ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

പൊതുജനങ്ങളുടെ ഓരോ രൂപയ്ക്കും കണക്കുണ്ടാകണം; അനുവദിച്ചിട്ടുള്ള ഉദ്ദേശ്യത്തിനായി പൂർണമായും വിനിയോഗിക്കണം: ലോക്‌സഭാ സ്പീക്കർ


സുതാര്യതയും ഉത്തരവാദിത്തവും ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകൾ; പൊതുചെലവുകൾ പൗരന്മാരുടെ ജീവിതത്തിൽ വ്യക്തമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്ന് PAC-കൾ ഉറപ്പാക്കണം: ലോക്‌സഭാ സ്പീക്കർ

ദീർഘകാലമായി തീർപ്പാകാത്ത ഓഡിറ്റ് പരാമർശങ്ങൾക്ക് സമയബന്ധിത പരിഹാരം വേണമെന്ന് ലോക്‌സഭാ സ്പീക്കർ; സാമ്പത്തിക സത്യസന്ധതയ്ക്കും ദേശീയ ക്ഷേമത്തിനുമുള്ള കൂട്ടായ പ്രതിബദ്ധതയ്ക്ക് രാഷ്ട്രീയ ഭിന്നതകൾ വഴിമാറണം

സാമ്പത്തിക മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനും പൊതുപണത്തിന്റെ ദുരുപയോഗം തടയുന്നതിനും നിർമിതബുദ്ധി, ഡാറ്റാ അനലിറ്റിക്സ്, ഉത്തരവാദിത്തപൂർണമായ സാങ്കേതികവിദ്യ എന്നിവ പ്രയോജനപ്പെടുത്താൻ PAC-കളോട് ആഹ്വാനം ചെയ്ത് ലോക്‌സഭാ സ്പീക്കർ

ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ സമ്മേളനം തിരുവനന്തപുരത്ത് ലോക്‌സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 03 NOV 2026 3:51PM by PIB Thiruvananthpuram

പൊതുപണത്തിന്റെ സംരക്ഷകരെന്ന നിലയിൽ പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾ (PAC) തങ്ങളുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ആഹ്വാനം ചെയ്തു. പൊതുഖജനാവിൽ നിന്ന് ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ടാകണമെന്നും അനുവദിച്ചിട്ടുള്ള ആവശ്യത്തിനായി അത് പൂർണമായും വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുതാര്യതയും ഉത്തരവാദിത്തവും ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളാണെന്നും പൊതുചെലവുകൾ സാധാരണ പൗരന്മാരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന ഗുണപരമായ മാറ്റങ്ങളാണ് അവയുടെ ആത്യന്തികമായ അളവുകോലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ ബിർള. പൊതുചെലവുകൾ പരിശോധിക്കുക, സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുക, എക്സിക്യൂട്ടീവിനെ ഉത്തരവാദിത്തമുള്ളതാക്കുക എന്നീ ചുമതലകൾ നിർവഹിക്കുന്ന പാർലമെന്ററി ജനാധിപത്യത്തിലെ സുപ്രധാന സ്ഥാപനമാണ് PAC എന്ന് അദ്ദേഹം പറഞ്ഞു. കണക്കുകളും ഓഡിറ്റ് കണ്ടെത്തലുകളും പരിശോധിക്കുന്നതിൽ മാത്രം കമ്മിറ്റികളുടെ ഉത്തരവാദിത്തം ഒതുങ്ങുന്നില്ല. പൊതുഫണ്ടുകൾ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിച്ചിട്ടുണ്ടോ, അനുവദിച്ച ഫണ്ടുകൾ പ്രതീക്ഷിച്ച ഫലങ്ങൾ നൽകിയിട്ടുണ്ടോ എന്നും വിലയിരുത്തണം.

