പ്രധാനമന്ത്രിയുടെ ഓഫീസ്
ബ്ലൂംബെർഗ് ന്യൂ ഇക്കോണമി ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെയാണ് ഞാൻ എത്തിയിരിക്കുന്നത്; നിയന്ത്രിക്കാനുള്ള ശക്തിക്കപ്പുറം, പ്രാപ്തമാക്കാനുള്ള ശക്തി; മത്സരിക്കാനുള്ള ശക്തിക്കപ്പുറം, സഹകരിക്കാനുള്ള ശക്തി; വിജയിക്കാനുള്ള ശക്തിക്കപ്പുറം, മറ്റുള്ളവരെ വിജയിക്കാൻ സഹായിക്കാനുള്ള ശക്തി: പ്രധാനമന്ത്രി
ഇന്ത്യയുടെ കഴിവുകൾ മറ്റ് രാജ്യങ്ങൾക്കും അവസരങ്ങളുടെ പുതിയ വാതിലുകൾ തുറന്നുകൊടുക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നത് - പ്രധാനമന്ത്രി
ഇന്ത്യയുടെ പുരോഗതി കൂട്ടായ വളർച്ചയിലും പങ്കിട്ട അവസരങ്ങളിലുമാണ് അധിഷ്ഠിതമായിരിക്കുന്നത്: പ്രധാനമന്ത്രി
നമ്മൾ ആരുടെയും സഹായത്താലല്ല വളരുന്നത്; നമ്മൾ ലോകത്തോടൊപ്പവും ലോകത്തിനുവേണ്ടിയുമാണ് വളരുന്നത്: പ്രധാനമന്ത്രി
അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഒരു ലോകത്ത്, ഇന്ത്യ വിശ്വാസ്യതയും സ്ഥിരതയും വാഗ്ദാനം ചെയ്യുന്നു: പ്രധാനമന്ത്രി
നമ്മെ സംബന്ധിച്ചിടത്തോളം, പരിഷ്കാരങ്ങൾ നിർബന്ധിതമല്ല. അതൊരു ഉത്തമബോധ്യമാണ്: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
13 OCT 2026 12:42PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ബ്ലൂംബെർഗ് ന്യൂ ഇക്കോണമി ഫോറത്തെ അഭിസംബോധന ചെയ്തു. ശ്രീ മൈക്കിൾ ബ്ലൂംബെർഗിന്റെ മുൻ പരാമർശങ്ങളെ അംഗീകരിച്ച പ്രധാനമന്ത്രി, ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഈ ഫോറത്തെ അഭിനന്ദിച്ചു. സാമ്പത്തികം, സാങ്കേതികവിദ്യ, ഊർജ്ജം, അന്താരാഷ്ട്ര കാര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ഈ വേദിയുടെ ശേഷിയെ അദ്ദേഹം പ്രശംസിച്ചു. "ശ്രീ ബ്ലൂംബെർഗിനെയും അദ്ദേഹത്തിന്റെ മുഴുവൻ സംഘത്തെയും ഞാൻ അഭിനന്ദിക്കുന്നു; നിങ്ങൾ ശരിയായ സമയത്ത് ശരിയായ സ്ഥലമാണ് തിരഞ്ഞെടുത്തത്," ശ്രീ മോദി അഭിപ്രായപ്പെട്ടു.
ഉയർന്നുവരുന്ന ആഗോള ശക്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രസ്തുത ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം പതിറ്റാണ്ടിലെ വലിയ മാറ്റം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ, ഡാറ്റ, അറിവ്, നൂതനാശയം എന്നിവ ഇവിടെ ശക്തിയുടെ നിർണ്ണായക മാനദണ്ഡങ്ങളായി മാറിയിരിക്കുന്നു. ഈ ശക്തിയുടെ അടിസ്ഥാനപരമായ ലക്ഷ്യത്തെ പുനർചിന്തനം ചെയ്യാൻ സദസ്സിനോട് ആഹ്വാനം ചെയ്ത അദ്ദേഹം, ഇത് തിരഞ്ഞെടുക്കപ്പെട്ട ഏതാനും ചിലരെ ഉയർത്താനാണോ അതോ ദശലക്ഷക്കണക്കിന് ആളുകൾക്കായി അവസരങ്ങൾ ജനകീയവൽക്കരിക്കാനോ ഉപയോഗിക്കേണ്ടതെന്ന് ആരാഞ്ഞു. നിയന്ത്രിക്കുന്നതിൽ നിന്ന് പ്രാപ്തമാക്കുന്നതിലേക്കും മത്സരിക്കുന്നതിൽ നിന്ന് സഹകരിക്കുന്നതിലേക്കുമുള്ള മാറ്റത്തെ അദ്ദേഹം എടുത്തുപറഞ്ഞു. "വിജയിക്കാനുള്ള ശക്തിയിൽ നിന്ന് മറ്റുള്ളവരെ വിജയിപ്പിക്കാൻ സഹായിക്കുന്ന ശക്തിയിലേക്കുള്ള മാറ്റം - 'ശാക്തീകരണത്തിനുള്ള ശക്തി' (Power to Empower) എന്ന കാഴ്ചപ്പാടുമായാണ് ഞാൻ ഇന്ന് ഇവിടെ വന്നിരിക്കുന്നത്," ശ്രീ മോദി വ്യക്തമാക്കി.
