രാഷ്ട്രപതിയുടെ കാര്യാലയം
66-ാമത് നാഷണൽ ഡിഫൻസ് കോളേജ് കോഴ്സിലെ അധ്യാപകരും കോഴ്സ് അംഗങ്ങളും രാഷ്ട്രപതിയെ സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
13 OCT 2026 3:58PM by PIB Thiruvananthpuram
66-ാമത് നാഷണൽ ഡിഫൻസ് കോളേജ് കോഴ്സിലെ അധ്യാപകരും കോഴ്സ് അംഗങ്ങളും ഇന്ന് (2026 ഒക്ടോബർ 13) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.
ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി, സുരക്ഷാ-സാങ്കേതിക മേഖലകൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും അത് പുതിയതും സങ്കീർണ്ണവുമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും പറഞ്ഞു. ഈ മാറ്റങ്ങൾ, കൂടുതൽ കരുതലും തന്ത്രപരമായ ദീർഘവീക്ഷണവും മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ശേഷിയും ആവശ്യപ്പെടുന്നുണ്ട്. പരമ്പരാഗത മേഖലകൾക്ക് പുറമെ സൈബർ സുരക്ഷ, ബഹിരാകാശ സാങ്കേതികവിദ്യ, ബയോടെക്നോളജി തുടങ്ങിയ മേഖലകളിലേക്ക് ആധുനിക യുദ്ധതന്ത്രങ്ങൾ വികസിച്ച സാഹചര്യത്തിൽ, വേഗത്തിൽ തീരുമാനമെടുക്കുക എന്നത് വളരെ പ്രധാന്യമുള്ള ഒന്നായി മാറിക്കൊണ്ടിരിക്കുന്നു.
ഇന്ന് ദേശീയ സുരക്ഷ എന്നത് സൈനിക ശേഷിക്കപ്പുറത്തേക്ക് വ്യാപിച്ചിരിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. നവീന ആശയങ്ങളെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റുന്നതിന് ശാസ്ത്ര സ്ഥാപനങ്ങളും സായുധ സേനയും തമ്മിൽ അടുത്ത സഹകരണം ആവശ്യമാണ്. നൂതന പ്രതിരോധ സംവിധാനങ്ങൾക്കുവേണ്ടി ലഭ്യമായ വിഭവങ്ങൾ ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്ന ചെലവ് കുറഞ്ഞ സാങ്കേതികവിദ്യകളുടെ പ്രാധാന്യമാണ് സമീപകാല സംഘർഷങ്ങൾ എടുത്തു കാണിക്കുന്നത്. നവീകരണവും ദേശീയ സുരക്ഷയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിൻ്റെ 'ഗവേഷണം, വികസനം, നവീകരണം' (Research, Development and Innovation) പദ്ധതി പോലുള്ള പദ്ധതികൾ വഹിക്കുന്ന പങ്കിനെയും രാഷ്‌ട്രപതി പരാമർശിച്ചു.
ശാസ്ത്രം, ദേശീയ സുരക്ഷ, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയുടെ വിവിധ മേഖലകളിൽ നിർമ്മിത ബുദ്ധിയുടെ ഉപയോഗം വർദ്ധിച്ചുവരികയാണെന്ന് രാഷ്ട്രപതി പറഞ്ഞു. തീരുമാനമെടുക്കൽ പൂർണ്ണമായും സാങ്കേതികവിദ്യയ്ക്ക് വിട്ടുകൊടുക്കാനാവില്ലെന്ന് വ്യക്തമാക്കിയ രാഷ്‌ട്രപതി ഇതിൽ സന്തുലിതമായ ഒരു സമീപനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിരോധശേഷി ദേശീയ സുരക്ഷാ ചട്ടക്കൂടിൻ്റെ ഒരു അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞ രാഷ്ട്രപതി ബാഹ്യ ഘടകങ്ങൾ കാരണം ഉണ്ടാകുന്ന തടസ്സങ്ങളെ അതിജീവിക്കാനുള്ള ശേഷി ഇന്ത്യൻ സാമ്പത്തിക രംഗം തെളിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. തന്ത്രപരമായ പ്രവർത്തന സ്വാതന്ത്ര്യത്തിൽ (Strategic freedom of action) യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാണ് ഇന്ത്യ ഇത് കൈവരിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി.
SKY
***
( റിലീസ് ഐ.ഡി: 2322859)
സന്ദര്‍ശക കൗണ്ടര്‍ : 5