വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ വാണിജ്യ ഭവനിൽ ദേശീയ തന്ത്രപ്രധാന വ്യാപാര കമാൻഡ് സെന്റർ (NSTCC) ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 15 OCT 2026 6:04PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ ദേശീയ തന്ത്രപ്രധാന വ്യാപാര കമാൻഡ് സെന്റർ (National Strategic Trade Command Centre – NSTCC) ഉദ്ഘാടനം ചെയ്തു. വാണിജ്യ സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ,വിദേശ വ്യാപാര ഡയറക്ടർ ജനറൽ (DGFT) ശ്രീ ലവ് അഗർവാൾ എന്നിവർ സന്നിഹിതരായിരുന്നു.
 
വിവരാധിഷ്ഠിതവും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ വ്യാപാര തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായിക്കുന്ന NSTCC-യുടെ പ്രവർത്തനങ്ങളെ ശ്രീ പീയൂഷ് ഗോയൽ പ്രശംസിച്ചു. പ്രത്യേകിച്ച്, SCOMET (Special Chemicals, Organisms, Materials, Equipment and Technologies) ഡാഷ്‌ബോർഡ് അവലോകനം ചെയ്ത അദ്ദേഹം, തീർപ്പാകാതെ കിടക്കുന്ന അപേക്ഷകൾ പരിഹരിക്കുന്നതിനും എല്ലാ അപേക്ഷകളും വേഗത്തിൽ തീർപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും അന്തർ മന്ത്രാലയ സമിതിയുടെ യോഗങ്ങൾ പതിവായി, ആവശ്യമെങ്കിൽ ആഴ്ചതോറും നടത്തണമെന്ന് ആവശ്യപ്പെട്ടു.
 
വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള വാണിജ്യ വകുപ്പാണ് NSTCC വികസിപ്പിച്ചെടുത്തത്. ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാര മേഖലയിലെ നിരീക്ഷണം, വിശകലനം, ഭരണനിർവഹണം എന്നിവ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള തന്ത്രപ്രധാന സംരംഭമാണിത്. സംയോജിത ഡാറ്റാ അനലിറ്റിക്‌സിലൂടെയും തെളിവ് അധിഷ്ഠിത തീരുമാനമെടുക്കൽ സംവിധാനത്തിലുന്നിയയുമാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.
 
ഇന്ത്യയുടെ വ്യാപാര പ്രകടനം, കയറ്റുമതി പ്രോത്സാഹന പദ്ധതികൾ, നിയന്ത്രണാനുമതികൾ, അപേക്ഷകളുടെ നടപടിക്രമങ്ങൾ, പ്രവർത്തന സൂചകങ്ങൾ എന്നിവയുടെ സമഗ്ര ചിത്രം മുതിർന്ന നയരൂപകർത്താക്കൾക്കും ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും ലഭ്യമാക്കുന്നതിനായാണ് കമാൻഡ് സെന്റർ വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ സംവിധാനങ്ങളിൽ നിന്നുള്ള വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരുമിച്ചുകൊണ്ടുവരുന്നതിലൂടെ, ഉയർന്നുവരുന്ന പ്രവണതകൾ, പ്രവർത്തനപരമായ തടസ്സങ്ങൾ, നയപരമോ ഭരണപരമോ ആയ ഇടപെടലുകൾ ആവശ്യമായ മേഖലകൾ എന്നിവ സമയബന്ധിതമായി തിരിച്ചറിയാൻ NSTCC സഹായിക്കും.
 
വ്യാപാരവുമായി ബന്ധപ്പെട്ട ഡാറ്റയെ പ്രായോഗികമായി പ്രയോജനപ്പെടുത്താൻ കഴിയുന്ന വിവരങ്ങളാക്കി മാറ്റുന്നതിനായി വികസിപ്പിച്ച സംയോജിത വിശകലന-ദൃശ്യവൽക്കരണ പ്ലാറ്റ്‌ഫോമാണ് NSTCC-യുടെ പ്രധാന ഘടകം. പ്രധാന വ്യാപാര സൂചകങ്ങൾ, പദ്ധതികളുടെ പ്രകടനം, തീർപ്പാകാതെ കിടക്കുന്ന അപേക്ഷകൾ, നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സമയപരിധികൾ, പ്രാദേശിക പ്രവണതകൾ, അനുസരണവുമായി ബന്ധപ്പെട്ട ഘടകങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സംവേദനാത്മക ഡാഷ്‌ബോർഡുകൾ NSTCC ലഭ്യമാക്കുന്നു.
 