ഈ ചിന്താഗതിയെ പൗരാണിക സാംസ്കാരിക ജ്ഞാനത്തിൽ അധിഷ്ഠിതമാക്കി, അറിവ്, സമ്പത്ത്, അധികാരം എന്നിവയുടെ യഥാർത്ഥ മൂല്യം അവ എത്രത്തോളം ധാർമ്മികമായി ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന പരമ്പരാഗത സംസ്കൃത ഗ്രന്ഥങ്ങൾ പ്രധാനമന്ത്രി ഉദ്ധരിച്ചു. ഇന്നത്തെ സങ്കീർണ്ണമായ ആഗോള സാഹചര്യങ്ങളെ നേരിടാൻ ശക്തിയുടെ ഈ ആഴത്തിലുള്ള ലക്ഷ്യം മനസ്സിലാക്കുന്നത് തികച്ചും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. "അതായത്, ശക്തിയുടെ യഥാർത്ഥ മൂല്യം അതിന്റെ ലക്ഷ്യത്തിലാണ് കുടികൊള്ളുന്നത്," ശ്രീ മോദി വ്യക്തമാക്കി.
ഈ പൗരാണിക ആശയങ്ങളെ ആധുനിക ഭരണത്തിലേക്ക് പരിവർത്തനം ചെയ്തുകൊണ്ട്, 'ശാക്തീകരിക്കാനുള്ള ശക്തി' എന്ന സങ്കൽപ്പം കേവലം ഒരു ആഗോള സാരോപദേശമല്ലെന്നും മറിച്ച് രാജ്യത്തിന്റെ ഭരണത്തിലും പ്രവർത്തന സംസ്കാരത്തിലും സജീവമായി പ്രയോഗിക്കപ്പെടുന്ന, ആഴത്തിൽ വേരൂന്നിയ സാംസ്കാരിക പാരമ്പര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയിലെ മൂർത്തമായ ഉദാഹരണങ്ങൾ ഉപയോഗിച്ച് ഈ പരിവർത്തനപരമായ തത്ത്വചിന്തയെ വിശദീകരിക്കാനുള്ള ഉദ്ദേശ്യം അദ്ദേഹം വ്യക്തമാക്കി. "അതുകൊണ്ട്, ഇന്ത്യയിൽ നിന്നുള്ള ഉദാഹരണങ്ങൾ ഉപയോഗിച്ചായിരിക്കും ഞാൻ എന്റെ ആശയങ്ങൾ അവതരിപ്പിക്കുക." ശ്രീ മോദി പറഞ്ഞു,
'ജനാധിപത്യത്തിന്റെ മാതാവ്' എന്ന നിലയിലുള്ള ഊർജ്ജസ്വലമായ ചലനാത്മകത എടുത്തുകാട്ടിക്കൊണ്ട്, രാജ്യത്തിന്റെ വിപുലമായ ഭാഷാ വൈവിധ്യവും 80,000 പ്രസിദ്ധീകരണങ്ങളും ആയിരത്തിലധികം ടെലിവിഷൻ ചാനലുകളും പ്രധാനമന്ത്രി അഭിമാനത്തോടെ പരാമർശിച്ചു. ആധുനിക സാമൂഹ്യ മാധ്യമ യുഗത്തിൽ, രാജ്യത്തെ അമ്പത് കോടിയോളം വരുന്ന യൂട്യൂബ്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ ശക്തവും തുറന്നതുമായ സംവാദങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും ഡിജിറ്റൽ ശക്തി ജനാധിപത്യ സംവാദങ്ങൾക്ക് സജീവമായി കരുത്തേകുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. "ഇക്കാലത്ത്, ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഡിജിറ്റൽ ശക്തിയാണ്," ശ്രീ മോദി നിരീക്ഷിച്ചു
ഡിജിറ്റൽ വിവേചനത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്, ഒരു പതിറ്റാണ്ട് മുമ്പ് മൊബൈൽ ഫോണുകളും ഇന്റർനെറ്റും ലഭ്യമാകുന്നത് ഉന്നതവർഗ്ഗത്തിന്റെ മാത്രം പ്രത്യേകാവകാശമായി കരുതിയിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചെറിയ പട്ടണങ്ങളിലെ വിദ്യാർത്ഥികൾ മുതൽ ഗ്രാമീണ വ്യാപാരികൾക്ക് വരെ അറിവും വിപണികളും തൽക്ഷണം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാൻ 2014 മുതൽ ഗവണ്മെന്റ് ബോധപൂർവം ഡാറ്റാ നിരക്കുകൾ വെട്ടിക്കുറച്ചതായി അദ്ദേഹം വിശദീകരിച്ചു. "അതായത്, ഇന്ത്യയിലെ കണക്റ്റിവിറ്റി ആളുകളെ ബന്ധിപ്പിക്കുക മാത്രമല്ല ചെയ്തത്; അത് അവസരങ്ങളെയും പരസ്പരം ബന്ധിപ്പിച്ചു," ശ്രീ മോദി പറഞ്ഞു
