പോസ്റ്റഡ് ഓണ്:
26 OCT 2026 1:45PM by PIB Thiruvananthpuram
ഫിലിപ്പീൻസിലെ സെബുവിൽ 2026 ഒക്ടോബർ 28, 29 തീയതികളിൽ നടക്കുന്ന 13-ാമത് അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ (എഡിഎംഎം - പ്ലസ്) പങ്കെടുക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തെ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് നയിക്കും. 'പ്രാദേശിക, അന്തർദേശീയ സുരക്ഷാ വിഷയങ്ങളിലെ കാഴ്ചപ്പാടുകളുടെ കൈമാറ്റം' എന്ന വിഷയത്തിൽ അദ്ദേഹം ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
എഡിഎംഎം-പ്ലസ് ഉച്ചകോടിയുടെ അനുബന്ധമായി, പങ്കാളികളായ വിവിധ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. ഈ രാജ്യങ്ങളുമായുള്ള നിലവിലെ പ്രതിരോധ ബന്ധങ്ങൾ അവലോകനം ചെയ്യുന്നതോടൊപ്പം, തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളും അദ്ദേഹം ആരായും.
ആസിയാനിലെ ഏറ്റവും ഉയർന്ന പ്രതിരോധ കൂടിയാലോചനാ-സഹകരണ സംവിധാനമാണ് എഡിഎംഎം. ആസിയാൻ അംഗരാജ്യങ്ങൾക്കും (ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോ പിഡിആർ, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, തിമോർ ലെസ്റ്റെ, വിയറ്റ്നാം) അതിൻ്റെ എട്ട് സംഭാഷണ പങ്കാളികൾക്കും (ഇന്ത്യ, യു.എസ്, ചൈന, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്) സുരക്ഷാ-പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വേദിയാണ് എഡിഎംഎം -പ്ലസ്.
1992-ലാണ് ഇന്ത്യ ആസിയാൻ്റെ സംഭാഷണ പങ്കാളിയാകുന്നത്. തുടർന്ന് 2010 ഒക്ടോബർ 12-ന് വിയറ്റ്നാമിലെ ഹനോയിയിലാണ് ആദ്യ എഡിഎംഎം -പ്ലസ് യോഗം ചേർന്നത്. ആസിയാൻ രാജ്യങ്ങളും സംഭാഷണ പങ്കാളി രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനായി 2017 മുതൽ എഡിഎംഎം -പ്ലസ് മന്ത്രിമാർ എല്ലാ വർഷവും യോഗം ചേർന്നു വരുന്നു.
2026-ലെ എഡിഎംഎം -പ്ലസിന് ഫിലിപ്പീൻസാണ് അധ്യക്ഷത വഹിക്കുന്നത്. എഡിഎംഎം -പ്ലസ് ഘടനയ്ക്ക് കീഴിൽ, 2024-2027 കാലയളവിലേക്ക് ഭീകരവിരുദ്ധ വിദഗ്ദ്ധ പ്രവർത്തക സമിതിയുടെ സഹ-അധ്യക്ഷ പദവി മലേഷ്യയോടൊപ്പം ഇന്ത്യയും വഹിക്കുന്നു. മേഖലയിൽ സമാധാനവും സ്ഥിരതയും കൂട്ടായ വളർച്ചയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ, 'ആക്റ്റ് ഈസ്റ്റ്' നയത്തിന് കീഴിൽ തെക്കുകിഴക്കൻ ഏഷ്യയിലെ പ്രതിരോധ നയതന്ത്രം കൂടുതൽ ദൃഢമാക്കുന്നതിനാണ് എഡിഎംഎം -പ്ലസ് സംവിധാനങ്ങളിലെ ഇന്ത്യയുടെ സജീവ പങ്കാളിത്തം അടിവരയിടുന്നത്.
***