യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി 'മൈ ഭാരത്' പോര്‍ട്ടലില്‍ 'ഖേലോ ഭാരത്: ഉത്പാദനം മുതല്‍ വിജയപീഠം വരെ' പ്രശ്നോത്തരിക്ക് കേന്ദ്ര കായിക വകുപ്പ് തുടക്കം കുറിച്ചു

'ക്വിസ് 2026 നവംബര്‍ 4 മുതല്‍ 20 വരെ ലഭ്യമായിരിക്കും; മികച്ച 100 മത്സരാര്‍ത്ഥികള്‍ക്ക് ഫിറ്റ് ഇന്ത്യ ഉത്പന്നങ്ങള്‍ ലഭിക്കും.

പോസ്റ്റഡ് ഓണ്‍: 04 NOV 2026 3:20PM by PIB Thiruvananthpuram

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള കായിക വകുപ്പ്, 'ഖേലോ ഭാരത്: ഉത്പാദനം മുതല്‍ വിജയപീഠം (പോഡിയം ഫിനിഷ്) വരെ' എന്ന പേരിലുള്ള പ്രശ്നോത്തരി (ക്വിസ്) മൈ ഭാരത് പോര്‍ട്ടലില്‍ ഇന്ന് 2026 നവംബര്‍ നാലിന് ആരംഭിച്ചു.



 രാജ്യത്തെ കായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും, തദ്ദേശീയമായി കായിക സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വര്‍ധിപ്പിക്കുക എന്നതാണ് ഈ ക്വിസിന്റെ ലക്ഷ്യം. കൂടാതെ, 2026-ലെ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ പാരാ ഗെയിംസിലും ഇന്ത്യയുടെ പങ്കാളിത്തത്തെയും നേട്ടങ്ങളെയും കൊണ്ടാടാനും ഇത് ലക്ഷ്യമിടുന്നു.

2026 നവംബര്‍ 20 വരെ ഈ പ്രശ്നോത്തരി ലഭ്യമായിരിക്കും. ഉത്പാദനവും നൂതനാശയങ്ങളും മുതല്‍ അന്താരാഷ്ട്ര തലത്തിലുള്ള കായിക മികവ് വരെയുള്ള ഇന്ത്യയിലെ വളര്‍ന്നുവരുന്ന കായിക മേഖലയെക്കുറിച്ച് പൗരന്മാര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, പ്രൊഫഷണലുകള്‍, കായിക പ്രേമികള്‍ എന്നിവരെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ആഭ്യന്തര കായിക സാമഗ്രി ഉത്പാദന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1,856.67 കോടി രൂപ അടങ്കലുള്ള ഖേലോ ഇന്ത്യ കായിക സാമഗ്രി ഉത്പാദന പദ്ധതിയെ ഈ പ്രശ്നോത്തരി എടുത്തുകാണിക്കുന്നു. പ്രോത്സാഹനാനുകൂല്യങ്ങളും ഇടപെടലുകളും എന്നീ രണ്ട് ഘടകങ്ങള്‍ നിക്ഷേപ പിന്തുണ, ഉത്പാദന മേഖലകള്‍, നിലവിലുള്ള ക്ലസ്റ്ററുകള്‍, ഉത്പാദന പ്രോത്സാഹനാനുകൂല്യങ്ങള്‍, സാക്ഷ്യപ്പെടുത്തലും പരിശോധനയും, ഗവേഷണം, നൈപുണ്യ വികസനം, സ്റ്റാര്‍ട്ടപ്പുകള്‍, ബ്രാന്‍ഡ്വത്കരണം, ജനസമ്പര്‍ക്കം എന്നിവ ഉള്‍ക്കൊള്ളുന്നു. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കയറ്റുമതി വര്‍ദ്ധിപ്പിക്കുക, ഇന്ത്യന്‍ കായിക സാമഗ്രി ഉത്പാദകരുടെ ആഗോള മത്സരശേഷി ശക്തിപ്പെടുത്തുക എന്നിവയാണ് ഈ നടപടികള്‍ ലക്ഷ്യമിടുന്നത്.

ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടന്ന 2026ലെ ഇരുപതാമത് ഏഷ്യന്‍ ഗെയിംസ് 2026, അഞ്ചാമത് ഏഷ്യന്‍ പാരാ ഗെയിംസ് 2026 എന്നിവയില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ചും ഈ പ്രശ്നോത്തരി പ്രതിപാദിക്കുന്നു. ഏഷ്യന്‍ ഗെയിംസില്‍ 36 കായിക ഇനങ്ങളിലായി 255 മത്സരങ്ങളില്‍ ഇന്ത്യ 501 കായികതാരങ്ങളെ അണിനിരത്തി. ഇതില്‍ 65 'ഖേലോ ഇന്ത്യ' താരങ്ങളും, 'ടോപ്‌സ്' പദ്ധതിയുടെ പിന്തുണയുള്ള 203 താരങ്ങളും, ആദ്യമായി മത്സരിക്കുന്ന 310 പേരും ഉള്‍പ്പെടുന്നു. ഏഷ്യന്‍ പാരാ ഗെയിംസില്‍ 11 കായിക ഇനങ്ങളിലായി 177 മത്സരങ്ങളില്‍ ഇന്ത്യ പങ്കെടുത്തു; ഇതില്‍ 33 'ഖേലോ ഇന്ത്യ' താരങ്ങള്‍, 47 'ടോപ്‌സ്' പദ്ധതി പിന്തുണയുള്ള താരങ്ങള്‍, മികവിന്റെ ദേശീയ കേന്ദ്രങ്ങളില്‍(നാഷണല്‍ സെന്റേഴ്സ് ഓഫ് എക്സലന്‍സ്) നിന്നുള്ള 6 കായികതാരങ്ങള്‍, ആദ്യമായി മത്സരിക്കുന്ന 61 പേര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഏഷ്യന്‍ ഗെയിംസില്‍ 31 ഉം, ഏഷ്യന്‍ പാരാ ഗെയിംസില്‍ 25 ഉം സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന സംഘമാണ് പങ്കെടുത്തത്.