10, 15, ചിലപ്പോൾ 20 വർഷം വരെ ഓഡിറ്റ് പരാമർശങ്ങൾ തീർപ്പാകാതെ തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ശ്രീ ബിർള, ഇത്തരം കാലതാമസം സംവിധാനത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് പറഞ്ഞു. ഓഡിറ്റ് പരാമർശങ്ങളും അവയുമായി ബന്ധപ്പെട്ട തുടർനടപടികളും അനാവശ്യ കാലതാമസമില്ലാതെ പരിഹരിക്കുന്നതിന് വ്യക്തവും വ്യവസ്ഥാപിതവും സമയബന്ധിതവുമായ കർമപദ്ധതി തയ്യാറാക്കണം. ഉത്തരവാദിത്തം കടലാസിൽ മാത്രം ഒതുങ്ങാതെ സമയബന്ധിതമായ തിരുത്തൽ നടപടികളിലൂടെ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ നിരീക്ഷണം, അവലോകനം, തുടർനടപടികൾ എന്നിവയ്ക്കുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന ​ഗവൺമെന്റുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനായി പ്രതിപക്ഷ അംഗത്തെ നിയമിക്കുന്ന സവിശേഷമായ ജനാധിപത്യ പാരമ്പര്യത്തെക്കുറിച്ച് പരാമർശിച്ച ശ്രീ ബിർള, ഇത് ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ പക്വതയും ഉൾക്കൊള്ളൽ സ്വഭാവവും കരുത്തും പ്രതിഫലിപ്പിക്കുന്നുവെന്ന് പറഞ്ഞു. കമ്മിറ്റിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പ്രാതിനിധ്യം നൽകുന്നത് പൊതുചെലവുകളുടെ പരിശോധനയിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉൾപ്പെടുത്താൻ സഹായിക്കുന്നു. പൊതുവായ ദേശീയ ലക്ഷ്യത്തിനായി രാഷ്ട്രീയ പരിഗണനകൾക്കതീതമായി പ്രവർത്തിക്കാൻ ജനാധിപത്യ സ്ഥാപനങ്ങൾക്ക് കഴിയുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംവിധാനമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

അംഗങ്ങൾ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലും ആശയധാരകളിലും വിശ്വസിക്കുന്നവരും നയങ്ങളിലും ഭരണനിർവഹണത്തിലും വ്യത്യസ്ത കാഴ്ചപ്പാടുകൾ പുലർത്തുന്നവരുമാകാം. എന്നാൽ പൊതുപണം സംരക്ഷിക്കുന്ന കാര്യത്തിൽ എല്ലാവരുടെയും ഉത്തരവാദിത്തം ഒന്നാണ്. സംവാദം, സഹകരണം, സമവായം, കൂട്ടായ ഉത്തരവാദിത്തം എന്നിവയിലൂടെയാണ് PAC പ്രവർത്തിക്കേണ്ടത്. ഏതെങ്കിലും വ്യക്തിയെയോ ​ഗവൺമെന്റിനെയോ വിമർശിക്കുകയല്ല കമ്മിറ്റിയുടെ ലക്ഷ്യം. പൊതുഫണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുകയോ പാഴാകുകയോ ചെയ്യുന്നില്ലെന്നും ക്രമക്കേടുകളും ചോർച്ചകളും തടയപ്പെടുന്നുവെന്നും എക്സിക്യൂട്ടീവ് ജനങ്ങളോട് ഉത്തരവാദിത്തം പുലർത്തുന്നുവെന്നും ഉറപ്പാക്കുകയാണ് വേണ്ടത്. പൗരന്മാരുടെ വിശ്വാസമാണ് ജനാധിപത്യ ഭരണത്തിന്റെ അടിത്തറയെന്നും പൊതുപണത്തിലെ ഓരോ രൂപയും ജനങ്ങളുടെ പ്രതീക്ഷകളുടെയും സംഭാവനയുടെയും പ്രതീകമായതിനാൽ ഉയർന്ന തലത്തിലുള്ള സാമ്പത്തിക സത്യസന്ധതയോടെ ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുചെലവുകളുടെ വിലയിരുത്തൽ കണക്കുകൾ, വിഹിതങ്ങൾ, വിനിയോഗ സർട്ടിഫിക്കറ്റുകൾ എന്നിവയിൽ മാത്രം ഒതുങ്ങരുതെന്ന് ലോക്‌സഭാ സ്പീക്കർ ഊന്നിപ്പറഞ്ഞു. അടിസ്ഥാനസൗകര്യ പദ്ധതികളുടെ കാര്യത്തിൽ ആവശ്യമായിടത്ത് കമ്മിറ്റികൾ പദ്ധതി സ്ഥലങ്ങൾ സന്ദർശിച്ച് പ്രവൃത്തികളുടെ ഗുണനിലവാരം, സമയബന്ധിതമായ പൂർത്തീകരണം, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നിവ പരിശോധിക്കണം. ചെലവഴിച്ച പണം ഉദ്ദേശിച്ച അടിസ്ഥാനസൗകര്യം സൃഷ്ടിച്ചിട്ടുണ്ടോ, പൊതുവിഭവങ്ങൾ ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ടോ എന്നിവ ഉറപ്പാക്കാൻ ഇത്തരം നേരിട്ടുള്ള വിലയിരുത്തൽ സഹായിക്കും. അതുപോലെ, സാമൂഹ്യക്ഷേമ പദ്ധതികളുടെ കാര്യത്തിൽ ചെലവഴിച്ച തുക മാത്രമല്ല, അതിന്റെ യഥാർഥ സ്വാധീനവും പരിശോധിക്കേണ്ടതുണ്ട്. പൊതുചെലവുകളുടെ ആത്യന്തിക ലക്ഷ്യം സാമൂഹിക നന്മയും പൊതുജനക്ഷേമവുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (CAG) പ്രധാന പങ്ക് പരാമർശിച്ച ശ്രീ ബിർള, CAG ഓഡിറ്റ് കണ്ടെത്തലുകളുടെ പരിശോധന, നടപടികൾ സ്വീകരിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ സൂക്ഷ്മപരിശോധന, ശുപാർശകളുടെ തുടർനടപടികൾ എന്നിവ PAC-യുടെ പ്രവർത്തനത്തിലെ അവിഭാജ്യ ഘടകങ്ങളാണെന്ന് പറഞ്ഞു. പൊതുപണം സുതാര്യമായും കാര്യക്ഷമമായും അനുവദിച്ചിട്ടുള്ള ആവശ്യങ്ങൾക്കനുസൃതമായും വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഈ പ്രവർത്തനങ്ങളുടെ വിശാലമായ ലക്ഷ്യം. സംവിധാനപരമായ മാറ്റങ്ങൾ ആവശ്യമായിടത്ത് കമ്മിറ്റികൾ ഉചിതമായ മാർഗനിർദേശങ്ങൾ നൽകുകയും തിരുത്തൽ നടപടികൾ നിർദ്ദേശിക്കുകയും വേണം.