സാമ്പത്തിക ഉൾച്ചേർക്കലിന്റെ അസാധാരണമായ വ്യാപ്തി എടുത്തുകാണിച്ചുകൊണ്ട്, ഒരു സാധാരണ തെരുവോരക്കച്ചവടക്കാരനും വൻകിട കാർ ഷോറൂമും കൃത്യമായി ഒരേ സാങ്കേതിക പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന തടസ്സമില്ലാത്ത ഡിജിറ്റൽ പേയ്മെന്റ് ആവാസവ്യവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി അന്താരാഷ്ട്ര അതിഥികളെ ക്ഷണിച്ചു. സാമ്പത്തിക രംഗത്തെ ഈ വിപ്ലവകരമായ ജനകീയവൽക്കരണത്തെ,
എല്ലാവരെയും ഉൾക്കൊള്ളുന്ന സാങ്കേതികവിദ്യയുടെ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ തെളിവായി അദ്ദേഹം വിശേഷിപ്പിച്ചു.
"സകലരെയും ഉൾക്കൊള്ളുന്ന സാങ്കേതികവിദ്യയുടെ കരുത്താണിത്," ശ്രീ മോദി വ്യക്തമാക്കി
അന്താരാഷ്ട്ര തലത്തിൽ സാങ്കേതിക സഹകരണത്തിനായുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട്, 'ഗ്ലോബൽ സൗത്ത്' രാജ്യങ്ങളെയും മറ്റ് പങ്കാളിത്ത രാജ്യങ്ങളെയും അവരുടെ സ്വന്തം ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിനായി ഇന്ത്യയുടെ ആഭ്യന്തര ഡിജിറ്റൽ ശേഷികൾ നിരന്തരം പങ്കുവെക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആഗോളതലത്തിൽ പുതിയ സാധ്യതകൾക്കു വഴിതുറന്ന തദ്ദേശീയമായ കണ്ടുപിടുത്തങ്ങൾക്ക് മികച്ച ഉദാഹരണമായി, മഹാമാരിക്കാലത്ത് നടപ്പിലാക്കിയ ഓപ്പൺ-സോഴ്‌സ് പ്ലാറ്റ്‌ഫോമായ 'കോവിൻ' (CoWIN)-നെ അദ്ദേഹം ചൂണ്ടിക്കാട്ടി. "അതായത്, നമ്മുടെ കഴിവുകൾ മാനവരാശിയെ ശാക്തീകരിക്കുന്നതാകണം," ശ്രീ മോദി ഊന്നിപ്പറഞ്ഞു.
നൂതനാശയങ്ങളുടെ വൻതോതിലുള്ള ജനകീയവൽക്കരണത്തെ പിന്തുണച്ചുകൊണ്ട്, രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ വമ്പിച്ച വളർച്ചയെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു; 2014-ൽ തീരെ കുറവായിരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇന്ന് 2.5 ലക്ഷത്തിലധികമായി ഉയർന്നിരിക്കുന്നു. ഈ സ്റ്റാർട്ടപ്പുകളിൽ പകുതിയോളം ചെറിയ നഗരങ്ങളിൽ നിന്നുള്ളവയാണെന്നും, 45 ശതമാനത്തിലധികം സ്ത്രീകളുടെ നേതൃത്വത്തിലുള്ളവയാണെന്നും അദ്ദേഹം അഭിമാനത്തോടെ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. "അതായത്, നൂതനാശയങ്ങൾ അവലംബിക്കാനുള്ള അവസരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നു," ശ്രീ മോദി അഭിപ്രായപ്പെട്ടു.
