പോസ്റ്റഡ് ഓണ്‍:
22 OCT 2026 2:17PM by PIB Thiruvananthpuram
ദേശീയ സാമൂഹ്യ സഹായ പരിപാടി (National Social Assistance Programme) 2026-27 മുതല്‍ 2030-31 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് കൂടി തുടരുന്നതിന് 2026 ഒക്ടോബര്‍ 14-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ഇതിനായി 53,428 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ പരിപാടി ഇനി പ്രധാനമന്ത്രി സാമാജിക് സഹായത യോജന (Pradhan Mantri Samajik Sahayata Yojana) എന്ന പേരില്‍ അറിയപ്പെടും. ഇതിന്റെ നാല് ഉപപദ്ധതികള്‍ക്കും പുതിയ പേരുകള്‍ നല്‍കും. വയോജനങ്ങള്‍ക്കുള്ള പെന്ഷന് പദ്ധതി, വിധവാ പെന്ഷന് പദ്ധതി, കുടുംബ ആനുകൂല്യ പദ്ധതി എന്നിവ നിലവിലുള്ള രീതിയില്‍ തുടരും. എന്നാല്‍ ഭിന്നശേഷി പെന്ഷന് പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 80 ശതമാനം മാനദണ്ഡത്തിന് പകരമായി, ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശ നിയമം (2016) പ്രകാരം നിര്‍വചിച്ചിട്ടുള്ള 40 ശതമാനം ഭിന്നശേഷി അടിസ്ഥാന മാനദണ്ഡം ഇനി ഉപയോഗിക്കും. പദ്ധതിയുടെ കുറഞ്ഞ പ്രായപരിധിയായ 18 വയസ്സ് ഒഴിവാക്കിയതിനാല്‍ ഇനി ജനനം മുതല്‍ ആനുകൂല്യത്തിന് അര്‍ഹത ലഭിക്കും.
ജനനം മുതല്‍ 79 വയസ്സുവരെയുള്ളവര്‍ക്ക് കേന്ദ്രസഹായം പ്രതിമാസം 375 രൂപ ആയും 80 വയസ്സും അതിന് മുകളിലുള്ളവര്‍ക്ക് 625 രൂപ ആയും വര്‍ധിപ്പിച്ചു. കൂടാതെ, ഭിന്നശേഷി പെന്ഷന് പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം 8.33 ലക്ഷത്തില്‍ നിന്ന് 27.48 ലക്ഷമായി വര്‍ധിപ്പിച്ചു.
സാമൂഹ്യ സഹായ പദ്ധതിയുടെ പരിഷ്കരിച്ച രൂപം:
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ 2026 ഒക്ടോബര്‍ 14-ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഗ്രാമവികസന വകുപ്പിന്റെ ദേശീയ സാമൂഹ്യ സഹായ പരിപാടി അഞ്ച് വര്‍ഷത്തേക്ക് കൂടി തുടരാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം നല്കി. 2026-27 മുതല്‍ 2030-31 വരെയാണ് അംഗീകാരത്തിന്റെ കാലാവധി. ഇതിനായി 53,428 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഈ അംഗീകാരത്തില്‍ മൂന്ന് കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. പദ്ധതിയ്ക്കും അതിന്റെ ഓരോ ഉപപദ്ധതിക്കും പുതിയ പേരുകള്‍ നല്കി. ഭിന്നശേഷി പെന്ഷന് പരിഷ്കരിച്ചു. മറ്റ് ഉപപദ്ധതികള്‍ നിലവിലുള്ള രീതിയില്‍ തുടരും.
ഈ പരിപാടി ഇനി പ്രധാനമന്ത്രി സാമാജിക് സഹായത യോജന എന്ന പേരില്‍ അറിയപ്പെടും. ഇതിന്റെ നാല് പെന്ഷന് ഉപപദ്ധതികള്‍ക്കും പുതിയ പേരുകള്‍ നല്‍കിയിട്ടുണ്ട്.

വയോജന പെന്ഷന് പദ്ധതി, വിധവാ പെന്ഷന് പദ്ധതി, കുടുംബ ആനുകൂല്യ പദ്ധതി എന്നിവ നിലവിലുള്ള രീതിയില്‍ തുടരും. ഭിന്നശേഷി പെന്ഷന് പദ്ധതിയിലാണ് അര്‍ഹതാ മാനദണ്ഡങ്ങള്‍, ഗുണഭോക്താക്കളുടെ എണ്ണം, സഹായ നിരക്ക് എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
*എന്താണ് ദേശീയ സാമൂഹ്യ സഹായ പരിപാടി?