അനുഭവങ്ങൾ, ആശയങ്ങൾ, നൂതനസംരംഭങ്ങൾ, മികച്ച പ്രവർത്തനരീതികൾ എന്നിവ പങ്കുവെക്കുന്നതിനുള്ള ഫലപ്രദമായ വേദിയായി ഈ സമ്മേളനത്തെ പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും PAC-കൾ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കൂടുതൽ സുതാര്യതയും ശക്തമായ സാമ്പത്തിക മേൽനോട്ടവും ഫലപ്രദമായ വിലയിരുത്തലും കാഴ്ചവെച്ച സംസ്ഥാനങ്ങൾ സ്വീകരിച്ച പ്രവർത്തനരീതികൾ മറ്റുള്ളവരുമായി പങ്കുവെക്കണം. ഉത്തരവാദിത്ത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സംസ്ഥാനങ്ങൾക്കിടയിലെ ആരോഗ്യകരമായ മത്സരം രാജ്യത്തുടനീളം മികച്ച ഭരണനിർവഹണത്തിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയെ മുൻനിർത്തിയുള്ള സമീപനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ സ്പീക്കർ, മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പരിശോധനയുടെയും മേൽനോട്ടത്തിന്റെയും രീതികൾ കമ്മിറ്റികൾ നിരന്തരം ശക്തിപ്പെടുത്തണമെന്ന് പറഞ്ഞു. വലിയ അളവിലുള്ള ചെലവുവിവരങ്ങൾ വിശകലനം ചെയ്യുന്നതിനും ഉയർന്നുവരുന്ന പ്രവണതകൾ തിരിച്ചറിയുന്നതിനും സാധ്യതയുള്ള സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുന്നതിനും ഓഡിറ്റ് പരാമർശങ്ങളുടെ നിരീക്ഷണം മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യ, ഡാറ്റാ അനലിറ്റിക്സ്, നിർമിതബുദ്ധി എന്നിവയ്ക്ക് സുപ്രധാന പങ്കുവഹിക്കാനാകും.

ഭരണനിർവഹണത്തിൽ പൗരപങ്കാളിത്തത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. പൊതുവിഭവങ്ങളുടെ വിനിയോഗത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നു. പൊതുചെലവുകൾ കൃത്യമായി നിരീക്ഷിക്കുകയും കണക്കുകൾ വിശദമായി പരിശോധിക്കുകയും സമയബന്ധിതമായി തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന സംവിധാനം ​ഗവൺമെന്റ് വിഭവങ്ങൾ ജനങ്ങൾക്ക് ഫലപ്രദമായി പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ അനിവാര്യമാണ്.

വർഷങ്ങളായി PAC-യുടെ പ്രവർത്തനപരിധിയും ഉത്തരവാദിത്തങ്ങളും വികസിച്ചിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. ഓഡിറ്റ് റിപ്പോർട്ടുകളും പൊതുകണക്കുകളും പരിശോധിക്കുന്നതിനുപുറമെ പൊതുചെലവുകൾ, ഗവൺമെന്റ് വകുപ്പുകളുടെ പ്രവർത്തനം, ഭരണപരിഷ്കാരങ്ങൾ, പദ്ധതികളുടെ വിലയിരുത്തൽ എന്നിവ സംബന്ധിച്ച ശിപാർശകളിലൂടെയും കമ്മിറ്റി നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്.

