വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

സ്റ്റോറീസ് വിത്തൗട്ട് ബോർഡേഴ്സ്’ എന്ന പ്രമേയത്തിൽ ഗോവയിൽ നടക്കുന്ന 2026-ലെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI 2026) ലോകസിനിമയുടെ സംഗമവേദിയാകും

‘സ്റ്റോറീസ് വിത്തൗട്ട് ബോർഡേഴ്സ്’ (അതിരുകളില്ലാത്ത കഥകൾ) എന്ന പ്രമേയത്തിൽ 2026 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരെയും സിനിമാപ്രേമികളെയും സർഗ്ഗാത്മക പ്രതിഭകളെയും ഒരുമിച്ചുകൊണ്ടുവരും. മേളയുടെ വർദ്ധിച്ചുവരുന്ന ആഗോള സ്വാധീനം പ്രതിഫലിപ്പിച്ചുകൊണ്ട്, 137 രാജ്യങ്ങളിൽ നിന്നായി 1,900-ലധികം സിനിമകളുടെ എൻട്രികളാണ് ലഭിച്ചിട്ടുള്ളത്. 86 രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം അന്താരാഷ്ട്ര സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. സാംസ്കാരിക വിനിമയത്തിനും വൈവിധ്യമാർന്ന കഥാവിഷ്കാരങ്ങൾക്കും മികച്ച ചലച്ചിത്രാനുഭവങ്ങൾക്കുമുള്ള ഊർജ്ജസ്വലമായ വേദിയാകും മേള.

ഗോവയിലെ താജ് സിഡാഡെ ഡി ഗോവ ഹൊറൈസൺ ഹോട്ടലിൽ നടന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (IFFI 2026)  മുന്നോടിയായുള്ള വാർത്താസമ്മേളനം ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സിനിമയെയും അന്താരാഷ്ട്ര സിനിമയെയും ആഘോഷിക്കുന്ന മേളയുടെ വിപുലമായ പരിപാടികളുടെ വിശദാംശങ്ങൾ അദ്ദേഹം പങ്കുവെച്ചു. IFFI - യുമായുള്ള ഗോവയുടെ ബന്ധത്തിൽ അഭിമാനം പ്രകടിപ്പിച്ച അദ്ദേഹം, മേള സംസ്ഥാനത്തിൻ്റെ സാംസ്കാരിക സ്വത്വത്തിൻ്റെയും വാർഷിക പരിപാടികളുടെയും അവിഭാജ്യ ഘടകമാണെന്ന് വിശേഷിപ്പിച്ചു. പ്രദർശന വേദികൾ, ഗതാഗത സൗകര്യങ്ങൾ,  താമസ-ആതിഥേയ സൗകര്യങ്ങൾ, മറ്റ് പൊതുസൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതുൾപ്പെടെ, ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതിനായി ഗോവ ഗവണ്മെൻ്റ്  നടത്തുന്ന മുന്നൊരുക്കങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവ (ESG) വൈസ് ചെയർപേഴ്സൺ ശ്രീമതി ദെലീല എം.ലോബോ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC) ചെയർപേഴ്സൺ ശ്രീ കൃഷ്ണകുമാർ,  2026-ലെ  ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ അശുതോഷ് ഗോവാരിക്കർ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത്, ഫീച്ചർ ഫിലിം ജൂറി ചെയർപേഴ്സൺ ശ്രീ മധുർ ഭണ്ഡാർക്കർ, നോൺ-ഫീച്ചർ ഫിലിം ജൂറി ചെയർപേഴ്സൺ ശ്രീ ഹിമാൻഷു ശേഖർ ഖട്ടുവ, എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവ സി.ഇ.ഒ. ശ്രീ ദീപക് ബണ്ടേക്കർ, എൻ.എഫ്.ഡി.സി. മാനേജിംഗ് ഡയറക്ടർ ശ്രീ ധീരജ് സിംഗ്, പി.ഐ.ബി. വെസ്റ്റ് സോൺ ഡയറക്ടർ ജനറൽ സ്മിത വത്സ് ശർമ്മ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 
മികച്ച ചലച്ചിത്രാനുഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരിക വിനിമയം സാധ്യമാക്കുന്നതിനും   സർഗ്ഗാത്മക പ്രതിഭകളുമായി സംവദിക്കുന്നതിനുമുള്ള പ്രധാന വേദിയായി ഇന്ത്യൻ സിനിമയ്ക്കും   അന്താരാഷ്ട്ര സിനിമയ്ക്കും വേണ്ടി IFFI വളർന്നുവന്നതിനെക്കുറിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ എടുത്തുപറഞ്ഞു. “കഥകൾക്ക് ഒരു വിലാസമുണ്ടാകാം, എന്നാൽ വികാരങ്ങൾക്ക് അതിരുകളില്ല” എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിരീക്ഷണം അദ്ദേഹം അനുസ്മരിച്ചു. ഈ ആശയം വിശദീകരിച്ചുകൊണ്ട്, ഈ വർഷത്തെ പ്രമേയമായ ‘സ്റ്റോറീസ് വിത്തൗട്ട് ബോർഡേഴ്സ്’ (അതിരുകളില്ലാത്ത കഥകൾ) എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഭൂമിശാസ്ത്രപരവും ഭാഷാപരവും സാംസ്കാരികവുമായ അതിരുകൾ മറികടക്കാൻ സിനിമയ്ക്ക് കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിവിധ ഭാഷകളിലും സംസ്കാരങ്ങളിലും സമൂഹങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ സമ്പന്നമായ കഥപറച്ചിൽ പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള, അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ മേളയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 


