പോസ്റ്റഡ് ഓണ്‍:
11 NOV 2026 1:54PM by PIB Thiruvananthpuram
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബെത്വയുടെ പതിവ് അറ്റകുറ്റപ്പണികള്‍ക്കും എൻജിൻ ശേഷി വര്‍ദ്ധിപ്പിക്കാനും കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡുമായി രാജ്യരക്ഷാ മന്ത്രാലയം 498.58 കോടി രൂപയുടെ കരാറില്‍ ഒപ്പുവെച്ചു. പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങിന്റെ സാന്നിധ്യത്തിൽ 2026 നവംബർ 11-ന് ന്യൂഡൽഹിയിലായിരുന്നു ചടങ്ങ്.

കരാർ പ്രകാരം ഇന്ത്യൻ നാവികസേനയുടെ ബ്രഹ്മപുത്ര ക്ലാസ് യുദ്ധക്കപ്പലായ ഐഎൻഎസ് ബെത്വയുടെ പ്രൊപ്പൽഷൻ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. കപ്പലിൽ നിലവിലെ ആവി എൻജിൻ അധിഷ്ഠിത സംവിധാനത്തിന് പകരം അത്യാധുനിക ഡീസൽ എൻജിൻ അധിഷ്ഠിത പ്രൊപ്പൽഷൻ സംവിധാനം ഘടിപ്പിക്കും. ഒപ്പം നവീകരിച്ച ആയുധ ശേഖരം സജ്ജീകരിച്ച് കപ്പലിന്റെ പോരാട്ട ശേഷി വർദ്ധിപ്പിക്കുന്നതും നവീകരണത്തിന്റെ ഭാഗമാണ്. ഇത് കപ്പലിന്റെ പ്രവർത്തനക്ഷമത ഗണ്യമായി മെച്ചപ്പെടുത്തും.
നാവികസേനാ പ്ലാറ്റ്ഫോമുകളുടെ സങ്കീർണമായ പ്രൊപ്പൽഷൻ സംവിധാനങ്ങളുടെ പരിവര്‍ത്തനത്തിലും ആധുനികവൽക്കരണത്തിലും കപ്പൽ അറ്റകുറ്റപ്പണി-പരിപാലന മേഖലയിലും തദ്ദേശീയ ശേഷി കൂടുതൽ ശക്തിപ്പെടുത്താന്‍ പദ്ധതി വഴിയൊരുക്കും. അൻപതിലേറെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ പങ്കാളിത്തം പദ്ധതിയിൽ ലഭിക്കുമെന്നും ഇന്ത്യൻ കപ്പൽ നിർമ്മാണ-അനുബന്ധ വ്യവസായ മേഖലകളിൽ ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
കേന്ദ്ര ഗവണ്മെന്റിന്റെ ‘ആത്മനിർഭർ ഭാരത്’, ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്നീ കാഴ്ചപ്പാടുകൾക്ക് വലിയ ഉത്തേജനം നൽകുന്ന പദ്ധതി രാജ്യത്തിന്റെ തദ്ദേശീയ നാവിക കപ്പൽ അറ്റകുറ്റപ്പണി-പരിപാലന ശേഷിയെ കൂടുതൽ ശക്തിപ്പെടുത്തും.
***