പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏകദേശം 21,800 കോടി രൂപയുടെ പൂണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു

കൂടുതൽ മികച്ച ഗതാഗത സൗകര്യങ്ങളുള്ള പൂണെ അതിവേഗം വളരുന്ന പൂണെയായിരിക്കും; പുതിയ മെട്രോ പദ്ധതികൾ നഗരത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുകയും ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും: പ്രധാനമന്ത്രി

രാജ്യത്തെ യുവാക്കളുടെ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും കേന്ദ്രമാണ് പൂണെ ; ശക്തമാകുന്ന മെട്രോ കണക്റ്റിവിറ്റി പൂണെ നഗരത്തിന്റെ വികസനത്തിന് പുതിയ ഊർജ്ജം നൽകും: പ്രധാനമന്ത്രി

നമ്മുടെ നഗരങ്ങൾ കേവലം താമസസ്ഥലങ്ങൾ മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ കൂടിയാണ്; രാജ്യത്തുടനീളമുള്ള നൂറുകണക്കിന് ചെറുനഗരങ്ങളെ സജീവമായ വളർച്ചാ കേന്ദ്രങ്ങളാക്കി വികസിപ്പിക്കണം: പ്രധാനമന്ത്രി

ഇന്ന് ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ മാത്രമല്ല, ദാരിദ്ര്യം ഏറ്റവും വേഗത്തിൽ നിർമ്മാർജ്ജനം ചെയ്യുന്ന രാജ്യം കൂടിയാണ്: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 03 NOV 2026 2:43PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഏകദേശം 21,800 കോടി രൂപയുടെ പൂണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു. ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, പൂണെയിലെയും മഹാരാഷ്ട്രയിലെയും ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു. ദൈനംദിന ജീവിതത്തിലേക്ക് പുതിയ പൊതുസൗകര്യങ്ങൾ കൂടി എത്തുമ്പോൾ ആഘോഷങ്ങളുടെ സന്തോഷം ഇരട്ടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. പത്ത് വർഷം മുമ്പ് പൂണെ മെട്രോയുടെ ആദ്യഘട്ടത്തിന് തറക്കല്ലിട്ട കാര്യം അനുസ്മരിച്ച അദ്ദേഹം, ഹിൻജെവാഡി മുതൽ ശിവാജി നഗർ വരെയുള്ള ഇടനാഴിയുടെ ഉദ്ഘാടനം പ്രധാന ഐടി കേന്ദ്രത്തിലേക്ക് മികച്ച ഗതാഗതബന്ധം ഉറപ്പാക്കുമെന്നും ഇന്ന് ആരംഭിച്ച പുതിയ പാത നഗരത്തിന്റെ പഴയതും പുതിയതുമായ ഭാഗങ്ങളെ കൂടുതൽ ബന്ധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി.

രാജ്യത്തിനും സമൂഹത്തിനും നിരന്തരം ദിശാബോധം നൽകിയ ആശയങ്ങളുടെ ചരിത്ര കേന്ദ്രമായാണ് പൂണെ അറിയപ്പെടുന്നതെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. യുവാക്കളുടെ അഭിലാഷങ്ങളുടെ കേന്ദ്രമായ ഈ നഗരം ഇപ്പോൾ ഐടി, ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽസ്, സ്റ്റാർട്ടപ്പുകൾ, നവീകരണം, ഉൽപ്പാദനം തുടങ്ങിയ മേഖലകളിലൂടെ വികസിത ഭാരതത്തിന്റെ പുതിയ ഊർജം പകരുകയാണെന്നും അദ്ദേഹം പറഞ്ഞു. "ഇത്തരമൊരു സാഹചര്യത്തിൽ, ഇവിടെ ശക്തമാകുന്ന മെട്രോ കണക്റ്റിവിറ്റി പൂണെ നഗരത്തിന്റെ വികസനത്തിന് പുതിയ വേഗത നൽകാൻ പോകുന്നു," പ്രധാനമന്ത്രി മോദി നിരീക്ഷിച്ചു.

