വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ആഭ്യന്തര പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും നിർണായക ധാതുക്കളുടെ വീണ്ടെടുക്കൽ ശക്തിപ്പെടുത്തുന്നതിനുമായി ലിഥിയം-അയൺ ബാറ്ററികളിൽനിന്നുള്ള 'ബ്ലാക്ക് മാസ്' കയറ്റുമതി നിരോധിച്ച് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ (DGFT)

പോസ്റ്റഡ് ഓണ്‍: 11 NOV 2026 4:07PM by PIB Thiruvananthpuram
ITC (HS) കോഡ് 85491400-ൽ ഉൾപ്പെടുന്ന 'ലിഥിയം-അയൺ ബാറ്ററി ബ്ലാക്ക് മാസ്' (Lithium-Ion Battery Black Mass) കയറ്റുമതി നിരോധിക്കാൻ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ (DGFT) തീരുമാനിച്ചു. 2026 നവംബർ 10-ന് പുറപ്പെടുവിച്ച 49/2026-27 നമ്പർ വിജ്ഞാപനത്തിലൂടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇതനുസരിച്ച്, പ്രസ്തുത ഉത്പന്നത്തിന്റെ കയറ്റുമതി നയം 'സ്വതന്ത്രം' (Free) എന്നതിൽ നിന്ന് 'നിരോധിതം' (Prohibited) എന്ന നിലയിലേക്ക് മാറ്റി. ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരുന്നതും ഇനിയൊരു  ഉത്തരവ് ഉണ്ടാകുന്നത് വരെ നിലനിൽക്കുന്നതുമാണ്.  ഫോറിൻ ട്രേഡ് പോളിസി (FTP) 2023-ലെ ഖണ്ഡിക 1.05-ൽ വ്യവസ്ഥ ചെയ്തിട്ടുള്ള പരിവർത്തന ക്രമീകരണങ്ങൾ (Transitional Arrangements) ഈ നിരോധനത്തിനും ബാധകമായിരിക്കും.

ITC (HS)  കോഡ് 85491400-ന്റെ പരിധിയിൽ പ്രൈമറി സെല്ലുകൾ, പ്രൈമറി ബാറ്ററികൾ, ഇലക്ട്രിക് അക്യുമുലേറ്ററുകൾ എന്നിവയുടെ മാലിന്യങ്ങളും അവശിഷ്ടങ്ങളും ഉൾപ്പെടുന്നു. ലെഡ്, കാഡ്മിയം, മെർക്കുറി തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടില്ലാത്ത ഉപയോഗശൂന്യമായ സെല്ലുകൾ, ബാറ്ററികൾ, അക്യുമുലേറ്ററുകൾ എന്നിവയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.  പുതിയ വിജ്ഞാപനത്തിൽ ഈ ഉത്പന്നത്തെ 'ലിഥിയം-അയൺ ബാറ്ററി ബ്ലാക്ക് മാസ്' എന്ന് പ്രത്യേകം നിർവ്വചിച്ചിട്ടുണ്ട്. ഉപയോഗശേഷം ഉപേക്ഷിക്കുന്ന ലിഥിയം-അയൺ ബാറ്ററികളും ബാറ്ററി നിർമ്മാണ പ്രക്രിയയിൽ നിന്നുള്ള അവശിഷ്ടങ്ങളും പൊടിച്ചെടുക്കുന്നതിലൂടെ ലഭിക്കുന്ന പൊടിരൂപത്തിലുള്ള വസ്തുവാണ് ബ്ലാക്ക് മാസ്. ലിഥിയം, കൊബാൾട്ട്, നിക്കൽ, മാംഗനീസ് തുടങ്ങിയ നിർണായക ധാതുക്കൾ ഇതിൽ ഗണ്യമായ അളവിൽ അടങ്ങിയിരിക്കുന്നു. ഇവ വീണ്ടെടുത്ത് പുനരുപയോഗിക്കുന്നതിലൂടെ ബാറ്ററി വ്യവസായത്തിന് ആവശ്യമായ വിലപ്പെട്ട അസംസ്‌കൃത വസ്തുക്കൾ വീണ്ടും ലഭ്യമാക്കാൻ കഴിയും.

