റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ദേശീയപാത ടോൾ പ്ലാസകളിലെ ശൗചാലയ സൗകര്യങ്ങളുടെയും പാർക്കിംഗ് ഏരിയകളുടെയും നവീകരണം, പരിപാലനം, സ്മാർട്ട് നിരീക്ഷണം എന്നിവയ്ക്കുള്ള മാർഗനിർദേശങ്ങൾ NHAI പുറത്തിറക്കി

പോസ്റ്റഡ് ഓണ്‍: 23 OCT 2026 4:00PM by PIB Thiruvananthpuram
ദേശീയപാതകളിലൂടെയുള്ള യാത്രക്കാർക്ക് പൗരകേന്ദ്രീകൃത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന സംരംഭത്തിന്റെ ഭാഗമായി, ടോൾ പ്ലാസകളിലെ പൊതുശൗചാലയ സൗകര്യങ്ങളും നിർദിഷ്ട പാർക്കിംഗ് ഏരിയകളും നവീകരിക്കുന്നതിനും പരിപാലിക്കുന്നതിനും സ്മാർട്ട് നിരീക്ഷണം ഉറപ്പാക്കുന്നതിനുമായി ദേശീയപാത അതോറിറ്റി (NHAI) മാർഗനിർദേശങ്ങൾ പുറത്തിറക്കി. നിലവിലുള്ള സൗകര്യങ്ങൾ നവീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, പതിവായ ശുചീകരണം, സാങ്കേതികവിദ്യ അധിഷ്ഠിത നിരീക്ഷണം, പൗരന്മാരുടെ പ്രതികരണങ്ങൾ, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഉത്തരവാദിത്വം എന്നിവ ഈ മാർഗനിർദേശങ്ങളിൽ പറയുന്നു . ദേശീയപാത ഉപയോക്താക്കൾക്ക് വൃത്തിയുള്ളതും സുരക്ഷിതവും പ്രവർത്തനക്ഷമവുമായ പൊതുസൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
 
സമഗ്ര നവീകരണവും പരിപാലനവും
 
നിലവിലുള്ള ശൗചാലയ സൗകര്യങ്ങൾ പരിഷ്കരിക്കുന്നതിന് മുമ്പ് ആവശ്യമായ അറ്റകുറ്റപ്പണികളും മാറ്റി സ്ഥാപിക്കലുകളും നടത്തും. .തറ, പ്ലംബിംഗ്, സാനിറ്ററി ഫിറ്റിങ്ങുകൾ, പ്രകാശസംവിധാനങ്ങൾ, ഓടകൾ , സൂചനാ ബോർഡുകൾ, മറ്റ് അവശ്യ സൗകര്യങ്ങൾ എന്നിവയുടെ നവീകരണം ഇതിൽ ഉൾപ്പെടും. ശൗചാലയ ബ്ലോക്കുകളുടെ വലുപ്പവും വാഹന ഗതാഗതത്തിന്റെ തോതും അടിസ്ഥാനമാക്കി ഹൗസ് കീപ്പിംഗ് ആവശ്യകതകളും ശുചീകരണ സമയക്രമങ്ങളും നിശ്ചയിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ പതിവായ പരിപാലനവും ലഭ്യതയും ഉറപ്പാക്കുന്നതിന് ഇതിലൂടെ സാധിക്കും 
 
സുരക്ഷയ്ക്കും പ്രവേശനക്ഷമതയ്ക്കും മുൻഗണന:
 
ദേശീയപാതകളിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും രാത്രിയിൽ യാത്രയ്ക്കിടെ വിശ്രമിക്കുന്ന കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മാർഗനിർദേശങ്ങളിൽ മതിയായ നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശരിയായ പ്രകാശ സംവിധാനം , സമീപവഴികളിലും പാർക്കിംഗ് പ്രദേശത്തും CCTV നിരീക്ഷണം, സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ, പൊതുസൗകര്യങ്ങളുടെ ലഭ്യത വ്യക്തമാക്കുന്ന വിവര പ്രദർശന ബോർഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഓരോ നിർദിഷ്ട ടോൾ പ്ലാസയിലും ഭിന്നശേഷിക്കാർക്കായി സാർവത്രികമായി പ്രവേശനയോഗ്യമായ കുറഞ്ഞത് ഒരു ശൗചാലയ യൂണിറ്റ് എങ്കിലും ഉണ്ടായിരിക്കണം. ഭിന്നശേഷിയുള്ളവർക്കായി തടസ്സങ്ങളില്ലാത്ത പ്രവേശന സൗകര്യം,അനുയോജ്യമായ വാതിലുകൾ, കൈപ്പിടികൾ എന്നിവ ഇതിൽ ഉറപ്പാക്കണം.
 
ടോൾ പ്ലാസകളിലെ പാർക്കിംഗ് ഏരിയകൾ നിർദിഷ്ട പാർക്കിംഗ് ബേകളും ശരിയായ ഡ്രെയിനേജ് സംവിധാനങ്ങളും സൃഷ്ടിച്ചു മെച്ചപ്പെടുത്തും. ഭാവിയിൽ വൈദ്യുത വാഹന ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകളും ഇതിൽ ഉൾപ്പെടും.
 
