വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) “ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ (മൂന്നാം ഭേദഗതി) റെഗുലേഷൻസ്, 2026” പുറത്തിറക്കി

പോസ്റ്റഡ് ഓണ്‍: 03 NOV 2026 12:37PM by PIB Thiruvananthpuram
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)  “ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ (മൂന്നാം ഭേദഗതി) റെഗുലേഷൻസ്, 2026” പുറത്തിറക്കി. 2027 ജനുവരി 1 മുതൽ ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും.

ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ രണ്ടോ അതിലധികമോ ടെലികോം നെറ്റ്‌വർക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതികവും പ്രവർത്തനപരവും വാണിജ്യപരവുമായ ക്രമീകരണങ്ങളെയാണ് 'ഇന്റർകണക്ഷൻ' എന്ന് വിശേഷിപ്പിക്കുന്നത്. വിവിധ നെറ്റ്‌വർക്കുകൾക്കിടയിൽ വിവരവിനിമയം സാധ്യമാക്കുന്നതിലൂടെ, വ്യത്യസ്ത സേവനദാതാക്കളുടെ ഉപയോക്താക്കൾക്ക് തടസ്സങ്ങളില്ലാതെ പരസ്പരം ആശയവിനിമയം നടത്താൻ ഇത് അവസരമൊരുക്കുന്നു. 1997-ലെ TRAI നിയമത്തിലെ സെക്ഷൻ 11(1)(b) പ്രകാരം, ടെലികോം സേവനദാതാക്കൾ തമ്മിലുള്ള ഇന്റർകണക്ഷന്റെ നിബന്ധനകളും വ്യവസ്ഥകളും നിർണയിക്കുന്നതിനും, നെറ്റ്‌വർക്കുകൾക്കിടയിൽ സാങ്കേതികപൊരുത്തം (Technical Compatibility) ഉറപ്പാക്കുന്നതിനും കാര്യക്ഷമമായ ഇന്റർകണക്ഷൻ സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനും TRAI-ക്ക് അധികാരമുണ്ട്.

സേവനദാതാക്കൾ തമ്മിലുള്ള ഇന്റർകണക്ഷൻ സംവിധാനവുമായി ബന്ധപ്പെട്ട നിലവിലെ നിയന്ത്രണ ചട്ടക്കൂട് കാലാനുസൃതമായി പ്രസക്തവും സുതാര്യവും കാര്യക്ഷമമായ ഇന്റർകണക്ഷൻ പ്രക്രിയയ്ക്ക് അനുകൂലവുമാണെന്ന് ഉറപ്പാക്കുന്നതിനായി TRAI അവലോകന നടപടികൾക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി, 'ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ റെഗുലേഷൻസ്, 2018' പുനഃപരിശോധിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിച്ച്, 2025 ഏപ്രിൽ 3-ന് TRAI ഒരു പ്രീ-കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കിയിരുന്നു. ഇതിലൂടെ വിഷയവുമായി ബന്ധപ്പെട്ട വിവിധ പങ്കാളികളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചു.

തുടർന്ന്, പ്രീ-കൺസൾട്ടേഷൻ ഘട്ടത്തിൽ ലഭിച്ച അഭിപ്രായങ്ങൾ വിലയിരുത്തുകയും വിഷയവുമായി ബന്ധപ്പെട്ട പശ്ചാത്തല വിവരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തുകൊണ്ട്, 'ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ റെഗുലേഷൻസ്, 2018' പുനഃപരിശോധിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ TRAI 2025 നവംബർ 10-ന് ഒരു കൺസൾട്ടേഷൻ പേപ്പർ (Consultation Paper) പുറത്തിറക്കി. ഇതിലൂടെ ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് വീണ്ടും അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചു. തുടർന്ന്, സമയപരിധി നീട്ടിനൽകിയതിനെത്തുടർന്ന്, രേഖാമൂലമുള്ള അഭിപ്രായങ്ങളും 
പ്രതികരണങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാന തീയതികൾ യഥാക്രമം 2025 ഡിസംബർ 15, 2025 ഡിസംബർ 29 എന്നിങ്ങനെ നിശ്ചയിച്ചു