 
ഭൂമിശാസ്ത്രപരവും ഭാഷാപരവും സാംസ്കാരികവുമായ അതിരുകൾ മറികടക്കാനും സാർവത്രികമായ മാനുഷിക വികാരങ്ങളിലൂടെയും കഥപറച്ചിലിലൂടെയും പ്രേക്ഷകരെ പരസ്പരം ബന്ധിപ്പിക്കാനുമുള്ള  സിനിമയുടെ ശക്തി എടുത്തുപറഞ്ഞുകൊണ്ട് ഫെസ്റ്റിവൽ ഡയറക്ടർ അശുതോഷ് ഗോവാരിക്കർ ‘സ്റ്റോറീസ് വിത്തൗട്ട് ബോർഡേഴ്സ്’ എന്ന പ്രമേയത്തെക്കുറിച്ച്  വിശദീകരിച്ചു.

 

മേളയുടെ ആഗോള വ്യാപ്തി, വൈവിധ്യമാർന്ന ചലച്ചിത്രാവതരണങ്ങൾ, കാലാനുസൃതമായി വികസിച്ചുകൊണ്ടിരിക്കുന്ന സ്വത്വം എന്നിവ എടുത്തുപറഞ്ഞുകൊണ്ട് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC) മാനേജിംഗ് ഡയറക്ടർ ശ്രീ ധീരജ് സിംഗ് മേളയുടെ സമഗ്രമായ കാഴ്ചപ്പാട് അവതരിപ്പിച്ചു.
 
57-ാമത് പതിപ്പിൻ്റെ പ്രധാന സവിശേഷതകൾ

ഉദ്ഘാടന ചിത്രം


പാവെൽ പാവ്‌ലിക്കോവ്സ്കി സംവിധാനം ചെയ്ത ‘ഫാദർലാൻഡ്’ ആണ് മേളയുടെ ഉദ്ഘാടന ചിത്രം. 1949-ൽ യുദ്ധാനന്തര വിഭജിത ജർമ്മനിയിലൂടെ നൊബേൽ സമ്മാന ജേതാവ് തോമസ് മാനും മകൾ എറിക്കയും നടത്തുന്ന യാത്രയും, അക്കാലത്തെ രാഷ്ട്രീയവും വ്യക്തിപരവുമായ വിഭജനങ്ങളുമാണ് ഈ ചിത്രം ആവിഷ്കരിക്കുന്നത്. 2026-ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ഈ ചിത്രം, 2026-ലെ സിഡ്‌നി ഫിലിം പ്രൈസിനായും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മിഡ്-ഫെസ്റ്റ് ചിത്രമായി ‘ഐ മാറ്റർ’ തെരഞ്ഞെടുക്കപ്പെട്ടു