1995 ഓഗസ്റ്റ് 15-നാണ് ഈ പരിപാടി ആരംഭിച്ചത്. തൊഴിലില്ലായ്മ, വാര്‍ദ്ധക്യം, രോഗം, ഭിന്നശേഷി എന്നിവയുടെ സാഹചര്യങ്ങളില്‍ പൗരന്മാര്ക്ക് പൊതുസഹായം നല്‍കണമെന്ന് നിര്‍ദേശിക്കുന്ന ഭരണഘടനയുടെ 41-ാം അനുച്ഛേദത്തിന് ഈ പരിപാടിയിലൂടെ പ്രാബല്യം നല്കുന്നു.
ഇത് പൂര്‍ണമായും കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. ഇതിന് 100 ശതമാനം കേന്ദ്രസഹായം ലഭിക്കുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള വ്യക്തിക്കും ഏറ്റവും അവശ്യമായ സഹായം ലഭിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.
ഗ്രാമീണ, നഗര മേഖലകളിലൊരുപോലെ ഈ പദ്ധതി നടപ്പിലാക്കുന്നു. ഇതിലെ എല്ലാ ഘടകങ്ങളിലും കുടുംബം ദാരിദ്ര്യരേഖയ്ക്ക് താഴെയായിരിക്കണം എന്നതാണ് അടിസ്ഥാന വ്യവസ്ഥ.
ഈ പരിപാടിക്ക് താഴെ പറയുന്ന ഘടകങ്ങളുണ്ട്. ഇവയില്‍ മൂന്നെണ്ണം പ്രതിമാസ പെന്ഷന് പദ്ധതികളാണ്. വയോജനങ്ങള്‍ക്കുള്ള പെന്ഷന്, വിധവകള്‍ക്കുള്ള പെന്ഷന്, ഭിന്നശേഷിക്കാര്‍ക്കുള്ള പെന്ഷന് എന്നിവയാണ് അവ. നാലാമത്തേത് കുടുംബത്തിലെ പ്രധാന വരുമാനദായകന്റെ മരണത്തെത്തുടര്‍ന്ന് നല്കുന്ന ഒറ്റത്തവണ കുടുംബ ആനുകൂല്യമാണ്.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രധാനമായും അതത് സാമൂഹികക്ഷേമ വകുപ്പുകള്‍ വഴിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ ഗ്രാമവികസന, വനിതാ-ശിശു വികസന, റവന്യൂ അല്ലെങ്കില്‍ തൊഴില്‍ വകുപ്പുകള്‍ വഴിയും പദ്ധതികള്‍ നടപ്പിലാക്കുന്നു.
ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍, ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സജീവ പങ്കുവഹിക്കുന്നു. ആനുകൂല്യങ്ങള്‍ പ്രധാനമായും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (Direct Benefit Transfer - DBT) വഴിയാണ് നല്‍കുന്നത്.
കേന്ദ്രം നല്കുന്ന സഹായത്തിന് പുറമെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വന്തം നിലയില്‍ അധിക സഹായം നല്കുന്നു. 2026 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം, ഓരോ ഗുണഭോക്താവിനും പ്രതിമാസം 50 രൂപ മുതല്‍ 5,700 രൂപ വരെ അധിക സഹായം ലഭിച്ചിരുന്നു. ഇതോടെ മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ശരാശരി പ്രതിമാസ പെന്ഷന് ഏകദേശം 1,100 രൂപ ആയി.
അതായത് അടിസ്ഥാന കേന്ദ്രസഹായ നിരക്കിന് മുകളിലായി ഓരോ സംസ്ഥാനവും അധിക സഹായം നല്കുന്നു.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള പദ്ധതി തിരിച്ചുള്ള പരിധികള്‍ പ്രകാരം ഈ പരിപാടിയില്‍ ഏകദേശം 3.09 കോടി ഗുണഭോക്താക്കള്‍ ഉള്‍പ്പെട്ടിരുന്നു.
2025-26 വര്‍ഷത്തില്‍ പദ്ധതിക്കായി 9,652 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ ഭിന്നശേഷി പെന്ഷന് പദ്ധതിക്കായി 290 കോടി രൂപ ഉള്‍പ്പെടുന്നു.
2026 ഒക്ടോബര്‍ 14-ലെ അംഗീകാരത്തോടെ, എല്ലാ 36 സംസ്ഥാനങ്ങളിലും /കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഈ പരിപാടിയുടെ ഗുണഭോക്താക്കളുടെ എണ്ണം 3.20 കോടിയായി ഉയര്‍ന്നു.