പൊതുഭരണത്തിന്റെ അടിസ്ഥാന തത്വങ്ങളിലേയ്ക്ക് ശ്രദ്ധ തിരിച്ചുകൊണ്ട്, ഗവൺമെന്റിന്റെ അധികാരം എപ്പോഴെങ്കിലും വ്യവസ്ഥാപിതമായ ആശ്രയത്വത്തിലേക്ക് നയിക്കുന്നതാകരുത് എന്നും പൗരന്മാരെ പൂർണ്ണമായും കഴിവുള്ളവരും ശാക്തീകരിക്കപ്പെട്ടവരുമാക്കി മാറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദശാബ്ദത്തിനുള്ളിൽ 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് വിജയകരമായി കരകയറ്റാൻ സാധിച്ചത് ഇത്തരത്തിലുള്ള ശാക്തീകരണ-അധിഷ്ഠിത ഭരണരീതി കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. "ഇതേ പാതയിലൂടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്," ശ്രീ മോദി വ്യക്തമാക്കി.
അഴിമതി നിർമ്മാർജ്ജനത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട്, ഗവൺമെന്റ് സഹായങ്ങൾ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി ജാം (JAM) ട്രിനിറ്റിയും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (DBT) സംവിധാനങ്ങളും നടപ്പിലാക്കിയത് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. "ഇത് അഴിമതി കുറയ്ക്കുകയും രാജ്യത്തെ പൗരന്മാരുടെ സൗകര്യം വർദ്ധിപ്പിക്കുകയും ഗവൺമെന്റും ജനങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്തു," ശ്രീ മോദി നിരീക്ഷിച്ചു.
ആഗോളതലത്തിൽ ഈ ശാക്തീകരണ തത്വം വ്യക്തമാക്കിക്കൊണ്ട്, കോവിഡ്-19 മഹാമാരിയുടെ കാലത്തെ ഗുരുതരമായ വാക്സിൻക്ഷാമം അനുസ്മരിച്ച പ്രധാനമന്ത്രി ജീവൻരക്ഷാ മരുന്ന് നിർമ്മാണ ശേഷി ഏതാനും ചില രാജ്യങ്ങൾ മാത്രം കൈവശം വെക്കുകയാണോ വേണ്ടതെന്ന് ചോദിച്ചു. 100-ലധികം രാജ്യങ്ങൾക്ക് വാക്സിൻ നൽകിക്കൊണ്ട് രാജ്യം മാനവികതയുടെ പാത തിരഞ്ഞെടുത്തതിൽ അദ്ദേഹം വലിയ അഭിമാനം പ്രകടിപ്പിച്ചു. "നമ്മുടെ ഉൽപ്പാദന ശേഷി മറ്റ് രാജ്യങ്ങൾക്കും സഹായകരമായ ഒരു മാർഗ്ഗമായി മാറി," ശ്രീ മോദി പറഞ്ഞു.
ഉൾച്ചേർക്കൽ കാഴ്ചപ്പാടിന്റെ സവിശേഷമായ ഒരു ഉദാഹരണം വ്യക്തമാക്കിക്കൊണ്ട്, അടുത്തിടെ നടന്ന 'AI ഇംപാക്ട് ഉച്ചകോടി'യെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. മനുഷ്യർക്ക് പ്രയോജനകരമായ കാര്യങ്ങൾക്കപ്പുറം, മൃഗക്ഷേമത്തിന് നർമ്മിതബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും അവിടെ ചർച്ചകൾ നടന്നിരുന്നു. കഴിവുകൾ വർദ്ധിച്ചുവരുന്ന ഒരു രാജ്യം ലോകത്തിന് മുഴുവൻ വിശാലമായ നേട്ടങ്ങൾ നൽകിക്കൊണ്ടിരിക്കും എന്ന് ഈ ഉദാഹരണത്തിലൂടെ അദ്ദേഹം തെളിയിച്ചു. "ഇന്ത്യ എത്രത്തോളം കരുത്താർജ്ജിക്കുന്നുവോ അത് മാനവരാശിക്കും ലോകത്തിനും അത്രത്തോളം ഗുണകരമായിരിക്കും," ശ്രീ മോദി പറഞ്ഞു.
