വാണിജ്യ വ്യവസായ മന്ത്രാലയം
2030-ഓടെ ഇന്ത്യ-യുകെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ
പോസ്റ്റഡ് ഓണ്‍:
12 OCT 2026 6:04PM by PIB Thiruvananthpuram
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാർ തുറന്നുനൽകുന്ന അവസരങ്ങള്‍ വിപുലമായ വ്യാപാരവും നിക്ഷേപവുമാക്കി മാറ്റാന്‍ ഇരുരാജ്യങ്ങളിലെയും വ്യവസായ സമൂഹത്തോട് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ ആഹ്വാനം ചെയ്തു. ഇന്ത്യ-യുകെ സംയുക്ത സാമ്പത്തിക-വ്യാപാര സമിതിയുടെ (JETCO) 16-ാമത് സമ്മേളനത്തിന്റെ ഭാഗമായി ബിസിനസ് പ്ലീനറിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ഇരുരാജ്യങ്ങളും ലക്ഷ്യമിടണമെന്നും മികച്ച സാമ്പത്തിക സഹകരണത്തിന്റെ രൂപരേഖയായി 'ഇന്ത്യ-യുകെ വിഷൻ 2035'നെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലാണ് സമഗ്ര സാമ്പത്തിക വ്യാപാര കരാറെന്ന് ശ്രീ ഗോയൽ വ്യക്തമാക്കി. ഭൂരിഭാഗം ഇന്ത്യൻ കയറ്റുമതികൾക്കും യുകെ വിപണിയിൽ തീരുവയില്ലാതെ പ്രവേശനം നൽകുന്നതിനൊപ്പം വിവിധ മേഖലകളിലെ യുകെ കയറ്റുമതിക്കാർക്ക് ഇന്ത്യയിലും വലിയ അവസരങ്ങൾ കരാറിലൂടെ ലഭ്യമാകുന്നു. സേവന മേഖലയിലും കരാർ പുതിയ സാധ്യതകൾ തുറന്നിട്ടുണ്ട്. ഇരട്ട സാമൂഹ്യ സുരക്ഷാ സംഭാവന ഒഴിവാക്കൽ ഉടമ്പടി വഴി മത്സരക്ഷമമായ നിരക്കിൽ സേവനങ്ങൾ ലഭ്യമാക്കാനും ലാഭം വർധിപ്പിക്കാനും ഇരു സമ്പദ്‌വ്യവസ്ഥകൾക്കും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കരാർ ഒരുക്കിയ അവസരങ്ങളിലൂടെ നടന്നുനീങ്ങേണ്ടത് വ്യാപാര സമൂഹമാണെന്ന് കരാറിനെ കൃത്യമായ വ്യാപാര നേട്ടങ്ങളാക്കി മാറ്റേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ കേന്ദ്രമന്ത്രി വ്യക്തമാക്കി. സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ നൽകുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ആഹ്വാനം ചെയ്ത അദ്ദേഹം, 2030 എന്നത് കേവലം ഈ ദശാബ്ദത്തിന്റെ അവസാനമല്ലെന്നും മറിച്ച് കൂടുതൽ വലിയ ലക്ഷ്യങ്ങളുടെ തുടക്കമാണെന്നും വ്യക്തമാക്കി. 2030 പൂര്‍ത്തിയാകാന്‍ ഇനി ഏകദേശം 1,500 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നതെന്ന് ഓർമിപ്പിച്ച മന്ത്രി ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുകയെന്ന പങ്കിട്ട ലക്ഷ്യം കൈവരിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് വ്യവസായ ലോകത്തോട് ആഹ്വാനം ചെയ്തു.