ദിവ്യാംഗജന് പെന്ഷന് വിശദാംശങ്ങള്‍
2009 ഫെബ്രുവരിയില്‍ ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെന്ഷന് പദ്ധതി (Indira Gandhi National Disability Pension Scheme) എന്ന പേരിലാണ് ഭിന്നശേഷി പെന്ഷന് ആരംഭിച്ചത്. 1999-ലെ ദേശീയ ട്രസ്റ്റ് നിയമത്തിലെ 2 (o) വകുപ്പ് പ്രകാരം, ഒന്നോ അതിലധികമോ വൈകല്യങ്ങളായി 80 ശതമാനമോ അതില്‍ കൂടുതലോ പരിമിതിയുള്ള അവസ്ഥയെ ഗുരുതരമായ വൈകല്യമായി നിര്‍വചിക്കുന്നു. അതിനാല്‍, പെന്ഷന് ലഭിക്കുന്നതിന് ഒരു വ്യക്തിക്ക് 80 ശതമാനമോ അതില്‍ കൂടുതലോ വൈകല്യം വിലയിരുത്തപ്പെട്ടിരിക്കണം. കൂടാതെ, കുറഞ്ഞത് 18 വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണം. 79 വയസ്സുവരെയുള്ള ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 300 രൂപയും 80 വയസ്സും അതിനു മുകളിലും പ്രായമുള്ള ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 500 രൂപയുമായിരുന്നു കേന്ദ്രസഹായം.
തുടര്‍ന്ന്, ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭ കണ്വെന്ഷന് പ്രാബല്യം നല്‍കുന്നതിനായി ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശ നിയമം (Rights of Persons with Disabilities Act, 2016) 2016 പാര്‍ലമെന്റ് പാസാക്കി. ഈ നിയമം അതിന്റെ ആനുകൂല്യങ്ങള്‍ക്കായി ഏകീകൃത മാനദണ്ഡം നിശ്ചയിക്കുന്നു. 2(r) വകുപ്പ് പ്രകാരം, അംഗീകൃത സര്ട്ടിഫിക്കേഷന് അധികാരി സാക്ഷ്യപ്പെടുത്തിയ, നിര്‍ദ്ദിഷ്ട ഭിന്നശേഷികളില് 40 ശതമാനത്തില്‍ കുറയാത്ത വൈകല്യമുള്ള വ്യക്തിയെയാണ് നിര്‍ദിഷ്ട ഭിന്നശേഷിയുള്ള വ്യക്തി എന്ന് നിര്‍വചിക്കുന്നത്.
2016-ലെ നിയമം ഭിന്നശേഷി പെന്‍ഷന്റെ അര്‍ഹതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാക്കി. ഇത് 40 ശതമാനം നിശ്ചിത ഭിന്നശേഷിയുമായി ബന്ധിപ്പിച്ചു.
2026 ഒക്ടോബര്‍ 14-ലെ തീരുമാനത്തിലൂടെ, ഇപ്പോള്‍ പ്രധാനമന്ത്രി ദിവ്യാംഗജന് പെന്ഷന് യോജന എന്നറിയപ്പെടുന്ന പെന്ഷന് പദ്ധതിയെ ഗവണ്മെന്റ് ഈ നിശ്ചിത മാനദണ്ഡവുമായി ബന്ധിപ്പിച്ചിരിക്കുന്നു. കുറഞ്ഞ പ്രായപരിധി ഒഴിവാക്കിയതിലൂടെ ജനനം മുതല്‍ തന്നെ അര്‍ഹത ലഭിക്കുന്നതിനുള്ള വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 79 വയസ്സുവരെ പ്രതിമാസ കേന്ദ്രസഹായം 375 രൂപയായും 80 വയസ്സും അതിനു മുകളിലും 625 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ ഉപപദ്ധതിക്ക് കീഴിലുള്ള ഗുണഭോക്താക്കളുടെ എണ്ണം 8.33 ലക്ഷത്തില്‍ നിന്ന് 27.48 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്.

അര്‍ഹതാ മാനദണ്ഡങ്ങള്‍, ഗുണഭോക്താക്കളുടെ എണ്ണം, സഹായധന നിരക്കുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ പുറപ്പെടുവിക്കുകയും നടപ്പിലാക്കുകയും ചെയ്യും.
ഈ തീരുമാനം ആര്‍ക്കെല്ലാം പ്രയോജനം ചെയ്യും?
ഈ തീരുമാനത്തിലൂടെ മൂന്ന് വിഭാഗങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. അവയെ പ്രത്യേകം തിരിച്ചറിയേണ്ടതുണ്ട്.
• 40 മുതല്‍ 79 ശതമാനം വരെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുള്ള, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വ്യക്തികള്‍: 2026 ഒക്ടോബര്‍ 14-ന് അംഗീകരിച്ച നിശ്ചിത ഭിന്നശേഷി മാനദണ്ഡ വ്യവസ്ഥ ഇവരെ പെന്‍ഷന്റെ പരിധിയില്‍ കൊണ്ടുവരുന്നു.