പൂണെ മെട്രോയുടെ വിപുലീകരണം വികസിത ഭാരതത്തിനായി ആധുനിക നഗരങ്ങൾ എങ്ങനെ രൂപപ്പെടുത്തപ്പെടുന്നു എന്നതിന്റെ പ്രതിഫലനമാണെന്ന് വിശദീകരിച്ച പ്രധാനമന്ത്രി, വ്യവസായങ്ങൾ, ഭക്ഷണരീതികൾ, പ്രാദേശിക ഉൽപ്പന്നങ്ങൾ തുടങ്ങിയ പരമ്പരാഗത ഘടകങ്ങൾക്കപ്പുറം നഗരങ്ങളുടെ മത്സരക്ഷമതയും ജീവിത സൗകര്യങ്ങളുമാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി. യാത്രാസമയം ലാഭിക്കുകയും കൂടുതൽ സൗകര്യം ഉറപ്പാക്കുകയും ചെയ്യുന്ന മെട്രോ ശൃംഖലകൾ ഈ രണ്ട് ഘടകങ്ങളും മെച്ചപ്പെടുത്തുന്നു. ഒരു നഗരത്തിന്റെ സമയം ലാഭിക്കുന്നത് നഗരത്തിന്റെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുമെന്നും അത് ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് വേഗം പകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "സമ്പദ്‌വ്യവസ്ഥ വളരുമ്പോൾ, പാവപ്പെട്ടവരും മധ്യവർഗവും ഒരുപോലെ അതിൻ്റെ പ്രയോജനം നേടുന്നു," ശ്രീ മോദി പറഞ്ഞു.

ജനകേന്ദ്രീകൃതവും സജീവവുമായ ഭരണനിർവഹണത്തിന്റെ മികച്ച ഉദാഹരണമായാണ് ഈ അവസരത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യയുടെ മെട്രോ ശൃംഖല 26 നഗരങ്ങളിലായി ഏകദേശം 1,200 കിലോമീറ്ററായി വികസിച്ചെന്നും പ്രതിദിനം ഒരു കോടിയിലധികം യാത്രക്കാർ ഇതിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്ന് മെട്രോ ശൃംഖലകളിലൊന്നായാണ് ഇന്ത്യൻ മെട്രോ ശൃംഖല കണക്കാക്കപ്പെടുന്നത്,” പ്രധാനമന്ത്രി മോദി പറഞ്ഞു.

2014 മുതൽ രാജ്യത്തുണ്ടായ പരിവർത്തനത്തിന്റെ പ്രതിഫലനം മഹാരാഷ്ട്രയിലും കാണാനാകുമെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, അന്ന് സംസ്ഥാനത്ത് 10 മുതൽ 11 കിലോമീറ്റർ വരെ മാത്രമാണ് മെട്രോ പാത പ്രവർത്തിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടി. ഇന്ന് ഏകദേശം 175 കിലോമീറ്റർ മെട്രോ പാത പ്രവർത്തന സജ്ജമാണ്. 2.5 ലക്ഷം കോടി രൂപയിലധികം നിക്ഷേപത്തോടെ 680 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പാതകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഈ പണം തൊഴിലാളികളുടെ കൈകളിലെത്തുന്നു, ഈ പണം എൻജിനീയർമാർക്ക് തൊഴിൽ നൽകുന്നു, കടകളിലും ഫാക്ടറികളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു,” ശ്രീ മോദി നിരീക്ഷിച്ചു.

പുതുതായി ഉദ്ഘാടനം ചെയ്ത ഇടനാഴിയുടെ മറ്റൊരു സവിശേഷതയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സർക്കാരിന്റെയും സ്വകാര്യ മേഖലയുടെയും സംയുക്ത പരിശ്രമത്തിലൂടെ പൊതു-സ്വകാര്യ പങ്കാളിത്ത (Public-Private Partnership) മാതൃകയിലാണ് മെട്രോ പാത നിർമിച്ചിരിക്കുന്നത്. “ഇത്തരമൊരു വികസന മാതൃകയുടെ വിജയം രാജ്യത്തിന്റെ പുരോഗതിക്ക് കൂടുതൽ വേഗം പകരും,” പ്രധാനമന്ത്രി മോദി പറഞ്ഞു.