ദേശീയ വ്യാപാര പ്രകടനം, പ്രാദേശിക അധികൃതർ , വിവിധ പദ്ധതികൾ, ഉൽപ്പന്നങ്ങൾ, ലക്ഷ്യ വിപണികൾ, വ്യക്തിഗത അപേക്ഷകൾ തുടങ്ങിയ ഒന്നിലധികം തലങ്ങളിൽ വിവരങ്ങൾ വിശകലനം ചെയ്യാൻ ഈ പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. ഇതിന് ചുമതലകളെ അടിസ്ഥാനമാക്കിയുള്ള പ്രവേശനാനുമതികൾ ബാധകമായിരിക്കും.
 
പ്രാരംഭ ഘട്ടത്തിൽ, വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറലിന്റെ (DGFT) പ്രധാന പ്രവർത്തനങ്ങളും വ്യാപാരവുമായി ബന്ധപ്പെട്ട മേഖലകളും ഉൾക്കൊള്ളുന്ന ഡാഷ്‌ബോർഡുകൾ കമാൻഡ് സെന്ററിൽ സംയോജിപ്പിച്ചിട്ടുണ്ട്. Importer Exporter Code – IEC, അഡ്വാൻസ് ഓതറൈസേഷൻ, കയറ്റുമതി പ്രോത്സാഹന മൂലധന വസ്തു പദ്ധതി (Export Promotion Capital Goods – EPCG), ഉത്ഭവ സർട്ടിഫിക്കറ്റ് (Certificate of Origin – CoO), SCOMET, നിയന്ത്രിത ഇറക്കുമതികളും കയറ്റുമതികളും, മറ്റ് നിയന്ത്രണ-വ്യാപാര സൗകര്യ സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പദ്ധതികളുടെ ഉപയോഗം, നടപടിക്രമങ്ങളുടെ കാര്യക്ഷമത, കയറ്റുമതി ബാധ്യതകൾ, വ്യാപാര രീതികൾ, തുടങ്ങി പ്രാദേശിക അധികൃതരുടെ പ്രവർത്തന മികവ് എന്നിവ നിരീക്ഷിക്കാൻ ഈ ഡാഷ്‌ബോർഡുകൾ സഹായിക്കും.
 
വ്യാപാര ഭരണനിർവഹണത്തിന്റെ മൂന്ന് പ്രധാന മേഖലകളെ പിന്തുണയ്ക്കുന്ന രീതിയിലാണ് NSTCC രൂപകൽപ്പന ചെയ്തിരിക്കുന്നത്:
 
•- സംയോജിത നിരീക്ഷണം : വ്യാപാര പ്രവണതകൾ, അപേക്ഷകളുടെ നടപടിക്രമങ്ങൾ, തീർപ്പാകാതെ കിടക്കുന്ന അപേക്ഷകൾ, ഉയർന്നുവരുന്ന അപകടസാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ഏകീകൃത വിവരങ്ങൾ ലഭ്യമാക്കുന്നു. പ്രവർത്തനപരമായ പ്രശ്നങ്ങൾ സമയബന്ധിതമായി തിരിച്ചറിയാനും പരിഹരിക്കാനും ഇത് സഹായിക്കുന്നു.
 
• പ്രകടന വിലയിരുത്തൽ : നിശ്ചിത പ്രകടന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതികൾ, നടപടിക്രമങ്ങൾ, പ്രാദേശിക അധികൃതർ എന്നിവയുടെ പ്രവർത്തനം നിരീക്ഷിക്കാനും താരതമ്യ വിലയിരുത്തൽ നടത്താനും സഹായിക്കുന്നു. ഇതിലൂടെ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഒപ്പം പോരായ്മകളും തിരിച്ചറിയാൻ കഴിയും.
 
• തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നയപരമായ നിർദേശങ്ങൾ : ആവർത്തിച്ചുണ്ടാകുന്ന തടസ്സങ്ങൾ, നടപടിക്രമങ്ങളിലെ സങ്കീർണതകൾ, ഉയർന്നുവരുന്ന വ്യാപാര പ്രവണതകൾ എന്നിവ തിരിച്ചറിഞ്ഞ് നയങ്ങൾ ലളിതമാക്കുന്നതിനും നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യാപാര നടപടികൾ സുഗമമാക്കുന്നതിന് ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കുന്നതിനും പിന്തുണ നൽകുന്നു.
 
ഉൽപ്പന്നം തിരിച്ചും വിപണി തിരിച്ചുമുള്ള വിശകലനം സാധ്യമാക്കുന്നതിലൂടെ ഇന്ത്യയുടെ വ്യാപാര വിവരശേഖരണ-വിശകലന ശേഷി ശക്തിപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു. വ്യാപാര കരാറുകളുടെ പ്രയോജനപ്പെടുത്തൽ വിലയിരുത്തുക, കയറ്റുമതി അവസരങ്ങൾ തിരിച്ചറിയുക, അന്താരാഷ്ട്ര വിപണികളിലെ ഇന്ത്യയുടെ വ്യാപാര സ്ഥാനം നിരീക്ഷിക്കുക എന്നിവയ്ക്കും ഇത് സഹായിക്കും.
 
വിദേശ വ്യാപാര ഡയറക്ടറേറ്റിന്റെ (DGFT) സംവിധാനങ്ങളും ട്രേഡ് കണക്ട് ഇ-പ്ലാറ്റ്‌ഫോമും ഉൾപ്പെടെ നിലവിലുള്ള ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് NSTCC രൂപകൽപ്പന ചെയ്തിരിക്കുന്നത്. മറ്റ് വകുപ്പുകളിൽ നിന്നും വ്യാപാരവുമായി ബന്ധപ്പെട്ട ഏജൻസികളിൽ നിന്നുമുള്ള അധിക ഡാറ്റാസെറ്റുകൾ ഘട്ടംഘട്ടമായി സംയോജിപ്പിക്കുന്നതിനുള്ള സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
ഭാവിയിൽ, അംഗീകൃത പങ്കാളികൾക്ക് ക്രമാനുഗതമായി പ്രവേശനം അനുവദിക്കുന്ന വിപുലമായ, സമഗ്ര ഗവൺമെന്റ് തീരുമാന പിന്തുണാ സംവിധാനമായി കമാൻഡ് സെന്റർ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, സംസ്ഥാനങ്ങൾ, കയറ്റുമതി പ്രോത്സാഹന കൗൺസിലുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. അധിക ഡാറ്റയുടെ സംയോജനം, യന്ത്രവൽകൃത മുന്നറിയിപ്പുകൾ, നൂതന വിശകലന സംവിധാനങ്ങൾ എന്നിവയിലൂടെ ഇതിന്റെ വിശകലന ശേഷിയും ക്രമേണ ശക്തിപ്പെടുത്തും.
 
NSTCC-യുടെ ആവിഷ്കാരം സജീവവും സുതാര്യവും പ്രതികരണശേഷിയുള്ളതുമായ വ്യാപാര ഭരണനിർവഹണത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ്. ആനുകാലിക റിപ്പോർട്ടിങ്ങിൽ മാത്രം ഒതുങ്ങാതെ തുടർച്ചയായ നിരീക്ഷണം, ഏകോപിത ഇടപെടൽ, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നയരൂപീകരണം എന്നിവയിലേക്ക് പരിവർത്തനം ചെയ്യാൻ ഇത് വാണിജ്യ വകുപ്പിനെയും DGFT-യെയും പ്രാപ്തരാക്കും.
 
ഡിജിറ്റൽ സാങ്കേതികവിദ്യകളും വിവരാധിഷ്ഠിത ഭരണനിർവഹണവും പ്രയോജനപ്പെടുത്തി വ്യാപാര സൗകര്യങ്ങൾ ശക്തിപ്പെടുത്താനും ഭരണപരമായ കാര്യക്ഷമത മെച്ചപ്പെടുത്താനും ആഗോള വ്യാപാരരംഗത്ത് ഇന്ത്യയുടെ മത്സരക്ഷമത വർധിപ്പിക്കാനുമുള്ള കേന്ദ്ര ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത ഈ സംരംഭം ആവർത്തിച്ചു ഉറപ്പിക്കുന്നു.
 
****
 

( റിലീസ് ഐ.ഡി: 2324157) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati