രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഷാങ്ഹായ് സഹകരണ സംഘടന ഭരണത്തലവന്മാരുടെ 25-ാമത് കൗൺസിൽ യോഗം: ഭീകരവാദ ശൃംഖലയെ ഒന്നടങ്കം തകർക്കാൻ സംയുക്ത നീക്കത്തിന് ആഹ്വാനം ചെയ്ത് രാജ്യരക്ഷ മന്ത്രി

പോസ്റ്റഡ് ഓണ്‍: 20 OCT 2026 1:16PM by PIB Thiruvananthpuram
സമാധാനത്തിനും വികസനത്തിനും നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ ഭീകരവാദത്തിൻ്റെ   മുഴുവൻ ശൃംഖലകളും തകർക്കാൻ ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്‍സിഒ) അംഗരാജ്യങ്ങൾ സംയുക്ത ശ്രമങ്ങൾ നടത്തണമെന്ന് രാജ്യരക്ഷ മന്ത്രി ശ്രീ രാജ്‌നാഥ് സിങ് ആഹ്വാനം ചെയ്തു. 2026 ഒക്ടോബര്‍ 20ന് താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ 25-ാമത്  എസ്‍സിഒ   ഭരണത്തലവന്മാരുടെ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
 
 
 
 
നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുത്തുന്നതിനൊപ്പം നിക്ഷേപങ്ങളെയും വാണിജ്യ വ്യവസ്ഥയെയും തകിടം മറിക്കുന്നതാണ് ഭീകരവാദമെന്ന് രാജ്യരക്ഷ മന്ത്രി പറഞ്ഞു. അത് സമൂഹങ്ങളെ തീവ്രവാദവൽക്കരിക്കുകയും യുവജനങ്ങളുടെ അർഹമായ അവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ഭീകരവാദത്തെ ന്യായീകരിക്കാൻ ഒന്നിനും കഴിയില്ല; അതിനെ നേരിടുന്നതിൽ ഇരട്ടത്താപ്പുകൾ പാടില്ല. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നവർക്കോ പിന്തുണയ്ക്കുന്നവർക്കോ സുരക്ഷിത താവളങ്ങൾ ഒരുക്കുന്നവർക്കോ ഒരിടത്തും സ്ഥാനമുണ്ടാകരുതെന്നും ശ്രീ രാജ് നാഥ് സിങ് വ്യക്തമാക്കി.
 
 
2026 ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ബിഷ്കെക്കിലെ  എസ്‍സിഒ   ഉച്ചകോടിയിൽ സുരക്ഷ, സമ്പര്‍ക്ക സൗകര്യങ്ങള്‍, അവസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംഘടനയുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യക്തമാക്കിയ കാര്യങ്ങൾ ശ്രീ രാജ്‌നാഥ് സിങ് ഓർമിപ്പിച്ചു. സാമ്പത്തിക പങ്കാളിത്തങ്ങൾ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാ അംഗരാജ്യങ്ങൾക്കും പരസ്പരം പ്രയോജനകരവുമായിരിക്കണമെന്ന ഇന്ത്യയുടെ നിലപാടും അദ്ദേഹം എടുത്തുപറഞ്ഞു. പരമാധികാര തുല്യത, സമവായം, പരസ്പര ബഹുമാനം എന്നീ തത്വങ്ങൾ മുറുകെപ്പിടിച്ച്  എസ്‍സിഒ   കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുപോകണമെന്നാണ് ഇന്ത്യയുടെ കാഴ്ചപ്പാട്. സ്ഥാപനങ്ങളുടെ എണ്ണം കൂടിയതുകൊണ്ട് മാത്രം വലിയ നേട്ടങ്ങൾ കൈവരിക്കാനാകില്ല. പുതുതായി കൊണ്ടുവരുന്ന സംവിധാനങ്ങൾ വ്യക്തമായി നിർവചിക്കപ്പെട്ട ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും പ്രവർത്തനങ്ങളിലെ ആവര്‍ത്തനം ഒഴിവാക്കുന്നതും അംഗരാജ്യങ്ങൾക്ക് പ്രായോഗിക നേട്ടങ്ങൾ ലഭ്യമാക്കുന്നതിന് മുൻഗണന നൽകുന്നതുമാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.  
 
