ്രതിനിധീകരിക്കുന്ന ആദര്‍ശങ്ങളോടുള്ള പ്രതിബദ്ധത പുതുക്കാന്‍ സര്‍വകലാശാലാ സമൂഹത്തോട് ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി, അറിവ് അടിത്തറയും, ജ്ഞാനം വഴികാട്ടിയും, നൂതനാശയങ്ങള്‍ ഉപകരണവും, അനുകമ്പ ശക്തിയും, സേവനം  ആത്യന്തിക ലക്ഷ്യവുമായിരിക്കണമെന്ന് പറഞ്ഞു. പഠനത്തിന്റെ ദീപസ്തംഭമായും അഭിലാഷങ്ങളുടെ സ്മാരകമായും ഒഡീഷയുടെ കാലാതീതമായ ചൈതന്യത്തിന്റെ ആഘോഷമായും ഈ ടവര്‍ തലമുറകളോളം നിലകൊള്ളുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആത്മവിശ്വാസവും സമൃദ്ധിയും അനുകമ്പയും നിറഞ്ഞ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ സംഭാവന നല്‍കാന്‍ വരുംതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയ ജിജ്ഞാസ, കണ്ടെത്തലുകള്‍, നൂതനാശയങ്ങള്‍ എന്നിവയുടെ ചൈതന്യം പ്രതിഫലിപ്പിക്കുന്ന ശ്രീ ശ്രീ സര്‍വകലാശാലയുടെ പുതുതായി ഉദ്ഘാടനം ചെയ്ത ഐക്കോണിക് ടവറിലുള്ള അത്യാധുനിക പ്ലാനറ്റോറിയവും ഉപരാഷ്ട്രപതി സന്ദര്‍ശിച്ചു.

 

***


( റിലീസ് ഐ.ഡി: 2337066) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Gujarati , Odia , Tamil , Telugu