ആയുഷ്
ലോക ആർത്തവവിരാമ ദിനം 2026: ആർത്തവവിരാമ ആരോഗ്യത്തിന് സമഗ്ര സമീപനം മുന്നോട്ടുവെച്ച് ആയുർവേദം
പോസ്റ്റഡ് ഓണ്:
17 OCT 2026 6:07PM by PIB Thiruvananthpuram
2026 ഒക്ടോബർ 18 ന് ആചരിക്കുന്ന ലോക ആർത്തവവിരാമ ദിനാചരണത്തോടുനുബന്ധിച്ച്, ആർത്തവവിരാമ ഘട്ടത്തിലെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ബോധവൽക്കരണം, പ്രതിരോധ പരിചരണം, സമഗ്രമായ സമീപനങ്ങൾ എന്നിവ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആയുഷ് മന്ത്രാലയം. 'സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ്' വഴി, ശാരീരിക ആരോഗ്യം, മാനസിക ക്ഷേമം, ജീവിതനിലവാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ആർത്തവവിരാമ കാലഘട്ടത്തിലെ ആരോഗ്യത്തെക്കുറിച്ച് മെച്ചപ്പെട്ട ധാരണ വളർത്താൻ മന്ത്രാലയം ലക്ഷ്യമിടുന്നു.
ആർത്തവവിരാമം (Menopause) എന്നത് ഒരു സ്വാഭാവിക ജൈവിക ഘട്ടമാണ്. അണ്ഡാശയത്തിലെ ഫോളിക്കുലാർ പ്രവർത്തനങ്ങൾ നിലയ്ക്കുന്നതിനെത്തുടർന്ന് ആർത്തവം സ്ഥിരമായി അവസാനിക്കുന്ന അവസ്ഥയാണിത്. സാധാരണയായി 45-നും 55-നും ഇടയിലുള്ള പ്രായത്തിലാണ് ഇത് സംഭവിക്കുന്നത്. ആർത്തവവിരാമത്തിലേക്കുള്ള മാറ്റത്തിന്റെ ഘട്ടത്തിൽ, ക്രമരഹിതമായ ആർത്തവം, പെട്ടെന്നുണ്ടാകുന്ന ഉഷ്ണം, യോനീഭാഗത്ത് വരൾച്ച, ഉറക്കക്കുറവ്, മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, സന്ധിവേദന, ഉത്കണ്ഠ തുടങ്ങിയ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും ഉണ്ടായേക്കാം. ആയുർവേദത്തിൽ, ഈ ഘട്ടവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ 'രജോനിവൃത്തി' എന്ന സാഹചര്യവും അതിനോടനുബന്ധിച്ചുള്ള ക്ലിനിക്കൽ ലക്ഷണങ്ങളായും പ്രതിപാദിക്കുന്നു. ജീവിതത്തിന്റെ ഈ ഘട്ടത്തിൽ സ്ത്രീകളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും പിന്തുണയ്ക്കുന്നതിന്, ഇത്തരം ലക്ഷണങ്ങളെ തിരിച്ചറിയുന്നതും അവയ്ക്ക് ഉചിതമായ പരിപാലനം നൽകുന്നതും പ്രധാനമാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആർത്തവവിരാമത്തിലേക്കുള്ള മാറ്റം ക്രമേണ സംഭവിക്കുന്ന ഒന്നാണ്; സാധാരണയായി ആർത്തവചക്രത്തിലുണ്ടാകുന്ന മാറ്റങ്ങളോടെയാണ് ഇത് ആരംഭിക്കുന്നത്. ഇത്തരം ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന സമയം മുതൽ, അവസാനത്തെ ആർത്തവം കഴിഞ്ഞ് ഒരു വർഷം വരെയുള്ള കാലഘട്ടത്തെ 'പെരിമെനോപോസ്' എന്ന് വിളിക്കുന്നു. ഇത് പല വർഷങ്ങൾ നീണ്ടുനിൽക്കാം; കൂടാതെ ഒരു സ്ത്രീയുടെ ശാരീരികവും വൈകാരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തെ ഇത് ബാധിക്കുകയും ചെയ്യാം. ഹോർമോൺ അധിഷ്ഠിതവും അല്ലാത്തതുമായ ചികിത്സാ രീതികൾ പെരിമെനോപോസ് കാലഘട്ടത്തിലെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും.
ആർത്തവവിരാമത്തിലേക്കുള്ള മാറ്റം ഉൾപ്പെടെ, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്ത്രീകളുടെ ആരോഗ്യത്തിന് നിരന്തരമായ ശ്രദ്ധ ആവശ്യമാണെന്ന് ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച ഊന്നിപ്പറഞ്ഞു. രോഗപ്രതിരോധം, ഉചിതമായ ജീവിതശൈലി, ഓരോ വ്യക്തിക്കും അനുയോജ്യമായ പരിചരണം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന സമഗ്രമായ ഒരു ചട്ടക്കൂട് ആയുർവേദം മുന്നോട്ടുവെക്കുന്നു. സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം, അവരുടെ ക്ഷേമത്തെയും ജീവിതനിലവാരത്തെയും പിന്തുണയ്ക്കുന്ന സമീപനങ്ങളെ പ്രോത്സാഹിപ്പിക്കാനും, ഈ മേഖലയിൽ ഗവേഷണവും ശാസ്ത്രീയമായ സാധൂകരണവും ശക്തിപ്പെടുത്താനും ആയുഷ് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു .
"ആർത്തവവിരാമത്തെ ഒരു രോഗമായല്ല, മറിച്ച് ഒരു സ്വാഭാവിക പരിവർത്തനമായാണ് ആയുർവേദം കാണുന്നതെന്ന് "CCRAS ഡയറക്ടർ ജനറൽ പ്രൊഫ. രബിനാരായണ ആചാര്യ പറഞ്ഞു. രസായന ചികിത്സകൾ, ഭക്ഷണക്രമീകരണങ്ങൾ, മാനസിക ക്ഷേമത്തിനായുള്ള പരിശീലനങ്ങൾ എന്നിവയിലൂടെ സ്ത്രീകൾക്ക് ഈ ഘട്ടത്തെ സന്തുലിതമായും സന്തോഷത്തോടെയും മറികടക്കാൻ സാധിക്കും. ഹോർമോൺ സന്തുലിതാവസ്ഥ, എല്ലുകളുടെ ആരോഗ്യം, വൈകാരികമായ കരുത്ത് എന്നിവ നിലനിർത്തുന്നതിൽ അശോകാരിഷ്ടം, ആമലകി രസായനം തുടങ്ങിയ പരമ്പരാഗത ആയുർവേദ ഔഷധക്കൂട്ടുകളുടെ ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിക്കുന്നതിലാണ് CCRAS-ലെ തങ്ങളുടെ ഗവേഷണങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവബോധത്തിലൂടെയും പ്രതിരോധ പരിചരണത്തിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുക എന്നത് തങ്ങളുടെ ദൗത്യത്തിന്റെ കാതലായ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
"ആർത്തവവിരാമം എന്നത് പ്രത്യേക ശ്രദ്ധയും പരിചരണവും അർഹിക്കുന്ന ഒരു സ്വാഭാവിക പരിവർത്തന ഘട്ടമാണെന്ന് CCRAS ഡെപ്യൂട്ടി ഡയറക്ടർ ജനറലായ ഡോ. എൻ. ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ആഹാരക്രമം, രസായന ചികിത്സ, യോഗ, മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട, കാലപ്പഴക്കത്താൽ തെളിയിക്കപ്പെട്ട ആയുർവേദ മാർഗ്ഗങ്ങളിലൂടെ, സന്തുലിതാവസ്ഥയോടും ഊർജ്ജസ്വലതയോടും ആത്മവിശ്വാസത്തോടും കൂടി ഈ ഘട്ടത്തെ നേരിടാൻ ആയുർവേദം സ്ത്രീകളെ പ്രാപ്തരാക്കുന്നു. സ്ത്രീകളുടെ സമഗ്രമായ ആരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനായി, പൗരാണിക അറിവുകളെ ശാസ്ത്രീയമായ തെളിവുകളുള്ള ചികിത്സാ രീതികളാക്കി മാറ്റുന്നതിലാണ് CCRAS ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
രസായന ചികിത്സകൾ, ആഹാരക്രമം സംബന്ധിച്ച നിർദ്ദേശങ്ങൾ, കൗൺസിലിംഗ്, യോഗ, ഔഷധക്കൂട്ടുകൾ എന്നിവയിലൂടെ ആർത്തവവിരാമവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള ബഹുമുഖ സമീപനം ആയുർവേദം നൽകുന്നു. ഇതിലെ പ്രധാന മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്:
*രസായനവും ജീവിതശൈലീ ക്രമീകരണങ്ങളും: ശരീരത്തിന് ഉന്മേഷം നൽകുന്നതിനും, പ്രായത്തിനനുസരിച്ച് ശരീരത്തിലുണ്ടാകുന്ന ക്ഷയങ്ങളെ പ്രതിരോധിക്കുന്നതിനും ഔഷധസസ്യങ്ങളും ഉചിതമായ ജീവിതശൈലീ മാറ്റങ്ങളും പരമ്പരാഗതമായി സ്വീകരിച്ചുവരുന്നു.