 
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വ്യാപാര-വിതരണ ശൃംഖലകളിലെ തടസ്സങ്ങൾ, ഊർജ-ഭക്ഷ്യ സുരക്ഷാ ആശങ്കകൾ, ഉയർന്നുവരുന്ന സാങ്കേതിക വിടവുകൾ എന്നിവയാൽ അനിശ്ചിതത്വം നിറഞ്ഞ ആഗോള സാമ്പത്തിക അന്തരീക്ഷത്തെ നേരിടുന്നതിന് സമവായമുണ്ടാക്കാനും അത് ക്രിയാത്മക നടപടികളാക്കി മാറ്റാനും ഷാങ്ഹായ് സഹകരണ സംഘടന തയ്യാറാകണമെന്ന് ശ്രീ  രാജ്‌നാഥ്   സിങ് ആവശ്യപ്പെട്ടു. പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ള വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തേണ്ടതും വ്യാപാര-നിക്ഷേപങ്ങൾ സുഗമമാക്കേണ്ടതും വികസനത്തിന് ആക്കം കൂട്ടാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതും അനിവാര്യമാണ്. സാമ്പത്തിക സഹകരണത്തിൻ്റെ   ഗുണഫലങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇതിൻ്റെ   ഭാഗമായി 2026-2030 കാലയളവിലെ ബഹുമുഖ വ്യാപാര-സാമ്പത്തിക സഹകരണ പരിപാടിയുടെ കർമപദ്ധതി അംഗീകരിക്കുന്നതിന് ഇന്ത്യയുടെ പൂർണ പിന്തുണ അദ്ദേഹം ആവർത്തിച്ചു.
 
 
 
താഷ്‌കെൻ്റിലെ യൂണിവേഴ്സൽ സെൻ്ററും ദുഷാൻബെയിലെ ലഹരിവിരുദ്ധ കേന്ദ്രവും സംഘടനയുടെ സ്ഥിരം സംവിധാനങ്ങളായി സ്ഥാപിക്കാൻ ബിഷ്‌കെക്ക് ഉച്ചകോടിയിൽ കൈക്കൊണ്ട തീരുമാനങ്ങളെ ശ്രീ രാജ്‌നാഥ് സിങ് സ്വാഗതം ചെയ്തു. കൃത്യമായ ഏകോപനത്തെയും സമയബന്ധിത പ്രവർത്തനങ്ങളെയും ആശ്രയിച്ചായിരിക്കും ഇവയുടെ കാര്യക്ഷമതയെന്ന് അദ്ദേഹം വ്യക്തമാക്കി.
 
 
കൂട്ടായ സമൃദ്ധിക്ക് സമ്പർക്കസൗകര്യങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടിയ രാജ്യരക്ഷ മന്ത്രി വിപണികളെ തമ്മിൽ ബന്ധിപ്പിക്കാനും വ്യാപാരം സുഗമമാക്കാനും പുതിയ വികസന വഴികൾ തുറക്കാനും വഴിയൊരുക്കുന്ന സംരംഭങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് പ്രസ്താവിച്ചു. ഇൻ്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ (INSTC), ചബഹാർ തുറമുഖം തുടങ്ങിയ സംരംഭങ്ങൾക്ക് മധ്യേഷ്യയെ വിശാല വിപണികളുമായി ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
 
 
സമ്പർക്ക പദ്ധതികൾ പരസ്പര കൂടിയാലോചനകളിലും എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ബഹുമാനത്തിലും അധിഷ്ഠിതമായിരിക്കണമെന്ന് ശ്രീ രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഈ തത്ത്വങ്ങളിലധിഷ്ഠിതമല്ലാത്ത പദ്ധതികൾ സുസ്ഥിരമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൗതിക ഗതാഗത സമ്പർക്കത്തിനപ്പുറം കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുക, ഡിജിറ്റൽ രേഖാ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക, ചരക്കുനീക്ക സംവിധാനം മെച്ചപ്പെടുത്തുക, പരസ്പരം പൊരുത്തപ്പെടുന്ന ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പാക്കുക എന്നിവയിലൂടെ മേഖലയിലെ വ്യാപാര ചെലവുകൾ കുറയ്ക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
 
 
മധ്യേഷ്യൻ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകുന്നത് സംബന്ധിച്ച് ഈ മാസം ആദ്യം മുംബൈയിൽ നടന്ന സിമ്പോസിയത്തെക്കുറിച്ച് പരാമർശിച്ച രാജ്യരക്ഷ മന്ത്രി, പരിപാടിയില്‍ സജീവമായി പങ്കെടുത്ത മധ്യേഷ്യൻ രാജ്യങ്ങൾക്കും എസ്സിഒ പങ്കാളികൾക്കും നന്ദി അറിയിച്ചു. പ്രഥമ എസ്സിഒ ഏഷ്യൻ സാമ്പത്തിക സംവാദത്തെയും അദ്ദേഹം പ്രശംസിച്ചു.
 
 
 
യുവജനങ്ങള്‍ക്കായി സൃഷ്ടിക്കുന്ന അവസരങ്ങൾ, സംരംഭകർക്കായി തുറന്നുനൽകുന്ന പുതിയ വിപണികൾ, കർഷകർക്കും ചെറുകിട വ്യാപാരികള്‍ക്കും ലഭ്യമാക്കുന്ന സാങ്കേതികവിദ്യകൾ, സമൂഹങ്ങൾ തമ്മിൽ വളർത്തിയെടുക്കുന്ന ബന്ധങ്ങൾ എന്നിവയിലായിരിക്കണം നമ്മുടെ വിജയം നിർണയിക്കപ്പെടേണ്ടതെന്ന് ശ്രീ രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.
 