സന്തുലിതമായ ഒരു ആഗോള ക്രമത്തിന് ആഹ്വാനം ചെയ്തുകൊണ്ട്, മത്സരം, നൂതനാശയങ്ങൾ, ദേശീയ ശക്തി എന്നിവ വളരെ പ്രധാനമാണെങ്കിലും, അവയോടൊപ്പം കാരുണ്യവും പ്രകൃതിയെയും മനുഷ്യനെയും കരുതുന്ന സമീപനവും ഉണ്ടായിരിക്കണമെന്നും ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനം, ജല വിഭവങ്ങളുടെ ശരിയായ പരിപാലനം, വളർന്നുവരുന്ന പുതിയ സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്തമുള്ള ഉപയോഗം തുടങ്ങിയ ആഗോള വെല്ലുവിളികൾ പരിഹരിക്കാനുള്ള പ്രതിബദ്ധതയും നിർബന്ധമായും ഉണ്ടാകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പുതിയതും പങ്കുവെക്കപ്പെടാവുന്നതുമായ അവസരങ്ങൾ സജീവമായി സൃഷ്ടിക്കുന്ന ശക്തികളെ ലോകത്തിന് അടിയന്തിരമായി ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു."ശക്തി എന്നത് മുന്നോട്ട് കുതിക്കാനുള്ള കഴിവ് മാത്രമല്ല; മറ്റുള്ളവരെയും മുന്നോട്ട് പോകാൻ പ്രാപ്തരാക്കാനുള്ള കഴിവ് കൂടിയാണ്," ശ്രീ മോദി വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ ശക്തമായ പ്രതിജ്ഞാബദ്ധത വ്യക്തമാക്കി, 2030-ഓടെ ഫോസിൽ ഇന്ധനേതര സ്രോതസ്സുകളിൽനിന്ന് രാജ്യത്തിന്റെ ആകെ സ്ഥാപിത വൈദ്യുതി ഉൽപ്പാദനശേഷിയുടെ 40 ശതമാനം കൈവരിക്കുമെന്ന 2015-ലെ പാരിസ് ഉടമ്പടിയിലെ പ്രഖ്യാപനം പ്രധാനമന്ത്രി അനുസ്മരിച്ചു. നിശ്ചയിച്ച സമയപരിധിക്ക് ഒമ്പത് വർഷം മുമ്പ്, 2021 നവംബറിൽ ഇന്ത്യ ഈ ലക്ഷ്യം കൈവരിച്ചതായി അദ്ദേഹം അഭിമാനത്തോടെ അറിയിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ജി20 രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. “ഇത് ഒരു വാഗ്ദാനം നിറവേറ്റുക മാത്രമായിരുന്നില്ല; ഇന്ത്യയുടെ ഊർജമേഖലയിലുണ്ടാകുന്ന മാറ്റത്തിന്റെ സൂചന കൂടിയായിരുന്നു” - ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഹരിതോർജമേഖലയിലെ ഇന്ത്യയുടെ വളർച്ച വ്യക്തമാക്കി, രാജ്യത്തിന്റെ പുനരുപയോഗ ഊർജ ഉൽപ്പാദനശേഷി 2014-ൽ വെറും 75 GW ആയിരുന്നത് ഇന്ന് ഏകദേശം 300 GW ആയി ഉയർന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഈ നാലിരട്ടി വർധന സുസ്ഥിര വികസന രംഗത്ത് രാജ്യത്തിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഊർജമാറ്റം സാധാരണ ജനങ്ങൾക്ക് നൽകുന്ന സാമ്പത്തിക നേട്ടങ്ങൾ വിശദീകരിച്ച പ്രധാനമന്ത്രി, പി.എം. സൂര്യ ഘർ, പി.എം. കുസും പദ്ധതികൾ വഴി വീടുകളിലും കൃഷിയിടങ്ങളിലും സൗരോർജം ഉൽപ്പാദിപ്പിക്കാനും ചെലവുകൾ കുറയ്ക്കാനും കുടുംബങ്ങളെയും കർഷകരെയും പ്രാപ്തരാക്കുകയാണെന്ന് പറഞ്ഞു. ഈ പദ്ധതികളിലൂടെ 30 GW-ലധികം അധിക ഊർജ ഉൽപ്പാദനശേഷി കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇതുവഴി പ്രതിവർഷം മൂന്ന് കോടി ടണ്ണിലധികം കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനൊപ്പം പ്രകൃതിയെ സംരക്ഷിക്കാനും ജനങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്താനും കഴിയുന്നു. “ഇതിലൂടെ ജനങ്ങൾ കൂടുതൽ ശാക്തീകരിക്കപ്പെടുകയും ചെയ്യുന്നു” - ശ്രീ മോദി പറഞ്ഞു.
ആഗോളതലത്തിൽ അധികാരവും ആധിപത്യവും നേടാനുള്ള മത്സരങ്ങൾ ശക്തമാകുമ്പോഴും ഇന്ത്യ സഹകരണത്തിന്റെ പാതയാണ് പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് സ്വാധീനം നേടാനുള്ള മത്സരങ്ങൾക്കിടയിൽ, സ്ഥിരത ഉറപ്പാക്കുന്ന വ്യത്യസ്തമായ സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഈ ദശകം ഇന്ത്യയുടെ സവിശേഷമായ ഈ നിലപാടിന് വ്യക്തമായ സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. “ലോകത്ത് അധികാരത്തിനായുള്ള ഈ മത്സരത്തിൽ ഇന്ത്യ വ്യത്യസ്തമായ സമീപനവുമായാണ് മുന്നേറുന്നത്” - ശ്രീ മോദി വ്യക്തമാക്കി.
