ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

സർദാർ വല്ലഭായ് പട്ടേലിൻ്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള 'രാഷ്ട്രീയ ഏകതാ ദിവസി'ൽ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 'റൺ ഫോർ യൂണിറ്റി' കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു

പോസ്റ്റഡ് ഓണ്‍: 31 OCT 2026 2:09PM by PIB Thiruvananthpuram

സർദാർ വല്ലഭായ് പട്ടേലിൻ്റെ     151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 'റൺ ഫോർ യൂണിറ്റി' കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു.തദവസരത്തിൽ, രാജ്യത്തെ പൗരന്മാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി 'ഐക്യ പ്രതിജ്ഞ' ചൊല്ലിക്കൊടുത്തു. ഡൽഹി ലെഫ്റ്റനൻ്റ്  ഗവർണർ ശ്രീ തരൺജിത് സിംഗ് സന്ധു, കേന്ദ്ര മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത, കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ ശ്രീ നിത്യാനന്ദ് റായ്, ശ്രീ ബന്ദി സഞ്ജയ് കുമാർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ശ്രീ നരേന്ദ്ര മോദി രാജ്യത്തിൻ്റെ     പ്രധാനമന്ത്രിയായി ചുമതലയേറ്റത് മുതലാണ് സർദാർ പട്ടേലിൻ്റെ     ജന്മവാർഷികം 'രാഷ്ട്രീയ ഏകതാ ദിന'മായി ആയി ആചരിച്ചുതുടങ്ങിയതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവേ ശ്രീ അമിത് ഷാ വ്യക്തമാക്കി.ഇന്ന് സർദാർ സാഹബിൻ്റെ     151-ാം ജന്മദിനമാണ്."ഇന്ത്യയുടെ ചരിത്രത്തെ മാറ്റിയെഴുതുക മാത്രമല്ല, രാജ്യത്തിൻ്റെ     ഭൂപടത്തിന് കൃത്യമായ രൂപം നൽകുകയും ചെയ്ത മഹാനായ നേതാവായിരുന്നു സർദാർ പട്ടേൽ. എണ്ണമറ്റ നാട്ടുരാജ്യങ്ങളെയും രാജവംശങ്ങളെയും സംയോജിപ്പിക്കുക എന്ന അതിസങ്കീർണ്ണമായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് നമ്മൾ ഇന്നു കാണുന്ന ഏകീകൃത ഇന്ത്യയെ അദ്ദേഹം പടുത്തുയർത്തിയത്," അമിത് ഷാ പറഞ്ഞു.ഇന്ത്യയുടെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവും സാംസ്കാരികവുമായ ഏകീകരണത്തിന് നേതൃത്വം നൽകിയ സർദാർ പട്ടേൽ, വൈവിധ്യമാർന്ന രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ഇന്ത്യ ചിതറിപ്പോകുമെന്ന് ലോകം പ്രവചിച്ചെങ്കിലും, വെറും 1,218 ദിവസങ്ങൾ കൊണ്ട് നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് സർദാർ വല്ലഭ്ഭായി പട്ടേൽ അസാധ്യമായത് സാധ്യമാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സർദാർ പട്ടേൽ സ്വപ്നം കണ്ട ശക്തമായ ഇന്ത്യയാണ് ഇന്ന് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം മാർച്ച് 31-ഓടെ രാജ്യം നക്സലിസത്തിൽ നിന്ന് പൂർണ്ണമായും മുക്തമായെന്നും, ഇപ്പോൾ 'ലഹരിമുക്ത ഇന്ത്യ' എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'വികസിത ഇന്ത്യ' എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള അടിസ്ഥാന ചുവടുവെപ്പാണ് ലഹരിമുക്ത ഇന്ത്യയുടെ നിർമ്മിതിയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.ജമ്മു കശ്മീരിന് പ്രത്യേക പദവിയും സ്വയംഭരണാധികാരവും നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കൽ; നക്സലിസം ഇല്ലാതാക്കൽ; ഏകീകൃത നികുതി സമ്പ്രദായം നടപ്പിലാക്കൽ തുടങ്ങിയ സുപ്രധാന നാഴികക്കല്ലുകൾ പ്രധാനമന്ത്രി മോദിയുടെ ഭരണകാലത്ത് കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലഹരിമുക്ത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതായിരിക്കും രാജ്യത്തെ യുവാക്കൾക്കും ഭാവി തലമുറയ്ക്കും ഏറെ പ്രയോജനം ചെയ്യുന്ന ഏറ്റവും വലിയ നേട്ടമെന്നും ശ്രീ അമിത് ഷാ കൂട്ടിച്ചേർത്തു.

