കൃഷി മന്ത്രാലയം
azadi ka amrit mahotsav

സർക്കാർ സേവനങ്ങൾ മൊബൈലിൽ തത്സമയം ലഭ്യമാകും: കർഷകർക്കായുള്ള പുതിയ പോർട്ടൽ ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 19 OCT 2026 4:41PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'ഡിജിറ്റൽ ഇന്ത്യ' എന്ന കാഴ്ചപ്പാടും കർഷക ക്ഷേമത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും മുന്നോട്ട് കൊണ്ടുപോയിക്കൊണ്ട്, കേന്ദ്ര കൃഷി-കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ, നവീകരിച്ച കർഷക ക്ഷേമ വെബ്‌സൈറ്റ് (അഗ്രി വെൽഫെയർ പോർട്ടൽ) ഇന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളമുള്ള കർഷകർക്ക് സർക്കാർ പദ്ധതികൾ, സാമ്പത്തിക സഹായങ്ങൾ, കൃഷി സംബന്ധമായ വിശ്വസനീയമായ വിവരങ്ങൾ എന്നിവ തങ്ങളുടെ മൊബൈൽ ഫോണുകൾ വഴി നേരിട്ടും എളുപ്പത്തിലും അഭിഗമ്യമാക്കുക എന്നതാണ് ഈ പോർട്ടലിന്റെ ലക്ഷ്യം; ഇത് നടപടിക്രമങ്ങളിലെ പ്രതിബന്ധങ്ങളും ഇടനിലക്കാരുടെ ഇടപെടലും ഒഴിവാക്കാൻ സഹായിക്കുന്നു.


ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ, മൊബൈൽ ഫോണുകൾ വഴി പൗരന്മാർക്കും കർഷകർക്കും എപ്പോഴും സർക്കാരിനെ സമീപിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വ്യക്തമായ കാഴ്ചപ്പാടെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. കൃഷിയിടങ്ങളിലും ഗ്രാമീണ സമൂഹങ്ങളിലും എത്തിച്ചേരുകയും, അതുവഴി കർഷകരുടെ ജീവിതം കൂടുതൽ അനായാസമാക്കുകയും ചെയ്യുമ്പോൾ മാത്രമേ സാങ്കേതികവിദ്യ അതിന്റെ യഥാർത്ഥ ലക്ഷ്യം നിറവേറ്റുകയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നവീകരിച്ച ഈ പോർട്ടൽ വരുന്നതോടെ, വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനോ അപേക്ഷകൾ സമർപ്പിക്കാനോ കർഷകർക്ക് ഇനി പല സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയോ വ്യത്യസ്ത വെബ്സൈറ്റുകൾ സന്ദർശിക്കുകയോ ചെയ്യേണ്ടി വരില്ല. കൂടാതെ, കർഷക ഉൽപ്പാദക സംഘടന(എഫ്.പി.ഒ)കൾ, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ(പി.എ.സി.എസ്), കാർഷിക ശാസ്ത്രജ്ഞർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ എന്നിവയെല്ലാം ഈ പ്ലാറ്റ്ഫോമിലൂടെ ഒത്തുചേരുകയും, വിശാലമായ കാർഷിക ആവാസ വ്യവസ്ഥയ്ക്കായി ഒരു പൊതു ഡിജിറ്റൽ ഇടം രൂപപ്പെടുകയും ചെയ്യും. വിശ്വസനീയമായ വിവരങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, പോർട്ടലിലെ വിവരങ്ങൾ കൃത്യമാണെന്നും അവ കൃത്യമായ ഇടവേളകളിൽ പുതുക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ശ്രീ. ചൗഹാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കാലഹരണപ്പെട്ടതോ അപൂർണ്ണമോ ആയ വിവരങ്ങൾ സംവിധാനത്തിലുള്ള പൊതുജന വിശ്വാസത്തെ ദുർബലപ്പെടുത്തിയേക്കാമെന്നും, അതിനാൽ ഈ സംവിധാനത്തിന്റെ വിജയത്തിന് വിവരങ്ങൾ തുടർച്ചയായി പുതുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസം കുറഞ്ഞവരുൾപ്പെടെയുള്ള ചെറുകിട, നാമമാത്ര കർഷകർക്ക് ഈ പ്ലാറ്റ്ഫോം എളുപ്പത്തിൽ മനസ്സിലാക്കാനും ഉപയോഗിക്കാനും കഴിയുന്ന തരത്തിൽ, ഇതിലെ ഭാഷയും പ്രവർത്തനരീതികളും ലളിതമായിരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കർഷകർക്ക് ഈ പോർട്ടലും മറ്റ് ഡിജിറ്റൽ സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുന്നതിനായി, രാജ്യത്തുടനീളമുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങൾ വഴി പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കും.

