ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
25 OCT 2026 4:28PM by PIB Thiruvananthpuram
പ്രവർത്തന ഫ്രീക്വൻസികളും ബാധകമായ ലൈസൻസിങ് നിബന്ധനകളും ഉൾപ്പെടെ നിയമപരമായ അവശ്യ വിവരങ്ങൾ വെളിപ്പെടുത്താതെ വാക്കി-ടോക്കികളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഉല്പന്ന വിവരങ്ങളും പ്രസിദ്ധീകരിച്ചതിന് ഹൊഗാർ ടെക്നോളജീസ് ആൻഡ് ഇന്നൊവേഷൻസ് എൽഎൽപിക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) ഒരു ലക്ഷം രൂപ പിഴ ചുമത്തി. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ചീഫ് കമ്മീഷണർ ശ്രീമതി നിധി ഖരെ, കമ്മീഷണർ ശ്രീ അനുപം മിശ്ര എന്നിവരടങ്ങുന്ന അതോറിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റുകളിലും വാക്കി-ടോക്കികൾ (പേഴ്സണൽ മൊബൈൽ റേഡിയോകൾ) ഉള്‍പ്പെടുത്തുന്നതിലും പരസ്യം ചെയ്യുന്നതിലും വിൽക്കുന്നതിലും നിലനിൽക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും അനുചിത വ്യാപാര രീതികൾക്കുമെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നടത്തിവരുന്ന നടപടികളുടെ ഭാഗമായാണ് പിഴ ചുമത്തിയത്.
നിയമപരമായ നിയന്ത്രണ വ്യവസ്ഥകൾ വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ലെന്ന് സിസിപിഎ
ഹൊഗാർ ടെക്നോളജീസ് ആൻഡ് ഇന്നൊവേഷൻസ് എൽഎൽപിയുടെ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിരുന്ന വിവിധ മോഡൽ വാക്കി-ടോക്കികളുടെ പരസ്യങ്ങളും ഉല്പന്ന പട്ടികകളും സിസിപിഎ പരിശോധിച്ചു. ഉപകരണങ്ങളുടെ പ്രവർത്തന ഫ്രീക്വൻസി, ബാധകമായ ലൈസൻസിങ് നിബന്ധനകൾ, നിയന്ത്രണ ഏജൻസികളുടെ അംഗീകാരങ്ങൾ എന്നിവ പട്ടികയില്‍ വ്യക്തമായി വെളിപ്പെടുത്തിയിരുന്നില്ലെന്ന് അതോറിറ്റി നിരീക്ഷിച്ചു. ഇത്തരം വിവരങ്ങൾ മറച്ചുവെക്കുന്നത് നിയമപരമായ അനുമതികൾ നേടാതെ ഉപകരണങ്ങൾ നിയമാനുസൃതമായി പ്രവർത്തിപ്പിക്കാമെന്ന് ഉപഭോക്താക്കൾ തെറ്റിദ്ധരിക്കാനിടയാക്കും.
കുറഞ്ഞ ശേഷിയുള്ളതും വളരെ കുറഞ്ഞ ശേഷിയുള്ളതുമായ ഹ്രസ്വദൂര റേഡിയോ ഫ്രീക്വൻസി ഉപകരണങ്ങളുടെ ഉപയോഗം (ലൈസൻസിങ് നിബന്ധനകളിലെ ഇളവ്) സംബന്ധിച്ച 2018 -ലെ ചട്ടങ്ങൾ പ്രകാരം നിശ്ചിത നിബന്ധനകൾക്ക് വിധേയമായി 446.0–446.2 MHz ഫ്രീക്വൻസി പരിധിയിൽ പ്രവർത്തിക്കുന്ന പേഴ്സണൽ മൊബൈൽ റേഡിയോകൾക്ക് ലൈസൻസ് ആവശ്യമില്ല. എന്നാൽ, ഈ ഇളവ് ലഭിച്ച പരിധിക്ക് പുറത്ത് പ്രവർത്തിക്കുന്ന മറ്റ് വയർലെസ് റേഡിയോ ഫ്രീക്വൻസി ഉപകരണങ്ങൾക്ക് ബന്ധപ്പെട്ട നിയന്ത്രണ മാനദണ്ഡങ്ങളും ലൈസൻസുകളും ബാധകമാണ്.
