2026-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവ (ഐഎഫ്എഫ്ഐ) ഭാഗമായി കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയം, ചലച്ചിത്ര-അനുബന്ധ സാങ്കേതികവിദ്യകളുടെ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളിൽ നിന്ന്, വേവ്സ് ബസാറിലെ വേവ്എക്സ് സ്റ്റാർട്ടപ്പ് പവലിയനിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
സ്റ്റാർട്ടപ്പുകൾക്ക് അവരുടെ നൂതന ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യകൾ, പരിഹാരങ്ങൾ എന്നിവ ദേശീയ-അന്തർദേശീയ ചലച്ചിത്ര, മാധ്യമ വ്യവസായത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള പ്രത്യേക വേദി ഒരുക്കുകയാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. ആഗോള സർഗാത്മക മേഖലയിലെ ചലച്ചിത്ര പ്രവർത്തകർ, പ്രൊഡക്ഷൻ ഹൗസുകൾ, നിക്ഷേപകർ എന്നിവരുമായി നെറ്റ്വർക്കിംഗ്, വ്യവസായ ഇടപെടൽ, സഹകരണം എന്നിവയ്ക്കുള്ള അവസരങ്ങളും ഇത് ഒരുക്കും.
ചലച്ചിത്ര, അനുബന്ധ സാങ്കേതികവിദ്യാ മേഖലകളിൽ പ്രവർത്തിക്കുന്ന DPIIT-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം. വേവ്എക്സ് രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന പരിശോധനയും മൂല്യനിർണയവും അടിസ്ഥാനമാക്കിയാണ് അർഹരായ സ്റ്റാർട്ടപ്പുകളെ പരിഗണിക്കുക.
താൽപര്യമുള്ള യോഗ്യരായ സ്റ്റാർട്ടപ്പുകൾ ഈ അവസരം പ്രയോജനപ്പെടുത്തി അന്തർദേശീയ വേദിയിൽ നൂതനാശയങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കാൻ അപേക്ഷിക്കണമെന്ന് അഭ്യർഥിക്കുന്നു.
സംശയ നിവാരണത്തിനായി ബന്ധപ്പെടുക: Wavex-mib [at]gov[dot]in
ഗോവ ഐഎഫ്എഫ്ഐയെക്കുറിച്ച്:
1952-ൽ സ്ഥാപിതമായ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്ഐ), ഏഷ്യയിലെ പ്രധാനപ്പെട്ട ചലച്ചിത്രോത്സവങ്ങളിലൊന്നാണ്. ലോക സിനിമയിലെ മികവ് ആഘോഷിക്കുന്നതിനും ഇന്ത്യയിൽ നിന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ചലച്ചിത്ര പ്രവർത്തകർ, കലാകാരന്മാർ, നിർമ്മാതാക്കൾ, സിനിമാപ്രേമികൾ എന്നിവർക്ക് ഒരു പൊതുവേദി ഒരുക്കുന്നതിനും ഐഎഫ്എഫ്ഐ പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ വർഷവും ഗോവയിൽ സംഘടിപ്പിക്കുന്ന ഐഎഫ്എഫ്ഐ, വൈവിധ്യമാർന്ന ചലച്ചിത്രസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും സർഗാത്മക ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും സിനിമാ രംഗത്ത് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ആഗോള ചലച്ചിത്ര മേഖലയിലെ പ്രമുഖരെ ഒരുമിച്ച് കൊണ്ടുവരുന്നു.
വേവ്എക്സിനെക്കുറിച്ച്
കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സ്റ്റാർട്ടപ്പ് ആക്സിലറേറ്ററും ഇൻകുബേഷൻ സംരംഭവുമാണ് വേവ്എക്സ് (വേവ്സ് സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ). മാധ്യമ,വിനോദ മേഖലയിലെ നൂതന ആശയങ്ങൾ, സംരംഭകത്വം, ഉയർന്നുവരുന്ന പ്രതിഭകൾ എന്നിവയെ പരിപോഷിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി (AVGC-XR), മാധ്യമ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.