 

 

 

നിശ്ചിത സമയത്തിനുള്ളിൽ നവീകരിച്ച പോർട്ടൽ വികസിപ്പിച്ചെടുത്തതിന് മുഴുവൻ സാങ്കേതിക സംഘത്തെയും ശ്രീ ചൗഹാൻ അഭിനന്ദിച്ചു. കേന്ദ്ര ഇലക്ട്രോണിക്‌സ്-വിവര സാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ 'ഡിജിറ്റൽ ബ്രാൻഡ് ഐഡന്റിറ്റി മാനുവൽ 3.0', 'ഇന്ത്യൻ ഗവൺമെന്റ് വെബ്സൈറ്റ്സ് 3.0 യ്ക്കുള്ള മാർഗനിർദേശങ്ങൾ' എന്നിവയ്ക്ക് അനുസൃതമായി വികസിപ്പിച്ച ഈ പോർട്ടൽ, ദിവ്യാംഗർ ഉൾപ്പെടെയുള്ള എല്ലാവർക്കും സുരക്ഷിതവും മൊബൈലിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും അഭിഗമ്യവുമായ ഒരു ഡിജിറ്റൽ അനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. പി.എം.കിസാൻ, അഗ്രി സ്റ്റാക്ക്, പ്രധാനമന്ത്രി ഫസൽ ബീമ യോജന തുടങ്ങിയ പ്രധാന സർക്കാർ പദ്ധതികളിലേക്കുള്ള ഒരു ഏകജാലക സംവിധാനമായി ഈ പ്ലാറ്റ്ഫോം പ്രവർത്തിക്കും; ഇത് കർഷകർക്ക് ആവശ്യമായ സേവനങ്ങളും വിവരങ്ങളും ഒരു പൊതു സമ്പർക്കതലത്തിലൂടെ എളുപ്പത്തിൽ അഭിഗമ്യമാക്കാൻ സഹായിക്കും. ഈ ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര കൃഷി-കർഷക ക്ഷേമ സെക്രട്ടറി ശ്രീ അതിഷ് ചന്ദ്ര, അഡീഷണൽ സെക്രട്ടറി പ്രമോദ് മെഹർദ, ഡിജിറ്റൽ അഗ്രികൾച്ചർ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, കൂടാതെ മന്ത്രാലയത്തിലെയും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിലെയും മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

 

 

 

അഗ്രി വെൽഫെയർ പോർട്ടലിന്റെ പ്രധാന നേട്ടങ്ങൾ

എല്ലാ സേവനങ്ങളും ഒരിടത്ത്:

മന്ത്രാലയത്തിന്റെ പദ്ധതികൾ, സബ്സിഡികൾ, ചട്ടങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഒരൊറ്റ പോർട്ടലിൽ ലഭ്യമാകും. ഇത് വിവിധ പ്ലാറ്റ്ഫോമുകൾ സന്ദർശിക്കുന്നതിന് വേണ്ടി കർഷകർ ചെലവഴിക്കുന്ന സമയവും അധ്വാനവും കുറയ്ക്കാൻ സഹായിക്കുന്നു.

കൂടുതൽ സുതാര്യതയും ഇടനിലക്കാരുടെ കുറവും:
ഓൺലൈൻ വഴി അർഹത പരിശോധിക്കാനുള്ള സൗകര്യം, നേരിട്ട് അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം, നേരിട്ടുള്ള ആനുകൂല്യകൈമാറ്റം (ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ/ ഡി.ബി.ടി) വഴിയുള്ള സാമ്പത്തിക സഹായ വിതരണം എന്നിവ നടപടിക്രമങ്ങളെ കൂടുതൽ സുതാര്യമാക്കുകയും ഇടനിലക്കാരുടെ പങ്ക് കുറയ്ക്കുകയും ചെയ്യും.

ഗ്രാമീണ മേഖലയിലെ കണക്റ്റിവിറ്റിക്കായി രൂപകൽപ്പന ചെയ്തത്:
ഗ്രാമീണ ഉപയോക്താക്കളെ മുൻനിർത്തി നിർമ്മിച്ചിരിക്കുന്ന ഈ പോർട്ടൽ, ലളിതവും ഉപയോക്തൃസൗഹൃദവുമാണ്. അതിനാൽ, സാധാരണ സ്മാർട്ട്‌ഫോണുകളിലും ഇന്റർനെറ്റ് സൗകര്യം കുറവുള്ള പ്രദേശങ്ങളിലും ഇത് തടസ്സമില്ലാതെ പ്രവർത്തിക്കുന്നു.


സമയബന്ധിതവും വിശ്വസനീയവുമായ കാർഷിക വിവരങ്ങൾ:
കാലാവസ്ഥാ സാഹചര്യങ്ങൾ, ശാസ്ത്രീയ കൃഷിരീതികൾ, വിത്തുകളുടെയും വളങ്ങളുടെയും ലഭ്യത, കാർഷിക ഉൽപ്പന്നങ്ങളുടെ നിലവിലുള്ള വിപണി വില എന്നിവയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ കർഷകർക്ക് ലഭ്യമാകും.

ദിവ്യാംഗർക്ക് അഭിഗമ്യം:
ആധുനിക സർക്കാർ അഭിഗമ്യതാ മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പോർട്ടൽ, സ്‌ക്രീൻ റീഡറുകളെയും ലളിതമായ ദിശാഗതി നിർണയത്തെയും പിന്തുണയ്ക്കുന്നു. ഇത് കാഴ്ചപരിമിതിയുള്ളവർക്കും മറ്റ് ദിവ്യാംഗർക്കും പോർട്ടലിലെ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ അഭിഗമ്യമാക്കാൻ സഹായിക്കുന്നു.

 

 

 

***


( റിലീസ് ഐ.ഡി: 2325241) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil , Telugu , Kannada