21-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തെ നിർവചിക്കുന്ന ആഗോള പ്രതിസന്ധികൾ വിശദീകരിച്ച പ്രധാനമന്ത്രി, തുടർച്ചയായി ഉണ്ടായ മഹാമാരികൾ, പ്രാദേശിക യുദ്ധങ്ങൾ, നിർണായക ധാതുക്കളെയും ഊർജത്തെയും വ്യാപാരത്തെയും ബാധിക്കുന്ന വിതരണശൃംഖലയിലെ ഗുരുതരമായ തടസ്സങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി. ഒരു പ്രതിസന്ധിയിൽനിന്ന് ലോകം കരകയറുന്നതിനു മുമ്പുതന്നെ മറ്റൊരു പ്രതിസന്ധി ഉടലെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. “ഒരു പ്രതിസന്ധിയിൽനിന്ന് പുറത്തുകടക്കാനുള്ള വഴി ലോകം തേടുമ്പോഴേക്കും മറ്റൊരു പ്രതിസന്ധി ഉയർന്നുവരുന്നു” - ശ്രീ മോദി നിരീക്ഷിച്ചു.
ആഗോള പരസ്പരബന്ധങ്ങളെ സമ്മർദത്തിനും ആധിപത്യത്തിനുമുള്ള ആയുധങ്ങളാക്കി മാറ്റുന്നതിനെ പ്രധാനമന്ത്രി വിമർശിച്ചു. വിതരണശൃംഖലകൾ, ഊർജം, ധാതുക്കൾ, സാങ്കേതികവിദ്യ, പണമിടപാട് സംവിധാനങ്ങൾ തുടങ്ങിയ അവശ്യ മേഖലകൾ സമ്മർദം ചെലുത്താനും ആധിപത്യം സ്ഥാപിക്കാനുമുള്ള ഉപാധികളായി ഉപയോഗിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായുള്ള ആഗോളവൽക്കരണത്തിലൂടെ രൂപപ്പെട്ട പരസ്പരബന്ധങ്ങൾ ഇപ്പോൾ ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ നിർണായക കേന്ദ്രങ്ങളായി മാറുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “കഴിഞ്ഞ പതിറ്റാണ്ടുകളിൽ ആഗോളവൽക്കരണം സൃഷ്ടിച്ച ബന്ധങ്ങൾ എപ്പോൾ, എവിടെ തടസ്സങ്ങളുടെയും സമ്മർദങ്ങളുടെയും കേന്ദ്രങ്ങളായി മാറിയെന്ന് നാമെല്ലാം കാണുകയാണ്” - ശ്രീ മോദി പറഞ്ഞു.
സാങ്കേതികവിദ്യയിലെ അതിവേഗ മാറ്റങ്ങളും ജനസംഖ്യാപരമായ വെല്ലുവിളികളും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ലോകത്ത് വിശ്വാസപ്രതിസന്ധി രൂക്ഷമാകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധികളുടെ ഘട്ടത്തിലും വിതരണശൃംഖലകൾ തടസ്സമില്ലാതെ നിലനിർത്തുകയും വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്യുന്ന വിശ്വസ്ത പങ്കാളികളെയാണ് ലോകം തേടുന്നത്. ആഗോള ബന്ധങ്ങളിൽ തികച്ചും വ്യത്യസ്തവും സഹകരണാധിഷ്ഠിതവുമായ സമീപനം വാഗ്ദാനം ചെയ്യുന്ന വിശ്വസ്ത പങ്കാളിയായി ഇന്ത്യ നിലകൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. “വ്യത്യസ്തമായ സമീപനവും വ്യത്യസ്തമായ ചിന്താഗതിയുമായി ഇന്ത്യ നിങ്ങൾക്കു മുന്നിൽ നിൽക്കുകയാണ്” - ശ്രീ മോദി പറഞ്ഞു.
