പോസ്റ്റഡ് ഓണ്:
04 NOV 2026 4:08PM by PIB Thiruvananthpuram
തിരുവനന്തപുരം, 2026 നവംബർ 4: ഇന്ത്യയിലെ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷന്മാരുടെ ദ്വിദിന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ന് തിരുവനന്തപുരത്ത് നടന്ന സമാപനച്ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തവേ, ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള നിയമനിർമാണ സമിതികളുടെ പ്രവർത്തനത്തിൽ സാങ്കേതിക വിദ്യയുടെ കൂടുതൽ സംയോജനം വേണമെന്ന് ആഹ്വാനം ചെയ്തു. പാർലമെന്റിലെ സമിതികൾക്ക് ലഭ്യമായ പ്ലാറ്റ്ഫോമിന്റെ മാതൃകയിൽ സംസ്ഥാന നിയമസഭകൾക്കായി ഒരു ഏകീകൃത ഡിജിറ്റൽ 'ഓഡിറ്റ് മോണിറ്ററിംഗ് പ്ലാറ്റ്ഫോം' രൂപീകരിക്കണമെന്ന് നിർദേശിച്ച അദ്ദേഹം, ഓഡിറ്റ് നിരീക്ഷണങ്ങൾ ചിട്ടയായി നിരീക്ഷിക്കുന്നതിനും തുടർനടപടികൾ ശക്തിപ്പെടുത്തുന്നതിനും ഓഡിറ്റ് റിപ്പോർട്ടുകൾ സമയബന്ധിതമായി പരിശോധിച്ച് തീർപ്പാക്കുന്നതിനും ഇത് സഹായിക്കുമെന്ന് പറഞ്ഞു.
സാങ്കേതികവിദ്യ സ്ഥാപനപരമായ മാറ്റത്തിനുള്ള ഉപകരണമായി മാറണമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ഡിജിറ്റൽ നവീകരണങ്ങൾ സ്വീകരിക്കുന്നത് നിയമനിർമ്മാണ മേൽനോട്ടത്തിന്റെ കാര്യക്ഷമതയും സുതാര്യതയും ഫലപ്രാപ്തിയും ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി. അതേസമയം, സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, സാങ്കേതിക പുരോഗതി എല്ലായ്പ്പോഴും മാനുഷിക മൂല്യങ്ങളിലും വിവേകത്തിലും സംവേദനക്ഷമതയിലും അധിഷ്ഠിതമായിരിക്കണമെന്ന് നിരീക്ഷിച്ചു. സ്ഥാപനങ്ങളുടെ ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിനും തീരുമാനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യ സഹായിക്കണം. എന്നാൽ മനുഷ്യന്റെ വിവേചനബുദ്ധിക്കും വിലയിരുത്തൽശേഷിക്കും പകരമാകാൻ അതിന് ഒരിക്കലും കഴിയില്ല. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സൃഷ്ടിക്കപ്പെടുകയും ലഭ്യമാക്കുകയും ചെയ്യുന്ന വിവരങ്ങളുടെ കൃത്യത, ആധികാരികത, നിഷ്പക്ഷത എന്നിവ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. സാങ്കേതികവിദ്യാധിഷ്ഠിത ഭരണത്തിന്റെ വിശ്വാസ്യത ആത്യന്തികമായി തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉപയോഗിക്കുന്ന വിവരങ്ങളുടെ വിശ്വസനീയതയെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.