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI 2026) അലീന ഷെർബൻ സംവിധാനം ചെയ്ത ‘ഐ മാറ്റർ’ മിഡ്-ഫെസ്റ്റ് ചിത്രമായി പ്രദർശിപ്പിക്കും. റൊമാനിയ, ജർമ്മനി, ബെൽജിയം എന്നീ രാജ്യങ്ങൾ സംയുക്തമായി നിർമ്മിച്ച 101 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൽ റൊമാനിയൻ, റോമാനി  ഭാഷകളിലാണ് സംഭാഷണങ്ങൾ. വൈവിധ്യമാർന്ന യൂറോപ്യൻ ചലച്ചിത്ര കാഴ്ചപ്പാട് ഈ ചിത്രം മേളയ്ക്ക് പകർന്നുനൽകും.

 

 
 ഗാല പ്രീമിയറുകൾ

ഗാല പ്രീമിയറുകൾ വിഭാഗത്തിൽ 14 പ്രദർശനങ്ങൾ ഉണ്ടായിരിക്കും. 87 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ പ്രത്യേകം തെരഞ്ഞെടുത്ത ചലച്ചിത്രങ്ങളുടെ പ്രദർശനമാണ് ഈ വിഭാഗത്തിലുള്ളത്. വൈവിധ്യമാർന്ന ചലച്ചിത്ര കഥകളും പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ മികവുറ്റ സൃഷ്ടികളും ആസ്വദിക്കാൻ ഈ വിഭാഗം പ്രേക്ഷകർക്ക് അവസരമൊരുക്കുന്നു.

‘കൺട്രി ഓഫ് ഓണർ’ : സ്പെയിൻ

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI 2026) സ്പെയിനിനെ ‘കൺട്രി ഓഫ് ഓണർ’ ആയി ആദരിക്കുന്നു. നാല് സ്പാനിഷ് ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്: ഹെയ്മെ ലൊറൻ്റെ  സംവിധാനം ചെയ്ത ‘ദി ബാഡ് സൺ’, ‘ട്രിനിഡാഡ്’, പെഡ്രോ അൽമോഡോവർ സംവിധാനം ചെയ്ത ‘ബിറ്റർ ക്രിസ്മസ്’, ഹെയ്മെ മക്കിയ സംവിധാനം ചെയ്ത ‘പെർസെഗ്വിയൻഡോ എ മൈക്കൽ’ എന്നിവയാണ് ആ ചിത്രങ്ങൾ. സ്പാനിഷ് സിനിമയെയും അതിൻ്റെ വൈവിധ്യമാർന്ന കഥാവിഷ്കാര രീതികളെയും ആഘോഷിക്കുന്ന ഈ പ്രദർശനം, സ്പാനിഷ് ചലച്ചിത്ര പ്രവർത്തകർക്കും അവരുടെ ചലച്ചിത്ര കാഴ്ചപ്പാടുകൾക്കും IFFI-യുടെ അന്താരാഷ്ട്ര വേദിയിൽ ഇടം നൽകുന്നു.