ആഗോളതലത്തിൽ ഇന്ത്യ പിന്തുടരുന്ന വികസന മാതൃക വിശദീകരിച്ച പ്രധാനമന്ത്രി, 21-ാം നൂറ്റാണ്ടിലെ രാജ്യത്തിന്റെ പുരോഗതി സഹകരണത്തിലൂടെയും ഏവരെയും ഉൾക്കൊണ്ടുമുള്ള മുന്നേറ്റത്തിലൂടെയുമാണ് നിർവചിക്കപ്പെടുന്നതെന്ന് പറഞ്ഞു. ലോകത്തിലെ ജനറിക് മരുന്നുകളുടെ അഞ്ചിലൊന്ന് വിതരണം ചെയ്യുന്ന രാജ്യം, ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനങ്ങളുടെ വികസനത്തിൽ മുൻനിരയിലുള്ള രാജ്യം, ലോകമെമ്പാടുമുള്ള സേവനങ്ങൾക്കായി 2,000-ത്തിലധികം ഗ്ലോബൽ കപ്പബിലിറ്റി സെന്ററുകൾക്ക് ആതിഥേയത്വം വഹിക്കുന്ന വിശ്വസ്ത പ്രതിഭാകേന്ദ്രം എന്നീ നിലകളിൽ ഇന്ത്യയുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. “എല്ലാവരോടും സഹകരിച്ചും എല്ലാവരെയും ഒപ്പം ചേർത്തും മുന്നേറുന്ന ഇന്ത്യയുടെ കഥയാണ് രാജ്യത്തിന്റെ പുരോഗതി” - ശ്രീ മോദി പറഞ്ഞു.
ആഗോളതലത്തിൽ സ്ഥിരത ഉറപ്പാക്കുന്ന ശക്തിയായി ഇന്ത്യയുടെ പങ്ക് ആവർത്തിച്ചുറപ്പിച്ച പ്രധാനമന്ത്രി, ലോകത്തിന് ഉറച്ച പിന്തുണ ആവശ്യമുള്ളപ്പോഴെല്ലാം അന്താരാഷ്ട്ര സമൂഹത്തെ സഹായിക്കാൻ ഇന്ത്യ ഉത്തരവാദിത്വത്തോടെ മുന്നോട്ടുവരുമെന്ന് പറഞ്ഞു. ആഗോളതലത്തിൽ എല്ലാവർക്കും തുല്യമായ പുരോഗതി ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി. “മറ്റുള്ളവരുടെ ചെലവിലല്ല നാം വളരുന്നത്. ലോകത്തോടൊപ്പവും ലോകത്തിന്റെ ക്ഷേമത്തിനായുമാണ് നാം വളരുന്നത്” - ശ്രീ മോദി പറഞ്ഞു.
ഇന്ത്യയുടെ സമ്പന്നമായ ചരിത്രപാരമ്പര്യം അനുസ്മരിച്ച പ്രധാനമന്ത്രി, ‘പൂജ്യം’ എന്ന ആശയം ഇന്ത്യ മനുഷ്യരാശിക്ക് സംഭാവന ചെയ്തത് പ്രതിഫലമേതും ആവശ്യപ്പെടാതെയാണെന്ന് ചൂണ്ടിക്കാട്ടി. ഇന്നും അതേ നിസ്വാർഥ മനോഭാവത്തോടെയാണ് ഇന്ത്യ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം താൽപ്പര്യങ്ങൾ മാത്രം മുൻനിർത്തി പ്രവർത്തിച്ചിരുന്ന ചരിത്രത്തിലെ ആഗോള സംഘടനകളിൽനിന്ന് വ്യത്യസ്തമാണ് ഇന്ത്യയുടെ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി. “ഇന്നും ഇന്ത്യ ഇതേ മനോഭാവത്തോടെയാണ് പ്രവർത്തിക്കുന്നത്” - ശ്രീ മോദി പറഞ്ഞു.
എല്ലാവരെയും ഉൾക്കൊള്ളുന്ന ആഗോള വേദികൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ച പ്രധാനമന്ത്രി, അന്താരാഷ്ട്ര സൗര സഖ്യം, ദുരന്തനിവാരാണ അടിസ്ഥാനസൗകര്യ സഖ്യം, ബൃഹദ് മാർജാര സഖ്യം, ആഗോള ജൈവ ഇന്ധന സഖ്യം, ഇന്ത്യ–മിഡിൽ ഈസ്റ്റ്–യൂറോപ്പ് സാമ്പത്തിക ഇടനാഴി, മിഷൻ ലൈഫ് തുടങ്ങിയ സംരംഭങ്ങൾ എടുത്തുപറഞ്ഞു. ഇടുങ്ങിയ ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുപകരം എല്ലാ ജീവജാലങ്ങൾക്കും പ്രയോജനം ലഭിക്കുന്ന രീതിയിലാണ് ഈ സംരംഭങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “എല്ലാവർക്കും, എല്ലാ ജീവജാലങ്ങൾക്കും പ്രയോജനം ചെയ്യുന്ന ഇത്തരം സംരംഭങ്ങളാണ് ഇന്ത്യ ഏറ്റെടുത്തിട്ടുള്ളത്” - ശ്രീ മോദി പറഞ്ഞു.
ഇന്ത്യയുടെ വിദേശനയത്തെ നയിക്കുന്ന അടിസ്ഥാന തത്വചിന്ത വിശദീകരിച്ച പ്രധാനമന്ത്രി, ‘ഒരേ സൂര്യൻ, ഒരേ ലോകം, ഒരേ ചട്ടക്കൂട്’, ‘ഒരേ ഭൂമി, ഒരേ കുടുംബം, ഒരേ ഭാവി’, ‘ഏകഭൂമി, ഏകാരോഗ്യം’ എന്നീ കാഴ്ചപ്പാടുകൾ ഉയർത്തിക്കാട്ടി. മറ്റുള്ളവരെ ബന്ധിപ്പിക്കാനും ഒന്നിപ്പിക്കാനും അവരുടെ പുരോഗതിക്ക് പിന്തുണ നൽകാനുമാണ് ഇന്ത്യ ശക്തി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഇവിടെയും ശക്തി ഉപയോഗിക്കുന്നത് മറ്റുള്ളവരെ ശാക്തീകരിക്കാൻ മാത്രമാണ്” - ശ്രീ മോദി വ്യക്തമാക്കി.
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ കരുത്ത് എടുത്തുകാട്ടിയ പ്രധാനമന്ത്രി, ഏപ്രിൽ–ജൂൺ പാദത്തിൽ 7.8 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതായും കറന്റ് അക്കൗണ്ട് കമ്മി 0.61 ശതമാനമായി കുറഞ്ഞതായും അറിയിച്ചു. വിദേശനാണ്യ കരുതൽ ശേഖരം 700 ശതകോടി ഡോളർ കവിഞ്ഞതായും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ശക്തമായ നിലയിലാണ് നിലവിൽ ഇന്ത്യയുടെ ആഭ്യന്തര ബാങ്കിങ് മേഖലയെന്നും അദ്ദേഹം വ്യക്തമാക്കി. “അനിശ്ചിതത്വങ്ങൾ നിറഞ്ഞ ലോകത്ത് വിശ്വാസ്യതയും സ്ഥിരതയും ഉറപ്പുനൽകുന്ന രാജ്യമാണ് ഇന്ത്യ” - ശ്രീ മോദി പറഞ്ഞു.
ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറയാണ് സമീപകാലത്ത് രാജ്യത്തിന്റെ പരമാധികാര ക്രെഡിറ്റ് റേറ്റിങ് ഉയർത്തുന്നതിന് കാരണമായതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഏകീകൃത ദേശീയ വിപണി സൃഷ്ടിക്കാൻ ചരക്ക് സേവന നികുതി നടപ്പാക്കിയത്, പാപ്പരത്തവുമായി ബന്ധപ്പെട്ട നിയമങ്ങൾ രൂപീകരിച്ചത്, 29 തൊഴിൽ നിയമങ്ങളെ നാല് തൊഴിൽ കോഡുകളാക്കി ഏകീകരിച്ചത്, ബിസിനസ് മേഖലയിലെ നൂറുകണക്കിന് നിസ്സാര കുറ്റകൃത്യങ്ങൾ ക്രിമിനൽ പരിധിയിൽനിന്ന് ഒഴിവാക്കിയത് തുടങ്ങിയ പരിഷ്‌കാരങ്ങൾ അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ മുന്നോട്ടുനയിക്കുന്ന ഈ പരിഷ്‌കരണങ്ങൾ ബോധപൂർവവും സജീവവുമായ തീരുമാനങ്ങളുടെ ഭാഗമാണെന്നും ആഗോള നിക്ഷേപകർക്ക് അദ്ദേഹം ഉറപ്പുനൽകി. “ഞങ്ങളെ സംബന്ധിച്ചിടത്തോളം പരിഷ്‌കാരങ്ങൾ നിർബന്ധിതമായ സാഹചര്യമല്ല; മറിച്ച് ഉറച്ച വിശ്വാസമാണ്” - ശ്രീ മോദി പറഞ്ഞു.
പുരാതന വേദമന്ത്രം ഉദ്ധരിച്ചാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്. കൂട്ടായ ശക്തി വർധിപ്പിക്കാനും ലോകം നേരിടുന്ന പ്രധാന വെല്ലുവിളികൾ പരിഹരിക്കാനും ആഗോള സമൂഹം ഒരുമിച്ച് നടക്കുകയും സംസാരിക്കുകയും പരസ്പരം മനസ്സിലാക്കുകയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാവർക്കും പ്രയോജനം ചെയ്യുന്ന ആഗോള അവസരങ്ങൾ സൃഷ്ടിക്കുന്ന ഈ സഹകരണ മനോഭാവം പ്രചരിപ്പിക്കുന്നതിന് ബ്ലൂംബെർഗ് നവ സാമ്പത്തിക വേദി അവസരമൊരുക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
***
NK
( റിലീസ് ഐ.ഡി: 2322750)
സന്ദര്‍ശക കൗണ്ടര്‍ : 15