 
വികസനത്തിന് ആക്കം കൂട്ടാനും പ്രശ്നപരിഹാരങ്ങൾ നൽകാനും സാങ്കേതികവിദ്യയ്ക്കും നൂതനാശയങ്ങള്‍ക്കുമുള്ള പരിവർത്തന ശേഷി ഇന്ത്യയുടെ സ്വന്തം വികസന അനുഭവങ്ങൾ തെളിയിക്കുന്നതായി രാജ്യരക്ഷമന്ത്രി വ്യക്തമാക്കി. പൊതുസേവന വിതരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയും സാമ്പത്തിക ഉൾച്ചേർക്കൽ വർദ്ധിപ്പിക്കുകയും ചെയ്ത ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളിലൊന്ന് ഇന്ത്യ കെട്ടിപ്പടുത്തിട്ടുണ്ടെന്നും വികസന പാത രൂപപ്പെടുത്തുന്നതിൽ സ്ത്രീകള്‍ നിർണായക പങ്കുവഹിക്കുന്നുവെന്ന ഉറച്ച ബോധ്യമാണ് സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന വികസനത്തിന് രാജ്യം നൽകുന്ന മുൻഗണനയ്ക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
 
 
അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം, ദുരന്ത പ്രതിരോധ അടിസ്ഥാനസൗകര്യ സഖ്യം (CDRI) തുടങ്ങിയ ഇന്ത്യയുടെ ആഗോള സംരംഭങ്ങൾ ചെലവുകുറഞ്ഞ സംശുദ്ധ ഊര്‍ജ ലഭ്യതയ്ക്കും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള വികസനത്തിനും സംഭാവന നൽകുന്നുണ്ടെന്ന് ശ്രീ രാജ്‌നാഥ് സിങ് ഓർമിപ്പിച്ചു. 'മിഷൻ ലൈഫ്' സുസ്ഥിര ജീവിതരീതികളെയും ഉത്തരവാദിത്തപൂര്‍ണമായ ഉപഭോഗത്തെയും പ്രോത്സാഹിപ്പിക്കുമ്പോൾ ആഗോള ജൈവ ഇന്ധന സഖ്യം കൂടുതൽ ശുദ്ധവും സുസ്ഥിരവുമായ ഊർജ പരിഹാരങ്ങൾ ഒരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
 
കഴിഞ്ഞ 25 വർഷത്തെ ശക്തമായ അടിത്തറയിലൂന്നി സമവായത്തിലധിഷ്ഠിതമായ സഹകരണത്തിനും പ്രായോഗിക നേട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന പുരോഗമനപരമായ ഒരു മാർഗരേഖ തയ്യാറാക്കാൻ ഷാങ്ഹായ് സഹകരണ സംഘടനയോട് രാജ്യരക്ഷ മന്ത്രി ആവശ്യപ്പെട്ടു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എല്ലാ അംഗരാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. ഈ വർഷം അവസാനം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ  എസ്‍സിഒ   സാംസ്കാരിക സംവാദ ഫോറത്തിൽ പങ്കെടുക്കാൻ അംഗരാജ്യങ്ങളെ അദ്ദേഹം ക്ഷണിച്ചു.
 
 
 
എസ്‍സിഒ അംഗരാജ്യങ്ങൾ തമ്മിലെ ബഹുമുഖ സാമ്പത്തിക-വ്യാപാര സഹകരണത്തിലെ പുരോഗതി വിലയിരുത്തിയ യോഗം ഗതാഗതം, ധനകാര്യം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, സാമൂഹ്യ വികസനം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നടപടികൾ ചർച്ച ചെയ്തു. 
 
 
2027-ലെ  എസ്‍സിഒ   ബജറ്റ്, സാമ്പത്തികവും ഭരണപരവുമായ പ്രസക്ത തീരുമാനങ്ങൾ, 2026-2030 കാലയളവിലെ ബഹുമുഖ വ്യാപാര-സാമ്പത്തിക സഹകരണ കർമപദ്ധതി എന്നിവ ഉൾപ്പെടുന്ന 25-ാമത്  എസ്‍സിഒ   ഭരണത്തലവന്മാരുടെ കൗൺസിൽ യോഗത്തിൻ്റെ  സംയുക്ത പ്രഖ്യാപനം പ്രതിനിധി സംഘത്തലവന്മാർ അംഗീകരിച്ചു.
 
 
അംഗരാജ്യങ്ങൾ തമ്മിലെ സാമ്പത്തികവും പ്രായോഗികവുമായ സഹകരണം പ്രോത്സാഹിപ്പിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ സുപ്രധാന സംവിധാനമാണ്  എസ്‍സിഒ   ഭരണത്തലവന്മാരുടെ കൗൺസിൽ. 2017 മുതൽ  എസ്‍സിഒ യിൽ പൂർണ അംഗമായ ഇന്ത്യ ഇതിൻ്റെ  വിവിധ വേദികളിൽ സജീവമായി പങ്കെടുത്തുവരികയാണ്.
 
 
***

( റിലീസ് ഐ.ഡി: 2325482) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Tamil