ആയുഷ്
ചർമ്മരോഗങ്ങൾക്ക് പുതിയ ചികിത്സാ മാർഗ്ഗരേഖ പുറത്തിറക്കി ആയുഷ് മന്ത്രാലയം
സോറിയാസിസ്, വിറ്റിലിഗോ, ഡെർമറ്റൈറ്റിസ് തുടങ്ങിയ ചർമ്മരോഗങ്ങൾക്കുള്ള ആയുഷ് ചികിത്സാ രീതികൾക്ക് ഏകീകൃത സ്വഭാവം ഉറപ്പാക്കി പുതിയ മാർഗ്ഗരേഖ
പോസ്റ്റഡ് ഓണ്‍:
13 OCT 2026 4:19PM by PIB Thiruvananthpuram
ചർമ്മരോഗങ്ങളുടെ ചികിത്സയ്ക്കായി ആയുഷ് മന്ത്രാലയം പുതിയ മാർഗ്ഗരേഖകൾ പുറത്തിറക്കി. ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി എന്നീ നാല് പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളോടൊപ്പം യോഗയെയും ഉൾപ്പെടുത്തിയാണ് "മാനേജ്‌മെന്റ് ഓഫ് ഡെർമറ്റോളജിക്കൽ ഡിസോർഡേഴ്സ്" എന്ന പേരിൽ ഈ സമഗ്ര രേഖ തയ്യാറാക്കിയിരിക്കുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ ആയുഷ് വിഭാഗം തയ്യാറാക്കിയ ഈ രേഖ, വിവിധ ആയുഷ് ചികിത്സാ രീതികളിൽ ഏകീകൃത സ്വഭാവം, ഗുണനിലവാരം, ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചികിത്സാ രീതികൾ എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.
ദേശീയ ആരോഗ്യ പരിപാലന സംവിധാനവുമായി ആയുഷ് ചികിത്സാ രീതികളെ കൂടുതൽ ആഴത്തിൽ സംയോജിപ്പിക്കാൻ ഈ മാർഗ്ഗരേഖകൾ സഹായിക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയും, ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയുമായ ശ്രീ പ്രതാപ്‌റാവു ജാദവ് പറഞ്ഞു. "സാധാരണയായി കണ്ടുവരുന്ന ചർമ്മരോഗങ്ങൾക്ക് സുരക്ഷിതവും ഫലപ്രദവും സമഗ്രവുമായ ചികിത്സ ഉറപ്പാക്കുന്നതിനായി, ഓരോ ചികിത്സാ രീതിക്കും അനുയോജ്യമായ ക്ലിനിക്കൽ സമീപനങ്ങളെ ആധുനിക ശാസ്ത്രീയ തെളിവുകളുമായി ഈ മാർഗ്ഗരേഖകൾ സംയോജിപ്പിക്കുന്നു. ഏകീകൃതവും തെളിവധിഷ്ഠിതവുമായ ക്ലിനിക്കൽ രീതികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, രോഗീ പരിചരണം മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യ രംഗത്ത് ആയുഷ് ചികിത്സാ രീതികളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനും ഇവ സഹായിക്കും." എന്ന് ശ്രീ പ്രതാപ്‌റാവു ജാദവ് വ്യക്തമാക്കി .
ആയുഷ് ചികിത്സാ രീതികളിൽ ഏകീകരണവും ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാ രീതികളും നടപ്പിലാക്കാൻ ഈ മാർഗ്ഗരേഖകൾ സഹായിക്കുമെന്ന് ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച പറഞ്ഞു. ചർമ്മരോഗങ്ങൾക്കായുള്ള ഈ ചികിത്സാ മാർഗ്ഗരേഖകൾ ആയുഷ് സംവിധാനങ്ങളിലുടനീളം ഏകീകരണം, ഗുണനിലവാരം, ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാ രീതികൾ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്. വിദഗ്ധരുമായുള്ള കൂടിയാലോചനകളിലൂടെയും ആധുനിക ശാസ്ത്രീയ തെളിവുകൾ വിലയിരുത്തിയും തയ്യാറാക്കിയ ഈ മാർഗ്ഗരേഖകൾ, ഓരോ ആയുഷ് ചികിത്സാ രീതിയുടെയും അടിസ്ഥാന തത്വങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ, തുടർപരിചരണം എന്നിവയ്ക്കുള്ള പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നു. ഇവ ചികിത്സാ രീതികളിൽ കൂടുതൽഏകീകൃത സ്വഭാവം കൊണ്ടുവരാനും കൃത്യമായ തീരുമാനങ്ങളെടുക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു .
ചർമ്മരോഗ ചികിത്സ മെച്ചപ്പെടുത്തുന്നതിൽ വിവിധ വിഭാഗങ്ങളുടെ സംയുക്ത സഹകരണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യ സേവന ഡയറക്ടർ ജനറൽ ഡോ. ലവ്നീഷ് ജി. കൃഷ്ണ എടുത്തുപറഞ്ഞു. "ചർമ്മരോഗങ്ങൾക്കായുള്ള ഈ ചികിത്സാ മാർഗ്ഗരേഖകൾ ആയുഷ് സംവിധാനങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിനും, ഏകീകരണം, ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ സേവനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ്. വിവിധ വിഭാഗങ്ങളുടെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, സുരക്ഷിതവും ഫലപ്രദവും രോഗികേന്ദ്രീകൃതവുമായ ചികിത്സ നൽകുന്നതിൽ ആയുഷ് ചികിത്സകരെ ഈ മാർഗ്ഗരേഖകൾ സഹായിക്കും," അദ്ദേഹം പറഞ്ഞു.
പതിനൊന്നാമത് ആയുർവേദ ദിനത്തോടനുബന്ധിച്ചാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ആയുഷ് ചികിത്സാ രീതികളിലൂടെ ചർമ്മരോഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ഏകീകൃതമായ ഒരു സമീപനം സ്വീകരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. സോറിയാസിസ്, ഡെർമറ്റൈറ്റിസ്, വിറ്റിലിഗോ (വെള്ളപ്പാണ്ട്), അർട്ടിക്കേരിയ, ഡെർമറ്റോഫൈറ്റോസിസ് തുടങ്ങിയ സാധാരണ ചർമ്മരോഗങ്ങളുടെ പ്രതിരോധം, രോഗനിർണ്ണയം, ചികിത്സ, തുടർചികിത്സ, പുനരധിവാസം എന്നിവയ്ക്കായി ഓരോ ചികിത്സാ രീതിക്കും അനുയോജ്യമായ പ്രത്യേക നിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവിധ മേഖലകളുടെ സഹകരണം
ഈ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയത് വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ സഹകരണത്തോടെയുള്ള സമഗ്രമായ ഒരു പ്രവർത്തനത്തിലൂടെയാണ്. ആയുഷ് ഗവേഷണ കൗൺസിലുകൾ, ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ മേഖലകളിലെ മുതിർന്ന അക്കാദമിക് വിദഗ്ധർ, യോഗാ വിദഗ്ധർ, ആധുനിക വൈദ്യശാസ്ത്രത്തിലെ വിദഗ്ധർ എന്നിവരുടെ സാങ്കേതികമായ അറിവും അനുഭവസമ്പത്തും ഇതിനായി പ്രയോജനപ്പെടുത്തി. ഓരോ ആയുഷ് ചികിത്സാ രീതിയുടെയും അടിസ്ഥാന തത്വങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ, വിദഗ്ധരുമായുള്ള കൂടിയാലോചനകൾ, ക്ലാസിക്കൽ ഗ്രന്ഥങ്ങളുടെ പരിശോധന, നിലവിലുള്ള ശാസ്ത്രീയ തെളിവുകളുടെ വിലയിരുത്തൽ, സമവായത്തിലൂടെയുള്ള ചർച്ചകൾ എന്നിവ ഉൾക്കൊള്ളിച്ചാണ് ഈ പ്രക്രിയ പൂർത്തിയാക്കിയത്.