ലോക്സഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷൻ ശ്രീ കെ. സി. വേണുഗോപാൽ സമ്മേളനത്തിൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ പരാമർശിച്ച ലോക്സഭാ സ്പീക്കർ, തുടർച്ചയായ പരിശോധനയും ഓഡിറ്റ് റിപ്പോർട്ടുകൾ സമയബന്ധിതമായി തീർപ്പാക്കലും സംബന്ധിച്ച പൊതുവായ വെല്ലുവിളികൾ പരിഹരിക്കുന്നതിന് പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും സമിതികൾ സംയുക്തമായി സമഗ്രമായ ഓഡിറ്റ്-വിലയിരുത്തൽ സംവിധാനം രൂപപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു. ഏകോപിതമായ സ്ഥാപനസംവിധാനം കൂടുതൽ സഹകരണം വളർത്തുന്നതിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനും രാജ്യത്തുടനീളമുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ കൂട്ടായ ശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
പൊതുജനങ്ങളുടെ പണം ചെലവഴിക്കുന്നതിൽ സുതാര്യത ഉറപ്പാക്കുന്നതിൽ പി.എ.സികളുടെ ഒഴിച്ചുകൂടാനാവാത്ത പങ്ക് അടിവരയിട്ട അദ്ദേഹം, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) സ്വതന്ത്രവും നിഷ്പക്ഷവുമായ ഓഡിറ്റുകൾ നടത്തുമ്പോൾ, ഓഡിറ്റ് കണ്ടെത്തലുകൾ പരിശോധിക്കുകയും വിശദമായ വസ്തുതാപരമായ പരിശോധന നടത്തുകയും സമിതിയുടെ ശുപാർശകളിൽ ഫലപ്രദമായ തുടർനടപടികൾ ഉറപ്പാക്കുകയും ചെയ്യുന്ന നിർണ്ണായക ചുമതല പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾക്കാണ് ഉള്ളതെന്ന് പറഞ്ഞു. ഓഡിറ്റ് നിരീക്ഷണങ്ങൾ കേവലം റിപ്പോർട്ടുകളിലും രേഖകളിലും ഒതുങ്ങിനിൽക്കരുത്; അവ അനുയോജ്യമായ തിരുത്തൽ നടപടികളായും ഭരണപരമായ പ്രവർത്തനങ്ങളിലെ പ്രകടമായ മെച്ചപ്പെടുത്തലുകളായും മാറണം. ഭരണനിർവ്വഹണ വിഭാഗം (Executive) ഈ സമിതികളുടെ ശുപാർശകൾക്ക് അർഹമായ പ്രാധാന്യം നൽകുകയും അവ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
പാർലമെന്റിന്റെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുടെയും പി.എ.സി ചെയർപേഴ്സൺമാരുടെ സമ്മേളനത്തിൽ അംഗീകരിച്ച 'കേരളം പ്രമേയം' (Keralam Resolution) വരും വർഷങ്ങളിൽ ഈ പ്രധാനപ്പെട്ട പാർലമെന്ററി-നിയമസഭാ സ്ഥാപനങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന വഴികാട്ടിയായും ദീർഘവീക്ഷണമുള്ള ഒരു റോഡ്മാപ്പായും വർത്തിക്കുമെന്ന് അദ്ദേഹം കുറിച്ചു. സമ്മേളനത്തിൽ ഉയർന്നുവന്ന സമ്പന്നമായ ചർച്ചകളും കൂട്ടായ വിവേകവും ശുപാർശകളും പ്രായോഗിക നടപടികളിലൂടെ അർത്ഥവത്തായ രൂപം പ്രാപിക്കണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സാമ്പത്തിക അച്ചടക്കം ശക്തിപ്പെടുത്തുക, സ്ഥാപനപരമായ ശേഷി വർദ്ധിപ്പിക്കുക, കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഭരണനിർവ്വഹണം കൂടുതൽ സുതാര്യവും ജനകീയവും ഫലപ്രാപ്തിയിലധിഷ്ഠിതവുമാക്കുക എന്നിവയായിരിക്കണം അന്തിമ ലക്ഷ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതിലെ ശുപാർശകൾ നിയമസഭയുടെയും ഭരണനിർവ്വഹണ വിഭാഗത്തിന്റെയും പ്രവർത്തനങ്ങളിൽ അർത്ഥവത്തായി പ്രതിഫലിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, പ്രമേയത്തിന്റെ ഫലപ്രദമായ നടപ്പാക്കൽ ജനാധിപത്യ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പൊതുജനവിശ്വാസം വർദ്ധിപ്പിക്കുമെന്നും നിയമനിർമ്മാണ മേൽനോട്ടത്തിന്റെ ഗുണനിലവാരം കൂട്ടുമെന്നും പ്രസ്താവിച്ചു.