ഈ പ്രമേയങ്ങളിലൂടെ, ഇന്ത്യയില്‍ കായിക സാമഗ്രി ഉത്പാദനത്തിനായുള്ള ശക്തമായ ഒരു ആഭ്യന്തര വ്യവസ്ഥ കെട്ടിപ്പടുക്കുന്നതും, അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ ഇന്ത്യയുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നതും തമ്മിലുള്ള ബന്ധം ഈ പ്രശ്നോത്തരി എടുത്തുകാണിക്കുന്നു. കൂടാതെ, താഴെത്തട്ടില്‍ കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും, കായിക പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിലും, കായിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും, കായികതാരങ്ങള്‍ക്ക് മികവാര്‍ന്ന നേട്ടങ്ങളിലേക്ക് മുന്നേറാനുള്ള പാതകളൊക്കുന്നതിലും 'ഖേലോ ഇന്ത്യ' വഹിക്കുന്ന പങ്കിനെയും ഇത് ഉയര്‍ത്തിക്കാട്ടുന്നു.

ഈ പ്രശ്നോത്തരിയില്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും പങ്കെടുക്കാവുന്നതാണ്. പ്രായം, ലിംഗഭേദം, വിദ്യാഭ്യാസ യോഗ്യത, അല്ലെങ്കില്‍ താമസിക്കുന്ന സംസ്ഥാനം എന്നിവയുടെ അടിസ്ഥാനത്തില്‍ യാതൊരു അര്‍ഹതാ നിയന്ത്രണങ്ങളും ഇല്ല. 20 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പങ്കെടുക്കുന്നവര്‍ക്ക് 15 മിനിറ്റ് സമയം ലഭിക്കും. പ്രശ്നോത്തരിയില്‍ പങ്കെടുക്കുന്നതിന് മുന്‍പായി, മൈ ഭാരത് പോര്‍ട്ടലില്‍ ലഭ്യമായ പഠനവിവര വസ്തുതകള്‍ (റഫറന്‍സ് മെറ്റീരിയലുകള്‍) പരിശോധിക്കാന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.

പ്രശ്നോത്തരിയുടെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ നൂറു പേര്‍ക്ക് ഫിറ്റ് ഇന്ത്യ ഉത്പന്നങ്ങള്‍ ലഭിക്കും. ഒന്നിലധികം പേര്‍ക്ക് ഒരേ മാര്‍ക്ക് ലഭിക്കുന്ന സാഹചര്യത്തില്‍, കമ്പ്യൂട്ടര്‍ അധിഷ്ഠിത നറുക്കെടുപ്പ് സംവിധാനം ഉപയോഗിക്കും. പ്രശ്നോത്തരി പൂര്‍ത്തിയാക്കിയ ശേഷം മത്സരാര്‍ത്ഥികള്‍ക്ക് ശരിയായ ഉത്തരങ്ങള്‍ കാണാവുന്നതാണ്.

ഈ പ്രശ്നോത്തരി മൈ ഭാരത് പോര്‍ട്ടലില്‍ ലഭ്യമാണ്:
 https://mybharat.gov.in/quizzes/yuva/detail/F4bPGADIB1E_OFqlCIFJWA/

കായിക സാമഗ്രികളുടെ ഉത്പാദനം ശക്തിപ്പെടുത്തുന്നതിനും, കായിക പ്രതിഭകളെ വളര്‍ത്തുന്നതിനും, രാജ്യത്തിന്റെ കായിക അഭിലാഷങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി ഇന്ത്യ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുന്നതിനായി, രാജ്യത്തുടനീളമുള്ള പൗരന്മാരെയും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കായിക പ്രേമികളെയും കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം ഈ പ്രശ്നോത്തരിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നു.

പ്രശ്നോത്തരിയുടെ വിശദാംശങ്ങള്‍

പ്രശ്നോത്തരിയുടെ ശീര്‍ഷകം: 'ഖേലോ ഭാരത്: ഉത്പാദനം മുതല്‍ വിജയപീഠം വരെ' പ്രശ്നോത്തരി
പ്രശ്നോത്തരിയുടെ കാലയളവ്: 2026 നവംബര്‍ 4 മുതല്‍ നവംബര്‍ 20 വരെ
ദൈര്‍ഘ്യം: 15 മിനിറ്റ്
ചോദ്യങ്ങളുടെ എണ്ണം: 20
യോഗ്യത: പ്രായഭേദമന്യേ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും പങ്കെടുക്കാം
സമ്മാനങ്ങള്‍: മികച്ച 100 മത്സരാര്‍ത്ഥികള്‍ക്ക് 'ഫിറ്റ് ഇന്ത്യ' ഉത്പന്നങ്ങള്‍

****


( റിലീസ് ഐ.ഡി: 2332681) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Telugu , Kannada