നമ്മുടെ രാജ്യത്തിൻ്റെ     ഭാഷാപരവും സാംസ്കാരികവും പരമ്പരാഗതവുമായ വൈവിധ്യം നമ്മുടെ ബലഹീനതയല്ല, ശക്തിയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. സർദാർ പട്ടേലിൻ്റെ     സന്ദേശമാണിതെന്നും, നാം പിന്തുടരേണ്ട പാതയാണിതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഭാഷാപരവും സാംസ്കാരികവും മതപരവുമായ വൈവിധ്യമാണ് നമ്മുടെ ശക്തി.സൗഹാർദ്ദപരമായ സംവാദങ്ങൾ, പരസ്പര വിശ്വാസം, ഉൾക്കൊള്ളലിൻ്റെ     മനോഭാവം എന്നിവയിലൂടെയാണ് കഴിഞ്ഞ 80 വർഷമായി നാം ഒരു പൊതു ദേശീയ സ്വത്വം പടുത്തുയർത്തിയത്. ഭാഷയിലും വസ്ത്രധാരണത്തിലും സാംസ്കാരിക ആചാരങ്ങളിലും മതങ്ങളിലും വൈവിധ്യങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ എപ്പോഴും ഐക്യത്തോടെയാണ്  നിലകൊള്ളുന്നതെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി.

 

സോമനാഥ് ക്ഷേത്ര പുനരുദ്ധാരണം ഇന്ത്യൻ  നാഗരികതയുടെയും ദേശീയ ഉയിർത്തെഴുന്നേൽപ്പിൻ്റെയും പ്രതീകമായിരുന്നുവെന്ന് അമിത് ഷാ ഓർമ്മിപ്പിച്ചു. സോമനാഥ് ക്ഷേത്ര പുനർനിർമ്മാണം എന്ന ആശയം മുന്നോട്ടുവെച്ചത് സർദാർ പട്ടേലായിരുന്നു.ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, 'മെയ്ക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' എന്നീ സംരംഭങ്ങൾ ലോക സമ്പദ്‌വ്യവസ്ഥകളിൽ ഉന്നത സ്ഥാനം നേടുന്നതിലേക്ക് നമ്മെ നയിക്കുകയാണെന്നും ശ്രീ  പറഞ്ഞു.

 

രാജ്യത്തിന്   മഹത്തായ സംഭാവനകൾ നൽകിയ സർദാർ വല്ലഭായി  പട്ടേലിന് ലഭിക്കേണ്ടിയിരുന്ന അർഹമായ അംഗീകാരങ്ങൾ  വർഷങ്ങളോളം നിഷേധിക്കപ്പെടുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.പ്രതിപക്ഷം എപ്പോഴും സർദാർ പട്ടേലിൻ്റെ     ഓർമ്മകളെ മായ്ച്ചുകളയാനാണ് ശ്രമിച്ചതെന്നും, എന്നാൽ സൂര്യൻ്റെ     വെളിച്ചത്തെ മറച്ചുവെക്കാൻ സാധിക്കാത്തതുപോലെ അദ്ദേഹത്തിൻ്റെ     പാരമ്പര്യത്തെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ശ്രീ അമിത് ഷാ വ്യക്തമാക്കി.ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശ്രീ നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 'സ്റ്റാച്യു ഓഫ് യൂണിറ്റി' നിർമ്മിക്കാൻ മുൻകൈയെടുക്കുകയും, സർദാർ സാഹിബിൻ്റെ     മഹത്തായ വ്യക്തിത്വവും പ്രതാപവും മുഴുവൻ രാജ്യത്തിനും ലോകത്തിനും മുന്നിൽ എത്തിക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രി സ്മരിച്ചു.ഇന്ന് അതേ ചരിത്ര ഭൂമിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിൻ്റെ     വിവിധ ഭാഗങ്ങളിൽ നിന്നുള്ള പോലീസ് സേനകളുടെ പരേഡിൽ സല്യൂട്ട് സ്വീകരിക്കുമെന്നും ദേശീയ ഐക്യത്തിൻ്റെ     സന്ദേശം നൽകുമെന്നും ശ്രീ ഷാ പറഞ്ഞു.

*****


( റിലീസ് ഐ.ഡി: 2330927) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati , Tamil , Kannada