ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യക്കൊപ്പം നിർമ്മിക്കാനും നൂതനാശയങ്ങള്‍ ആവിഷ്കരിക്കാനും വളര്‍ച്ച കൈവരിക്കാനും പോളിഷ് കമ്പനികളെ ക്ഷണിച്ച് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ

പോസ്റ്റഡ് ഓണ്‍: 22 OCT 2026 7:24PM by PIB Thiruvananthpuram

ഇന്ത്യയെ കേവലം വിപണിയായി കണ്ട് ഉല്പന്നങ്ങൾ വിൽക്കാൻ മാത്രം ശ്രമിക്കാതെ ‘ഇന്ത്യയിൽ നിര്‍മ്മിക്കാനും നൂതനാശയങ്ങൾ വികസിപ്പിക്കാനും നിക്ഷേപം നടത്താനും’ പോളിഷ് കമ്പനികളോട് കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ആഹ്വാനം ചെയ്തു. ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ പങ്കെടുത്ത ഇന്ത്യാ-പോളണ്ട് വ്യാപാര ഫോറത്തിൽ ഇന്ത്യയുടെ വളർച്ചാ സാധ്യതകൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

 

പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് പങ്കെടുത്ത പരിപാടിയില്‍  കേന്ദ്രമന്ത്രി മുഖ്യപ്രഭാഷണം നടത്തി. 2024 ആഗസ്റ്റിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പോളണ്ട് സന്ദർശനമാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തെ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്   ഉയർത്തിയതെന്ന് ശ്രീ സോനോവാൾ അനുസ്മരിച്ചു.

 

2024 ആഗസ്റ്റിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പോളണ്ട് സന്ദർശിച്ചപ്പോൾ അദ്ദേഹവും പോളണ്ട് പ്രധാനമന്ത്രി ടസ്കും ചേർന്ന് ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തെ തന്ത്രപ്രധാന പങ്കാളിത്തമാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ ലക്ഷ്യബോധത്തോടെയായിരുന്നു ആ നീക്കം; ഇന്ത്യ-പോളണ്ട് ബന്ധം നയതന്ത്ര രംഗത്ത് മാത്രമല്ല, വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, നൂതനാശയങ്ങൾ എന്നീ മേഖലകളിലും ഒരുപോലെ ശക്തമായിരിക്കണം. നയതന്ത്ര തലത്തിലേതുപോലെ ശക്തമായ സഹകരണം വ്യവസായ-നിക്ഷേപ-സാങ്കേതിക രംഗങ്ങളിലും ഉറപ്പാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ശ്രീ സർബാനന്ദ സോനോവാൾ വ്യക്തമാക്കി.

 

വളരുന്ന വലിയ വിപണിയുടെ വ്യാപ്തി, പ്രതിഭാധനരായ യുവതയുടെ തൊഴിൽ ശക്തി വൈദഗ്ധ്യം, പരിഷ്കരണങ്ങൾക്കും സംരംഭകത്വത്തിനും സുതാര്യതയ്ക്കും പ്രതിജ്ഞാബദ്ധമായ  ജനാധിപത്യ രാജ്യത്തിൻ്റെ വിശ്വാസ്യത എന്നിവയാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  

 

ഇരുരാജ്യങ്ങളുടെയും സമ്പദ്‌ വ്യവസ്ഥകൾ പരസ്പര പൂരകങ്ങളാണെന്ന് ശ്രീ സോനോവാള്‍ അഭിപ്രായപ്പെട്ടു. എന്‍ജിനീയറിങ്, യന്ത്രസാമഗ്രികൾ, ഖനന സാങ്കേതികവിദ്യകൾ, ഗതാഗതം, പരിസ്ഥിതി സൗഹൃദ പരിഹാരങ്ങൾ, അത്യാധുനിക നിർമ്മാണ മേഖല എന്നിവയിൽ പോളണ്ടിന് മികച്ച വൈദഗ്ധ്യമുണ്ട്. ഈ ശേഷികൾക്ക് വലിയ വ്യാപ്തി നൽകാനാവശ്യമായ വിപണിയും പ്രതിഭയും നിർമ്മാണ അടിത്തറയും ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയിലേക്ക് കേവലം വിൽപ്പന നടത്തുന്നതിലുപരി ഇന്ത്യയിൽ നിർമ്മിക്കുകയും  ഇന്ത്യയിൽ വെച്ച് പ്രശ്നപരിഹാരങ്ങൾ വികസിപ്പിക്കുകയും ഇന്ത്യൻ പങ്കാളികളെ കണ്ടെത്തുകയും വളർച്ചാ വേദിയായി ഇന്ത്യയെ പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്നാണ് പോളിഷ് കമ്പനികള്‍ക്ക്  നൽകാനുള്ള സന്ദേശമെന്നും ശ്രീ സോനോവാൾ പറഞ്ഞു.

 

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധതയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കര്‍മോത്സുക നേതൃത്വത്തിൽ 2030-ഓടെ ഫോസിലിതര ഇന്ധനങ്ങളിൽ നിന്ന് 500 ജിഗാവാട്ട് വൈദ്യുതി ഉല്പാദന ശേഷി കൈവരിക്കുകയെന്ന സുപ്രധാന ലക്ഷ്യം രാജ്യം നിശ്ചയിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇതിന് ഏകദേശം 280 മുതൽ 300 ബില്യൺ യൂറോ വരെ നിക്ഷേപം ആവശ്യമായി വരുമെന്നും ഉപകരണ നിർമ്മാണം, ഊർജ സംഭരണം, പവർ ഗ്രിഡുകൾ, ഹരിത ഹൈഡ്രജൻ, പുനരുപയോഗം, പരിസ്ഥിതി സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇത് വലിയ അവസരങ്ങൾ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖനനം, നിർണായക ധാതുക്കൾ, സംശുദ്ധോർജം എന്നീ മേഖലകളിലെ പോളണ്ടിൻ്റെ അനുഭവപരിചയം ഇതിന് ഏറെ പ്രയോജനപ്പെടുമെന്നും ശ്രീ സോനോവാള്‍ പറഞ്ഞു.