കൺസൾട്ടേഷൻ പേപ്പറിൽ ഉന്നയിച്ച വിവിധ വിഷയങ്ങളിന്മേൽ പതിനേഴ് പങ്കാളികൾ (Stakeholders) അഭിപ്രായങ്ങളും ഒമ്പത് പങ്കാളികൾ പ്രതികരണങ്ങളും സമർപ്പിച്ചു. കൂടിയാലോചനാ നടപടികളുടെ ഭാഗമായി, 2026 ജനുവരി 28-ന് കൺസൾട്ടേഷൻ പേപ്പറുമായി ബന്ധപ്പെട്ട് ഒരു ഓപ്പൺ ഹൗസ് ചർച്ചയും സംഘടിപ്പിച്ചു. ഈ പ്രക്രിയയിലൂടെ ബന്ധപ്പെട്ട പങ്കാളികളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും വിശദമായി വിലയിരുത്തുകയും അവയുടെ അടിസ്ഥാനത്തിൽ ആവശ്യമായ പരിഷ്‌കരണങ്ങൾ പരിഗണിക്കുകയും ചെയ്ത ശേഷമാണ് 'ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ (മൂന്നാം ഭേദഗതി) റെഗുലേഷൻസ്, 2026' TRAI അന്തിമമാക്കിയത്.