പങ്കാളി രാജ്യം: റഷ്യ

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള റഷ്യയെ പങ്കാളി രാജ്യമായി അവതരിപ്പിക്കുന്നു. റഷ്യൻ സിനിമയുടെ വൈവിധ്യത്തെയും സർഗ്ഗാത്മക സമ്പന്നതയെയും പ്രതിനിധീകരിക്കുന്ന നാല് ചിത്രങ്ങളുടെ പ്രത്യേക പ്രദർശനം ഇതിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ‘ഫോർ’ (Four), ‘ന്യൂ ഹോം’, അനസ്താസിയ കുസിന സംവിധാനം ചെയ്ത ‘ബോ ബോ’, ‘സിഡ്‌നി ലുമെറ്റ്സ് ബർത്ത്ഡേ’ എന്നിവയാണ് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ. സമകാലിക റഷ്യൻ സിനിമയെ അടുത്തറിയാനും, അവിടുത്തെ ചലച്ചിത്രരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കാനും, സിനിമ എന്ന മാധ്യമത്തിലൂടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള സാംസ്കാരികവും കലാപരവുമായ വിനിമയത്തെ വിലമതിക്കാനും ഇന്ത്യൻ പ്രേക്ഷകർക്കും അന്താരാഷ്ട്ര പ്രേക്ഷകർക്കും ഈ പ്രദർശനം അവസരമൊരുക്കുന്നു.
 
IFFI 2026-ൽ രണ്ട് പുതിയ വിഭാഗങ്ങൾ അവതരിപ്പിക്കുന്നു

ചലച്ചിത്രാവിഷ്കാരങ്ങളുടെ വൈവിധ്യം വിപുലീകരിക്കുന്നതിനും വ്യത്യസ്തമായ കഥപറച്ചിൽ രീതികൾ ആഘോഷിക്കുന്നതിനുമായി 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI 2026) ഈ വർഷം രണ്ട് പുതിയ വിഭാഗങ്ങൾ അവതരിപ്പിക്കുന്നു. ആദ്യ വിഭാഗമായ ‘ആനിമേഷനി' ൽ, ആനിമേഷൻ സിനിമയിലെ സർഗ്ഗാത്മകതയും പുതുമകളും പ്രദർശിപ്പിക്കുന്ന അഞ്ച് മികച്ച ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് ആരംഭിച്ച രണ്ടാമത്തെ വിഭാഗമായ ‘ഫിലിംസ് എബൗട്ട് ഫിലിംസി' ലും അഞ്ച് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ചലച്ചിത്ര നിർമ്മാണത്തിൻ്റെ കലയെയും സാങ്കേതിക മികവിനെയും കൂടുതൽ ശ്രദ്ധയിൽ കൊണ്ടുവരിക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.

IFFI 2026-ൽ ബ്രിക്‌സ് (BRICS) സിനിമകൾക്ക് പ്രത്യേക ഊന്നൽ

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI 2026) മറ്റൊരു പ്രധാന സവിശേഷത ബ്രിക്സ് (BRICS) സിനിമയ്ക്ക് നൽകുന്ന പ്രത്യേക പ്രാധാന്യമാണ്. ഇന്ത്യയുടെ ‘രാമായണ’ ആയിരിക്കും ബ്രിക്സ് വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. 11 അംഗരാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ബ്രിക്സ് രാജ്യങ്ങളിലെ വൈവിധ്യമാർന്ന ചലച്ചിത്ര പാരമ്പര്യങ്ങളും കഥപറച്ചിൽ രീതികളും പരിചയപ്പെടാൻ ഇത് പ്രേക്ഷകർക്ക് അവസരമൊരുക്കുന്നു.

ഇന്ത്യൻ പനോരമ

രാജ്യത്തിൻ്റെ വൈവിധ്യമാർന്ന കഥപറച്ചിൽ പാരമ്പര്യവും സർഗ്ഗാത്മക മികവും പ്രതിഫലിപ്പിപ്പിച്ചുകൊണ്ട് 18 വ്യത്യസ്ത ഭാഷകളിലായി ആകെ 76 ചിത്രങ്ങളാണ് ഇന്ത്യൻ സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമത്തിൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ 404 എൻട്രികളും നോൺ-ഫീച്ചർ വിഭാഗത്തിൽ 358 എൻട്രികളും ലഭിച്ചു. മികച്ച വെബ് സീരീസ് (OTT) വിഭാഗത്തിൽ പരിഗണനയ്ക്കായി 46 എൻട്രികളും ലഭിച്ചു.
 
