ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

'വികസിത ഇന്ത്യ 2047' യാഥാർത്ഥ്യമാക്കാൻ സമഗ്ര ഗ്രാമീണ വികസനം അനിവാര്യമെന്ന് ഉപരാഷ്ട്രപതി; ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിലും 39-ാമത് ബിരുദദാന ചടങ്ങിലും പങ്കെടുത്തു

പോസ്റ്റഡ് ഓണ്‍: 30 OCT 2026 3:02PM by PIB Thiruvananthpuram

തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (കല്പിത സർവ്വകലാശാല) സ്വർണ്ണ ജൂബിലി ആഘോഷങ്ങളിലും 39-ാമത് ബിരുദദാന ചടങ്ങിലും ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പങ്കെടുത്തു. പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് സ്വർണ്ണപ്പതക്കങ്ങൾ സമ്മാനിച്ച അദ്ദേഹം ബിരുദം നേടി പുറത്തിറങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും തൻ്റെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

 

ചടങ്ങിനെ അഭിസംബോധന ചെയ്യവേ, ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിലൂടെ മാത്രമേ 'വികസിത ഇന്ത്യ 2047' എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ സാധിക്കൂവെന്ന് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ യഥാർത്ഥ ശക്തി ഗ്രാമങ്ങളിലാണെന്നും ഗ്രാമീണ വികസനം രാജ്യ പുരോഗതിയുടെ അടിസ്ഥാന സ്തംഭമായി നിലനിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

എല്ലാ ഗ്രാമങ്ങളെയും നഗരങ്ങളാക്കി മാറ്റുക എന്നതാകരുത് ലക്ഷ്യമെന്നും, മറിച്ച് നഗരപ്രദേശങ്ങളിൽ ലഭ്യമായതിന് സമാനമായ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, അവശ്യ പൊതുസേവനങ്ങൾ, ഉപജീവന അവസരങ്ങൾ, മാന്യമായ ജീവിതനിലവാരം എന്നിവ ഗ്രാമീണ ജനതയ്ക്ക് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

 

മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ചിന്തകൾ അനുസ്മരിക്കവേ, ഗാന്ധിഗ്രാമിൻ്റെ ചരിത്രം ഗാന്ധിയൻ തത്ത്വചിന്തയുമായി ചേർന്നുനിൽക്കുന്നതാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടരായ ഡോ. ജി. രാമചന്ദ്രനും ഡോ. ടി.എസ്. സൗന്ദരം രാമചന്ദ്രനും ചേർന്നാണ് ഗ്രാമീണ വിദ്യാഭ്യാസം, വികസനം, സാമൂഹിക മാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു.

 

സത്യത്തിൻ്റെയും അഹിംസയുടെയും ശാശ്വതമൂല്യത്തെ ഉയർത്തിക്കാട്ടിയ അദ്ദേഹം, ഈ തത്ത്വങ്ങളിലൂടെ മഹാത്മാഗാന്ധി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ ശക്തിയെ വെല്ലുവിളിക്കുകയും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുകയും ചെയ്തതായി നിരീക്ഷിച്ചു. ഗാന്ധിയൻ മൂല്യങ്ങൾ സമൂഹത്തിനും രാഷ്ട്രത്തിനും ഇപ്പോഴും മാർഗ്ഗദർശനം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പന്ത്രണ്ട് വർഷമായി തുടരുന്ന രാജ്യത്തിൻ്റെ വികസനയാത്രയെക്കുറിച്ച് പരാമർശിക്കവേ, ഗ്രാമീണ ഭവന നിർമ്മാണം, കുടിവെള്ളം, വൈദ്യുതീകരണം, റോഡുകൾ, ശുചിത്വം, കൃഷി, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവയിൽ കൈവരിച്ച മികച്ച പുരോഗതിയെ ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.