ഇലക്ട്രിക് മൊബിലിറ്റി, അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ (ACC) ബാറ്ററികൾ, ഊർജ്ജസംഭരണം, ഇലക്ട്രോണിക്സ്, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളുടെ വളർച്ചയ്ക്ക് നിർണായക ധാതുക്കൾ അത്യന്താപേക്ഷിതമാണ്. എന്നാൽ, ഇത്തരം ധാതുക്കളുടെ ആവശ്യകത നിറവേറ്റുന്നതിന് ഇന്ത്യ ഇപ്പോഴും ഗണ്യമായ തോതിൽ ഇറക്കുമതിയെ ആശ്രയിക്കുന്നു. ഈ സാഹചര്യത്തിൽ, ബാറ്ററി മാലിന്യങ്ങളുടെ പുനരുപയോഗത്തിലൂടെ നിർണ്ണായക ധാതുക്കൾ ആഭ്യന്തരമായി വീണ്ടെടുക്കുന്നത് അവയുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ഏറ്റവും വേഗമേറിയതും സുസ്ഥിരവുമായ മാർഗങ്ങളിലൊന്നാണ്. ബാറ്ററി മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതിനും അവയിൽ നിന്ന് നിർണ്ണായക ധാതുക്കൾ വേർതിരിച്ചെടുത്ത് ശുദ്ധീകരിക്കുന്നതിനുമുള്ള ഇന്ത്യയുടെ ശേഷി ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെങ്കിലും, ആവശ്യത്തിന് അസംസ്‌കൃത വസ്തുക്കൾ (Feedstock) ലഭ്യമാകാത്തതിനാൽ ഈ ശേഷി പൂർണമായി പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ബ്ലാക്ക് മാസ് കയറ്റുമതി ചെയ്യുന്നത് പുനരുപയോഗത്തിലൂടെ വീണ്ടെടുക്കാവുന്ന ഈ വിലപ്പെട്ട ദ്വിതീയ അസംസ്‌കൃത വിഭവം വിദേശ വിപണികളിലേക്ക് പോകുന്നതിന് ഇടയാക്കുന്നു. ഇതിന്റെ ഫലമായി, ആഭ്യന്തര പുനരുപയോഗ കമ്പനികളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ അസംസ്‌കൃത വസ്തുക്കൾ കണ്ടെത്താൻ വിദേശത്തുനിന്ന് ബ്ലാക്ക് മാസ് ഇറക്കുമതി ചെയ്യേണ്ടിവരുന്നു.

ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ബ്ലാക്ക് മാസ് രാജ്യത്തിനകത്തുതന്നെ പുനരുപയോഗം ചെയ്ത് ശുദ്ധീകരിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് കയറ്റുമതി നിരോധനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ ആഭ്യന്തര പുനരുപയോഗ, ശുദ്ധീകരണ കേന്ദ്രങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ (Feedstock) ലഭ്യത ഉറപ്പാക്കാനും നിലവിലുള്ള ഉത്പാദനശേഷി പരമാവധി പ്രയോജനപ്പെടുത്താനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നടപടി വഴിയൊരുക്കും. ബ്ലാക്ക് മാസിൽനിന്ന് ലിഥിയം, കൊബാൾട്ട്, നിക്കൽ തുടങ്ങിയ നിർണായക ധാതുക്കൾ ആഭ്യന്തരമായി വീണ്ടെടുക്കുന്നത് വർധിക്കുന്നതോടെ അവയുടെ ഇറക്കുമതി  ആശ്രിതത്വം കുറയ്ക്കാനും തദ്വാരാ വിദേശനാണ്യ ചെലവ് ലഘൂകരിക്കാനും കഴിയും. 'ആത്മനിർഭർ ഭാരത്' എന്ന ദേശീയ ദർശനത്തിന് അനുസൃതമായി ബാറ്ററി നിർമ്മാണം, വൈദ്യുത വാഹനങ്ങൾ, ഊർജ്ജസംഭരണം, ശുദ്ധ ഊർജ്ജ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളുടെ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും ഈ നടപടി സഹായകമാകും. ഇതിനുപുറമെ, ചാക്രിക സമ്പദ്‌വ്യവസ്ഥയെയും (Circular Economy) 'നഗര ഖനനം' (Urban Mining) എന്ന ആശയത്തെയും പ്രോത്സാഹിപ്പിക്കാനും ഈ തീരുമാനം ലക്ഷ്യമിടുന്നു. പുതിയ ധാതുക്കൾ കണ്ടെത്തുന്നതിനും ഖനനം ചെയ്യുന്നതിനുമുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനൊപ്പം, നിലവിലുള്ള ബാറ്ററി മാലിന്യങ്ങളിൽനിന്ന് വിലപ്പെട്ട ധാതുക്കൾ വീണ്ടെടുക്കാനും ഇതിലൂടെ സാധിക്കും. ബാധകമായ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാജ്യത്തിനകത്ത് തന്നെ ബ്ലാക്ക് മാസിന്റെ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ പുനരുപയോഗം ഉറപ്പാക്കാനും ഈ നടപടി വഴിയൊരുക്കും.

ബാറ്ററി മാലിന്യങ്ങൾ, ഇ-മാലിന്യങ്ങൾ തുടങ്ങിയ ദ്വിതീയ സ്രോതസ്സുകളിൽനിന്ന് നിർണ്ണായക ധാതുക്കൾ (Critical Minerals) വീണ്ടെടുക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള ആഭ്യന്തര റീസൈക്ലിംഗ് ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കിവരുന്ന നടപടികൾക്ക്, പുതിയ തീരുമാനം കൂടുതൽ കരുത്തേകും. ഇതിന്റെ ഭാഗമായി, 2025 സെപ്റ്റംബറിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച 1,500 കോടി രൂപയുടെ ഇൻസെന്റീവ് പദ്ധതിയും (Incentive Scheme) ദേശീയ നിർണ്ണായക ധാതു ദൗത്യത്തിന് (National Critical Mineral Mission – NCMM) കീഴിലുള്ള പ്രധാന സംരംഭങ്ങളിൽ ഉൾപ്പെടുന്നു. ബ്ലാക്ക് മാസ് രാജ്യത്തിനകത്ത് തന്നെ നിലനിർത്തുന്നതിലൂടെ, ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന പുനരുപയോഗ സംവിധാനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ (Feedstock) ലഭ്യത ആഭ്യന്തരമായി ഉറപ്പാക്കാൻ സാധിക്കും.  

നിർണായക ധാതുക്കൾ അടങ്ങിയ ബാറ്ററി മാലിന്യങ്ങളും 'ബ്ലാക്ക് മാസും' ആഭ്യന്തരമായി സംസ്കരിക്കുകയും പുനരുപയോഗിക്കുകയും ചെയ്യുന്നതിനായി പ്രമുഖ ആഗോള സമ്പദ്‌വ്യവസ്ഥകൾ സ്വീകരിച്ചുവരുന്ന നയസമീപനങ്ങൾക്ക് സമാനമാണ് ഇന്ത്യയുടെ ഈ നീക്കവും.

ഇതു സംബന്ധിച്ച വിജ്ഞാപനം DGFT-യുടെ വെബ്‌സൈറ്റായ www.dgft.gov.in-ൽ ലഭ്യമാണ്. 
 
****

( റിലീസ് ഐ.ഡി: 2335329) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Assamese , Gujarati , Tamil