സാധുവായ ഡീലർ പൊസസിങ് ലൈസൻസ് (ഡിപിഎല്‍) ഉണ്ടെന്നും ഉപകരണങ്ങൾക്ക് ബാധകമായ എക്യുപ്മെന്റ് ടൈപ്പ് അപ്രൂവൽ (ഇടിഎ) സർട്ടിഫിക്കേഷനുകൾ ഉണ്ടെന്നും നടപടിക്രമങ്ങൾക്കിടെ കമ്പനി ബോധിപ്പിച്ചു. കൂടാതെ വിവരങ്ങൾ നൽകുന്നതിനും ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും മാത്രമുള്ളതാണ് വെബ്സൈറ്റെന്നും നേരിട്ടുള്ള ഓൺലൈൻ ഇടപാടുകൾക്ക് സൗകര്യമൊരുക്കിയിട്ടില്ലെന്നും കമ്പനി വാദിച്ചു.
കമ്പനിയുടെ വിശദീകരണങ്ങളും അന്വേഷണത്തിലെ കണ്ടെത്തലുകളും ലഭ്യമായ രേഖകളും പരിശോധിച്ച ശേഷം നിയന്ത്രണ ഏജൻസികളുടെ അംഗീകാരങ്ങൾ കൈവശമുണ്ടെന്നത് സാധനങ്ങൾ വാങ്ങുന്നതിന് മുൻപത്തെ ഘട്ടത്തിൽ ഉപഭോക്താക്കൾക്ക് കൃത്യവും പൂർണവും സുപ്രധാനവുമായ വിവരങ്ങൾ നൽകാനുള്ള ബാധ്യതയിൽ നിന്ന് ഒരു പരസ്യദാതാവിനെ ഒഴിവാക്കുന്നില്ലെന്ന് സിസിപിഎ ചൂണ്ടിക്കാട്ടി.
വെബ്സൈറ്റ് വഴിയുള്ള ഉല്പന്ന പ്രചാരണങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെ പരിധിയിൽ
വെബ്സൈറ്റിൽ നേരിട്ടുള്ള ഓൺലൈൻ പണമിടപാട് സംവിധാനമോ ഷോപ്പിങ് സൗകര്യമോ ഇല്ലെന്നത് 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പരിധിയിൽ നിന്ന് വെബ്സൈറ്റ് വഴിയുള്ള ഉല്പന്ന പ്രചാരണങ്ങളെ ഒഴിവാക്കുന്നില്ലെന്ന് സിസിപിഎ വ്യക്തമാക്കി. ഉല്പന്നങ്ങൾ ഏത് രീതിയിലാണ് വിൽക്കുന്നത് എന്നത് പരിഗണിക്കാതെ തന്നെ പരസ്യങ്ങളിലും ഉല്പന്നങ്ങളുടെ പട്ടികയിലും ബാധകമായ നിയന്ത്രണ വ്യവസ്ഥകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തണം.
പ്രവർത്തന ഫ്രീക്വൻസികളും ലൈസൻസിങ് നിബന്ധനകളും സംബന്ധിച്ച നിർണായക വിവരങ്ങൾ മറച്ചുവെക്കുന്നത് പരസ്യം ചെയ്യുന്ന ഉപകരണങ്ങൾ ഏത് സാഹചര്യത്തിലാണ് നിയമാനുസൃതമായി ഉപയോഗിക്കാൻ കഴിയുക എന്നതിൽ ഉപഭോക്താക്കൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ഇടയാക്കുമെന്ന് അതോറിറ്റി നിരീക്ഷിച്ചു. ഇത്തരം വീഴ്ചകൾ ഉപഭോക്താക്കളെ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളിലേക്ക് തള്ളിവിടാനും ഉല്പന്നങ്ങള് വാങ്ങുന്നത് സംബന്ധിച്ച് കൃത്യമായ അറിവോടെ തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് തടയാനും കാരണമാകും.
ഇതിൻ്റെ അടിസ്ഥാനത്തിൽ ഹൊഗാർ ടെക്നോളജീസ് ആൻഡ് ഇന്നൊവേഷൻസ് എൽഎൽപിയുടെ പ്രവർത്തനങ്ങള്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അനുചിത വ്യാപാര രീതികളും തടയുന്ന 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ലംഘനമാണെന്ന് സിസിപിഎ കണ്ടെത്തി.