ഇന്ത്യയും യുകെയും പരസ്പര പൂരക സമ്പദ്‌വ്യവസ്ഥകളാണെന്നും നിലവിലെ വ്യാപാരം വിപുലീകരിക്കുന്നതിനും പുതിയ കയറ്റുമതി സാധ്യതകൾ കണ്ടെത്തുന്നതിനും ഉല്പന്ന വൈവിധ്യവൽക്കരണം സാധ്യമാക്കുന്നതിനും വലിയ സാധ്യതകളുണ്ടെന്നും ശ്രീ ഗോയൽ പറഞ്ഞു. വിപുലമായ വിപണി, ശക്തമായ ഉല്പാദന അടിത്തറ, ലോകോത്തര ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭാശക്തി എന്നിവയാണ് ഇന്ത്യയുടെ കരുത്ത്. ഗവേഷണം, ഡിസൈൻ, നൂതന സാങ്കേതികവിദ്യകൾ, ലോകത്തെ മുൻനിര സാമ്പത്തിക കേന്ദ്രങ്ങളിലൊന്ന് എന്നിവയാണ് യുകെയുടെ കരുത്ത്.
നിലവിലെ പരസ്പര വ്യാപാര സാധ്യതകള്‍ വിശദീകരിച്ച മന്ത്രി സ്മാർട്ട്‌ഫോണുകൾ, ഔഷധ ഉല്പന്നങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, തുകൽ ഉല്പന്നങ്ങൾ, അരി ഉൾപ്പെടെ ചില കാർഷികോല്പന്നങ്ങൾ, ഇരുമ്പ്-നോൺ അലോയ് സ്റ്റീൽ, യന്ത്ര ഭാഗങ്ങൾ, വാഹന ഘടകങ്ങൾ എന്നിവയുടെ പ്രധാന കയറ്റുമതിക്കാരാണ് ഇന്ത്യയെന്ന് പറഞ്ഞു. പെട്രോളിയം മൂല്യശൃംഖലയിലെ ഉല്പന്നങ്ങൾ, ഇലക്ട്രോണിക്സ്-ഇലക്ട്രിക്കൽ ഉപകരണങ്ങളിലെ സാങ്കേതിക ഉല്പന്നങ്ങൾ, മരുന്നുകൾ, മോട്ടോർ കാറുകൾ, സ്കോച്ച് വിസ്കി എന്നിവയിലാണ് യുകെയുടെ പ്രധാന സാധ്യതകളെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാപാരം വിപുലീകരിക്കാനും പുതിയ കയറ്റുമതിക്കാരെ പ്രോത്സാഹിപ്പിക്കാനും പുതിയ ഉല്പന്നങ്ങൾ അവതരിപ്പിക്കാനും വിപുലമായ സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി നിക്ഷേപങ്ങളുടെ വലിയ സാധ്യതകളും മന്ത്രി എടുത്തുപറഞ്ഞു. നിരവധി ഇന്ത്യൻ കമ്പനികൾ യുകെയുടെ പ്രധാന മേഖലകളിൽ വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും പ്രമുഖ യുകെ കമ്പനികൾ ഇന്ത്യയിലും നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ചട്ടക്കൂടുകൾ വിപുലീകരിക്കാനും വിവിധ മേഖലകളിലെ പരസ്പര അംഗീകാരം വർധിപ്പിക്കാനും ഇരു സമ്പദ്‌വ്യവസ്ഥകൾക്കും വേഗത്തിൽ മുന്നേറാനുള്ള പിന്തുണ നൽകാനും വാണിജ്യ-വ്യവസായ മന്ത്രാലയം സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ-യുകെ സഹകരണത്തിന് അഞ്ച് മുൻഗണനാ മേഖലകൾ വിശദീകരിച്ച ശ്രീ ഗോയൽ അടിസ്ഥാന സൗകര്യങ്ങളും ഹരിതോർജവുമാണ് ആദ്യത്തേതെന്ന് വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും സുസ്ഥിര വളർച്ചയെ പിന്തുണയ്ക്കുന്നതിന് പദ്ധതി വികസനം, പുനരുപയോഗ ഊർജം, പ്രസരണ പാതകള്‍, യൂട്ടിലിറ്റി ധനസഹായം എന്നിവയിൽ ഇത് മികച്ച അവസരങ്ങൾ നൽകുന്നു.