'നമ്മൾ ഇത് ചെയ്യും' എന്ന രാജ്യവ്യാപകമായ ആവേശത്തോടെ ഇന്ത്യയിലെ ഓരോ പൗരനും യുവാക്കളും വികസിത ഭാരതം കെട്ടിപ്പടുക്കാൻ പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 12 വർഷത്തിനിടെ ഗ്രാമീണ റോഡുകൾ, ദേശീയപാതകൾ, അതിവേഗപാതകൾ, പുതിയതും വൈദ്യുതീകരിച്ചതുമായ റെയിൽപാതകൾ, നീളമേറിയ തുരങ്കങ്ങൾ, ഉയരമേറിയ പാലങ്ങൾ എന്നിവ നിർമിക്കുന്നതിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. “ഇനി വരും വർഷങ്ങളിൽ ഇതിനൊപ്പം ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി നമ്മുടെ നഗരങ്ങളെ മാറ്റുന്നതിനും രാജ്യം ഊർജ്ജം വിനിയോഗിക്കും,” ശ്രീ മോദി പറഞ്ഞു.

നഗരങ്ങൾ കേവലം താമസസ്ഥലങ്ങളല്ലെന്നും സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രധാന ചാലകശക്തികളാണെന്നും നൂറുകണക്കിന് ചെറുപട്ടണങ്ങളെ വികസന കേന്ദ്രങ്ങളാക്കി മാറ്റണമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ലക്ഷക്കണക്കിന് കോടിയുടെ നഗര നിക്ഷേപം സമാഹരിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ കേന്ദ്ര സഹായത്തോടെ ഈ വർഷം ഫെബ്രുവരിയിൽ 'അർബൻ ചലഞ്ച് ഫണ്ട്' അംഗീകരിച്ചത് എടുത്തുപറഞ്ഞു. ഈ ദൗത്യത്തിൽ തദ്ദേശസ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ പങ്കാളികളും സജീവമായി പങ്കുചേരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. “ഇക്കാര്യത്തിൽ മഹാരാഷ്ട്രയുടെ പങ്ക് ഇനിയും വിപുലമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇന്ത്യയെക്കുറിച്ചുള്ള ആഗോള ചർച്ചകൾക്ക് വഴിയൊരുക്കുന്ന രണ്ട് പ്രധാന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വെല്ലുവിളി നിറഞ്ഞ അന്താരാഷ്ട്ര സാഹചര്യങ്ങൾക്കിടയിലും ലോകത്തിലെ ഏറ്റവും ഉയർന്ന വളർച്ചാനിരക്ക് രാജ്യം നിലനിർത്തിയെന്നും ഏറ്റവും പുതിയ ലോകബാങ്ക് റിപ്പോർട്ട് പ്രകാരം വെറും 10 മുതൽ 12 വർഷത്തിനുള്ളിൽ 50 കോടി പൗരന്മാരെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെന്നും പറഞ്ഞു. തലമുറകളായി വെറും മുദ്രാവാക്യങ്ങളിൽ ഒതുങ്ങിയിരുന്ന ദാരിദ്ര്യനിർമാർജന ശ്രമങ്ങളിൽ നിന്ന് രാജ്യം മുന്നേറിയെന്നും അദ്ദേഹം വ്യക്തമാക്കി. “മുമ്പ് ദാരിദ്ര്യത്തിനെതിരായ പോരാട്ടം മുദ്രാവാക്യങ്ങളിൽ മാത്രമായിരുന്നു. ഇന്ന് ഇന്ത്യ യാഥാർഥ്യത്തിൽ ദാരിദ്ര്യത്തെ പരാജയപ്പെടുത്തുകയാണ്,” ശ്രീ മോദി പറഞ്ഞു.

അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്നതും ദാരിദ്ര്യം ഏറ്റവും വേഗത്തിൽ നിർമ്മാർജ്ജനം ചെയ്യുന്ന രാജ്യം എന്നീ രണ്ട് നാഴികക്കല്ലുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. വളരുന്ന സമ്പദ്‌വ്യവസ്ഥയും വർധിക്കുന്ന ബജറ്റും കൂടുതൽ പൊതുനിക്ഷേപത്തിന് വഴിയൊരുക്കുന്നു. അഴിമതിയിലൂടെയും ചോർച്ചകളിലൂടെയും മുമ്പ് നഷ്ടപ്പെട്ടിരുന്ന പണം ഇപ്പോൾ നേരിട്ട് ഗുണഭോക്താക്കളിലേക്ക് എത്തുന്നു. റോഡുകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, മെട്രോ, വൈദ്യുതി, വെള്ളം, ഗ്യാസ് പൈപ്പ്‌ലൈനുകൾ എന്നിവയിൽ ഖജനാവിൽ നിന്നുള്ള നിക്ഷേപം ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ രണ്ട് നേട്ടങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

പാവപ്പെട്ടവർക്കുള്ള വീടുകൾ, ശൗചാലയങ്ങൾ, ഹർ ഘർ ജൽ പദ്ധതിയിലൂടെയുള്ള കുടിവെള്ള കണക്ഷനുകൾ, പാചകവാതക കണക്ഷനുകൾ തുടങ്ങിയ ക്ഷേമപദ്ധതികളുടെ സ്വാധീനം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഈ അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ദൈനംദിന ജീവിതത്തിലെ വിലപ്പെട്ട സമയം ലാഭിക്കുകയും ചെയ്തുവെന്ന് പറഞ്ഞു. “ഈ സമയം കുടുംബങ്ങൾക്കായി അധിക വരുമാനം നേടുന്നതിനായി അവർ വിനിയോഗിക്കുകയാണ്,” ശ്രീ മോദി നിരീക്ഷിച്ചു.

കഴിഞ്ഞ മാസം ഒരു സർക്കാരിന്റെ തലവനെന്ന നിലയിൽ 25 വർഷം പൂർത്തിയാക്കിയ കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, ദരിദ്രരെ ശാക്തീകരിക്കുന്നതിലൂടെ ദാരിദ്ര്യത്തെ മറികടക്കാനുള്ള ധൈര്യം അവർക്ക് നൽകാനാകുമെന്ന മന്ത്രമാണ് തന്റെ പ്രവർത്തനങ്ങളെ നയിച്ചതെന്ന് പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പദ്ധതികളുടെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഗുണഭോക്താക്കളെ വേദിയിലെത്തിച്ച് ദാരിദ്ര്യത്തിനെതിരെ പ്രതിജ്ഞയെടുപ്പിക്കുന്നതിനുമായി ഗരീബ് കല്യാൺ മേളകൾ ആരംഭിച്ചതായും അദ്ദേഹം ഓർത്തെടുത്തു. "ദാരിദ്ര്യത്തെ തോൽപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് അവർ ആത്മവിശ്വാസത്തോടെ മടങ്ങിയത്," പ്രധാനമന്ത്രി മോദി ഓർമ്മിച്ചു.

അന്ന് ആരംഭിച്ച ദൗത്യം യഥാർഥ സദ്ഭരണത്തിന്റെ ഭാഗമായി തടസ്സമില്ലാതെ തുടരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ശാക്തീകരിക്കാനുള്ള അധികാരം’ (Power to Empower) എന്നതാണ് ഈ ഭരണത്തിന്റെ അടിസ്ഥാനം. ഈ പരിവർത്തനം പെട്ടെന്നുണ്ടായതല്ലെന്നും വർഷങ്ങളായുള്ള ആസൂത്രിതവും ബോധപൂർവവുമായ ശ്രമങ്ങളുടെ ഫലമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. “അതുകൊണ്ടാണ് 50 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തെ പരാജയപ്പെടുത്തിയത്,” ശ്രീ മോദി പറഞ്ഞു.

