പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കിസാൻ തക് ഭാരത് കാർഷിക സമ്മേളനം 2026 ൽ പങ്കെടുത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


കാർഷിക വികസനം, മികച്ച കൃഷി, കർഷക ശാക്തീകരണം എന്നിവയാണ് ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് പ്രധാനം: പ്രധാനമന്ത്രി

പിഎം-കുസും പദ്ധതിയുടെ സൗരോർജ്ജ വിപ്ലവം രാജ്യത്തെ അന്നദാതാക്കളെ ഊർജദാതാക്കളാക്കി മാറ്റി: പ്രധാനമന്ത്രി

'ലാബിൽ നിന്ന് ഭൂമിയിലേക്ക്' എന്ന ആശയവുമായി ഞങ്ങൾ മുന്നോട്ട് പോകുന്നു: പ്രധാനമന്ത്രി

ഗ്രാമത്തിൽ നൂതന സാങ്കേതികവിദ്യ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് നമോ ഡ്രോൺ ദിദികൾ തെളിയിക്കുന്നു: പ്രധാനമന്ത്രി

കാർഷിക എഞ്ചിനീയറിംഗ് മുതൽ കാർഷിക സ്റ്റാർട്ടപ്പുകൾ വരെ എല്ലാത്തിലും ഇന്ത്യ വളർച്ചയുടെ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. കാർഷിക സംരംഭകരാകാൻ കർഷകരെ ശാക്തീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 12 NOV 2026 10:47PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കിസാൻ തക് ഭാരത് കാർഷിക സമ്മേളനം 2026 ൽ പങ്കെടുത്തു. കാർഷിക ശാസ്ത്രജ്ഞർ, കാർഷിക സംരംഭകർ, രാജ്യത്തുടനീളമുള്ള കർഷകർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ശുചിത്വ കാമ്പെയ്‌നിൽ ആവേശത്തോടെ പങ്കെടുത്തതിനും ഈ നൂതന കിസാൻ മേള സംഘടിപ്പിക്കുന്നതിനായി രണ്ട് മുഴുവൻ ദിവസങ്ങൾ നീക്കിവച്ചതിനും പ്രധാനമന്ത്രി മാധ്യമ ഗ്രൂപ്പിനെ അഭിനന്ദിച്ചു.

ദീപാവലി കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഉത്സവാന്തരീക്ഷത്തിലാണ് സമ്മേളനം നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ബിഹു, പൊങ്കൽ, ഓണം, ബൈശാഖി, സർഹുൽ, പോള തുടങ്ങിയ പ്രധാന ഇന്ത്യൻ ഉത്സവങ്ങൾ കൃഷിയുമായി അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. "കൃഷിയും കാർഷികവൃത്തിയും നമ്മുടെ സംസ്കാരവും പാരമ്പര്യവും സാമൂഹിക ജീവിതത്തിന്റെ അടിത്തറയുമാണ്," പ്രധാനമന്ത്രി മോദി പറഞ്ഞു.

കൃഷി ഒരു പ്രാഥമിക സ്തംഭമായി വർത്തിക്കുന്ന ഒരു വികസിത ഭാരതത്തിന് ആവശ്യമായ ദേശീയ ശക്തിയുടെ ഏഴ് ധാരകളെ (സപ്തധാര) കുറിച്ചുള്ള തന്റെ ചെങ്കോട്ട പ്രസംഗം അനുസ്മരിച്ചുകൊണ്ട്, ദേശീയ വികസനം നേരിട്ട് കാർഷിക നവീകരണത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ അത്തരം കർഷക സമ്മേളനങ്ങളുടെ പ്രാധാന്യം പലമടങ്ങ് വർദ്ധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "കൃഷി വികസിപ്പിക്കാതെ, കൃഷിയെ കൂടുതൽ മികച്ചതാക്കാതെ, കർഷകനെ ശാക്തീകരിക്കാതെ വികസിത ഭാരതത്തിന്റെ നിർമ്മാണം സാധ്യമല്ല," ശ്രീ മോദി തറപ്പിച്ചു പറഞ്ഞു.