പ്രായോഗിക തലത്തിലുള്ള പരിശോന
ഈ മാർഗ്ഗരേഖകളുടെ നിർമ്മാണത്തിൽ എടുത്തുപറയേണ്ട ഒരു പ്രധാന സവിശേഷത, ഇവ യഥാർത്ഥ ക്ലിനിക്കൽ സാഹചര്യങ്ങളിൽ എത്രത്തോളം ഫലപ്രദമാണെന്ന് പരിശോധിക്കാൻ നടപ്പിലാക്കിയ പ്രായോഗിക തല പരിശോനയാണ്. പ്രാഥമിക-ദ്വിതീയ ആരോഗ്യപരിപാലന മേഖലകളിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഓഫീസർമാരുമായി സഹകരിച്ച് പ്രോട്ടോക്കോളുകൾ പരീക്ഷിക്കുന്നതിനായി 'ആയുഷ് വെർട്ടിക്കൽ' ,ഡൽഹി സർക്കാരിന്റെ 'ആയുഷ് ഡയറക്ടറേറ്റ്' എന്നിവയുമായി കൈകോർത്തു പ്രവർത്തിച്ചു. മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രായോഗിക ഉപയോഗക്ഷമതയെക്കുറിച്ച് ഇവിടങ്ങളിലെ ഉദ്യോഗസ്ഥർ നൽകിയ അഭിപ്രായങ്ങൾ അന്തിമ രേഖകളിൽ ഉൾപ്പെടുത്തി; ഇത് അവയുടെ ചികിത്സാപരമായ പ്രസക്തിയും പ്രായോഗിക മൂല്യവും വർദ്ധിപ്പിക്കാൻ സഹായിച്ചു.
പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ
യുക്തിസഹമായ ചികിത്സാ തീരുമാനങ്ങൾ എടുക്കുന്നതിനും, ശേഷി വർദ്ധിപ്പിക്കുന്നതിനും, വിദ്യാഭ്യാസത്തിനും, തുടർ ഗവേഷണങ്ങൾക്കും ഈ മാർഗ്ഗനിർദ്ദേശങ്ങൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആയുഷ് ചികിത്സകർ, ക്ലിനീഷ്യൻമാർ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, നയരൂപകർത്താക്കൾ എന്നിവർക്ക് വിലപ്പെട്ട റഫറൻസ് രേഖകളായും ഇവ വർത്തിക്കും. കൂടാതെ, ആരോഗ്യപരിപാലന സംവിധാനത്തിൽ ആയുഷ് രീതികളെ സംയോജിപ്പിക്കുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിക്കൽ, ഗുണനിലവാരം ഉറപ്പാക്കൽ, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആയുഷ് സംയോജനം എന്നിവയ്ക്ക് സർക്കാർ നൽകുന്ന നിരന്തര പ്രാധാന്യത്തെ ഇത് അടിവരയിടുന്നു.
മാനദണ്ഡങ്ങൾ നിശ്ചയിക്കൽ, ഗുണനിലവാരം ഉറപ്പാക്കൽ, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആയുഷ് സംയോജനം എന്നിവയ്ക്ക് സർക്കാർ നൽകുന്ന നിരന്തര പ്രാധാന്യത്തെ ഈ സംരംഭം അടിവരയിടുന്നു.
ചർമ്മരോഗ പരിചരണത്തിനായി വിവിധ ആയുഷ് ചികിത്സാ വിഭാഗങ്ങൾ പുറത്തിറക്കിയ ഔദ്യോഗിക മാർഗ്ഗരേഖകൾ താഴെ പറയുന്ന ലിങ്കുകളിൽ ലഭ്യമാണ്:
1.ആയുർവേദം – ചർമ്മരോഗങ്ങളുടെ ചികിത്സയ്ക്കുള്ള അംഗീകൃത മാർഗ്ഗരേഖകൾ
https://www.ayush.gov.in/assets/pdf/whatsnew/STG_Dermatological_Disorders_Ayurveda.pdf
2.സിദ്ധ – ചർമ്മരോഗങ്ങളുടെ ചികിത്സയ്ക്കുള്ള അംഗീകൃത മാർഗ്ഗരേഖകൾ
https://www.ayush.gov.in/assets/pdf/whatsnew/STG_Dermatological_Disorders_Siddha.pdf
3.യുനാനി – ചർമ്മരോഗങ്ങളുടെ ചികിത്സയ്ക്കുള്ള അംഗീകൃത മാർഗ്ഗരേഖകൾ
https://www.ayush.gov.in/assets/pdf/whatsnew/STG_Dermatological_Disorders_Unani.pdf
4.ഹോമിയോപ്പതി – ചർമ്മരോഗങ്ങളുടെ ചികിത്സയ്ക്കുള്ള അംഗീകൃത മാർഗ്ഗരേഖകൾ
https://www.ayush.gov.in/assets/pdf/whatsnew/STG_Dermatological_Disorders_Homoeopathy.pdf

*****
( റിലീസ് ഐ.ഡി: 2322907)
സന്ദര്‍ശക കൗണ്ടര്‍ : 5