• കുട്ടികള്‍, ജനനം മുതല്‍:
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ നിശ്ചിത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുള്ള കുട്ടിക്ക് അംഗീകരിച്ച മാനദണ്ഡങ്ങള്‍ പ്രകാരം ആനുകൂല്യം ലഭിക്കും. നേരത്തെ കുട്ടിക്ക് 18 വയസ്സ് തികയുന്നതുവരെ കുടുംബം കാത്തിരിക്കേണ്ടിയിരുന്നു.
•നിലവില്‍ പെന്ഷന് ലഭിക്കുന്ന വ്യക്തികള്‍: ഗവണ്മെന്റ് അംഗീകരിച്ച 375 രൂപയും 625 രൂപയും എന്ന വര്‍ധിപ്പിച്ച നിരക്കുകള്‍ ഇവര്‍ക്ക് ലഭിക്കും.
ഇവര്‍ക്കെല്ലാം മൂന്ന് വ്യവസ്ഥകള്‍ മാറ്റമില്ലാതെ തുടരും. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഇപ്പോഴും ആവശ്യമാണ്. കാരണം, 2016-ലെ നിയമപ്രകാരം നിര്‍ദിഷ്ട ഭിന്നശേഷി എന്നത് അംഗീകൃത സര്ട്ടിഫിക്കേഷന് അധികാരി സാക്ഷ്യപ്പെടുത്തുന്ന അളവിലുള്ള ഭിന്നശേഷി ശതമാനമാണ്. കുടുംബം ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരിക്കണം. സംസ്ഥാന ക്ഷേമ വകുപ്പ് മുഖേന അപേക്ഷ സമര്‍പ്പിക്കണം
* ക്ഷേമ സംവിധാനത്തിലുടനീളം ഒരു പൊതുമാനദണ്ഡം
2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 2.68 കോടി ഭിന്നശേഷിയുള്ള വ്യക്തികളുണ്ടായിരുന്നു. ഇത് ജനസംഖ്യയുടെ 2.21 ശതമാനമാണ്. 2016-ലെ നിയമത്തിന്റെ പട്ടികയില്‍ 21 തരത്തിലുള്ള ഭിന്നശേഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
2016-ലെ നിയമം 2017 ഏപ്രില്‍ 19-ന് പ്രാബല്യത്തില്‍ വന്നതു മുതല്‍, ഉന്നത വിദ്യാഭ്യാസം, ഗവണ്മെന്റ് ജോലി , ഭൂമി, ഭവനം എന്നിവയുമായി ബന്ധപ്പെട്ട ഭിന്നശേഷി ആനുകൂല്യങ്ങളില്‍ 40 ശതമാനം നിശ്ചിത മാനദണ്ഡം ബാധകമാണ്.
2026 ഒക്ടോബര്‍ 14-ലെ തീരുമാനത്തിലൂടെ, ഗവണ്മെന്റിന്റെ ഏറ്റവും പഴയ സാമൂഹിക സഹായ പരിപാടിയായ ഭിന്നശേഷി പെന്‍ഷനെ 2016-ലെ ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശ നിയമവുമായി സമന്വയിപ്പിച്ചിരിക്കുന്നു.
പ്രധാനമന്ത്രി ദിവ്യാംഗജന് പെന്ഷന് യോജനയ്ക്ക് കീഴിലുള്ള അര്‍ഹതാ മാനദണ്ഡങ്ങള്‍, ഗുണഭോക്താക്കളുടെ എണ്ണം, സഹായധന നിരക്കുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ഔദ്യോഗിക സമഗ്ര ചിത്രം ഈ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.
അവലംബം
Cabinet
https://www.pib.gov.in/PressReleasePage.aspx?PRID=2323264
Ministry of Rural Development
https://www.pib.gov.in/PressReleasePage.aspx?PRID=2323266
https://www.dord.gov.in/static/uploads/2024/07/1ff5b85d83a44d7b22cda3b40547ed4c.pdf
Ministry of Social Justice and Empowerment
https://cdnbbsr.s3waas.gov.in/s3e58aea67b01fa747687f038dfde066f6/uploads/2023/10/202310161053958942.pdf
https://cdnbbsr.s3waas.gov.in/s3e58aea67b01fa747687f038dfde066f6/uploads/2023/11/202311171038909259.pdf
https://cdnbbsr.s3waas.gov.in/s3e58aea67b01fa747687f038dfde066f6/uploads/2023/10/20231107101118372.pdf
https://depwd.gov.in/en/about-department/introduction/
PIB Backgrounders
https://www.pib.gov.in/PressReleasePage.aspx?PRID=2187327
https://www.pib.gov.in/PressNoteDetails.aspx?NoteId=158466&ModuleId=3
Click here to see pdf
****