ദേശീയ മനുഷ്യാവകാശ കമ്മീഷൻ
azadi ka amrit mahotsav

ജോലിസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) മാർഗനിദേശം പുറപ്പെടുവിച്ചു

പോസ്റ്റഡ് ഓണ്‍: 27 OCT 2026 2:18PM by PIB Thiruvananthpuram
ജോലിസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC), കേന്ദ്ര മന്ത്രാലയങ്ങളിലെ പത്ത് സെക്രട്ടറിമാർക്കും റെയിൽവേ ബോർഡ് ചെയർപേഴ്‌സണും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും മാർഗ്ഗനിർദേശം (Advisory) പുറപ്പെടുവിച്ചു.
 
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കർശനമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും ജോലിസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും അവരുടെ സുരക്ഷ ഇപ്പോഴും ആശങ്കാജനകമായ വിഷയമായി തുടരുന്നതായി NHRC ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഏറ്റവും പുതിയ ആനുകാലിക തൊഴിൽസേന സർവേ പ്രകാരം, 2026 സെപ്റ്റംബറിൽ തൊഴിൽശക്തിയിലെ സ്ത്രീപങ്കാളിത്തം 34.6 ശതമാനമായിരുന്നു. എന്നാൽ, 2026-ൽ പ്രസിദ്ധീകരിച്ച ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 4.4 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിലനിൽക്കുന്ന വെല്ലുവിളികൾ ഈ കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ, ഈ വിഷയത്തിൽ തുടർച്ചയായതും ഏകോപിതവുമായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അവ ചൂണ്ടിക്കാട്ടുന്നു.
 
  സ്ത്രീകൾക്ക് നീതിക്കും തുല്യ അവസരങ്ങൾക്കുമുള്ള,ഭരണഘടന ഉറപ്പുനൽകുന്ന അവകാശം സ്ഥാപിക്കുന്നതിന് സ്ത്രീകളുടെ സുരക്ഷ നിർണായകമാണെന്ന് NHRC അംഗീകരിക്കുന്നു. സ്ത്രീകൾക്ക് തൊഴിൽമേഖലയിൽ പൂർണമായി പങ്കാളികളാകാനും അവരുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താനും ജോലിസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.
 
റെയിൽവേ ബോർഡിനു പുറമേ, വനിതാ-ശിശു വികസന മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം, ഭവന-നഗരകാര്യ മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം എന്നിവയ്ക്കും ഈ നിർദേശം അയച്ചിട്ടുണ്ട്.
 
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട എട്ട് പ്രധാന മേഖലകളിലാണ് NHRCയുടെ നിർദ്ദേശങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ത്രീസുരക്ഷയെയും ലൈംഗികാതിക്രമങ്ങളെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കൽ, അടിസ്ഥാന സൗകര്യങ്ങൾ, സംഭവങ്ങളിൽ ഇടപെട്ട് സഹായിക്കാൻ സമീപമുള്ളവരെയും സാക്ഷികളെയും പ്രോത്സാഹിപ്പിക്കൽ, പോലീസിൻ്റെ  പങ്ക്, അതിജീവിതർക്കുള്ള പിന്തുണ, സ്ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ, ദീർഘകാല പരിഷ്‌കാരങ്ങൾ, മറ്റ് നടപടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിശദമായ മാർഗ്ഗനിർദേശം ഇവിടെ ലഭ്യമാണ്: 
 
 
 മാർഗനിർദേശങ്ങളിൽ നൽകിയിരിക്കുന്ന ശുപാർശകൾ നടപ്പിലാക്കണമെന്നും കൈവരിച്ച പുരോഗതിയെക്കുറിച്ച് കമ്മീഷനെ അറിയിക്കുന്നതിനായി രണ്ട് മാസത്തിനുള്ളിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് (Action Taken Report – ATR) സമർപ്പിക്കണമെന്നും ബന്ധപ്പെട്ട എല്ലാ അധികാരികളോടും NHRC അഭ്യർഥിച്ചു.
 
 
****

( റിലീസ് ഐ.ഡി: 2329090) സന്ദര്‍ശക കൗണ്ടര്‍ : 16
ഈ റിലീസ് വായിക്കുക: Bengali , English , Gujarati , Urdu , Marathi , हिन्दी , Tamil