PAC-യുടെ സമീപകാല ശതാബ്ദി ആഘോഷങ്ങൾ അനുസ്മരിച്ച അദ്ദേഹം, കമ്മിറ്റിയുടെ അടിസ്ഥാന തത്വങ്ങൾ ഭാവിയിലെ മുൻഗണനകൾക്കും മാർഗദർശനമാകണമെന്ന് പറഞ്ഞു. ആ അവസരത്തിൽ കൈക്കൊണ്ട പ്രതിജ്ഞകൾ കമ്മിറ്റിയുടെ പ്രവർത്തനത്തിലെ കൃത്യമായ പുരോഗതിയായി മാറണം. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയും നടപ്പാക്കുന്ന പദ്ധതികൾ അതത് കമ്മിറ്റികളുടെ അധികാരപരിധിക്കുള്ളിൽ ഫലപ്രദമായ സാമ്പത്തിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സ്പീക്കർ നിർദേശിച്ചു.

സാമ്പത്തിക അച്ചടക്കം, സുതാര്യത, ഉത്തരവാദിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങളിലേക്കും കൃത്യമായ ഫലങ്ങളിലേക്കും സമ്മേളനത്തിലെ ചർച്ചകൾ നയിക്കുമെന്ന് ശ്രീ ബിർള ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിരീക്ഷണം, ഓഡിറ്റ് തുടർനടപടികൾ, പൊതുചെലവുകളുടെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങളായി സമ്മേളനത്തിലെ തീരുമാനങ്ങൾ മാറണം. പൊതുപണത്തിലെ ഓരോ രൂപയും ഉത്തരവാദിത്തപൂർണമായും ഉദ്ദേശിച്ച ആവശ്യത്തിനായും വിനിയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് എല്ലാവരുടെയും പൊതുലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരള മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ, രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ ഹരിവംശ്, ലോക്‌സഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ ശ്രീ കെ.സി. വേണുഗോപാൽ, കേരള നിയമസഭാ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കേരള നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷൻ ശ്രീ കെ.എൻ. ബാലഗോപാൽ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീമതി ഷാനിമോൾ ഉസ്മാൻ ചടങ്ങിൽ നന്ദി പ്രകാശനം ന‌ടത്തി. സംസ്ഥാന നിയമസഭകളിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷന്മാരും അംഗങ്ങളും മറ്റ് വിശിഷ്ട വ്യക്തികളും സമ്മേളനത്തിൽ പങ്കെടുത്തു. ചടങ്ങിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി കോൺഫറൻസ് സുവനീർ 2026 പ്രകാശനം ചെയ്തു.

ഉത്തരവാദിത്തം ഉറപ്പാക്കാൻ സാമ്പത്തിക പരിശോധന ഫലാധിഷ്ഠിതമാകണം: ഇന്ത്യൻ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷൻ; സമയബന്ധിത ഓഡിറ്റിനും പൊതുജനക്ഷേമ പദ്ധതികളുടെ സന്തുലിതമായ പരിശോധനയ്ക്കും ആഹ്വാനം

സ്വാഗത പ്രസംഗത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷൻ ശ്രീ കെ. സി. വേണുഗോപാൽ, പൊതുചെലവുകൾ വ്യക്തമായ ഫലങ്ങളായും മെച്ചപ്പെട്ട സേവനവിതരണമായും പൗരന്മാർക്ക് അർഥവത്തായ നേട്ടങ്ങളായും മാറുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിയമനിർമാണ സഭകളുടെ സാമ്പത്തിക പരിശോധന ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ചെലവുകൾ പരിശോധിക്കുന്നതിൽ മാത്രം ഉത്തരവാദിത്തം ഒതുങ്ങരുതെന്നും പാർലമെന്ററി മേൽനോട്ടത്തിന് കൂടുതൽ ഫലാധിഷ്ഠിതമായ സമീപനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുപണത്തിലെ ഓരോ രൂപയും വിവേകപൂർവം ചെലവഴിക്കുകയും ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുകയും വേണം.

പാർലമെന്റിന്റെ ഓരോ സമ്മേളനത്തിലും കുറഞ്ഞത് ഒരു PAC റിപ്പോർട്ടും അതിന്മേൽ ​ഗവൺമെന്റ് സ്വീകരിച്ച നടപടികളും ചർച്ച ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു. സമയബന്ധിതമായ ഓഡിറ്റുകൾ, വിവിധ മേഖലകളുടെ സന്തുലിതമായ പരിശോധന, പ്രധാന ക്ഷേമപദ്ധതികളുടെയും വൻകിട അടിസ്ഥാനസൗകര്യ പദ്ധതികളുടെയും സൂക്ഷ്മപരിശോധന എന്നിവയുടെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവിഭവങ്ങൾ വിശാലമായ പൊതുതാൽപ്പര്യത്തിനായി വിനിയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

***

SK


( റിലീസ് ഐ.ഡി: 2332064) സന്ദര്‍ശക കൗണ്ടര്‍ : 40
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Gujarati , Kannada