ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ ഇറക്കുമതി ചെയ്യുന്ന അംഗീകൃത പ്രവേശന കവാടങ്ങൾ വിപുലീകരിക്കാൻ നിർദേശവുമായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
03 NOV 2026 9:54AM by PIB Thiruvananthpuram
മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന അംഗീകൃത പ്രവേശന കവാടങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിന് 1945-ലെ ഡ്രഗ്സ് നിയമങ്ങളിലെ ചട്ടം 43A-യിൽ ഭേദഗതി വരുത്താൻ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിർദേശിച്ചു. ഇറക്കുമതി പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുക, ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുക, ആരോഗ്യ സംരക്ഷണ ഉല്പന്നങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുക എന്നിവയാണ് നിർദിഷ്ട ഭേദഗതിയുടെ ലക്ഷ്യം.
1945-ലെ ഡ്രഗ്സ് നിയമത്തിലെ ചട്ടം 43A പ്രകാരം ഇന്ത്യയിലേക്ക് മരുന്നുകൾ ഇറക്കുമതി ചെയ്യാൻ അനുമതിയുള്ള തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, റോഡ് അതിർത്തികൾ, മറ്റ് പ്രവേശന കവാടങ്ങൾ എന്നിവ കൃത്യമായി നിർവചിച്ചിട്ടുണ്ട്. വ്യാപാരം സുഗമമാക്കുന്നതിനും ഇറക്കുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി അംഗീകൃത കേന്ദ്രങ്ങളുടെ പട്ടികയിൽ കൂടുതൽ ഉള്‍നാടന്‍ കണ്ടെയ്നർ ഡിപ്പോകളും ഒരു പ്രത്യേക സാമ്പത്തിക മേഖലയും ഒരു അന്താരാഷ്ട്ര വിമാനത്താവളവും ഉൾപ്പെടുത്താനാണ് മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.
ഹരിയാനയിലെ സോനിപത്, പിയാല, ഹർസാരു; ഉത്തർപ്രദേശിലെ ദാദ്രി; ഗുജറാത്തിലെ ഗാന്ധിധാം/മുന്ദ്ര; തെലങ്കാന ഹൈദരാബാദിലെ സനത് നഗർ, തിമ്മാപൂർ; കർണാടക ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് എന്നീ ഉൾനാടൻ കണ്ടെയ്നർ ഡിപ്പോകളും കർണാടകയിലെ ബൊമ്മസാന്ദ്ര പ്രത്യേക സാമ്പത്തിക മേഖലയും വിമാനമാർഗം മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിന് ഉത്തർപ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളവുമാണ് നിർദിഷ്ട കേന്ദ്രങ്ങൾ.
മധ്യപ്രദേശിലെ ഇൻഡോറില്‍ ധന്നദ്, തിഹി എന്നീ ഉൾനാടൻ കണ്ടെയ്നർ ഡിപ്പോകളും നിലവിൽ വിജ്ഞാപനം ചെയ്ത വിമാനത്താവളങ്ങളും അടങ്ങുന്ന അംഗീകൃത ഇറക്കുമതി ശൃംഖലയിലേക്കാണ് ഈ പുതിയ കേന്ദ്രങ്ങൾ കൂട്ടിച്ചേർക്കുന്നത്.
നിർദിഷ്ട വിപുലീകരണം വഴി ഇറക്കുമതിക്കാർക്ക് അവരുടെ നിർമ്മാണശാലകൾ, സംഭരണകേന്ദ്രങ്ങള്‍, വിതരണ കേന്ദ്രങ്ങൾ എന്നിവയോട് ഏറ്റവും അടുത്തുള്ള സ്ഥലങ്ങളിൽ വെച്ച് ചരക്കുകളുടെ അനുമതി സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ സാധിക്കും. ഇത് ഉൾനാടൻ ചരക്കുനീക്ക ദൂരം കുറയ്ക്കാനും ലോജിസ്റ്റിക്സ് ചെലവ് ക്രമീകരിക്കാനും ഇറക്കുമതി ചരക്കുനീക്കത്തിലെ കാലതാമസം പരമാവധി ഒഴിവാക്കാനും സഹായിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനൊപ്പം ഇറക്കുമതിക്കാർക്ക് കൂടുതൽ പ്രവർത്തന സൗകര്യവും ഇതിലൂടെ ലഭിക്കും.
നിർദിഷ്ട ഭേദഗതിയിലൂടെ ആരോഗ്യ സംരക്ഷണ ഉല്പന്നങ്ങളുടെ ഇറക്കുമതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും വ്യാപാര സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും കൂടുതൽ കാര്യക്ഷമവും വേഗത്തിൽ പ്രതികരിക്കുന്നതുമായ വിതരണ ശൃംഖല വികസിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു. അവശ്യ ആരോഗ്യ സംരക്ഷണ ഉല്പന്നങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാൻ ഇതുവഴി സാധിക്കും.
നിർദിഷ്ട ഭേദഗതി സംബന്ധിച്ച ആക്ഷേപങ്ങളും നിർദേശങ്ങളും താഴെ നല്‍കിയിരിക്കുന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം:
അണ്ടർ സെക്രട്ടറി (ഡ്രഗ് റെഗുലേഷൻ), ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ഭാരത സര്‍ക്കാര്‍ , U-6, വർക്ക് ഹാൾ, സി വിങ്, ഒന്നാം നില, കർത്തവ്യ ഭവൻ-1, ന്യൂഡൽഹി – 110001.
drugsdiv-mohfw[at]gov[dot]in എന്ന വിലാസത്തില്‍ ഇ-മെയിൽ വഴിയും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.
1945-ലെ ഡ്രഗ്സ് നിയമത്തിലെ നിർദിഷ്ട ഭേദഗതി അടങ്ങിയ കരട് വിജ്ഞാപനം ഔദ്യോഗിക ഗസറ്റ് വഴി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ പരിശോധിക്കാവുന്നതാണ്:
https://egazette.gov.in/(S(s2ixpktncwy30a02dofwfeqh))/ViewPDF.aspx
SKY
***********
( റിലീസ് ഐ.ഡി: 2331962)
സന്ദര്‍ശക കൗണ്ടര്‍ : 5