ഈ ഭേദഗതി ചട്ടങ്ങളിലെ പ്രധാന വ്യവസ്ഥകൾതാഴെ വിശദീകരിക്കുന്നു:
  • LSA/സർവീസ് ഏരിയ തലത്തിലുള്ള ഇന്റർകണക്ഷൻ: ടെലികമ്മ്യൂണിക്കേഷൻ ട്രാഫിക് കൈമാറുന്നതിനും സ്വീകരിക്കുന്നതിനുമുള്ള പോയിന്റുകളുടെ (Points of Interconnection – POIs) സ്ഥാനം സംബന്ധിച്ച്, ഇന്റർകണക്ഷൻ നൽകുന്ന സേവനദാതാക്കൾക്കും അത് ആവശ്യപ്പെടുന്ന സേവനദാതാക്കൾക്കും പരസ്പര ധാരണയിലെത്താൻ ഈ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ആധുനിക നെറ്റ്‌വർക്ക് ഘടനകൾക്കും സാങ്കേതിക വികസനങ്ങൾക്കും അനുയോജ്യമായ രീതിയിൽ നിലവിലുള്ള ഇന്റർകണക്ഷൻ നിയന്ത്രണ ചട്ടക്കൂട് പരിഷ്കരിക്കുന്നതും ഇതിന്റെ ലക്ഷ്യമാണ്. നിലവിൽ 'ലോംഗ് ഡിസ്റ്റൻസ് ചാർജിംഗ് ഏരിയ' (LDCA), 'ഷോർട്ട് ഡിസ്റ്റൻസ് ചാർജിംഗ് ഏരിയ' (SDCA) എന്നീ തലങ്ങളിൽ നിലനിൽക്കുന്ന ഇന്റർകണക്ഷൻ സംവിധാനത്തിൽ നിന്ന് 'ലൈസൻസുള്ള സർവീസ് ഏരിയ' (LSA) തലത്തിലുള്ള ഇന്റർകണക്ഷൻ സംവിധാനത്തിലേക്ക് മാറുന്നതിനും ഈ ഭേദഗതി വഴിയൊരുക്കുന്നു. ട്രാഫിക് LSA തലത്തിലുള്ള പോയിന്റ് ഓഫ് ഇന്റർകണക്ഷനുകളിലേക്ക് (POIs) മാറ്റുന്നതിലൂടെ റൂട്ടിംഗ് പ്രക്രിയ ലളിതമാക്കാനും പരിമിതമായ നമ്പറിംഗ് വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാനും സാധിക്കും. ഇതുവഴി നെറ്റ്‌വർക്കിലെ ലേറ്റൻസി (Latency) കുറയ്ക്കുന്നതിനും സേവനങ്ങളുടെ വിശ്വാസ്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനും സാധിക്കും.
  • SDCA/LDCA തലത്തിലുള്ള POI-കളിലെ നിലവിലുള്ള ട്രാഫിക്കിന്റെ മാറ്റം: നിലവിൽ LDCA/SDCA തലത്തിലുള്ള പോയിന്റ് ഓഫ് ഇന്റർകണക്ഷനുകൾ (POIs) വഴി കൈമാറപ്പെടുന്ന ട്രാഫിക് (ഉപയോഗിച്ച മിനിറ്റുകളുടെ അടിസ്ഥാനത്തിൽ – MoUs), മൂന്ന് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി LSA തലത്തിലുള്ള POI-കളിലേക്ക് മാറ്റേണ്ടതാണ്. ഈ മാറ്റം പൂർത്തിയാകുന്നതോടെ, ടെലികമ്മ്യൂണിക്കേഷൻ ട്രാഫിക്കിന്റെ കൈമാറ്റവും സ്വീകരിക്കലും പൂർണമായും LSA അഥവാ സർവീസ് ഏരിയ തലത്തിലുള്ള POI-കൾ വഴിയായിരിക്കണം.
  • IP-അധിഷ്ഠിത ഇന്റർകണക്ഷനിലേക്കുള്ള മാറ്റം: സേവനദാതാക്കൾ IP-അധിഷ്ഠിത ഇന്റർകണക്ഷൻ സംവിധാനം സ്വീകരിക്കണമെന്ന് ഭേദഗതി ചെയ്ത ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്ന തീയതിക്കുശേഷം സ്ഥാപിക്കുന്ന എല്ലാ പുതിയ ഇന്റർകണക്ഷനുകളും നിർബന്ധമായും IP-അധിഷ്ഠിതമായിരിക്കണം. നിലവിൽ E1/TDM സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന എല്ലാ പോയിന്റ് ഓഫ് ഇന്റർകണക്ഷനുകളും (POIs) മൂന്ന് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി IP-അധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റേണ്ടതുണ്ട്. IP-അധിഷ്ഠിത ഇന്റർകണക്ഷൻ സംവിധാനം സ്വീകരിക്കുന്നതിലൂടെ ബാൻഡ്‌വിഡ്ത്തിന്റെ വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാനും കോൾ ഗുണനിലവാരവും മൊത്തത്തിലുള്ള ആശയവിനിമയവും മെച്ചപ്പെടുത്താനും സാധിക്കും
  • IP-അധിഷ്ഠിത ഇന്റർകണക്ഷനുകൾക്കായുള്ള ശേഷി വർധനാ ചട്ടക്കൂട്: IP-അധിഷ്ഠിത ഇന്റർകണക്ഷനുകളുടെ ശേഷി നിർണയിക്കുമ്പോൾ, ഓരോ പോയിന്റ് ഓഫ് ഇന്റർകണക്ഷനും (POI) കൈകാര്യം ചെയ്യാൻ കഴിയുന്ന പരമാവധി കോളുകളുടെ എണ്ണം, ഒരേസമയം കൈകാര്യം ചെയ്യാവുന്ന സെഷനുകളുടെ എണ്ണം (Concurrent Sessions), ലിങ്കിന്റെ ബാൻഡ്‌വിഡ്ത്ത് എന്നിവ അടിസ്ഥാനമാക്കണം. ഇതിനുപുറമേ, TRAI-യുടെ പ്രസക്തമായ ചട്ടങ്ങളിൽ നിർദേശിച്ചിട്ടുള്ള സേവന ഗുണനിലവാര മാനദണ്ഡങ്ങൾ (Quality of Service – QoS) പൂർണമായും പാലിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കണം.