IFFI 2026-ൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കം കുറിക്കാൻ ‘ധുരന്ധർ’, ‘ബിക്കമിംഗ്’ എന്നീ ചിത്രങ്ങൾ

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI 2026) ഇന്ത്യൻ പനോരമ വിഭാഗത്തിന് ഹിന്ദി ഫീച്ചർ ചിത്രമായ ‘ധുരന്ധർ’, ലഡാക്കി ഭാഷയിലുള്ള നോൺ-ഫീച്ചർ ചിത്രമായ ‘ബിക്കമിംഗ്’ എന്നിവയോടെ തുടക്കമാകും. വ്യത്യസ്തമായ രണ്ട് ഭാഷാ-ചലച്ചിത്ര പശ്ചാത്തലങ്ങളിൽ നിന്നുള്ള സിനിമകളെ ഒരുമിച്ചുകൊണ്ടുവരുന്ന ഈ ഉദ്ഘാടന തെരഞ്ഞെടുപ്പ്, ഇന്ത്യയുടെ വൈവിധ്യമാർന്ന കഥപറച്ചിൽ പാരമ്പര്യങ്ങളെ ആഘോഷിക്കുകയും സിനിമയ്ക്ക് ഭാഷയുടെയും ഭൂമിശാസ്ത്രത്തിൻ്റെയും അതിരുകളില്ലെന്ന ആശയം ഉയർത്തിക്കാട്ടുകയും ചെയ്യുക എന്ന IFFI-യുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു.


മികച്ച നവാഗത ഫീച്ചർ ഫിലിം മത്സരവിഭാഗം

ലോകമെമ്പാടുമുള്ള വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകരെയും നവീന ചലച്ചിത്ര കാഴ്ചപ്പാടുകളെയും ആഘോഷിക്കുന്നതിനായി 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് ചിത്രങ്ങൾ ഉൾപ്പെടുത്തി മികച്ച നവാഗത ഫീച്ചർ ഫിലിം മത്സരവിഭാഗം അവതരിപ്പിക്കുന്നു. ജർമ്മനിയിൽ നിന്നുള്ള ‘ഫേഡിംഗ് മാൻ’, ഇന്ത്യയിൽ നിന്നുള്ള ‘ദി സ്ലെഡ്ജ്’, ബെൽജിയത്തിൽ നിന്നുള്ള ‘പാരിസ്’, ഈജിപ്തിൽ നിന്നുള്ള ‘ദി ബ്ലാക്ക് സീ’, ഫ്രാൻസും ഇറ്റലിയും ചേർന്നൊരുക്കിയ ‘ലാഷ് ദോർ’ (L’Âge d’Or / ദി ഗോൾഡൻ ഏജ്), ഇന്ത്യയിൽ നിന്നുള്ള ‘ബേർഡ്സ് ഓൺ ഐസ്’, ചൈനയിൽ നിന്നുള്ള ‘അറ്റ്ലാൻ്റിക്’  എന്നിവയാണ് മത്സരവിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ആദ്യമായി ഫീച്ചർ ഫിലിം സംവിധാനം ചെയ്യുന്നവർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും, കൂടുതൽ അംഗീകാരം നേടാനും, ആഗോള പ്രേക്ഷകരുമായി സംവദിക്കാനും ഈ മത്സരവിഭാഗം അന്താരാഷ്ട്ര വേദിയൊരുക്കുന്നു. പുതിയ സർഗ്ഗാത്മക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും അടുത്ത തലമുറയിലെ ചലച്ചിത്ര പ്രവർത്തകരെ വളർത്തിയെടുക്കുന്നതിനുമുള്ള IFFI-യുടെ പ്രതിബദ്ധതയും ഇത് എടുത്തുകാട്ടുന്നു.


