ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഡോ. ആനന്ദ ശങ്കര് ജയന്തിന്റെ ഓര്മ്മക്കുറിപ്പുകളുടെ സമാഹാരമായ 'ഡാന്സിംഗ് വിത്ത് ജോയ്' ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണന് പ്രകാശനം ചെയ്തു
പോസ്റ്റഡ് ഓണ്:
14 OCT 2026 5:50PM by PIB Thiruvananthpuram
പ്രശസ്ത ക്ലാസിക്കല് നര്ത്തകിയും എഴുത്തുകാരിയും മുന് ഐ.ആര്.ടി.എസ്. ഉദ്യോഗസ്ഥയുമായ ഡോ. ആനന്ദ ശങ്കര് ജയന്ത് രചിച്ച ഓര്മ്മക്കുറിപ്പുകളുടെ സമാഹാരമായ 'ഡാന്സിങ് വിത്ത് ജോയ്' എന്ന ഗ്രന്ഥം ഉപരാഷ്ട്രപതി ഭവനില് നടന്ന ചടങ്ങില് ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണന് ഇന്ന് പ്രകാശനം ചെയ്തു.
വെറുമൊരു നൃത്താനുഭവത്തിനപ്പുറം ഈ പുസ്തകം ആത്മവിശ്വാസത്തിന്റെയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും ശക്തമായ ആവിഷ്കാരമാണെന്ന് ചടങ്ങില് സംസാരിക്കവേ ഉപരാഷ്ട്രപതി പറഞ്ഞു.
പുസ്തകത്തില് പരാമര്ശിച്ചിട്ടുള്ള ഡോ. ആനന്ദ ശങ്കര് ജയന്തിന്റെ ക്യാന്സര് അതിജീവനത്തെക്കുറിച്ചുള്ള പരാമര്ശങ്ങള് എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, ഇതൊരു ക്യാന്സര് സംബന്ധമായ പുസ്തകം മാത്രമല്ല, മറിച്ച് ക്യാന്സറിനപ്പുറമുള്ള ജീവിതത്തിന്റെ കഥ കൂടിയാണെന്ന് അഭിപ്രായപ്പെട്ടു. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളില് നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം അവര്ക്ക് വലിയ താങ്ങായെന്നും സ്വത്വം കണ്ടെത്താനുള്ള അവസരമായി അത് മാറിയെന്നും അദ്ദേഹം പറഞ്ഞു.
'DANCER' എന്ന വാക്കിലെ 'D' (നൃത്തം) ക്യാന്സര് എന്ന വാക്കിലെ 'C'യെ (രോഗത്തെ) അതിജീവിക്കാന് സഹായിച്ചു എന്ന പുസ്തകത്തിലെ സന്ദേശം പരാമര്ശിക്കവേ, വര്ഷങ്ങളുടെ ശിക്ഷണത്തിലൂടെയും പഠനത്തിലൂടെയും സമര്പ്പണത്തിലൂടെയും വളര്ത്തിയെടുത്ത നൃത്തം, ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടങ്ങളെ അതിജീവിക്കാന് ഡോ. ആനന്ദയ്ക്ക് കരുത്തായി മാറിയെന്ന് ശ്രീ സി. പി. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്, 'ആയുഷ്മാന് ആരോഗ്യ മന്ദിറുകള്', 'പകര്ച്ചവ്യാധികളല്ലാത്ത രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ദേശീയ പരിപാടി' തുടങ്ങിയ സംരംഭങ്ങളിലൂടെ പ്രതിരോധ ആരോഗ്യപരിപാലനം, ബോധവത്കരണം, രോഗം നേരത്തേ കണ്ടെത്തുന്നതിനുള്ള പരിശോധനകള് (early screening) എന്നിവ ഇന്ത്യ ശക്തിപ്പെടുത്തുകയാണെന്ന് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. സംസ്ഥാനങ്ങളിലുടനീളം അര്ബുദ ചികിത്സാ സൗകര്യങ്ങള് വിപുലീകരിച്ചത് രോഗികള്ക്ക് വിദഗ്ദ്ധ ചികിത്സ വേഗത്തില് ലഭ്യമാക്കാന് സഹായിച്ചതായി അദ്ദേഹം നിരീക്ഷിച്ചു. ഇതിന്റെ ഭാഗമായി 700ലധികം ജില്ലാ ക്ലിനിക്കുകളും 500 ഡേ കെയര് ക്യാന്സര് സെന്ററുകളും സ്ഥാപിക്കുകയും 19 സ്റ്റേറ്റ് ക്യാന്സര് ഇന്സ്റ്റിറ്റിയൂട്ടുകള്ക്കും 20 ടെര്ഷ്യറി കെയര് ക്യാന്സര് സെന്ററുകള്ക്കും അനുമതി നല്കുകയും ചെയ്തിട്ടുണ്ട്. ആയുഷ്മാന് ഭാരത് പദ്ധതിയിലൂടെ അര്ഹരായ കുടുംബങ്ങള്ക്ക് വര്ഷം തോറും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭ്യമാക്കുന്ന കാര്യം എടുത്തുപറഞ്ഞ അദ്ദേഹം അതുകൂടാതെ, ഗര്ഭാശയ ഗള അര്ബുദത്തിനെതിരെ ഏകദേശം 1.2 കോടി പെണ്കുട്ടികള്ക്ക് സംരക്ഷണം ഉറപ്പാക്കാന് ലക്ഷ്യമിട്ട് 2026 ഫെബ്രുവരിയില് ആരംഭിച്ച രാജ്യവ്യാപക എച്ച്.പി.വി. വാക്സിനേഷന് ഡ്രൈവിലൂടെ 50 ലക്ഷത്തിലധികം പെണ്കുട്ടികള്ക്ക് ഇതിനോടകം പ്രതിരോധ കുത്തിവയ്പ്പ് നല്കിക്കഴിഞ്ഞതായും വ്യക്തമാക്കി.