*കൗൺസിലിംഗും വൈകാരിക പിന്തുണയും: സ്വയം പരിചരണം, മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യൽ, കുടുംബത്തിന്റെ പിന്തുണ എന്നിവയിലൂടെ മാനസികാരോഗ്യം നിലനിർത്തുന്നതിന് ആയുർവേദം ഊന്നൽ നൽകുന്നു.
*ഔഷധക്കൂട്ടുകൾ: ആർത്തവവിരാമവുമായി (menopause) ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അശോകാരിഷ്ടം, ലോധ്രാസവം, ഉശീരാസവം, ചന്ദനാദി ലോഹം, ആമലകി രസായനം, മുക്താ ശുക്തി തുടങ്ങിയ പരമ്പരാഗത ആയുർവേദ ഔഷധങ്ങൾ ഉപയോഗിച്ചുവരുന്നു. യോഗ്യരായ ആരോഗ്യവിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ.
*ആഹാരക്രമം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ: ആർത്തവവിരാമ കാലഘട്ടത്തിലും അതിനുശേഷവും, ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾക്കനുസൃതമായ സമീകൃതാഹാരം പൊതുവായ ആരോഗ്യം നിലനിർത്താൻ സഹായിക്കും. വ്യക്തിയുടെ പ്രകൃതി, ദഹനശേഷി, ശാരീരികാവസ്ഥ എന്നിവ കണക്കിലെടുത്ത് ആയുർവേദത്തിൽ പ്രത്യേക ഭക്ഷണക്രമങ്ങൾ നിർദ്ദേശിക്കാറുണ്ട്. പേശീബലവും എല്ലുകളുടെ ആരോഗ്യവും നിലനിർത്താൻ ആവശ്യമായ അളവിൽ പ്രോട്ടീൻ, കാൽസ്യം, മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണം വളരെ പ്രധാനമാണ്.
*യോഗയും ധ്യാനവും: ആസനങ്ങൾ, പ്രാണായാമം, ധ്യാനം എന്നിവ പതിവായി ചെയ്യുന്നത് മാനസിക സന്തുലിതാവസ്ഥയും ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്താനും, പേശികളുടെയും അസ്ഥികളുടെയും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. സേതുബന്ധാസനം, വിപരീതകരണാസനം, മാർജ്ജാരിയാസനം, ശവാസനം തുടങ്ങിയ യോഗാസനങ്ങൾ ശരീരത്തിന് അയവും വിശ്രമവും നൽകുകയും, ശരീരത്തിന്റെ കാഠിന്യം, നടുവേദന, ക്ഷീണം എന്നിവ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശീതളി പ്രാണായാമം, ഭ്രമരി പ്രാണായാമം തുടങ്ങിയ ശ്വസന വ്യായാമങ്ങളും യോഗനിദ്രയും മനസ്സിന് ശാന്തതയും വൈകാരിക സന്തുലിതാവസ്ഥയും നൽകുന്നതിനൊപ്പം നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
ആയുർവേദം സന്തുലിതമായ ഭക്ഷണക്രമത്തിനും ജീവിതശൈലിക്കും ഊന്നൽ നൽകുന്നു. മിതമായ അളവിൽ ഭക്ഷണം കഴിക്കുക, എരിവും ഉപ്പും കൂടിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക, മദ്യപാനം കുറയ്ക്കുക, പുകയില ഉപയോഗിക്കാതിരിക്കുക, ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങളെ നിയന്ത്രിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ആയുർവേദ സമീപനങ്ങളെക്കുറിച്ച് ആയുഷ് മന്ത്രാലയവും സി.സി.ആർ.എ.എസും ഗവേഷണങ്ങൾ തുടരുന്നു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുക, ചികിത്സാ ഫലങ്ങൾ വിലയിരുത്തുക, ആർത്തവവിരാമ കാലഘട്ടത്തിലെ ആരോഗ്യം, ക്ഷേമം എന്നിവയെക്കുറിച്ച് കൃത്യമായ അറിവ് പകരുക എന്നിവയിൽ ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2026-ലെ 'ലോക ആർത്തവവിരാമ ദിന'ത്തിൽ, സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ ഈ ഘട്ടത്തെ നേരിടാനും, തങ്ങളുടെ ആരോഗ്യവും ക്ഷേമവും നിലനിർത്താനും സഹായിക്കുന്നതിനായി; കൂടുതൽ അവബോധം വളർത്താനും, തുറന്ന ചർച്ചകൾ നടത്താനും, കൃത്യസമയത്ത് ഉചിതമായ പരിചരണം ഉറപ്പാക്കാനും ആയുഷ് മന്ത്രാലയം ആഹ്വാനം ചെയ്യുന്നു.
***
( റിലീസ് ഐ.ഡി: 2324817)
സന്ദര്ശക കൗണ്ടര് : 5