വനിതാ ചലച്ചിത്ര പ്രവർത്തകർ, നവാഗതർ, വളർന്നുവരുന്ന പ്രതിഭകൾ

നവീന കാഴ്ചപ്പാടുകളും വൈവിധ്യമാർന്ന കഥാവിഷ്കാരങ്ങളും ആഘോഷിച്ചുകൊണ്ട്, 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള 52 വനിതാ ചലച്ചിത്ര പ്രവർത്തകരെയും 62 നവാഗത ചലച്ചിത്ര പ്രവർത്തകരെയും ഒരുമിച്ചുകൊണ്ടുവരും. ഇന്ത്യൻ സിനിമയുടെയും അന്താരാഷ്ട്ര സിനിമയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന സർഗ്ഗാത്മക മേഖലയെ ഇത് പ്രതിഫലിപ്പിക്കുന്നു. മത്സരവിഭാഗങ്ങളിൽ 10 വനിതാ ചലച്ചിത്ര പ്രവർത്തകർക്കും 12 നവാഗത ചലച്ചിത്ര പ്രവർത്തകർക്കും പ്രത്യേക പ്രാധാന്യം നൽകും.  വനിതകളുടെ സർഗ്ഗാത്മക സംഭാവനകൾക്ക് കൂടുതൽ  കരുത്തേകുന്നതിനും പുതിയ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും അടുത്ത തലമുറയിലെ ചലച്ചിത്ര പ്രവർത്തകർക്ക് ആഗോള വേദിയൊരുക്കുന്നതിനുമുള്ള മേളയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ അടിവരയിടുന്നത്.
 
ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമാറോ (CMOT)

‘ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമാറോ’യുടെ (CMOT) ആറാമത് പതിപ്പ് ചലച്ചിത്രനിർമ്മാണത്തിൻ്റെ  13 മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 100 പ്രതിഭകളെ ഒരുമിച്ചുകൊണ്ടുവരും.

പ്രത്യേകം തയ്യാറാക്കിയ മാസ്റ്റർക്ലാസുകൾ, ശിൽപ്പശാലകൾ, സംവാദ പരിപാടികൾ, 48 മണിക്കൂർ ദൈർഘ്യമുള്ള ചലച്ചിത്ര നിർമ്മാണ ചലഞ്ച്, CMOT ടാലൻ്റ് ക്യാമ്പ് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. പ്രമുഖ ചലച്ചിത്ര പ്രവർത്തകരുമായും സിനിമാ മേഖലയിലെ വിദഗ്ധരുമായും സംവദിക്കാനും തങ്ങളുടെ സർഗ്ഗാത്മക ആശയങ്ങൾ അവതരിപ്പിക്കാനും മാധ്യമ-വിനോദ മേഖലകളിലെ വിവിധ അവസരങ്ങൾ പരിചയപ്പെടാനും പങ്കെടുക്കുന്നവർക്ക് അവസരമൊരുങ്ങും.

വേവ്സ് ഫിലിം ബസാർ

സഹകരണം, സംയുക്ത ചലച്ചിത്രനിർമ്മാണം, ബിസിനസ് അവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ചലച്ചിത്ര പ്രവർത്തകർ, നിർമ്മാതാക്കൾ, വാങ്ങുന്നവർ, വിതരണക്കാർ, സിനിമാ മേഖലയിലെ മറ്റ് പങ്കാളികൾ എന്നിവരെ വേവ്സ് (WAVES) ഫിലിം ബസാർ ഒരുമിച്ചുകൊണ്ടുവരും.
 
വാങ്ങുന്നവരും നിർമ്മാണ കമ്പനികളും ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 150 അതിഥികൾ ബസാറിൽ പങ്കെടുക്കും. സ്ക്രീൻറൈറ്റേഴ്സ് ലാബ്, കോ-പ്രൊഡക്ഷൻ മാർക്കറ്റ്, വ്യൂവിംഗ് റൂം, വർക്ക്-ഇൻ-പ്രോഗ്രസ് ലാബ്  എന്നിവയാണ് ഇതിലെ പ്രധാന സംരംഭങ്ങൾ.