  • POI-കൾ ഒഴിവാക്കുന്നതിനുള്ള (Surrender) നടപടിക്രമം: പോയിന്റ് ഓഫ് ഇന്റർകണക്ഷനുകൾ (POIs) സ്വമേധയാ ഒഴിവാക്കുന്നതിനായി (Surrender) ഭേദഗതി ചെയ്ത ചട്ടങ്ങളിൽ പ്രത്യേക നിയന്ത്രണ ചട്ടക്കൂട് ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ചട്ടങ്ങളിൽ POI-കൾ 'വിച്ഛേദിക്കുന്നതിനുള്ള' (Disconnection) വ്യവസ്ഥ മാത്രമാണ് ഉണ്ടായിരുന്നത്. അതായത്, ഒരു POI വഴിയുള്ള ട്രാഫിക് കൈമാറ്റം പൂർണമായും നിർത്തിവയ്ക്കുന്ന നടപടിയാണിത്. സാധാരണയായി, സേവനദാതാക്കൾ തമ്മിലുള്ള തർക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ മൂലം അസാധാരണ സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ, മറ്റൊരു സേവനദാതാവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ഒരു സേവനദാതാവ് സ്വീകരിക്കുന്ന നടപടിയാണിത്. എന്നാൽ, ഒരു സേവനദാതാവ് സ്വന്തം പ്രവർത്തനപരമായ ആവശ്യങ്ങൾ മുൻനിർത്തി സ്വമേധയാ ഒരു POI ഒഴിവാക്കുന്നതിനെയാണ് 'സറണ്ടർ' (Surrender) എന്ന് വിശേഷിപ്പിക്കുന്നത്. ട്രാഫിക്കിന്റെ അളവിലുണ്ടാകുന്ന കുറവ്, ഒരു പ്രത്യേക പ്രദേശത്ത് നിന്നുള്ള സേവനങ്ങൾ പിൻവലിക്കൽ, ട്രാഫിക് റൂട്ടിംഗിലെ മാറ്റങ്ങൾ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരത്തിൽ അനാവശ്യമായ POI-കൾ ഒഴിവാക്കുന്നതിനുള്ള വ്യക്തമായ നടപടിക്രമം ഏർപ്പെടുത്തുന്നതിലൂടെ നെറ്റ്‌വർക്ക് വിഭവങ്ങളുടെ വിനിയോഗം മെച്ചപ്പെടുത്താനും പ്രവർത്തനച്ചെലവ് കുറയ്ക്കാനും സാമ്പത്തിക കാര്യക്ഷമത വർധിപ്പിക്കാനും സാധിക്കും
  • ബാങ്ക് ഗ്യാരണ്ടി വ്യവസ്ഥകളുടെ യുക്തിസഹമായ പരിഷ്‌കരണം: നിലവിലുള്ള ബാങ്ക് ഗ്യാരണ്ടി ചട്ടക്കൂട് അതേപടി നിലനിർത്തിക്കൊണ്ട്, പുനർമൂല്യനിർണയത്തിന്റെ ഭാഗമായി സമർപ്പിക്കുന്ന ബാങ്ക് ഗ്യാരണ്ടികളുടെ സാധുതാ കാലയളവും അവയുടെ പുനർമൂല്യനിർണയത്തിനുള്ള ഇടവേളയും ആറ് മാസത്തിൽ നിന്ന് പന്ത്രണ്ട് മാസമായി ദീർഘിപ്പിച്ചിട്ടുണ്ട്. കൂടാതെ, IP-അധിഷ്ഠിത ഇന്റർകണക്ഷൻ ഉൾപ്പെടെയുള്ള POI-കൾക്കായി ആവശ്യമായ ബാങ്ക് ഗ്യാരണ്ടിയുടെ പരിധി നിർണയിക്കുന്നതിന് പുതുക്കിയ രീതിശാസ്ത്രവും (Methodology) അവതരിപ്പിച്ചിട്ടുണ്ട്.
  • ഇന്റർകണക്ഷൻ ചാർജുകളുടെ വൈകിയുള്ള പേയ്‌മെന്റിനുള്ള പലിശ: ഇന്റർകണക്ഷൻ ചാർജുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ അടയ്ക്കാത്ത സാഹചര്യം പരിഹരിക്കുന്നതിനായി ഭേദഗതി ചെയ്ത ചട്ടങ്ങളിൽ പ്രത്യേക വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച്, വൈകിയുള്ള പേയ്‌മെന്റുകൾക്ക് ബാധകമായ പലിശ നിരക്ക് സേവനദാതാക്കൾ പരസ്പര ധാരണയിലൂടെ നിശ്ചയിക്കേണ്ടതാണ്. ഈ നിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ഒരു വർഷത്തെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് അധിഷ്ഠിത ലെൻഡിംഗ് നിരക്കിനേക്കാൾ (MCLR) രണ്ട് ശതമാനം അധികമായിരിക്കണം.
  • റിപ്പോർട്ടിംഗ് ആവശ്യകതകൾ: നിലവിലുള്ള LDCA/SDCA തലത്തിലുള്ള പോയിന്റ് ഓഫ് ഇന്റർകണക്ഷനുകളിൽ (POIs) നിന്ന് LSA തലത്തിലുള്ള POI-കളിലേക്കുള്ള ട്രാഫിക് മാറ്റവും E1/TDM സാങ്കേതികവിദ്യയിൽ നിന്ന് IP-അധിഷ്ഠിത ഇന്റർകണക്ഷൻ സംവിധാനത്തിലേക്കുള്ള മാറ്റവും കൃത്യമായി നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഭേദഗതി ചെയ്ത ചട്ടങ്ങളിൽ പ്രത്യേക റിപ്പോർട്ടിംഗ് വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങളുടെ പുരോഗതി നിരീക്ഷിക്കുന്നതിനും നിശ്ചിത സമയപരിധിക്കുള്ളിൽ അവ പൂർത്തിയാകുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഇത്തരം റിപ്പോർട്ടിംഗ് സംവിധാനങ്ങൾ സഹായകമാകും.
  • ഘട്ടം ഘട്ടമായി വർദ്ധിക്കുന്ന സാമ്പത്തിക പിഴ ചട്ടക്കൂട് : നിയന്ത്രണ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനായി, ഭേദഗതി ചെയ്ത ചട്ടങ്ങളിലെ വ്യവസ്ഥകൾ ലംഘിക്കുന്ന സാഹചര്യങ്ങളിൽ ബാധകമാകുന്ന ഘട്ടം ഘട്ടമായി വർദ്ധിക്കുന്ന സാമ്പത്തിക പിഴ  ചട്ടക്കൂട് (Graded Financial Disincentive Framework) ഏർപ്പെടുത്തിയിട്ടുണ്ട്. ലംഘനങ്ങളുടെ സ്വഭാവവും ഗൗരവവും കണക്കിലെടുത്ത് ആനുപാതികമായ സാമ്പത്തിക പിഴ ചുമത്താൻ ഈ സംവിധാനം വ്യവസ്ഥ ചെയ്യുന്നു. ഇതിലൂടെ നിയന്ത്രണ ചട്ടക്കൂടിന്റെ നിർവഹണം കൂടുതൽ ഫലപ്രദവും സുതാര്യവും ആനുപാതികവുമാക്കുന്നതിനൊപ്പം ചട്ടങ്ങൾ പാലിക്കുന്നതും ഉറപ്പാക്കാൻ സാധിക്കും.