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക ക്ഷേമം, ഗ്രാമീണ വികസനം തുടങ്ങിയ സുപ്രധാന മേഖലകളിൽ പൊതു നിക്ഷേപത്തിന്റെ വ്യാപ്തി വർദ്ധിച്ചുവരുന്നത് പൊതു ഫണ്ടുകളുടെ വിവേകപൂർണ്ണവും ലക്ഷ്യാധിഷ്ഠിതവുമായ വിനിയോഗം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം കൂടുതൽ പ്രധാനപ്പെട്ടതാക്കിയിട്ടുണ്ടെന്ന് ലോക്സഭാ സ്പീക്കർ പറഞ്ഞു. പൊതുജനങ്ങളുടെ ഓരോ രൂപയും കൃത്യമായി കണക്കു കാണിക്കുകയും ഏത് ആവശ്യത്തിനാണോ അനുവദിച്ചത് അതിനായി മാത്രം വിനിയോഗിക്കുകയും വേണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
അതുകൊണ്ടുതന്നെ, നിയമനിർമ്മാണ മേൽനോട്ടം ചെലവഴിച്ച തുക പരിശോധിക്കുന്നതിനപ്പുറം, പൊതു ഫണ്ടുകൾ ഉദ്ദേശിച്ച ആനുകൂല്യങ്ങൾ നൽകുന്നുണ്ടോ എന്നും പൗരന്മാരുടെ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്നും വിലയിരുത്തണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഗവൺമെന്റ് പ്രോഗ്രാമുകളുടെയും പദ്ധതികളുടെയും മൂല്യനിർണ്ണയത്തിൽ അവയുടെ തുടർച്ച, ഗുണനിലവാരം, സമയബന്ധിതമായ നടപ്പാക്കൽ, യഥാർത്ഥ ഫലപ്രാപ്തി എന്നിവ ഉൾപ്പെടണമെന്ന് അദ്ദേഹം കൂടുതൽ ഊന്നിപ്പറഞ്ഞു. സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കലാകട്ടെ, നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതികൾ പൂർത്തിയാക്കലാകട്ടെ, അർഹരായ ഗുണഭോക്താക്കൾക്ക് ക്ഷേമാനുകൂല്യങ്ങൾ സമയബന്ധിതമായി എത്തിക്കലാകട്ടെ, പൊതുസേവന വിതരണത്തിന്റെ ഓരോ വശവും വ്യവസ്ഥാപിതമായ പരിശോധനയ്ക്കും മൂല്യനിർണ്ണയത്തിനും വിധേയമാക്കണം. വകുപ്പുതല സ്റ്റാൻഡിങ് കമ്മിറ്റികളും ഇക്കാര്യത്തിൽ പ്രധാനപ്പെട്ട വിലയിരുത്തലുകൾ നടത്തുന്നുണ്ടെങ്കിലും സാമ്പത്തിക ഔചിത്യവും പൊതുചെലവിലെ ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിൽ പ്രത്യേകിച്ച് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് നിർണായക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
സ്ഥാപനപരമായ ശേഷി ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ശ്രീ ബിർള, വേഗത്തിലുള്ള സാങ്കേതിക മാറ്റങ്ങളുടെ ഈ യുഗത്തിൽ സി.എ.ജി, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾ എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിരന്തരമായ ശേഷി വർദ്ധനവും പ്രൊഫഷണൽ വികസനവും അത്യാവശ്യമാണെന്ന് പറഞ്ഞു. പാർലമെന്റ് അംഗങ്ങളും സംസ്ഥാന നിയമസഭാംഗങ്ങളും തങ്ങളുടെ മേൽനോട്ട ഉത്തരവാദിത്തങ്ങളിൽ പുതിയ സാങ്കേതികവിദ്യകൾ മനസ്സിലാക്കാനും ഫലപ്രദമായി ഉപയോഗിക്കാനുമുള്ള ആവശ്യമായ അറിവും വൈദഗ്ധ്യവും ഉള്ളവരായിരിക്കണം. ക്രമമായ പരിശീലനം, പുതിയ ടൂളുകളുമായുള്ള പരിചയം, പ്രൊഫഷണൽ വൈദഗ്ധ്യം പങ്കുവെക്കൽ എന്നിവ പരിശോധനയുടെയും നിരീക്ഷണത്തിന്റെയും മൂല്യനിർണ്ണയത്തിന്റെയും ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം കുറിച്ചു.
പാർലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾക്കിടയിൽ പതിവായി യോഗങ്ങളും സമ്മേളനങ്ങളും അനുഭവങ്ങൾ പങ്കുവെക്കലും വ്യവസ്ഥാപിതമാക്കാൻ ലോക്സഭാ സ്പീക്കർ ആഹ്വാനം ചെയ്തു. വിവിധ സംസ്ഥാനങ്ങൾ വികസിപ്പിച്ച വിജയിച്ച രീതികൾ, നൂതനമായ സമീപനങ്ങൾ, സാങ്കേതിക പരിഹാരങ്ങൾ എന്നിവ പങ്കുവെക്കുന്നത് മികച്ച പഠന അവസരങ്ങൾ നൽകുമെന്നും രാജ്യത്തുടനീളമുള്ള സമിതികൾക്ക് ഫലപ്രദമായ മാതൃകകൾ സ്വീകരിക്കാനും പിന്തുടരാനും സഹായിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. 27 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുകയും തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും കൊണ്ട് ചർച്ചകളെ സമ്പന്നമാക്കുകയും ചെയ്തതായി ചൂണ്ടിക്കാണിച്ച അദ്ദേഹം, ശക്തവും കൂടുതൽ ഫലപ്രദവുമായ നിയമനിർമ്മാണ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിന് ഇത്തരം കൂട്ടായ ഇടപെടലുകൾ അത്യാവശ്യമാണെന്ന് പറഞ്ഞു.
സമ്മേളനത്തിലെ ചർച്ചകളെയും 'കേരളം പ്രമേയ'ത്തെയും സുസ്ഥിരമായ സ്ഥാപനപരമായ പ്രവർത്തനങ്ങളാക്കി മാറ്റുന്നതിലാണ് സമ്മേളനത്തിന്റെ യഥാർത്ഥ പ്രാധാന്യം കുടികൊള്ളുന്നതെന്ന് ശ്രീ ബിർള പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെയും വിവരസാങ്കേതിക പരിശോധനകളുടെയും ഫലപ്രദമായ തുടർനടപടി സംവിധാനങ്ങളുടെയും പിൻബലമുള്ള ശക്തമായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾ പൊതുവിഭവങ്ങൾ വിവേകത്തോടെയും ശുദ്ധതയോടെയും വ്യക്തമായ പൊതുലക്ഷ്യത്തോടെയും വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ ഗണ്യമായ സംഭാവന നൽകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പൊതുപണത്തിന്റെ ഫലപ്രദമായ ഉത്തരവാദിത്തം ഉറപ്പാക്കാൻ മാറുന്ന കാലത്തിനനുസരിച്ച് പിഎസികൾ വികസിക്കണം: ശ്രീ കെ. സി. വേണുഗോപാൽ
പൊതുപണം കൂടുതൽ സങ്കീർണമായ മാർഗങ്ങളിലൂടെ വിനിയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ ഉത്തരവാദിത്തം ഉറപ്പാക്കാൻ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾ (പിഎസികൾ) മാറുന്ന കാലത്തിനനുസരിച്ച് വികസിക്കേണ്ടതുണ്ടെന്ന് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷൻ ഊന്നിപ്പറഞ്ഞു. നിയമസഭകൾക്ക് മുന്നിൽ സമർപ്പിക്കുന്ന ഓഡിറ്റ് കണ്ടെത്തലുകളെ അർത്ഥവത്തായ ഉത്തരവാദിത്തങ്ങളാക്കി മാറ്റുന്നത് പി.എ.