നൂതന ഉല്പാദനവും പ്രതിരോധശേഷിയാര്‍ന്ന വിതരണ ശൃംഖലയുമാണ് രണ്ടാമത്തെ മേഖല; പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, ഇലക്ട്രോണിക്സ്, അതിസൂക്ഷ്മ എന്‍ജിനീയറിങ് എന്നിവയിൽ. ഇരു വിശ്വസ്ത പങ്കാളികൾക്കുമിടയിൽ മത്സരക്ഷമമായ ഉല്പാദന അന്തരീക്ഷം കെട്ടിപ്പടുക്കാനും വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും പരസ്പര വിശ്വാസം വർധിപ്പിക്കാനും ഈ സഹകരണം സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യയും നൂതനാശയങ്ങളുമാണ് മൂന്നാമത്തെ മുൻഗണന. വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ, സാങ്കേതിക കമ്പനികൾ, സ്റ്റാർട്ടപ്പുകൾ എന്നിവ തമ്മിൽ കൂടുതൽ ഗവേഷണ-വികസന സഹകരണത്തിനൊപ്പം ശക്തമായ ബന്ധം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെമികണ്ടക്ടറുകള്‍, ക്വാണ്ടം കംപ്യൂട്ടിങ്, നിർമിതബുദ്ധി (എഐ) എന്നിവയിലെ പങ്കാളിത്ത സാധ്യതകൾ അദ്ദേഹം എടുത്തുപറഞ്ഞു.
ധനകാര്യ സേവനങ്ങളാണ് നാലാമത്തെ മേഖല. ഈ രംഗത്ത് ലണ്ടൻ നഗരവും ഗുജറാത്ത് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയും തമ്മിൽ കൂടുതൽ സഹകരണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫിൻടെക്, ഇൻഷുറൻസ്, അതിർത്തി കടന്നുള്ള പണമിടപാടുകള്‍, ഹരിത പരിവർത്തന ധനസഹായം, വ്യാപാര ധനസഹായം എന്നിവയെ സഹകരണ മേഖലകളായി ചൂണ്ടിക്കാട്ടിയ അദ്ദേഹം കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും പരസ്പരം ബന്ധിപ്പിക്കുന്ന പാതയായി മാറാൻ ഇരു സാമ്പത്തിക കേന്ദ്രങ്ങളും പ്രവർത്തിക്കണമെന്നും പറഞ്ഞു.
ആരോഗ്യ സംരക്ഷണവും ഉപഭോക്തൃ മേഖലകളുമാണ് അഞ്ചാമത്തേത്. ഇന്ത്യയുടെ ഭാഗത്ത് ജനറിക് മരുന്നുകളിലെയും യുകെയുടെ ഭാഗത്ത് ബ്രാൻഡഡ്-നൂതന ഔഷധ ഉല്പന്നങ്ങളിലെയും സാധ്യതകൾക്കൊപ്പം രോഗനിർണയം, ഭക്ഷ്യ സംസ്കരണം, ഉപഭോക്തൃ ഉല്പന്നങ്ങൾ എന്നിവയിലെ അവസരങ്ങളും ശ്രീ ഗോയൽ എടുത്തുപറഞ്ഞു. ഇന്ത്യയുടെ താങ്ങാവുന്ന വിലയും ബ്രിട്ടന്റെ ഗവേഷണത്തിലെയും കണ്ടുപിടുത്തങ്ങളിലെയും ശേഷിയും ഒത്തുചേരുമ്പോൾ അതൊരു വലിയ ശക്തിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. മൂലധനത്തിന് അതിർത്തികൾ കടന്ന് അതിവേഗം സഞ്ചരിക്കാനാകുമെങ്കിലും പ്രവർത്തന ശേഷികൾ വികസിപ്പിച്ചെടുക്കാൻ സമയമെടുക്കുമെന്നതിനാൽ ഈ അഞ്ച് മേഖലകളിലെയും നൈപുണ്യവും പരിശീലനവും വ്യാപാര സാധ്യതകൾ വിപുലീകരിക്കുന്നതിൽ നിർണായകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരം വിപുലീകരിക്കുന്നതിന് പരസ്പര ധാരണയിലും ശേഷി വർധനയിലും നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.
സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ നേട്ടങ്ങൾ വ്യാപാര സമൂഹത്തിന് ലഭ്യമാക്കാൻ പ്രായോഗിക പിന്തുണ വേണമെന്നാവശ്യപ്പെട്ട ശ്രീ ഗോയൽ തീരുവ നിരക്കുകള്‍, ഉത്ഭവ നിയമങ്ങൾ, രേഖാപരമായ നിബന്ധനകൾ എന്നിവ വ്യക്തമായ നിർദേശങ്ങളിലൂടെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയിലാക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. വ്യത്യസ്ത വലുപ്പത്തിലും വിവിധ മേഖലകളിലുമുള്ള സംരംഭങ്ങൾക്ക് കരാറിലെ വ്യവസ്ഥകൾ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിന് വിവരങ്ങൾ ലളിതമായ ഭാഷയിലും ഇന്ത്യൻ പശ്ചാത്തലത്തിൽ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയില്‍ തിരുപ്പൂരിലെ ഒരു യൂണിറ്റിനെയും ഇംഗ്ലണ്ടില്‍ മിഡ്‌ലാൻഡ്‌സിലെ ഒരു എന്‍ജിനീയറിങ് സ്ഥാപനത്തെയും പരാമർശിച്ച അദ്ദേഹം ആവശ്യമായ സ്ഥലത്ത് തമിഴ് ഉൾപ്പെടെ ഭാഷകളിൽ ലളിതമായ മാർഗനിർദേശങ്ങൾ നൽകുന്നത് സംരംഭങ്ങൾക്ക് കരാർ പരമാവധി ഉപയോഗപ്പെടുത്താൻ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.
പുതിയ ഉല്പന്നങ്ങളുമായി യുകെ വിപണിയിലേക്ക് പ്രവേശിക്കുന്ന പുതിയ കയറ്റുമതിക്കാരുടെ എണ്ണമായിരിക്കും കരാറിന്റെ വിജയത്തിന്റെ ഒരു അളവുകോലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാർ നടപ്പാക്കുന്നതിൽ ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത തെളിയിക്കുന്നതിന് വിവിധ മേഖലകളിലെ വട്ടമേശ സമ്മേളനങ്ങൾ, വ്യാപാര പ്രതിനിധി സംഘങ്ങൾ, പങ്കാളിത്ത രാജ്യങ്ങൾ എന്ന നിലയിലെ വലിയ വ്യാപാര പ്രദർശനങ്ങൾ എന്നിവയിലൂടെ ഇരുപക്ഷത്തെയും വ്യവസായങ്ങൾ തമ്മിലെ ഇടപെടലുകൾ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യങ്ങൾ ഒരുമിച്ച് വളരുമ്പോൾ അവിടുത്തെ ജനങ്ങളും ഒന്നിച്ച് അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന തത്വത്തിലൂന്നി 'ഇന്ത്യ-യുകെ വിഷൻ 2035' വാഗ്ദാനങ്ങളെ യാഥാർത്ഥ്യമാക്കണമെന്ന് ആഹ്വാനം ചെയ്താണ് ശ്രീ ഗോയൽ അഭിസംബോധന ഉപസംഹരിച്ചത്.