ചെറുകിട കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഇടയിലുള്ള ഗ്രാമീണ ദാരിദ്ര്യത്തിൽ ഗണ്യമായ കുറവുണ്ടായതോടെ, വെറും 12 മുതൽ 13 വർഷം കൊണ്ട് 50 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് വ്യാപകമായി ചർച്ച ചെയ്യപ്പെട്ട ലോകബാങ്ക് പഠനത്തിലൂടെ കാർഷിക വളർച്ചയും ദേശീയ പുരോഗതിയും തമ്മിലുള്ള അടുത്ത ബന്ധം ചിത്രീകരിച്ചുകൊണ്ട്, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ ദശകത്തിൽ ഇന്ത്യയുടെ കാർഷിക മേഖല ശരാശരി 4 ശതമാനത്തിന് മുകളിൽ വളർച്ച കൈവരിച്ച ഈ കാലഘട്ടം ചേർന്നു നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

കർഷകരും കാർഷിക വിദഗ്ധരും തുടർച്ചയായ നയങ്ങളുടെയും രീതിശാസ്ത്ര പരിണാമത്തിന്റെയും ആവശ്യകത മനസ്സിലാക്കുന്നുണ്ടെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ആഗോള വിപണികൾ, ഭക്ഷണ ശീലങ്ങൾ, കാലാവസ്ഥാ രീതികൾ, സാങ്കേതികവിദ്യകൾ എന്നിവ കാലക്രമേണ വികസിച്ചതോടെ കർഷകരെ പുതുതായി ശാക്തീകരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. “ഭക്ഷ്യധാന്യങ്ങളുടെ സംഭരണശാലകൾ നിറയ്ക്കുന്നത് മാത്രം പോര,” എന്ന് ശ്രീ മോദി തറപ്പിച്ചു പറഞ്ഞു.

ആഗോള കാർഷിക മാറ്റത്തിന്റെ വേഗതയുമായി പൊരുത്തപ്പെടുന്നതിനും വാർഷിക കാർഷിക കയറ്റുമതി 4 ലക്ഷം കോടി രൂപ കവിയുന്നതിലൂടെ കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനും കഴിഞ്ഞ ദശകത്തിൽ സ്വീകരിച്ച നടപടികൾ എടുത്തുകാണിച്ചുകൊണ്ട്, പാൽ, പയർവർഗ്ഗങ്ങൾ, ചണം, അരി, തിന എന്നിവയുടെ ഉൽപാദനത്തിൽ ഇന്ത്യ ഇപ്പോൾ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തും ഗോതമ്പ്, പരുത്തി, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം എന്നിവയുടെ ഉൽപാദനത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തുമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇവ വെറും ചില കണക്കുകളല്ല, ഇന്ത്യയിലെ കർഷകരുടെ ശേഷി എത്രത്തോളം വർദ്ധിച്ചുവെന്ന് അവ കാണിക്കുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.

കർഷക അഭിവൃദ്ധിക്ക് ഗോതമ്പ്, അരി, കരിമ്പ് എന്നിവയെ പരമ്പരാഗതമായി ആശ്രയിക്കുന്നതിനപ്പുറത്തേക്ക് നീങ്ങേണ്ടതുണ്ടെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, വിള വൈവിധ്യവൽക്കരണവും അനുബന്ധ കാർഷിക പ്രവർത്തനങ്ങളും ​ഗവൺമെന്റ് സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞു.

ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യധാന്യ സ്വയംപര്യാപ്തത കൈവരിച്ചതും ധവള വിപ്ലവത്തിലൂടെ ലോകത്തിലെ ഏറ്റവും മികച്ച പാൽ ഉൽപ്പാദക രാഷ്ട്രമായി മാറിയതുമായ ഇന്ത്യയുടെ കാർഷിക പാത ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ ദശകത്തിൽ ഒന്നിലധികം മേഖലകളിലായി ഉണ്ടായ ദ്രുതഗതിയിലുള്ള വളർച്ചയെക്കുറിച്ച് വിശദീകരിച്ചു. പാൽ ഉൽപാദനത്തിൽ ഏകദേശം 70 ശതമാനത്തിന്റെ വർധന, മുട്ട ഉൽപാദനത്തിൽ ഏകദേശം 90 ശതമാനത്തിന്റെ വർധന, നീല വിപ്ലവത്തിന് കീഴിൽ മത്സ്യ ഉൽപാദനത്തിൽ ഇരട്ടിയിലധികമായ വർദ്ധനവ്, മധുര വിപ്ലവത്തിന് കീഴിൽ തേൻ ഉൽപാദനത്തിൽ ഏകദേശം 80,000 ടണ്ണിൽ നിന്ന് 1.5 ലക്ഷം ടണ്ണിലേക്കുളള കുതിച്ചുചാട്ടം, ഹോർട്ടികൾച്ചർ(ഉദ്യാനകൃഷി) ഉൽപ്പാദനം 280 ദശലക്ഷം ടണ്ണിൽ നിന്ന് 350 ദശലക്ഷം ടണ്ണായി ഉയർന്നത് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. “ഈ യാത്ര ഇപ്പോൾ വളരെ ഗംഭീരമായ രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് കാണിക്കുന്ന കണക്കുകളാണ് ഇന്ന് ഞാൻ നിങ്ങൾക്ക് നൽകിയത്,” പ്രധാനമന്ത്രി മോദി പറഞ്ഞു.

സമഗ്രമായ ഒരു ദർശനത്തിന് കീഴിൽ ഈ വൈവിധ്യമാർന്ന കാർഷിക വിപ്ലവങ്ങളെ സംയോജിപ്പിക്കുന്നത് ഭാവിയിലെ കൃഷിക്ക് അത്യാവശ്യമായ ഒന്നിലധികം വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുന്നുവെന്ന് വിശദീകരിച്ചുകൊണ്ട്, പ്രധാനമന്ത്രി കുസും യോജനയ്ക്ക് കീഴിലുള്ള സൗരോർജ്ജ വിപ്ലവം ശ്രദ്ധയിൽപ്പെടുത്തി. വൈദ്യുതി ബില്ലുകൾ കുറയ്ക്കുന്നതിനും കർഷകർക്ക് അവരുടെ വയലുകളിൽ സൗരോർജ്ജം ഉൽപ്പാദിപ്പിച്ച് വരുമാനം നേടാൻ പ്രാപ്തമാക്കുന്നതിനും ഏകദേശം 12 ലക്ഷം സോളാർ പമ്പുകൾ നൽകിയിട്ടുണ്ട്. "ഈ വിപ്ലവം രാജ്യത്തെ അന്നദാതാവിനെ ഒരു ഊർജദാതാവാക്കി മാറ്റി, കൃഷിയിലെ ഉൽപ്പാദനത്തോടൊപ്പം, ഉൽപ്പാദനക്ഷമതയിലും കർഷകന്റെ ലാഭത്തിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

ഒരു ഗവൺമെന്റിന്റെ തലവനായി 25 വർഷം പൂർത്തിയാക്കിയതിനെയും ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ മഹത്തായ കൃഷി മഹോത്സവങ്ങളിലൂടെ കൃഷി ആധുനികവൽക്കരിക്കുന്നതിനുള്ള തന്റെ നിരന്തരമായ ശ്രമങ്ങളെയും അനുസ്മരിച്ചുകൊണ്ട്, നൂറുകണക്കിന് കാർഷിക ശാസ്ത്രജ്ഞരും വിദഗ്ധരും 40 മുതൽ 45 ഡിഗ്രി വരെ താപനിലയിൽ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് കൃഷിയിടങ്ങളിലെ മണ്ണ് പരിശോധിക്കുകയും ജലലഭ്യത വിലയിരുത്തുകയും അനുയോജ്യമായ വിളകളെയും രീതികളെയും കുറിച്ച് കൃഷിക്കാർക്ക് ഉപദേശം നൽകുകയും ചെയ്തതെങ്ങനെയെന്ന് പ്രധാനമന്ത്രി വിവരിച്ചു. "ലാബ് ടു ലാൻഡ്" എന്ന ആശയവുമായി ഞങ്ങൾ മുന്നോട്ട് പോയി, ശാസ്ത്രജ്ഞരുടെ ലാബുകളിൽ  നിന്ന് കൃഷിക്കാരുടെ വയലുകളിലേക്ക് നേരിട്ട് അറിവ് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തി, ഗുജറാത്തിലെ കർഷകർക്ക് ഇതിൽ നിന്ന് വലിയ നേട്ടം ലഭിച്ചു," പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.