ദാരിദ്ര്യത്തിൽ നിന്ന് കരകയറുന്ന കുടുംബങ്ങൾക്കു മാത്രമല്ല, രാജ്യത്തിനാകെ പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതുജീവൻ നൽകുകയും ഒരു പുതിയ മധ്യവർഗത്തെ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഇവരുടെ വാങ്ങൽ ശേഷി വിപണിയിലെ ആവശ്യകത വർദ്ധിപ്പിക്കുകയും കടകൾ മുതൽ ഫാക്ടറികൾ വരെ പുതിയ സാധ്യതകൾ തുറക്കുകയും ചെയ്യുന്നു. "അതായത്, ഇന്ത്യയിൽ ദാരിദ്ര്യം കുറയുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഒരു പുതിയ ഉയരത്തിലേക്ക് നയിക്കുകയാണ്," ശ്രീ മോദി നിരീക്ഷിച്ചു.

വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ കർഷകരുടെ നിർണായക പങ്ക് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, അവരെ ശാക്തീകരിക്കുന്നതിനായി സർക്കാർ തുടർച്ചയായി നടത്തുന്ന ശ്രമങ്ങളും പരാമർശിച്ചു. കഴിഞ്ഞ വർഷങ്ങളിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിൽ വിപുലമായ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയിട്ടും പ്രതികൂല കാലാവസ്ഥയും പ്രകൃതിദുരന്തങ്ങളും കാരണം മഹാരാഷ്ട്രയിലെ കർഷക കുടുംബങ്ങൾ ഇപ്പോൾ നേരിടുന്ന കടുത്ത പ്രതിസന്ധികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. വരൾച്ചയെക്കുറിച്ചുള്ള തന്റെ അറിവും സംസ്ഥാന സർക്കാർ മുൻകൂർ സഹായം നൽകിയതും പിഎം കിസാൻ ഫണ്ട് കൈമാറിയതും പരാമർശിച്ച അദ്ദേഹം, സർക്കാരിന്റെ പൂർണമായ പിന്തുണയും ഐക്യദാർഢ്യവും കർഷകർക്ക് ഉറപ്പുനൽകി. "നിങ്ങൾ ഒട്ടും വിഷമിക്കേണ്ടതില്ല, ഞങ്ങൾ എല്ലാവരും കർഷകർക്കൊപ്പമുണ്ട്," ശ്രീ മോദി ഉറപ്പുനൽകി.

ഈ ആഘോഷവേളയിൽ വരൾച്ച ബാധിതരെയും കർഷക കുടുംബങ്ങളെയും ദുരിതമനുഭവിക്കുന്ന മറ്റുള്ളവരെയും ഓർക്കേണ്ട സാമൂഹിക ഉത്തരവാദിത്തം പ്രധാനമന്ത്രി പൗരന്മാരെ ഓർമിപ്പിച്ചു. അവരുടെ വീടുകളിലും ദീപാവലിയുടെ സന്തോഷം എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും ഈ ദുരന്തത്തെ മറികടക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. “ഒരുമിച്ചുനിന്നാൽ മാത്രമേ ഈ ദുരന്തത്തെ നമുക്ക് നേരിടാനാകൂ,” പ്രധാനമന്ത്രി മോദി പറഞ്ഞു.

മെട്രോ പദ്ധതികൾക്ക് ആശംസകൾ നേർന്നുകൊണ്ട് പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി, കൂട്ടായതും ഐക്യത്തോടെയുള്ളതുമായ പരിശ്രമമായ ‘സബ്കാ പ്രയാസ്’ വികസിത ഭാരതത്തിന്റെ ജീവരക്തമാണെന്ന് ഊന്നിപ്പറഞ്ഞു. “ഈ മനോഭാവത്തോടെ രാജ്യത്തിന്റെ വികസനത്തിനായി നാം തുടർന്നും പ്രവർത്തിക്കണം,” ശ്രീ മോദി പറഞ്ഞു.

 

***


( റിലീസ് ഐ.ഡി: 2332316) സന്ദര്‍ശക കൗണ്ടര്‍ : 7