ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

നവരാത്രി സർഗോത്സവം 2026 ഉപരാഷ്ട്രപതി കോഴിക്കോട് ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 16 OCT 2026 6:57PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെ കോഴിക്കോട് നവരാത്രി സർഗോത്സവം 2026 ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം വികസനത്തിന്റെ പാതയിൽ മുന്നേറേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

 സൃഷ്ടി, ശക്തി, ജ്ഞാനം, കാരുണ്യം  എന്നിവയുടെ നിതാന്ത സ്രോതസ്സ് ആയ ആദിപരാശക്തിയുടെ ദിവ്യസ്ത്രീശക്തിയെയാണ് നവരാത്രിയിലൂടെ ആഘോഷിക്കുന്നത് എന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. ഭയത്തെ ധൈര്യത്താൽ അതിജീവിക്കണമെന്നും അനീതിക്കുമേൽ നീതി വിജയിക്കണമെന്നും അജ്ഞതയെ ജ്ഞാനംകൊണ്ട് നിർമാർജനം ചെയ്യണമെന്നുമുള്ള അനശ്വരമായ സന്ദേശമാണ് ഈ ഉത്സവം നൽകുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ കാലാതീതമായ മൂല്യങ്ങൾ മെച്ചപ്പെട്ട ഭാവിയിലേക്കുള്ള സമൂഹത്തിന്റെ പ്രയാണത്തിന് സദാ മാർഗദർശനം നൽകുന്നതായി അദ്ദേഹം പറഞ്ഞു.

 
ഇന്ത്യയിലെ വൈവിധ്യമാർന്ന നവരാത്രി പാരമ്പര്യങ്ങൾ എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, ഭാഷ, ആചാരങ്ങൾ, ആരാധനാരീതികൾ എന്നിവയിൽ വൈവിധ്യമുണ്ടെങ്കിലും പൊതുവായ സാംസ്‌കാരിക പൈതൃകം രാജ്യത്തെ ഒറ്റക്കെട്ടായി നിലനിർത്തുന്നുവെന്ന് പറഞ്ഞു. ഇത് “ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്” എന്ന ആശയത്തിന്റെ ആത്മാവിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
പ്രധാനമന്ത്രിയുടെ “ വികസനവും പൈതൃകവും ( വികാസ് ഭി, വിരാസത് ഭി )എന്ന ദർശനത്തിന് ഊന്നൽ നൽകിക്കൊണ്ട്, ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും വികസനാഭിലാഷങ്ങളും പരസ്പരം പൂരകങ്ങളാണെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു. ആൽമരം അതിന്റെ ആഴത്തിലുള്ള വേരുകളിൽനിന്ന് ശക്തിയാർജിച്ച് ശാഖകൾ വ്യാപിപ്പിക്കുന്നതുപോലെ, ആധുനികതയും പുരോഗതിയും സ്വീകരിച്ച് രാജ്യം മുന്നേറുമ്പോൾ ഇന്ത്യയുടെ പാരമ്പര്യങ്ങളും മൂല്യങ്ങളും സ്ഥിരതയും സ്വത്വവും തുടർച്ചയും നിലനിർത്തുന്നതായി അദ്ദേഹം നിരീക്ഷിച്ചു.
 
ഉത്സവം സംഘടിപ്പിച്ചതിന് കേസരി വാരികയെ ഉപരാഷ്ട്രപതി അഭിനന്ദിക്കുകയും മലയാള ഭാഷയിലെ പത്രപ്രവർത്തനം, ജനാധിപത്യ മൂല്യങ്ങൾ, അഭിപ്രായപ്രകടന സ്വാതന്ത്ര്യം എന്നിവയ്ക്ക് നൽകിയ സംഭാവനകളെ പ്രകീർത്തിക്കുകയും ചെയ്തു.
 
ചടങ്ങിൽ “സംഘനൂറ്റാണ്ടിലെ അക്ഷരമുദ്രകൾ” എന്ന പുസ്തകം ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. കലാരംഗത്തെ സംഭാവനകൾ പരിഗണിച്ച് ശ്രീ പി. ആർ. രാജേന്ദ്രന് സർഗ കേസരി പുരസ്കാരവും ഉപരാഷ്ട്രപതി സമ്മാനിച്ചു.
 
നവരാത്രി സർഗോത്സവം യുവാക്കൾക്ക് പ്രചോദനമാകുമെന്നും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുമെന്നും നൂതനാശയങ്ങളെ സ്വീകരിക്കുന്നതിനൊപ്പം ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്തേകുമെന്നും ശ്രീ.  രാധാകൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു. ദേവിമാരുടെ അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിച്ച അദ്ദേഹം, അനീതിക്കെതിരെ പോരാടാനും പിന്നാക്കാവസ്ഥയിലുള്ളവരെ ഒപ്പം ചേർത്ത് സമൃദ്ധി പങ്കിടാനും എല്ലാവരെയും കരുതലോടെ പരിപാലിക്കുന്ന കാരുണ്യപൂർണമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി ജ്ഞാനം പ്രയോജനപ്പെടുത്താനും ആവശ്യമായ ശക്തി സമൂഹത്തിന് ലഭിക്കട്ടെയെന്ന് ആശംസിച്ചു.
 
കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ചുമതലയുള്ള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ; രാജ്യസഭ അംഗം ശ്രീ.  സി. സദാനന്ദൻ മാസ്റ്റർ; നവരാത്രി സർഗോത്സവ സമിതി പ്രസിഡന്റ് ശ്രീമതി വിധുബാല; നവരാത്രി സർഗോത്സവ സമിതിയുടെ വർക്കിങ് പ്രസിഡന്റ് ശ്രീ എ. കെ. പ്രശാന്ത് എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
 
***
 

( റിലീസ് ഐ.ഡി: 2324559) സന്ദര്‍ശക കൗണ്ടര്‍ : 33
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Gujarati , Tamil