ഗുജറാത്തിലെ തന്റെ ഭരണപരിചയം ദേശീയ തലത്തിൽ വിലമതിക്കാനാവാത്തതാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയിലുടനീളമുള്ള മണ്ണ് പരിശോധനാ ലാബുകളുടെ എണ്ണം 2014 ൽ ഏതാനും നൂറുകണക്കിന് ആയിരുന്നത് ഇന്ന് 8,400 ൽ അധികമായെന്നും 725 ലധികം കൃഷി വിജ്ഞാന കേന്ദ്രങ്ങൾക്കൊപ്പം കന്നുകാലികളുടെ ആരോഗ്യത്തിനും മുൻഗണന നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. "കന്നുകാലികളെ കുളമ്പുരോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി, 8 കോടിയിലധികം കർഷകരുടെ കന്നുകാലികൾക്ക് സൗജന്യ വാക്സിനുകൾ നൽകിയിട്ടുണ്ട്," ശ്രീ മോദി പറഞ്ഞു.

ഗ്രാമീണ ഇന്ത്യയ്ക്ക് നൂതന സാങ്കേതികവിദ്യ സ്വീകരിക്കാൻ കഴിയില്ല എന്ന കാലഹരണപ്പെട്ട മനോഭാവത്തെ വെല്ലുവിളിച്ചുകൊണ്ട്, വളങ്ങളും കീടനാശിനികളും തളിക്കാൻ ഡ്രോണുകൾ വിദഗ്ധമായി പ്രവർത്തിപ്പിച്ചുകൊണ്ട് നമോ ഡ്രോൺ ദിദികൾ സംശയാലുക്കളുടെ വാദം തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ഇപ്പോൾ അതിന്റെ ഉപയോഗത്തിന്റെ വ്യാപ്തിയും വിപുലീകരിക്കപ്പെടുന്നു," പ്രധാനമന്ത്രി മോദി നിരീക്ഷിച്ചു.

ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും യുവാക്കളും ചേർന്ന് ചെലവ് കുറഞ്ഞ വിതയ്ക്കൽ, വിളവെടുപ്പ് യന്ത്രങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം, ഏറ്റവും ചെറിയ കൃഷിക്കാർക്ക് പോലും കൃത്യമായ ഡാറ്റ നൽകുന്നതും താങ്ങാനാവുന്ന വിലയുമുള്ള, സെൻസർ അധിഷ്ഠിതവും AI- സജ്ജീകരിച്ചതുമായ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിലൂടെ ഇന്ത്യൻ കാർഷിക മേഖലയിൽ എഞ്ചിനീയറിംഗിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്ക് പ്രധാനമന്ത്രി എടുത്തുകാട്ടി.  അ​ഗ്രി-എഞ്ചിനീയറിംഗ്, അ​ഗ്രി-സ്റ്റാർട്ടപ്പുകൾ എന്നിവയുടെ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ആവാസവ്യവസ്ഥയിലൂടെയാണ് ഇത് സാധ്യമാകുന്നത്.  കാർഷിക തലത്തിലെ മൂല്യവർദ്ധനവിലേക്കുള്ള മുന്നേറ്റത്തിനും അന്നദാതകളെ കാർഷിക സംരംഭകരാക്കി മാറ്റുന്നതിനുമുള്ള പ്രോത്സാഹനവും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "സമീപ വർഷങ്ങളിൽ, ​ഗവൺമെന്റുമായി ചേർന്ന് ചെറുകിട കർഷകർ 10,000 എഫ്‌പി‌ഒകളുടെ ഒരു വലിയ ശൃംഖല നിർമ്മിച്ചിട്ടുണ്ട്, ഇത് ചെറുകിട കർഷകരുടെ ഗ്രൂപ്പുകളെ മൂല്യ സ്രഷ്ടാക്കളാക്കി മാറ്റുകയും അവരെ ഭക്ഷ്യ സംസ്കരണ, കയറ്റുമതി വിപണികളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു," ശ്രീ മോദി പറഞ്ഞു.