വേവ്സ് ബസാറിലെ നോളജ് സീരീസ് പങ്കാളിയായ നെറ്റ്ഫ്ലിക്സ്, ചലച്ചിത്ര വ്യവസായ മേഖലയിലെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകും. ഇന്ത്യയുടെ വി.എഫ്.എക്സ് ശേഷി ശക്തിപ്പെടുത്തുന്നതിനും ഭാവിയിലേക്ക് സജ്ജരായ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുമായി ഗവണ്മെൻ്റുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളും നെറ്റ്ഫ്ലിക്സ് പരിചയപ്പെടുത്തും. ‘പുഷ്പക് വിമാൻ’ എന്ന ചിത്രത്തിൻ്റെ ഗാല പ്രീമിയർ, ‘റേ ഗൺ’ എന്ന ചിത്രത്തിൻ്റെ അന്താരാഷ്ട്ര പ്രദർശനം, വളർന്നുവരുന്ന സർഗ്ഗാത്മക പ്രതിഭകളെ പിന്തുണയ്ക്കുന്നതിനും ചലച്ചിത്ര വ്യവസായ മേഖലയിലെ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പിച്ചിംഗ് സെഷനുകളിലെ പങ്കാളിത്തം എന്നിവയും നെറ്റ്ഫ്ലിക്സിൻ്റെ  സാന്നിധ്യത്തിന് മാറ്റുകൂട്ടും.


മാസ്റ്റർക്ലാസുകൾ, പാനൽ ചർച്ചകൾ, സംവാദ പരിപാടികൾ

2026 നവംബർ 21 മുതൽ 27 വരെ കലാ അക്കാദമിയിൽ IFFI 2026-ൻ്റെ ഭാഗമായി 14 സെഷനുകൾ സംഘടിപ്പിക്കും. മാസ്റ്റർക്ലാസുകൾ, ശിൽപ്പശാലകൾ, പാനൽ ചർച്ചകൾ, റെട്രോസ്പെക്റ്റീവുകൾ, സംവാദങ്ങൾ, അഭിമുഖങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

ഡോക്യുമെൻ്ററി സിനിമ, അതിരുകൾക്കപ്പുറമുള്ള ചലച്ചിത്രനിർമ്മാണം, ലോകസിനിമയെ രൂപപ്പെടുത്തുന്ന വനിതകൾ, കഥാവിഷ്കാരം, അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ് (കാസ്റ്റിംഗ്), ഉപശീർഷകങ്ങൾ തയ്യാറാക്കൽ  (സബ്ടൈറ്റിലിംഗ്), നവീന ചലച്ചിത്രാവിഷ്കാര രീതികൾ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ചലച്ചിത്ര പ്രവർത്തകരെയും കലാകാരന്മാരെയും സിനിമാ മേഖലയിലെ വിദഗ്ധരെയും ഈ സെഷനുകൾ ഒരുമിച്ചുകൊണ്ടുവരും.


ശതാബ്ദി അനുസ്മരണങ്ങളും പുനഃസ്ഥാപിച്ച ക്ലാസിക് ചിത്രങ്ങളും

ശതാബ്ദി അനുസ്മരണങ്ങൾ, റെട്രോസ്പെക്റ്റീവുകൾ, പുനഃസ്ഥാപിച്ച ക്ലാസിക് ചിത്രങ്ങൾ എന്നിവയിലൂടെ പ്രഗത്ഭരായ ചലച്ചിത്ര പ്രവർത്തകരുടെയും കലാകാരന്മാരുടെയും സംഭാവനകളെ മേള അനുസ്മരിക്കും.

ചലച്ചിത്ര സംവിധായകൻ ആന്ദ്രേ വൈദയുടെ ശതാബ്ദി അനുസ്മരണത്തിൻ്റെ ഭാഗമായി അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും. പുനഃസ്ഥാപിച്ച ക്ലാസിക് ചിത്രങ്ങളുടെ വിഭാഗത്തിലും അഞ്ച് ചിത്രങ്ങൾ ഉൾപ്പെടും. ചലച്ചിത്ര ചരിത്രത്തിലെ ശ്രദ്ധേയമായ സൃഷ്ടികൾ വീണ്ടും ആസ്വദിക്കാൻ ഇതിലൂടെ പ്രേക്ഷകർക്ക് അവസരമൊരുങ്ങും.