വാക്കി-ടോക്കികള്‍ ഓൺലൈനില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സിസിപിഎ നടപടി
നിർബന്ധിത നിയന്ത്രണ മാനദണ്ഡങ്ങൾ വെളിപ്പെടുത്താതെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വൻതോതിൽ വാക്കി-ടോക്കികൾ ഉള്‍പ്പെടുത്തുന്നതിലും വിൽക്കുന്നതിലും സിസിപിഎ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. അന്വേഷണത്തിൽ വിവിധ പ്ലാറ്റ്ഫോമുകളിലായി മാനദണ്ഡങ്ങൾ പാലിക്കാത്ത 16,970-ലധികം ഉല്പന്നങ്ങള് കണ്ടെത്തുകയും ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ, മെറ്റ (ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ്), ജിയോമാർട്ട്, ഇന്ത്യാമാർട്ട്, ട്രേഡ്ഇന്ത്യ എന്നിവയുൾപ്പെടെ 13 ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
വാക്കി-ടോക്കികളുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും അനുചിത വ്യാപാര രീതികൾക്കും ഇതുവരെ 12 സ്ഥാപനങ്ങൾക്കെതിരെ അതോറിറ്റി അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കുകയും ആകെ 58 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഇതിൽ ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്ലിപ്കാർട്ട് ഇൻ്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, മീഷോ പ്രൈവറ്റ് ലിമിറ്റഡ്, മെറ്റ പ്ലാറ്റ്ഫോംസ്, ട്രേഡ്ഇന്ത്യ (ഇൻഫോകോം നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡ്) എന്നിവയ്ക്ക് 10 ലക്ഷം രൂപ വീതവും, ജിയോമാർട്ട് (റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്), ചിമിയ, മാസ്ക്മാൻ ടോയ്സ്, ടോക്ക് പ്രോ (ഐക്കോണറ്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്), സഞ്ചാർ വയർലെസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, അന്തരീക്ഷ് ടെക്നോസിസ് പ്രൈവറ്റ് ലിമിറ്റഡ്, ഹൊഗാർ ടെക്നോളജീസ് ആൻഡ് ഇന്നൊവേഷൻസ് എൽഎൽപി എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വീതവുമാണ് പിഴ ചുമത്തിയത്.
ചില സ്ഥാപനങ്ങൾ സിസിപിഎയുടെ ഉത്തരവുകളെയും നടപടികളെയും ജുഡീഷ്യൽ ഫോറങ്ങളിൽ ചോദ്യം ചെയ്തിട്ടുണ്ട്. അതോറിറ്റിയുടെ ഉത്തരവുകൾക്കെതിരെ ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡും ഫ്ലിപ്കാർട്ട് ഇൻ്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡും കർണാടക ഹൈക്കോടതിയെ സമീപിച്ചു. 10 ലക്ഷം രൂപ വീതം പിഴ ചുമത്തിയ ഉത്തരവിനെതിരെ മെറ്റ പ്ലാറ്റ്ഫോംസും ട്രേഡ്ഇന്ത്യയും (ഇൻഫോകോം നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡ്) ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ (എന്‍സിഡിആര്‍സി) സമീപിച്ചു. ട്രേഡ്ഇന്ത്യയുടെ കേസിൽ, പിഴത്തുക കെട്ടിവെക്കാൻ എൻസിഡിആർസി കമ്പനിയോട് നിർദേശിച്ചിട്ടുണ്ട്. ഇന്ത്യാമാർട്ട് ഇൻ്റർമെഷ് ലിമിറ്റഡ് സിസിപിഎയുടെ നടപടികളെ ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും വിഷയം അതോറിറ്റിയുടെ പരിഗണനയിലാണ്.
സുതാര്യമായ നിയന്ത്രണ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ആവർത്തിച്ച് സിസിപിഎ
വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കി തീരുമാനങ്ങളെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന തരത്തിൽ വാക്കി-ടോക്കികളുടെ പരസ്യങ്ങളിലും ഉല്പന്ന പട്ടികകളിലും പ്രവർത്തന ഫ്രീക്വൻസികൾ, ബാധകമായ ലൈസൻസിങ് നിബന്ധനകൾ, മറ്റ് സുപ്രധാന നിയന്ത്രണ വിവരങ്ങൾ എന്നിവ വ്യക്തമായി വെളിപ്പെടുത്തണമെന്ന് സിസിപിഎ ആവർത്തിച്ചു. പ്രത്യേക നിയന്ത്രണ വ്യവസ്ഥകൾക്ക് വിധേയമായി മാത്രം നിയമപരമായി ഉപയോഗിക്കാൻ കഴിയുന്ന ഉല്പന്നങ്ങളുടെ കാര്യത്തിൽ ഇത്തരം വിവരങ്ങൾ നൽകുന്നത് അത്യന്താപേക്ഷിതമാണ്.
നിയമപരമായ ചട്ടങ്ങൾ പാലിക്കേണ്ടതും പൊതുസുരക്ഷയുമായി ബന്ധപ്പെട്ടതുമായ ഉല്പന്നങ്ങളുടെ കാര്യത്തിൽ ഉപഭോക്തൃ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനും അനുചിത വ്യാപാര രീതികൾക്കെതിരെ നടപടിയെടുക്കുന്നതിനുമുള്ള പ്രതിബദ്ധത അതോറിറ്റി ആവര്‍ത്തിച്ച് വ്യക്തമാക്കി.
***