ഡോ. ആനന്ദയുടെ അനുഭവങ്ങളില് നിന്ന് പാഠം ഉള്ക്കൊണ്ടുകൊണ്ട്, വിജയവും പരാജയവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും, ഓരോ തിരിച്ചടിയും പഠിക്കാനും ചിന്തിക്കാനും പുതിയ ദൃഢനിശ്ചയത്തോടെ തിരിച്ചുവരാനുമുള്ള അവസരമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. അര്ബുദത്തെയും മറ്റ് ഗുരുതര വെല്ലുവിളികളെയും നേരിടുന്നവര് പ്രതീക്ഷ കൈവിടരുതെന്ന് അദ്ദേഹം അഭ്യര്ത്ഥിച്ചു. ധൈര്യത്തിന്റെയും ക്രിയാത്മകമായ മനോഭാവത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം; ബോധവത്കരണം, പ്രാരംഭ ഘട്ടത്തിലെ രോഗനിര്ണയം, കൃത്യസമയത്തുള്ള ചികിത്സ എന്നിവയിലൂടെ ജീവന് രക്ഷിക്കാന് കഴിയുമെന്നും ആവര്ത്തിച്ച് വ്യക്തമാക്കി.
രോഗബാധിതരെ പരിചരിക്കുന്നതില് കുടുംബങ്ങളും സന്നദ്ധപ്രവര്ത്തകരും നല്കുന്ന പിന്തുണ വലുതാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. രോഗിയുടെ ഏറ്റവും പ്രയാസമേറിയ ഘട്ടങ്ങളില് വലിയ വ്യക്തിപരവും സാമ്പത്തികവുമായ ത്യാഗങ്ങള് അനുഷ്ടിച്ചുകൊണ്ട് അവരോടൊപ്പം നില്ക്കുന്ന കുടുംബാംഗങ്ങളുടെ പങ്കും മാതൃകാപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.
പ്രതിഭ എന്നത് ഈശ്വരന്റെ വരദാനമാണെങ്കിലും, നിരന്തരമായ പഠനത്തിലൂടെയും പരിശീലനത്തിലൂടെയും സമര്പ്പണത്തിലൂടെയും മാത്രമേ അതിനെ മികവിലേക്ക് ഉയര്ത്താന് സാധിക്കൂ എന്ന് ഉപരാഷ്ട്രപതി പറഞ്ഞു.അഭിനിവേശം ആഡംബരമല്ല, മറിച്ച് ശക്തിയുടെ ഉറവിടമാണെന്നും, സാധാരണ സമയങ്ങളില് വളര്ത്തിയെടുക്കുന്ന കഴിവുകളും താല്പ്പര്യങ്ങളും അസാധാരണമായ വെല്ലുവിളികള് ഉണ്ടാകുമ്പോള് വിലമതിക്കാനാവാത്ത വിഭവങ്ങളായി മാറുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
പുസ്തക പ്രസിദ്ധീകരണത്തില് ഡോ. ആനന്ദ ശങ്കര് ജയന്തിനെ അഭിനന്ദിച്ച ശ്രീ സി. പി. രാധാകൃഷ്ണന്, 'ഡാന്സിങ് വിത്ത് ജോയ്' എന്ന ഗ്രന്ഥം തങ്ങളുടെ കഴിവുകള് കണ്ടെത്തി വളര്ത്തിയെടുക്കാന് യുവാക്കള്ക്ക് പ്രചോദനമാകുമെന്നും, കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പര്ശിക്കുമെന്നും അഭിപ്രായപ്പെട്ടു. ജീവിതം ഏത് താളത്തിലൂടെ കടന്നുപോയാലും അതിനെ ധൈര്യത്തോടും ചാരുതയോടും സന്തോഷത്തോടും കൂടെ നേരിടാന് സാധിക്കുമെന്ന് വായനക്കാരെ ഓര്മ്മിപ്പിക്കാന് ഈ പുസ്തകത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സംഗീത നാടക അക്കാദമി ചെയര്പേഴ്സണ് ഡോ.സന്ധ്യ പുരേച്ച, ഉഷാലക്ഷ്മി ബ്രെസ്റ്റ് ക്യാന്സര് ഫൗണ്ടേഷന് ചെയര്മാന് ഡോ.പി. രഘു റാം, ഇന്ദിരാഗാന്ധി നാഷണല് സെന്റര് ഫോര് ദി ആര്ട്സ് (IGNCA) മെമ്പര് സെക്രട്ടറി ഡോ. സച്ചിദാനന്ദ് ജോഷി എന്നീ പ്രമുഖര്ക്കൊപ്പം ഡോക്ടര്മാരും ക്യാന്സര് ചികിത്സാ വിദഗ്ധരും ക്യാന്സറിനെ അതിജീവിച്ചവരും ചടങ്ങില് സംബന്ധിച്ചു.




****
( റിലീസ് ഐ.ഡി: 2323567)
സന്ദര്ശക കൗണ്ടര് : 6