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാർ ഒപ്പുവെച്ചത് ഇരുപക്ഷത്തെയും ഗവണ്‍മെന്റുകളും വ്യവസായ ലോകവും തമ്മിലെ സുസ്ഥിരവും പ്രായോഗികവുമായ സംവാദങ്ങളുടെ തുടക്കമാണെന്ന് ചടങ്ങിൽ സംസാരിച്ച യുകെ വ്യാപാര-നൂതനാശയ-ശാസ്ത്ര-വാണിജ്യ സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് വ്യക്തമാക്കി. വ്യവസായ സമൂഹവുമായി നടത്തുന്ന ചർച്ചകൾക്ക് മുന്നോടിയായി ഗവൺമെന്റ് തല JETCO യോഗം പൂർത്തിയായതായും വ്യാപാര മേഖലയിലെ പ്രതികരണങ്ങൾ കണക്കിലെടുക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും സമിതികളും പ്രവര്‍ത്തക സംഘങ്ങളും സംയുക്ത അവലോകന സംവിധാനങ്ങളും ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കരാര്‍ പ്രാബല്യത്തിൽ വന്ന് ഏകദേശം 100 ദിവസങ്ങൾ പിന്നിടുമ്പോൾ അത്യാധുനിക ഉല്പാദനം, ഹരിതോർജം, ലൈഫ് സയൻസസ്, സാങ്കേതികവിദ്യ, സേവനങ്ങൾ, സർഗാത്മക വ്യവസായങ്ങൾ എന്നിവയിലുടനീളം ഇരുരാജ്യങ്ങളിലെയും വ്യാപാരസംരംഭങ്ങള്‍ കരാർ പ്രയോജനപ്പെടുത്തുന്നതിന്റെയും പുതിയ സാധ്യതകൾ തേടുന്നതിന്റെയും ശുഭസൂചനകൾ കാണാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കയറ്റുമതിയും നിക്ഷേപവും പങ്കാളിത്തവും വിപുലീകരിക്കാൻ സംരംഭങ്ങൾ കരാർ എത്രത്തോളം പ്രയോജനപ്പെടുത്തുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും ഇതിന്റെ വിജയമെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യാപാര ദൗത്യങ്ങളിലൂടെയും വ്യവസായ സംഘടനകൾ തമ്മിലെ ആശയവിനിമയങ്ങളിലൂടെയും ഇന്ത്യ-യുകെ വ്യവസായ സമൂഹങ്ങൾ തമ്മിൽ നിലനിൽക്കുന്ന സുസ്ഥിര ബന്ധം ഭാവി പങ്കാളികളെ കണ്ടെത്താനും അവസരങ്ങൾ പ്രയോജനപ്പെടുത്താനും എല്ലാ മേഖലകളിലെയും സംരംഭങ്ങൾ തമ്മിലെ വാണിജ്യ ബന്ധം ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ പറഞ്ഞു.
നോർത്ത് ഓഫ് ഇംഗ്ലണ്ടിലെ അഞ്ച് സംയോജിത അതോറിറ്റികളിലെ നേതാക്കളെ അണിനിരത്തി ഇന്ത്യയിലേക്ക് നടത്തുന്ന ഇത്തരത്തിലെ പ്രഥമ മേയറൽ ദൗത്യത്തിന് യുകെ-ഇന്ത്യ വ്യാപാര സമിതി (യുകെഐബിസി) തന്ത്രപരവും വിജ്ഞാനപരവുമായ പങ്കാളിത്തം നൽകുന്നുണ്ട്. ഗ്രേറ്റ് നോർത്ത് പ്രതിനിധി സംഘത്തിന് ഇന്ത്യയെക്കുറിച്ച് തന്ത്രപരവും വിപണിപരവുമായ ഉൾക്കാഴ്ചകൾ പകർന്നുനൽകാനും മുൻഗണനാ മേഖലകളിലെ ഉഭയകക്ഷി സാധ്യതകൾ കണ്ടെത്താനും ഇന്ത്യൻ വ്യവസായ ലോകവുമായും ഗവണ്‍മെന്റുമായും ആശയവിനിമയം സാധ്യമാക്കാനും യുകെഐബിസി നേതൃത്വം നൽകി. യുകെയുടെ വടക്കൻ മേഖലകളുമായി ബന്ധപ്പെട്ട് യുകെഐബിസി നടത്തുന്ന വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. ഓരോ മേഖലയ്ക്കും ഇന്ത്യയിലെ മുൻതൂക്കം കണ്ടെത്തുക, വിപണി തന്ത്രങ്ങളും കർമപദ്ധതികളും തയ്യാറാക്കുക, ഇന്ത്യൻ കമ്പനികളുമായും സ്ഥാപനങ്ങളുമായും ദീർഘകാല പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നിവ ഇതിലുൾപ്പെടുന്നു. കരാറിന്റെ ഉദ്ദേശ്യങ്ങളെ താഴെത്തട്ടിൽ പ്രായോഗിക പദ്ധതികളാക്കി മാറ്റാൻ ഈ ശ്രമങ്ങൾ ലക്ഷ്യമിടുന്നു.
SKY
*********
( റിലീസ് ഐ.ഡി: 2322630)
സന്ദര്‍ശക കൗണ്ടര്‍ : 3