 

2014-നും 2023-നും ഇടയിൽ ഏകദേശം 25 കോടി ആളുകൾ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ വികസന-ക്ഷേമ പദ്ധതികൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

കണക്റ്റിവിറ്റിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, മികച്ച റോഡ്-ഗതാഗത സൗകര്യങ്ങളിലൂടെ ഗ്രാമങ്ങളെ ടൗണുകളുമായും നഗരങ്ങളുമായും ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതുവഴി വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, വിപണികൾ, തൊഴിൽ എന്നിവയിലെ അവസരങ്ങൾ ഗ്രാമീണ മേഖലകളിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിൽ 'സ്വച്ഛ് ഭാരത് മിഷൻ' ഉണ്ടാക്കിയ സ്വാധീനം അദ്ദേഹം എടുത്തുപറഞ്ഞു. പൊതുസ്ഥലങ്ങളിലെ ശുചിത്വത്തിലെ പുരോഗതിയെക്കുറിച്ച് പരാമർശിക്കവേ, ശുചിത്വം എന്നത് ഗവണ്മെൻ്റിൻ്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ പൗരൻ്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

കർഷകരുടെ ക്ഷേമം രാജ്യത്തിൻ്റെ ഭക്ഷ്യസുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, കർഷക സമൂഹത്തെ പിന്തുണയ്‌ക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞു. അർഹരായ കർഷക കുടുംബങ്ങൾക്ക് വർഷത്തിൽ 6,000 രൂപ മൂന്ന് ഗഡുക്കളായി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് സാമ്പത്തിക സഹായം നൽകുന്ന പി.എം-കിസാൻ പദ്ധതിയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.

 

നിർമ്മിത ബുദ്ധി, ഓട്ടോമേഷൻ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവ ലോകത്തെ അതിവേഗം മാറ്റുകയാണെന്നും തൊഴിൽ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വരുത്തുകയാണെന്നും ഉപരാഷ്ട്രപതി നിരീക്ഷിച്ചു. സർഗ്ഗാത്മകത, പ്രശ്നപരിഹാര ശേഷി, സംരംഭകത്വ മനോഭാവം എന്നിവ വളർത്തിയെടുക്കുന്നതോടൊപ്പം വളർന്നുവരുന്ന പുതിയ സാങ്കേതികവിദ്യകളിൽ നിപുണരാകാനും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

 

കേവലം തൊഴിലന്വേഷകർ മാത്രമാകാതെ തൊഴിൽ ദാതാക്കളാകാൻ അദ്ദേഹം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. മഹാത്മാഗാന്ധിയുടെ 'സ്വദേശി' പ്രസ്ഥാനത്തിൻ്റെ പ്രസക്തിയെക്കുറിച്ച് പരാമർശിക്കവേ, ആഭ്യന്തര ഉൽപ്പാദനം, തദ്ദേശീയ സാങ്കേതികവിദ്യകൾ, പ്രാദേശിക വ്യവസായങ്ങൾ, ഇന്ത്യൻ യുവാക്കളുടെ പുതിയ കണ്ടെത്തലുകൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതാണ് സ്വദേശി പ്രസ്ഥാനത്തിൻ്റെ ആധുനിക രൂപമെന്ന് അദ്ദേഹം പറഞ്ഞു.

 

ബിരുദം നേടിയ വിദ്യാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസവും കഴിവുകളും വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം സമൂഹത്തിൻ്റെ ക്ഷേമത്തിനായിക്കൂടി വിനിയോഗിക്കണമെന്ന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. ലാളിത്യം, സ്വയംപര്യാപ്തത, സാമൂഹിക പ്രതിബദ്ധത, സേവനം എന്നീ ഗാന്ധിയൻ മൂല്യങ്ങൾ ജീവിതത്തിൻ്റെ വഴിവിളക്കാക്കി മാറ്റാൻ അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

 

ലഹരിവസ്തുക്കൾക്കും അവയുടെ ഉപയോഗത്തിനുമെതിരെ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും സുഹൃത്തുക്കൾ, കുടുംബങ്ങൾ, സമൂഹം എന്നിവർക്കിടയിൽ ബോധവൽക്കരണം നടത്തി ലഹരിമുക്ത സമൂഹത്തിൻ്റെ അംബാസഡർമാരായി മാറണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.