സികളാണെന്ന് നിരീക്ഷിച്ച അദ്ദേഹം, പൊതു പദ്ധതികളുടെ സമയബന്ധിതമായ ഓഡിറ്റും ഓഡിറ്റ് റിപ്പോർട്ടുകൾ സഭകളിൽ ഉടനടി സമർപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിച്ചു. മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള വൈകിയുള്ളതും അപൂർണ്ണവുമായ മറുപടികളിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ഭരണനിർവ്വഹണ വിഭാഗം പൂർണ്ണമായ മറുപടികൾ ഉടനടി നൽകണമെന്ന് ആവശ്യപ്പെട്ടു.
പിഎസികളുടെ പ്രവർത്തനം ജനങ്ങളിലേക്ക് എത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിനായി പാർലമെന്റിലും ഓരോ സംസ്ഥാന നിയമസഭയിലും കുറഞ്ഞത് ഒരു പിഎസി റിപ്പോർട്ടെങ്കിലും ചർച്ചയ്ക്ക് എടുക്കണമെന്ന് നിർദേശിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികൾ പരിശോധിക്കുന്നതിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ മികച്ച ഏകോപനം വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഈ പദ്ധതികൾക്കായി കേന്ദ്ര-സംസ്ഥാന പി.എ.സികൾ തമ്മിൽ പ്രതിവർഷം കുറഞ്ഞത് ഒരു യോഗമെങ്കിലും സംഘടിപ്പിക്കണമെന്ന് നിർദ്ദേശിച്ചു. പ്രത്യേക വൈദഗ്ധ്യമുള്ള ജീവനക്കാർ, പരിശീലനം, ശേഷിവർധന എന്നിവയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഓഡിറ്റ് ഖണ്ഡികകളുടെയും സ്വീകരിച്ച നടപടികളുടെയും പുരോഗതി നിരീക്ഷിക്കുന്നതിനുള്ള ഡാഷ്ബോർഡ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ കൂടുതൽ ഉപയോഗത്തിനും ആഹ്വാനം ചെയ്തു.
കേരള നിയമസഭാ സ്പീക്കർ, കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ, കേരള പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
“ഓഡിറ്റ്, ഉത്തരവാദിത്തം, സദ്ഭരണം – പിഎസിയുടെ മാറിവരുന്ന പങ്ക്” എന്ന വിഷയത്തിൽ നടന്ന ദ്വിദിന സമ്മേളനത്തിൽ വിപുലവും ക്രിയാത്മകവുമായ ചർച്ചകൾ നടന്നു. സാമ്പത്തിക മേൽനോട്ടം ശക്തിപ്പെടുത്തൽ, ഓഡിറ്റ് റിപ്പോർട്ടുകളിലെ തുടർനടപടി സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ, സാങ്കേതിക നൂതനാശയങ്ങൾ സ്വീകരിക്കൽ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ സ്ഥാപനപരമായ കാര്യക്ഷമത വർധിപ്പിക്കൽ എന്നിവയ്ക്കായിരുന്നു പ്രത്യേക ഊന്നൽ.
സമ്മേളനത്തിൽ അംഗീകരിച്ച പ്രമേയത്തിന്റെ പകർപ്പ് ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
Resolution adopted at the conference -
***
SK