കൃഷി കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ​ഗവൺമെന്റിന്റെ വ്യക്തമായ നയവും ഉദ്ദേശ്യവും എന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇറാനിലും ഗൾഫ് മേഖലയിലും നടന്നുകൊണ്ടിരിക്കുന്ന യുദ്ധം മൂലമുണ്ടായ അന്താരാഷ്ട്ര വിലയിലെ കുതിച്ചുചാട്ടങ്ങൾക്കിടയിലും താങ്ങാനാവുന്ന വിലയിൽ വളങ്ങൾ നൽകുന്നതിനായി കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യ 16 ലക്ഷം കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. “5,000 രൂപ വിലയുള്ള ഒരു ബാഗ് ഡിഎപി വളം 1,300 രൂപയ്ക്കും അന്താരാഷ്ട്ര വിപണിയിൽ 3,000 രൂപ വിലയുള്ള ഒരു ബാഗ് യൂറിയ 300 രൂപയിൽ താഴെ വിലയ്ക്കും ഇന്ത്യയിലെ കർഷകർക്ക് ലഭ്യമാക്കുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.

പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 122 ഡോളറായി ആഴ്ചകൾക്കുള്ളിൽ ഉയർന്നപ്പോൾ, ഡീസൽ വില ലിറ്ററിന് 50 രൂപയെങ്കിലും വർധിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയപ്പോൾ, അയൽ രാജ്യങ്ങൾ ഇന്ധന വില 40 മുതൽ 50 ശതമാനം വരെ ഉയർത്തിയപ്പോൾ, ​ഗവൺമെന്റ് കർഷകരെ എങ്ങനെ സംരക്ഷിച്ചു എന്നതിനെക്കുറിച്ചുള്ള ഒരു എക്സ്ക്ലൂസീവ് വെളിപ്പെടുത്തൽ പങ്കുവെച്ചുകൊണ്ട്, അന്താരാഷ്ട്ര വിപണിയിലെ ആഘാതം പൗരന്മാർക്കും കർഷകർക്കും മേൽ ചുമത്താൻ ​ഗവൺമെന്റ് വിസമ്മതിച്ചുവെന്നും, ഡീസൽ ലിറ്ററിന് വെറും 7 രൂപ മാത്രം വർദ്ധിപ്പിച്ചും, ലിറ്ററിന് 43 രൂപ ​ഗവൺമെന്റ് സ്വയം ഏറ്റെടുത്തതായും ഇതിലൂടെ  പ്രതിമാസം 14,000 കോടി രൂപ ചെലവാണ് ഇതുവരെ ഉണ്ടായതെന്നും പ്രധാനമന്ത്രി പറഞ്ഞു.  "രാജ്യത്തെ കർഷകരുടെ താൽപ്പര്യം പരമപ്രധാനമായിരിക്കുകയും നാഗരിക ദേവോ ഭവ എന്ന മനോഭാവം ഉണ്ടാകുകയും ചെയ്യുമ്പോഴാണ്, അത്തരം സംവേദനക്ഷമമായ തീരുമാനങ്ങൾ എടുക്കുന്നത്," ശ്രീ മോദി സ്ഥിരീകരിച്ചു.

സമീപ വർഷങ്ങളിലെ ഇന്ത്യൻ കർഷകരുടെ മഹത്തായ നേട്ടങ്ങളെ പ്രശംസിച്ചും, സമൃദ്ധമായ കർഷകർ, അഭിവൃദ്ധി പ്രാപിക്കുന്ന ഗ്രാമങ്ങൾ, ആധുനികവും ലാഭകരവുമായ കൃഷി എന്നിവയുള്ള ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ നടത്തണമെന്ന് ആഹ്വാനം ചെയ്തും, കോൺക്ലേവിലെ ചർച്ചകൾ രാജ്യത്തിന് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഇവിടെ നിന്ന് ഉയർന്നുവന്ന മികച്ച നിർദ്ദേശങ്ങൾക്കും പരിഹാരങ്ങൾക്കും അനുസൃതമായി ഗവൺമെന്റും പ്രവർത്തിക്കും," ശ്രീ മോദി വ്യക്തമാക്കി.

***

SK


( റിലീസ് ഐ.ഡി: 2336937) സന്ദര്‍ശക കൗണ്ടര്‍ : 13