മേളയുടെ വേദികളും പൊതുജന പങ്കാളിത്തവും

നാല് കേന്ദ്രങ്ങളിലായി 13 ഇൻഡോർ സ്ക്രീനുകളിൽ ഒമ്പത് ദിവസങ്ങളിലായി ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതോടെ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI 2026) ഗോവയെ സജീവമായ ചലച്ചിത്ര കേന്ദ്രമാക്കി മാറ്റും. പനാജിയിലെ മേളയുടെ പ്രധാന കേന്ദ്രത്തിൽ INOX, മക്വിനെസ്, സമ്രാട്ട്, അശോക എന്നിവടങ്ങളിലായി ഏഴ് സ്ക്രീനുകളാണുള്ളത്.  പോർവോറിമിലെ  INOX സ്ക്രീനുകൾ, മഡ്ഗാവിലെ രവീന്ദ്ര ഭവൻ, പോണ്ടയിലെ മാജിക് മൂവി എന്നിവയാണ് മറ്റ് പ്രദർശന വേദികൾ. ഈ കേന്ദ്രങ്ങൾ സിനിമാപ്രേമികൾക്ക് ആഴത്തിൽ ആസ്വദിക്കാനാകുന്ന മികച്ച ചലച്ചിത്രാനുഭവം സമ്മാനിക്കും. വൈവിധ്യമാർന്ന പ്രദർശന വേദികളും 4,000-ത്തിലധികം പേർക്ക് ഇരിക്കാവുന്ന സൗകര്യങ്ങളുമുള്ള മേള, ലോകസിനിമയുടെ വിസ്മയങ്ങൾ ഗോവയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കും.

ശതാബ്ദി ആഘോഷങ്ങൾ

ഇന്ത്യൻ സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ജന്മശതാബ്ദി IFFI 2026 ആഘോഷിക്കും. ഇതിഹാസ ചലച്ചിത്രകാരന്മാരായ ശക്തി സാമന്ത, രാജ് ഖോസ്‌ല, അഭിനേതാക്കളായ ഉത്തം കുമാർ, സൂര്യകാന്ത് മന്ധരെ, പ്രേം നസീർ, രാജ് കുമാർ, പ്രശസ്ത സംഗീത സംവിധായകരായ ഒ.പി. നയ്യാർ, രവി എന്നിവർക്ക് മേള ആദരമർപ്പിക്കും. ഇന്ത്യൻ സിനിമയ്ക്ക് അവർ നൽകിയ അസാധാരണ സംഭാവനകളെയും രാജ്യത്തിൻ്റെ ചലച്ചിത്ര-സംഗീത പൈതൃകം രൂപപ്പെടുത്തുന്നതിൽ അവർ വഹിച്ച നിർണായക പങ്കിനെയും മേള അനുസ്മരിക്കും.

ആൻ്റണി ചെന്നിൻ്റെ  ‘വീ ആർ ഓൾ സ്ട്രേഞ്ചേഴ്സ്’ എന്ന ചിത്രത്തോടെ 57-ാമത് IFFI-യ്ക്ക് സമാപനം

ആൻ്റണി ചെൻ സംവിധാനം ചെയ്ത ‘വീ ആർ ഓൾ സ്ട്രേഞ്ചേഴ്സ്’ ആണ് 57-ാമത് IFFI-യുടെ സമാപന ചിത്രം. സിംഗപ്പൂരിനെ പ്രതിനിധീകരിക്കുന്ന ഈ ചിത്രത്തിന് 157 മിനിറ്റ് ദൈർഘ്യമുണ്ട്. മാൻഡറിൻ, ഇംഗ്ലീഷ് ഭാഷകളിലുള്ള ഈ ചിത്രം സമകാലിക സിംഗപ്പൂർ സിനിമയുടെ സവിശേഷമായ ചലച്ചിത്രാവിഷ്കാരത്തോടെ മേളയ്ക്ക് സമാപനം കുറിക്കും.
 
 
 
****

( റിലീസ് ഐ.ഡി: 2335987) സന്ദര്‍ശക കൗണ്ടര്‍ : 3