 

കല്പിത സർവകലാശാല എന്ന നിലയിലുള്ള പ്രവർത്തനത്തിൽ 50 വർഷം പൂർത്തിയാക്കിയ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിനെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, സുസ്ഥിരമായ ഗ്രാമീണ വികസനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച, നൂതനമായ ഗവേഷണം എന്നിവയുടെ പ്രമുഖ കേന്ദ്രമായി ഈ സ്ഥാപനം തുടർന്നും വളരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ചടങ്ങിൽ, അതത് മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് മൂന്ന് വിശിഷ്ട വ്യക്തിത്വങ്ങൾക്ക് ഉപരാഷ്ട്രപതി ഓണററി ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു. പ്രശസ്ത ആത്മീയ നേതാവും തമിഴ് പണ്ഡിതനുമായ തവതിരു കുൻട്രക്കുടി പൊന്നമ്പല അടികൾ, ഐ.എസ്.ആർ.ഒ മുൻ സീനിയർ എയ്‌റോസ്‌പേസ് ശാസ്ത്രജ്ഞൻ ശ്രീ എസ്. നമ്പി നാരായണൻ, പ്രമുഖ അക്കാദമിക് വിദഗ്ധൻ പ്രൊഫസർ എസ്.എസ്.എം. സുന്ദരം എന്നിവർക്കാണ് ഈ ബഹുമതി നൽകിയത്.

സ്ഥാപനത്തിൻ്റെ അക്കാദമിക്, അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, പരീക്ഷാ-സെമിനാർ ഹാളുകൾ ഉൾപ്പെടുന്ന മന്ദിരവും പുഷ്പകുഞ്ജ് ഹെരിറ്റേജ് കെട്ടിടവും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.

 

അതോടൊപ്പം 22 കെ.വി പവർ ഹൗസും കൺട്രോൾ റൂമും സ്‌കൂൾ ഓഫ് എജ്യുക്കേഷൻ്റെ അക്കാദമിക് ബ്ലോക്ക്, 30 ക്ലാസ് മുറികൾ ഉൾപ്പെടുന്ന അക്കാദമിക് ബിൽഡിംഗ് കോംപ്ലക്സ് എന്നീ മൂന്ന് പദ്ധതികളുടെ തറക്കല്ലിടൽ അദ്ദേഹം ഡിജിറ്റലായി നിർവ്വഹിച്ചു.

 

"ഇൻക്ലൂസിവിറ്റി ഓഫ് ഇന്ത്യാസ് ഏജിംഗ് പോപ്പുലേഷൻ" എന്ന പുസ്തകവും ഉപരാഷ്ട്രപതി ചടങ്ങിൽ പ്രകാശനം ചെയ്തു. സ്ഥാപനത്തിൻ്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി സുവർണ്ണ ജൂബിലി സ്മാരക തപാൽ സ്റ്റാമ്പും പോസ്റ്റൽ കവറും അദ്ദേഹം പ്രകാശനം ചെയ്തു.

 

തമിഴ്‌നാട് ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ചാൻസലർ ഡോ. കെ.എം. അണ്ണാമലൈ, വൈസ് ചാൻസലർ ഡോ. എൻ. പഞ്ചനാഥം, രജിസ്ട്രാർ ഡോ. കെ. മാരിമുത്തു, ഫാക്കൽറ്റി അംഗങ്ങൾ, ഗവേഷകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

*****


( റിലീസ് ഐ.ഡി: 2330642) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: Bengali , Bengali-TR , English , Urdu , हिन्दी , Assamese , Gujarati , Tamil