ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

ഹൊറൈസൺ യൂറോപ്പ് പദ്ധതിയിൽ പങ്കാളിയാകുന്നതിനുള്ള ചർച്ചകൾ ഇന്ത്യയും യൂറോപ്യൻ യൂണിയനും പൂർത്തിയാക്കി

പോസ്റ്റഡ് ഓണ്‍: 07 NOV 2026 11:26AM by PIB Thiruvananthpuram
യൂറോപ്യൻ യൂണിയൻ്റെ പ്രധാന ഗവേഷണ-നൂതനാശയ പദ്ധതിയായ 'ഹൊറൈസൺ യൂറോപ്പി'ൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ചർച്ചകൾ ഇന്ത്യയും യൂറോപ്യൻ യൂണിയനും വിജയകരമായി പൂർത്തിയാക്കി. ശാസ്ത്ര-സാങ്കേതിക സഹകരണ കരാറിൻ്റെയും ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര, സാങ്കേതിക കൗൺസിലിൻ്റെയും കീഴിൽ നടന്നുവരുന്ന ഗവേഷണ-വികസന പ്രവർത്തനങ്ങളുടെയും സഹകരണത്തിൻ്റെയും തുടർച്ചയായാണ് ഈ നീക്കം. ഇരുപക്ഷവും തമ്മിലുള്ള ഗവേഷണ സഹകരണത്തിന് ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു ഔദ്യോഗിക ചട്ടക്കൂട് ഒരുക്കുന്നതിനുള്ള ചുവടുവെപ്പാണ് ഈ പങ്കാളിത്തം.

ഈ സഹകരണത്തിലൂടെ ഹൊറൈസൺ യൂറോപ്പ് പദ്ധതിയുടെ കീഴിലുള്ള വിവിധ ഫണ്ടിംഗ് അവസരങ്ങൾ പ്രയോജനപ്പെടുത്തി സംയുക്ത ഗവേഷണ പദ്ധതികളിൽ പങ്കാളികളാകാൻ ഇന്ത്യൻ ഗവേഷകർക്കും സ്ഥാപനങ്ങൾക്കും വ്യവസായ മേഖലയ്ക്കും അവസരം ലഭിക്കും. കൂടാതെ, യൂറോപ്യൻ കൺസോർഷ്യങ്ങളിൽ പങ്കാളികളാകാനും അത്യാധുനിക ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കും. ഗവേഷണ രംഗത്തെ വിദഗ്ധരുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും നിർണായക സാങ്കേതികവിദ്യകൾ, ആഗോള മാനദണ്ഡങ്ങൾ, നൂതന പരിഹാരങ്ങൾ എന്നിവ സംയുക്തമായി വികസിപ്പിക്കുന്നതിനും ഈ പങ്കാളിത്തം സഹായകമാകും.

'ഹൊറൈസൺ യൂറോപ്പി'ൻ്റെ രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്ന ആരോഗ്യരംഗം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, വ്യവസായം, ബഹിരാകാശ മേഖല, കാലാവസ്ഥ, ഊർജ്ജം, ഗതാഗതം, ഭക്ഷ്യമേഖല, ജൈവ സമ്പദ്‌ വ്യവസ്ഥ തുടങ്ങിയ വിഷയങ്ങൾ ഇന്ത്യയുടെ ഗവേഷണ മുൻഗണനകളുമായി പൊരുത്തപ്പെടുന്നവയാണ്. ഇവ ഇന്ത്യയുടെ ശാസ്ത്രീയ ശേഷി കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കും. 'വികസിത ഇന്ത്യ 2047' എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ, ഈ സഹകരണം ഇന്ത്യയുടെ നൂതനാശയ ആവാസവ്യവസ്ഥ ശക്തിപ്പെടുത്താനും നിർണായക സംഭാവന നൽകും.

2026 ജനുവരി 27-ന് നടന്ന ചരിത്രപ്രധാനമായ ഇന്ത്യ–യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് പിന്നാലെയാണ് ഈ സഹകരണത്തിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനുള്ള പരിശോധനകൾ ആരംഭിച്ചത്. തുടർന്ന്, 2026 ജൂലൈ 15-ന് ബ്രസ്സൽസിൽ നടന്ന ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര, സാങ്കേതിക കൗൺസിലിൻ്റെ മന്ത്രിതല യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക ചർച്ചകൾക്ക് തുടക്കമായത്.
 
****
 

( റിലീസ് ഐ.ഡി: 2333969) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Gujarati , Tamil , Telugu