സ്മാർട്ട് നിരീക്ഷണവും പൗരന്മാരുടെ പ്രതികരണവും:
 
വെള്ളത്തിന്റെ ലഭ്യത, ദുർഗന്ധം, മലിനജലത്തിന്റെ അളവ്, ചോർച്ചകൾ, വൈദ്യുതി വിതരണം, ശൗചാലയങ്ങളുടെ ഉപയോഗം എന്നിവ നിരീക്ഷിക്കുന്നതിന് സാങ്കേതികവിദ്യ അധിഷ്ഠിത നിരീക്ഷണ സംവിധാനം സഹായിക്കും. വെള്ളത്തിന്റെ ക്ഷാമം, മലിനജലത്തിന്റെ കവിഞ്ഞൊഴുക്ക്, ഉപകരണങ്ങളുടെ തകരാറുകൾ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ പരിഹാര നടപടികൾ സമയബന്ധിതമായി സ്വീകരിക്കാൻ സഹായിക്കും.
 
സ്മാർട്ട് നിരീക്ഷണ വിവരങ്ങൾ NHAIയുടെ കേന്ദ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കും. കേന്ദ്രീകൃത ഡിജിറ്റൽ ഡാഷ്‌ബോർഡിലൂടെ സൗകര്യങ്ങളുടെ അവസ്ഥ, പരിപാലനം, പരാതികൾ, ഏജൻസികളുടെ പ്രവർത്തന മികവ് എന്നിവ ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാൻ സാധിക്കും.
 
ദേശീയപാത ഉപയോക്താക്കൾക്ക് രാജ്മാർഗയാത്ര ആപ്പുമായി ബന്ധിപ്പിച്ച QR കോഡുകളിലൂടെയും ശൗചാലയ സൗകര്യങ്ങളിലെ ടച്ച്‌സ്‌ക്രീനുകളിലൂടെയും അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവയ്ക്കാൻ കഴിയും. പരാതികളും നിർദേശങ്ങളും പ്രശ്നങ്ങളും അവയുടെ പരിഹാരവും നിരീക്ഷിക്കാൻ ഡിജിറ്റൽ സംവിധാനം അധികൃതരെ സഹായിക്കും.
 
കൂടാതെ, സെപ്റ്റിക് ടാങ്കുകൾ, സോക്ക് പിറ്റുകൾ, മലിനജല പൈപ്പുകൾ എന്നിവയുടെ ശുചീകരണവും മാലിന്യനീക്കവും പൂർണമായും യന്ത്രവത്കൃത രീതികളിലൂടെ നടത്തണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. സെപ്റ്റിക് ടാങ്കുകൾ, മാൻഹോളുകൾ, മലിനജല പൈപ്പുകൾ എന്നിവയ്ക്കുള്ളിൽ മനുഷ്യർ നേരിട്ട് പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
 
പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഉത്തരവാദിത്വം
 
ദൈനംദിന മേൽനോട്ടം, പ്രതിവാര സാങ്കേതിക പരിശോധനകൾ, പ്രതിമാസ സംയുക്ത അവലോകനങ്ങൾ, ത്രൈമാസ ഓഡിറ്റുകൾ, വാർഷിക മൂന്നാം കക്ഷി വിലയിരുത്തലുകൾ എന്നിവ ഉൾപ്പെടുന്ന ഘടനാപരമായ പരിശോധനാ സംവിധാനമാണ് മാർഗനിർദേശങ്ങളിൽ മുന്നോട്ടുവച്ചിരിക്കുന്നത്.
 
ഭൗതിക പരിശോധനകൾ, നിരീക്ഷണ വിവരങ്ങൾ, സ്ഥിരീകരിച്ച പൗര പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവർത്തന മികവ് വിലയിരുത്തുക. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വ്യക്തമായ സമയപരിധികളും സൗകര്യങ്ങൾ ശരിയായി പരിപാലിക്കാത്ത പക്ഷം സാമ്പത്തിക പിഴകളും മാർഗനിർദേശങ്ങളിൽ ശുപാർശ ചെയ്യുന്നു. ആവശ്യമായ മാനദണ്ഡങ്ങൾ ആവർത്തിച്ച് പാലിക്കുന്നതിൽ പരാജയപ്പെടുന്ന ഏജൻസികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാവുന്നതാണ്
 
ഈ നടപടികളിലൂടെ, ടോൾ പ്ലാസകളിലെ പൊതുസൗകര്യങ്ങളുടെ പരിപാലനം മെച്ചപ്പെടുത്താനും സുതാര്യവും , സാങ്കേതികവിദ്യ അധിഷ്ഠിതവുമായ നിരീക്ഷണത്തിലൂടെയും ഉത്തരവാദിത്വത്തിലൂടെയും കൂടുതൽ വൃത്തിയുള്ളതും സുരക്ഷിതവുമായ സൗകര്യങ്ങൾ ഉറപ്പാക്കാനും NHAI ലക്ഷ്യമിടുന്നു.
 
***

( റിലീസ് ഐ.ഡി: 2327619) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Gujarati , Urdu , हिन्दी , Marathi , Assamese , Tamil