വൈകിയുള്ള പേയ്‌മെന്റുകൾക്കുള്ള പലിശ, റിപ്പോർട്ടിംഗ് ആവശ്യകതകൾ, സാമ്പത്തിക പിഴ എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ നിയന്ത്രണ ചട്ടക്കൂടിന്റെ ഫലപ്രദമായ നിർവഹണം ഉറപ്പാക്കാൻ സഹായിക്കും. സാങ്കേതിക പുരോഗതിക്കും ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ മാറിവരുന്ന ആവശ്യങ്ങൾക്കും അനുസൃതമായി നിലവിലുള്ള നിയന്ത്രണ വ്യവസ്ഥകൾ കാലോചിതമായി പരിഷ്‌കരിക്കുകയാണ് ഈ ഭേദഗതിയുടെ പ്രധാന ലക്ഷ്യം. ടെലികോം നെറ്റ്‌വർക്കുകൾ തമ്മിലുള്ള പരസ്പര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അവയ്ക്കിടയിൽ തടസ്സമില്ലാത്തതും കാര്യക്ഷമവുമായ ആശയവിനിമയം ഉറപ്പാക്കുന്നതിനും ഈ ഭേദഗതി സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫലപ്രദമായ ഇന്റർകണക്ഷൻ, സുതാര്യത, വിവേചനരഹിതമായ സമീപനം, നീതിയുക്തമായ മത്സരം എന്നീ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം, സേവനദാതാക്കൾക്ക് കൂടുതൽ വ്യക്തതയും പ്രവർത്തനപരമായ ഉറപ്പും നൽകുന്ന നിയന്ത്രണ സംവിധാനം രൂപപ്പെടുത്തുന്നതിനും ഈ ഭേദഗതി ലക്ഷ്യമിടുന്നു.

'ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ (മൂന്നാം ഭേദഗതി) റെഗുലേഷൻസ്, 2026'-ന്റെ പൂർണരൂപവും ഇതുമായി ബന്ധപ്പെട്ട വിശദീകരണ കുറിപ്പും (Explanatory Memorandum) ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഔദ്യോഗിക വെബ്‌സൈറ്റായ www.trai.gov.in-ൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും വിശദീകരണങ്ങൾക്കും TRAI-യിലെ അഡ്വൈസർ (നെറ്റ്‌വർക്കുകൾ, സ്പെക്‌ട്രം & ലൈസൻസിംഗ്-I) ശ്രീ. സമീർ ഗുപ്തയെ ബന്ധപ്പെടാവുന്നതാണ്. ഇതിനായിadv-nsl1@trai.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ +91-11-20907752 എന്ന ടെലിഫോൺ നമ്പറിലോ ബന്ധപ്പെടാം.
 
*****

( റിലീസ് ഐ.ഡി: 2332024) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: Urdu , Kannada , English , Gujarati , हिन्दी , Tamil