 

ഇന്ത്യൻ ഐടി കമ്പനികൾ യൂറോപ്യൻ പ്രവർത്തന കേന്ദ്രമായി പോളണ്ടിനെ മാറ്റിയതായും പതിനായിരത്തോളം പേര്‍ക്ക് തൊഴിൽ നൽകുന്നതായും സാങ്കേതിക രംഗത്തെക്കുറിച്ച് പരാമർശിക്കവെ ശ്രീ സോനോവാൾ ചൂണ്ടിക്കാട്ടി. ഐടി സേവനങ്ങൾക്കപ്പുറം വളർന്ന് നിര്‍മിതബുദ്ധി (എഐ), ക്വാണ്ടം കംപ്യൂട്ടിങ്, 5G ആപ്ലിക്കേഷനുകള്‍, ഡിജിറ്റൽ അടിസ്ഥാനസൗകര്യം, സ്മാർട്ട് ഉല്പാദന മേഖല, ബഹിരാകാശ മേഖല എന്നിവയിലേക്ക് സഹകരണം വ്യാപിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

 

ഇരു രാജ്യങ്ങളിലെയും സംരംഭകരെയും ഗവേഷകരെയും നൂതനാശയ വിദഗ്ധരെയും പരസ്പരം ബന്ധിപ്പിക്കുന്നതിന് 'സ്റ്റാർട്ടപ്പ് ബ്രിഡ്ജ്', 'നൂതനാശയ ഇടനാഴി', 'എഐ-ക്വാണ്ടം സംവാദം' എന്നിവ കേന്ദ്രമന്ത്രി നിർദേശിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി വ്യാപാരം 636 കോടി യുഎസ് ഡോളറിലെത്തിയതായും പോളണ്ടിലെ ഇന്ത്യൻ നിക്ഷേപം 300 കോടി ഡോളറിലേറെയാണെന്നും ശ്രീ സോനോവാൾ പറഞ്ഞു. പാക്കേജിങ്, നിർമ്മാണം, മാലിന്യത്തിൽ നിന്നുള്ള ഊർജോല്പാദനം, ഇലക്ട്രിക് ഗതാഗതം തുടങ്ങിയ മേഖലകളിൽ പോളിഷ് കമ്പനികൾ ഇന്ത്യയിൽ സജീവമാണ്. 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുന്നതിനേക്കാൾ വലിയ ലക്ഷ്യമാണ് നമുക്കുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  

 

"നമുക്ക് ഒരുമിച്ച് നിർമ്മിക്കാം; ഒരുമിച്ച് നൂതനാശയങ്ങൾ ആവിഷ്കരിക്കാം; ഒരുമിച്ച് നിക്ഷേപം നടത്താം; ഒരുമിച്ച്  വിശ്വസനീയ വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കാം; ഒപ്പം നമുക്കൊരുമിച്ച് വിജയം കൈവരിക്കാം" - ശ്രീ സോനോവാൾ പറഞ്ഞു.

 

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെ കേവലം വ്യാപാര ഉടമ്പടിയായി മാത്രം കാണരുതെന്ന് അദ്ദേഹം വ്യവസായ പ്രമുഖരോട് ആവശ്യപ്പെട്ടു. പങ്കാളിത്തത്തിൻ്റെ സാധ്യതകൾ പലമടങ്ങ് വർദ്ധിപ്പിക്കുന്ന ഒന്നായി ഇതിനെ കാണണം. പോളിഷ് കമ്പനികൾക്ക് ഇന്ത്യൻ വിപണിയിലേക്ക് വിശാലമായ വാതിൽ തുറന്നുനൽകുന്നതിനൊപ്പം കരാര്‍ ഇന്ത്യൻ സ്ഥാപനങ്ങൾക്ക് യൂറോപ്യൻ വിപണിയിലെ സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

 

മത്സരശേഷിയ്ക്കപ്പുറം സഹകരിച്ചു പ്രവർത്തിക്കാനുള്ള കരുത്താണ് പ്രധാനമെന്ന് വ്യക്തമാക്കുന്ന ഇന്ത്യയുടെ 'അധികാരം ശാക്തീകരണത്തിന്' എന്ന കാഴ്ചപ്പാട് പങ്കുവെച്ചാണ് ശ്രീ സോനോവാൾ പ്രസംഗം ഉപസംഹരിച്ചത്. ഇന്ത്യയുടെ വളർച്ച പോളണ്ടിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പോളണ്ടിൻ്റെ ശേഷികൾ ഇന്ത്യക്ക് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.  ഒരുമിച്ചുനില്‍ക്കുന്നതോടെ  ലോകത്തിനാകെ മാതൃകയാകുന്ന പരിഹാരങ്ങൾ സൃഷ്ടിക്കാൻ ഇരുരാജ്യങ്ങളുടെയും വ്യവസായങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

  

  

 

****


( റിലീസ് ഐ.ഡി: 2326958) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी